2014, ഏപ്രിൽ 8, ചൊവ്വാഴ്ച

മരക്കാവക്കാർ

എന്റെ ഓർമ്മയിൽ പണ്ട് തുലാമാസത്തിൽ തറവാട്ടിൽ കാവക്കാർക്ക് കഞ്ഞി കൊടുക്കുന്ന ചടങ്ങുണ്ടായിരുന്നു. ഒരു ഗ്രാമം മുഴുവനും ക്ഷേത്രത്തിന്റെ, ദേവിയുടെയോ ദേവന്റെയോ സ്വത്തായിരുന്ന കാലത്ത്, ആ ക്ഷേത്രത്തിലെ കാവക്കാർ (കാവൽക്കാർ എന്നതിന്റെ വായ്മൊഴിരൂപം) ഗ്രാമത്തിന്റെയും കാവക്കാരായിരുന്നു.  രയരമംഗലം ക്ഷേത്രത്തിന്റെ പരിധിയിൽ വരുന്നതുകൊണ്ട് ഞങ്ങടെ തറവാട്ടിലും രയരമംഗലത്തെ കാവക്കാർക്ക് വർഷത്തിലൊരിക്കൽ കഞ്ഞി വിളമ്പിയിരുന്നു. പരിഷ്കാരത്തിന്റെ പേരിൽ തറവാടുകളൊക്കെ ഭാഗം വച്ച് അണുകുടുമ്പങ്ങളായി ഗ്രാമീണർ പരിണമിച്ചപ്പോൾ ആ ചടങ്ങും ക്രമേണ ഇല്ലാണ്ടായി. ഗ്രാമത്തിന്റെ കാവക്കാരെക്കുറിച്ചല്ല ഇക്കുറി... മരങ്ങളുടെ, ഭൂമിയുടെ തന്നെ കാവക്കാരെക്കുറിച്ചാണ്.

മരക്കാവക്കാർ


ജോധ്പൂരിലെ മഹാരാജാവ് അഭയ് സിങ്ങിന് കൊട്ടാരം പണിയണം. ഭടന്മാരെ വിളിച്ച് കല്പിച്ചു മരം സംഘടിപ്പിക്കാൻ. ഭടന്മാർ വച്ചുപിടിച്ചു.. ഖേജർലിയിലേക്ക്...

ഖേജർലി, രാജസ്ഥാൻ മരുഭൂമിയിൽ പച്ചപ്പുള്ള, വഹ്നി മരങ്ങളാൽ നിഭിഡമായ ഖേജർലി. ഗുരു ജംഭേശ്വരൻ ഉപദേശിച്ച ഇരുപത്തിയൊൻപത് തത്വങ്ങൾ നെഞ്ചിലേറ്റി ജീവിക്കുന്ന ബിഷ്നോയികളുടെ ഖേജർലി... 

പക്ഷി മൃഗാദികളെ കുഞ്ഞുങ്ങളെപ്പോലെ സ്നേഹിക്കും ബിഷ്നോയികൾ. ഒരു മാൻ കുഞ്ഞിനു വിശന്നാൽ തന്റെ കുഞ്ഞിന്റൊപ്പം മുലയൂട്ടും ബിഷ്നോയികൾ. പ്രകൃതിയെ ഊട്ടാൻ മുലചുരക്കുന്ന ബിഷ്നോയി അമ്മമാരുടെ ഖേജർലി... മരങ്ങളെ ജീവനെക്കാൾ വിലകല്പിക്കുന്നു ബിഷ്നോയികൾ. കള്ളം പറയാത്ത, സഭ്യമല്ലാത്തൊരു വാക്കു പോലും നാവിൽ നിന്നുതിരാത്ത ബിഷ്നോയികളുടെ ഖേജർലിയിലേക്കാണ് അഭയ് സിങ്ങിന്റെ ഭടന്മാർ വച്ചുപിടിച്ചത്.
മരം മുറിക്കുന്നത് തന്റെ മതവിശ്വാസത്തിനെതിരായതുകൊണ്ട് പട്ടാളക്കാരെ തടുക്കാൻ അമൃത ദേവി ഇറങ്ങിപ്പുറപ്പെട്ടു. അധികാരത്തിന്റെ മത്തുപിടിച്ച ഭടന്മാർക്ക് പരമപുച്ഛമായിരുന്നു ആ ചെറുത്തുനില്പ്. മരം മുറിക്കാനനുവദിച്ചില്ലെങ്കിൽ തല മണ്ണിലുരുളുമെന്നവർ ഭീഷണിപ്പെടുത്തി. തലപോയാലും മരത്തെ സംരക്ഷിക്കുമെന്ന്  അമൃത ദേവി. താമസിയാതെ ഭടന്മാരുടെ വാളിന്റെ മൂർച്ചയറിഞ്ഞു അവലുടെ തല. പിടയുന്ന അമ്മയുടെ ശരീരത്തെക്കണ്ടപ്പോഴുണ്ടായ നടുക്കത്തെക്കാൾ അമ്മ നിലകൊണ്ട ആശയത്തെ അവരുടെ മക്കളായ അസുവും രത്നിയും ഭഗുവും പുൽകി. അങ്ങനെ അവരുടെ ശിരസ്സുകളും ദേഹത്തോട് വിടപറഞ്ഞു. നിമിഷനേരം കൊണ്ടാണ്  ആണെന്നും പെണ്ണെന്നും കുട്ടികളെന്നുമില്ലാതെ ബിഷ്നോയികളുടെ തല മണ്ണിലുരുണ്ടത്. അവസാനം എണ്ണമെടുത്തപ്പോൾ 363 തികഞ്ഞിരുന്നു. അഹിംസയുടെ അപ്പോസ്തലനായ ഗാന്ധിജി അഹിംസയെക്കുറിച്ച് ചിന്തിക്കുന്നതിനെക്കാൾ മുമ്പ് അഹിംസ പ്രാവർത്തികമാക്കി അമൃത ദേവിയും സംഘവും. അന്ന് അവരുടെ ചെറുത്തുനില്പിനു മുന്നിൽ മുട്ടുമടക്കേണ്ടിവന്നു അഭയ് സിങ്ങിനും കൂട്ടാളികൾക്കും. അമൃത ദേവിയെ രാജസ്ഥാൻ, മദ്ധ്യപ്രദേശ് സർക്കാരുകൾ ആദരിച്ചത് അവരുടെ പേരിൽ വന്യമൃഗ സംരക്ഷണത്തിന് ഒരു അവാർഡ് ഏർപ്പെടുത്തിക്കൊണ്ടാണ്.

വിക്ടോറിയൻ യുഗത്തിൽ ഭൂമുഖത്ത് ജീവിച്ച സർവ്വഭുക്കായ, ഭൂമിയെ തിന്നാൻ മാത്രം വിശന്ന ഒരു ജനതയാണ് ഇംഗ്ലണ്ടിൽ ഉണ്ടായിരുന്നത്. ആഫ്രിക്കൻ മഹാഗണികൊണ്ടൂണ്ടാക്കിയ തീന്മേശകളിൽ ബർമയിലെ തേക്ക് കൊണ്ടുള്ള കസേരകളിലിരുന്ന്, ഇറ്റലിയിലെയും ഫ്രാൻസിലെയും വീഞ്ഞിൽ ചാലിച്ചെടുത്ത ആസ്ട്രേലിയൻ ബീഫ് കഴിച്ചാണ് സായിപ്പ് ദിനങ്ങൾ മുന്നോട്ട് തള്ളിനീക്കിയത്. മദാമ്മമാർ ഇന്ത്യൻ വർണ്ണങ്ങളിൽ മുക്കിയെടുത്ത ഈജിപ്തിലെ പരുത്തിവസ്ത്രങ്ങളണിഞ്ഞ്, കാനഡയിലെ കമ്പിളികൊണ്ടുണ്ടാക്കിയ കോട്ടിൽ ശരീരം പുതച്ച്, ദക്ഷിണാഫ്രിക്കയിലെ വൈരക്കല്ലുകളാൽ അലംകൃതമായ പെറുവിലെ ഖനികളിൽ കുഴിച്ചെടുത്ത സ്വർണ്ണാഭരണങ്ങളണിഞ്ഞു. സാമ്രാജ്യത്വത്തിന്റെ വിശപ്പ് ശമിപ്പിക്കാൻ ലോകം മുഴുവൻ സാമ്രാജ്യങ്ങളുണ്ടാക്കി, അവിടെയുള്ള വിഭവങ്ങൾ അവന്റെ നാട്ടിലെത്തിക്കാൻ സാങ്കേതികവിദ്യകളും അവൻ രൂപപ്പെടുത്തി.

സായിപ്പ് ഭാരതത്തിന്റെ മണ്ണീൽ കച്ചവടത്തിന്റെപേരിൽ കാലുകുത്തി സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഭാഗമാക്കിയപ്പോൾ ആദ്യം കണ്ണുവച്ചത് നമ്മുടെ കാടുകളിലാണ്. 1807-ൽ ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യ "കാടുസംരക്ഷകൻ" (Conservator of Forests) വാട്ട്സൻ സായിപ്പ് സ്ഥാനാരോഹണം കഴിഞ്ഞ് ആദ്യം ചെയ്തത് മലബാറിലെയും തിരുവിതാംകൂറിലെയും തടിമരങ്ങളെ തങ്ങളുടെ കുത്തകസ്വത്തായി പ്രഖ്യാപിക്കുകയെന്നതാണ്. സായിപ്പിന്റെ പട്ടാളത്തിനും, കപ്പൽനിർമ്മാണത്തിനും, ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് അവന്റെ കോപ്പുകളെ കൊണ്ടുപോകാൻ റെയിൽപ്പാളങ്ങൾ നിർമ്മിക്കാനുമൊക്കെ നമ്മുടെ പശ്ചിമഘട്ടത്തെ നിയന്ത്രണമേതുമില്ലാതെ അവൻ ചൂഷണം ചെയ്തു. കാടിന്റെ ചൂഷണത്തോടുള്ള തദ്ദേശവാസികളുടെ എതിർപ്പ് വർദ്ധിച്ചപ്പോൾ 1865-ൽ ഇന്ത്യൻ വനസംരക്ഷണനിയമം (Indian forest act) കൊണ്ടുവന്നു. ചൂഷകരുടെ വക്രബുദ്ധിയിൽ പക്ഷെ മരത്തെ തടിയായി മാത്രമാണ് കാണാൻ കഴിഞ്ഞത്. മരമെന്നത് ഒരു ആവാസവ്യവസ്ഥയാണെന്ന്, കാടിന്റെ ഒരു അവിഭാജ്യമായ കണ്ണിയാണെന്ന്, വന്യമൃഗങ്ങളുടെ കൊച്ചുലോകമാണെന്ന്, സർവോപരി ഒരു ജീവിതമാണെന്ന് കാണാനുള്ള കാഴ്ച അവർക്കില്ലാതെപോയി. മരത്തെ തടിയായിമാത്രം കാണുന്ന സായിപ്പിന്റെ പ്രേതത്തിന്റെ സാന്നിദ്ധ്യം ആധുനിക വനസംരക്ഷണ ബില്ലിലും കാണാം. കാലം മാറിയെങ്കിലും നിറം മാറിയെങ്കിലും ഭരിക്കുന്നവരുടെ മനോഭാവം മാറിയിട്ടില്ല... അവരിന്നും ഒരേ തൂവൽ പക്ഷികളാണ്. അതുകൊണ്ട് വനസംരക്ഷണ നിയമങ്ങൾ കൊണ്ട് വനം സംരക്ഷിക്കപ്പെടില്ല, വനം നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവിലൂടെ മാത്രമേ സംരക്ഷണം സാദ്ധ്യമാവൂ.

ഗാന്ധിയുടെ ശിഷ്യയായിരുന്ന മീരാബെഹൻ (മീരച്ചേച്ചിയെന്ന് ബഹുമാനത്തോടെ മലയാളീകരിക്കട്ടെ) ഹിമാലയൻ താഴ്വാരത്തിലേക്ക്, അവിടുത്തെ ആദിവാസികളുടെ സങ്കേതത്തിലേക്ക് പശുലോകമെന്ന സ്ഥാപനം തുടങ്ങാനായി പോയപ്പോഴാണ് ചിപ്കോ പ്രസ്ഥാനത്തിന്റെ കഥ തുടങ്ങുന്നത്. മീരച്ചേച്ചിയെത്തിപ്പെട്ടത് ഘർവാളിലാണ്. വർഷം പെയ്യിക്കാൻ മേഘങ്ങൾ ആകാശത്തുരുണ്ടുകൂടുമ്പോൾ ഘർവാളിലെ ജനങ്ങളുടെ മനസ്സിൽ തീയാണ്, ഭീതിയാണ്. ഓരോ മലവെള്ളപ്പാച്ചലിലും കടപുഴകിയൊഴുകുന്ന മരങ്ങളുടെയും ഒഴുകിപ്പോകുന്ന പശുക്കളുടെയും മനുഷ്യരുടെയും ചിത്രം മീരച്ചേച്ചിയെ തെല്ലൊന്നുമല്ല അലട്ടിയത്. പ്രാധമികമായ പഠനത്തിന്റെ വെളിച്ചത്തിൽ മീരച്ചേച്ചി മനസ്സിലാക്കിയത് വനസംരക്ഷണത്തിന്റെ ഭാഗമായി ഓക്ക് മരങ്ങൾക്ക് പകരം പൈൻ മരങ്ങൾ ധാരാളമായി നട്ടുപിടിപ്പിച്ചപ്പോൾ മണ്ണൊലിപ്പ് തടയാനുള്ള ഉപാധികൂടിയാണ് നഷ്ടപ്പെട്ടതെന്നാണ്. വനവത്കരണമെന്നത് മരം നടലല്ല, മറിച്ച് അനുയോജ്യമായ മരം നടലാണെന്ന് അവർക്ക് തിരിച്ചറിവുണ്ടായി. അവിടെ തുടങ്ങിയ പരിസ്ഥിതിപ്രവർത്തനം അവരെക്കൊണ്ടെത്തിച്ചത് ചിപ്കോ പ്രസ്ഥാനത്തിലാണ്. മീരച്ചേച്ചിയുടെ പാരിസ്ഥിതിക കാഴ്ചപ്പാടിൽ ആകൃഷ്ടനായ ഗാന്ധിയനായ സുന്ദർലാൽ ബഹുഗുണ അവരുടെ തട്ടകത്തിലേക്ക് ചേക്കേറി.

സുന്ദർലാൽ ബഹുഗുണ എന്ന ചെറുപ്പക്കാരൻ ബിമലയോട് പ്രണയാഭ്യർത്ഥന നടത്തിയപ്പോൾ അവർക്കൊന്നേ പറയാനുണ്ടായിരുന്നുള്ളൂ. കോൺഗ്രസ്സിൽ നിന്ന് രാജിവച്ച് ഗിരിജനങ്ങളുടെ ഉന്നമനത്തിന് അവരുടെകൂടെ ജീവിച്ച് പ്രവർത്തിക്കണമെന്ന്. സുന്ദർലാലിന് രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല.

സരളച്ചേച്ചി ഹിമാലയൻ താഴ്വരകളിലേക്കെത്തിയത് സ്ത്രീമുന്നേറ്റത്തിന്റെ സന്ദേശവുമായാണ്. സ്ത്രീ പുരുഷന്റെ അടിമയാകേണ്ടവളല്ലെന്നും, തനതായ വ്യക്തിത്വത്തിന്റെ ഉടമയാണെന്നുമുള്ള ആശയങ്ങൾ അവർ ആദിവാസി സ്ത്രീകളുടെയിടയിൽ പ്രചരിപ്പിക്കാനും അവരുടെ വിദ്യാഭ്യാസപരമായ മൂന്നേറ്റത്തിനുള്ള പ്രവർത്തനങ്ങളിലേർപ്പെടാനുമാണ് കൗശാനിയിൽ ആശ്രമം തുടങ്ങിയത്. അവരുടെ ആശയങ്ങളിൽ ആകൃഷ്ടയായ ബിമല അവരുടെ സന്തതസഹചാരിയായി.

ആദ്യം മരങ്ങൾ മുറിച്ചുവിറ്റ് കള്ളുകുടിച്ചിരുന്ന ആണുങ്ങൾക്കെതിരെയുള്ള ഒരു മദ്യവർജ്ജനസമരമായിരുന്നു സരളച്ചേച്ചി നയിച്ചിരുന്നതെങ്കിലും മീരച്ചേച്ചിയുമായുള്ള സംസർഗ്ഗത്തിന്റെ ഭാഗമായി മരംമുറിക്കാൻ വന്ന കോണ്ട്രക്ടർമാർക്കെതിരെയും ഈ സമരം വ്യാപിച്ചു. 

ബിഷ്നോയികളുടെ മാതൃകയിൽ ആകൃഷ്ടനായി ഘനശ്യാം രടോറി (Ghanashyam Ratori) ആയിടെയാണ് ചിപ്കോപ്രസ്ഥാനത്തിന്റെ പ്രചോദനമായ കവിത രചിക്കുന്നത്.

"അവർ മരംവെട്ടാൻ
കോടാലിയുമായി വന്നാൽ
മരത്തെകെട്ടിപ്പിടിച്ച് സംരക്ഷിക്കൂ
നമ്മുടെ സ്വത്തിനെ,
നമ്മുടെ മരങ്ങളെ,
കവർന്നിടാതെ കാക്കൂ"


ഈ കവിതയും മീരച്ചേച്ചിയുടെയും സരളച്ചേച്ചിയുടെയും സുന്ദർലാൽ ബഹുഗുണയുടെയും നേതൃത്വപാടവവും ഒത്തുചേർന്നപ്പോൾ മുളച്ചതാണ് ചിപ്കോ പ്രസ്ഥാനം. സ്ത്രീകളിലൂടെയാണ് ഈ പ്രസ്ഥാനം കാട്ടുതീപോലെ പടർന്നത്. ഒടുവിൽ 1980-ൽ ഇന്ദിരാഗാന്ധി ഹിമാലയൻ താഴ്വരകളിൽ മരം മുറിക്കുന്നത് നിരോധിച്ചപ്പോൾ ആ സമരവും സായൂജ്യമടഞ്ഞു.

കാട് തൊട്ടുകൂടാൻ പാടില്ലാത്ത പരിശുദ്ധമായ ഒരു വസ്തുവാണെന്നുള്ള അഭിപ്രായമെനിക്കില്ല. കാടിന്റെ നാശമില്ലാതെ അതിന്റെ ധനാത്മകമായ വിനിയോഗം തീർച്ചയായും ആവാം.

തെലുങ്ക് കവിയായ ചേരബണ്ഡരാജു പറഞ്ഞുവച്ചതുപോലെ
" അവയിൽ ജീവന്റെ തുടിപ്പുണ്ടെങ്കിലും,
ഞാൻ മരം മുറിക്കുന്നത് നിർത്തില്ല.
ചെടിയുടെമേലിരിക്കുമ്പോഴാണ് ഇലകൾക്ക് സൗന്ദര്യമെങ്കിലും,
ഞാനവ മുറിക്കാതിരിക്കില്ല.
മരത്തിന്റെ കൈകളാണെങ്കിലും,
കൊമ്പ് കൊത്താതിരിക്കാനെനിക്കാവില്ല.
കാരണം
എനിക്കൊരു കുടിലു വേണം"

നാളത്തേക്ക് ഒന്നും ബാക്കിവയ്ക്കാതെയുള്ള ആർത്തിപ്പണ്ടാരമായി അധപതിക്കുന്ന ക്വാറിമുതലാളിമാരും സഭയുടെ കടിഞ്ഞാൺ സൂക്ഷിപ്പുകാരും ആട്ടിൻ തോലിട്ട ചെന്നായകളാണെന്ന് തിരിച്ചറിയാൻ നാം വൈകിക്കൂട. കാടുകത്തിക്കാൻ ച്ഛിദ്രശക്തികൾ കിണഞ്ഞ് പരിശ്രമിക്കുമ്പോൾ സംരക്ഷണത്തിന്റെ ഗീതം പാടാൻ, മരത്തിന്റെ കാവക്കാരായി നാം മുന്നിലുണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

വയനാട്ടിലെ കാടുകത്തിയെരിഞ്ഞപ്പോൾ "തീയിടലിന് മാപ്പില്ല" എന്ന് അലറിവിളിക്കാൻ നമുക്കൊരു സുഗതകുമാരിടീച്ചർ മാത്രം പോര, ഒരു പാറപ്രദേശമായ ചീമേനിയിൽ പച്ചപ്പുണ്ടാക്കാൻ കിണഞ്ഞുപരിശ്രമിക്കുന്ന അനിൽ മാഷുടെ ഒറ്റയാൻപോര് മാത്രം പോര, ജനാധിപത്യത്തിന്റെ ഈ കാലഘട്ടത്ത് ഒരു ജനമുന്നേറ്റം തന്നെ നാം നടത്തേണ്ടതുണ്ട്. അമൃത ദേവിയെപ്പോലെ, മീരച്ചേച്ചിയെപ്പോലെ, സുന്ദർലാൽ ബഹുഗുണയെയും ബിമലച്ചേച്ചിയെയും പോലെ ധാരാളം പേർ ഇനിയുമുണ്ടാകും എന്ന പ്രത്യാശയോടെ....


കൂടുതലറിയാൻ:

1. http://www.jatland.com/home/Amrita_Devi
2. http://www.nativeplanet.org/indigenous/cultures/india/bishnoi/bishnoi.shtml
3. Staying Alive, Women Ecology and Survival in India, Vandana Shiva, Kali for Women, 1988
4. Ecology and Equity - Use and abuse of nature in contemporary India, Madhav Gadgil and Ramachandra Guha, Penguin, 1995
5. Ecofeminism and Globalisation, Heather Eaton & Lois Ann Lorentzen, Rowman and Littlefield Publishers, 2003
6. https://www.facebook.com/anilkumar.chembrakanam/media_set?set=a.458176884311327.1073741875.100003570579407&type=1

അഭിപ്രായങ്ങളൊന്നുമില്ല: