2014, ജൂലൈ 23, ബുധനാഴ്‌ച

പടിയിറങ്ങിയ മണവാട്ടി

പടിഞ്ഞാറ്റയിൽ (പൂജാമുറി) നിന്ന്  "ഭഗവതിയമ്മേ കാത്തോളണേ" എന്ന മുത്തശ്ശിയുടെ വിളി കേൾക്കാൻ ഭഗവതിയമ്മയുണ്ടായിരുന്നോ എന്നെനിക്കറിയില്ല.
പക്ഷെ അവളുണ്ടായിരുന്നു... കിണ്ടിയുടെ വാലിന്റെ തുമ്പത്ത്...
"കോത്ത്... കൊത്ത.... കൊത്ത... കൊത്" എന്ന് ചിലച്ചുകൊണ്ട്.
ഭഗവതിയമ്മ അവളുടെ വായിൽക്കൂടി ചൊരിഞ്ഞ അനുഗ്രഹങ്ങൾ പലപ്പോഴും പ്രാർത്ഥനയോടുള്ള കൊഞ്ഞണംകുത്തലായാണ് ഞങ്ങൾക്ക് തോന്നിയത്.
സന്ധ്യാസമയത്ത് പടിഞ്ഞാറ്റയിൽ ചമ്രം പടിഞ്ഞിരുന്ന് നാമം ജപിക്കുമ്പോൾ കൂടെ പിറുപിറുത്തുകൊണ്ട് അവളുമുണ്ടായിരുന്നു... ചിലപ്പോൾ ചെമ്പരത്തിപ്പൂക്കളുടെയരികിൽ, ചിലപ്പോൾ ഞങ്ങളുടെ മടിയിൽ...
മനുഷ്യനോട് സംവദിക്കാനുള്ള പ്രകൃതിയുടെ ഒരു ദ്വിഭാഷിയായി മണവാട്ടി പടിഞ്ഞാറ്റയിലെ തണുപ്പിൽ, അതിന്റെ ഈർപ്പത്തിൽ സുഖം പൂണ്ടിരുന്നു.
ഞങ്ങളെപ്പോലെത്തന്നെ അവൾക്കുമുണ്ടായിരുന്നിരിക്കണം തറവാടിന്റെ മേൽ അവകാശം...

"നാലുകാലുള്ളൊരു നങ്ങേലിപ്പെണ്ണിനെ കോലുനാരായണൻ കട്ടോണ്ടു പോയി..." 
എന്നിങ്ങനെയുള്ള കുട്ടിക്കാലത്തെ കളിപ്പാട്ടുകളിൽ പോലും അവൾ കടന്നുകൂടി...

ഇത്തവണ അവളെക്കുറിച്ചാണ്....
മണവാട്ടിയെക്കുറിച്ച്.... നങ്ങേലിയെക്കുറിച്ച്....

പടിയിറങ്ങിയ മണവാട്ടി*

Fungoid Frog (Hylarana Malabarica)

Photo Courtesy: Ravindra Sonawane

ഒന്ന് ഭയപ്പെടുത്തിയാൽ രൂക്ഷമായ ഫംഗസ്സിന്റെ ഗന്ധം വമിപ്പിക്കുന്നതുകൊണ്ടാവണം, ഭയപ്പെടുത്തലിന്റെ, പ്രകൃതിവിഭവങ്ങളുടെ ചൂഷണത്തിന്റെ തത്ത്വശാസ്ത്രം ഉരുവിട്ടുപഠിച്ച സായിപ്പിന്റെ നാവിൽ നിന്ന് Fungoid Frog എന്ന പേര് ഇവൾക്ക് വീണത്. ചെമ്പ് നിറത്തിലുള്ള പുറവും കറുപ്പ് കുത്തുകളുള്ള വശങ്ങളുമുള്ള ഇവളെക്കാൾ സൗന്ദര്യമുള്ള മറ്റൊന്നും തവളകളുടെ വംശത്തിലില്ലെന്ന് കവിത്വമുള്ള ഏതോ സൗന്ദര്യോപാസകൻ തിരിച്ചറിഞ്ഞപ്പോളാണ് 'മണവാട്ടി' എന്ന പേരു വന്നത്. പ്രകൃതിയുടെ സൗന്ദര്യത്തെ മനസ്സിലാവാഹിച്ച, സുന്ദരമായതെല്ലാം ആസ്വദിക്കാനുള്ളതാണെന്ന് തീരുമാനിച്ച് അവന്റെ വീട്ടിലും ഈ മണവാട്ടിക്ക് സ്ഥാനം കൊടുത്ത പൂർവികന്റെ മനസ്സിനെ അഭിവാദ്യം ചെയ്യാതെ വയ്യ.

കറുത്ത മേഘങ്ങൾ ആകാശത്തുരുണ്ടുകൂടി അന്തരീക്ഷത്തെ ആർദ്രമാക്കുമ്പോൾ; മണ്ണിനടിയിൽ വേനലിന്റെ കാഠിന്യത്തിൽ മനം നൊന്ത് സുഷുപ്തിയിലാണ്ട വിത്തുകൾ പൊട്ടിമുളച്ച് ഇളം തലപ്പുകൾ പുറത്തിട്ട് മഴയെ വരവേൽക്കുമ്പോൾ; ഇലകളുടെ തുമ്പത്തുനിന്ന് തൂങ്ങിവീഴുന്ന മഴത്തുള്ളി ചെറുനീർച്ചാലുകളിൽ താളം പിടിക്കുമ്പോൾ ഈ തവളകളുടെ നെഞ്ചിൽ പ്രണയം തുടികൊട്ടിത്തുടങ്ങുന്നു. ഇവയുടെ പ്രണയകേളികൾ നടമാടുന്ന രംഗവേദികളായ നെൽ വയലുകൾ "കോത്ത്... കൊത്ത.... കൊത്ത... കൊത്" എന്ന പ്രണയഗാനത്താൽ മുഖരിതമാവും. ഇതുകേട്ട വയലിന്റെ രോമാഞ്ചമാകുമോ നെൽതലപ്പുകളായി മണ്ണിലെഴുന്നേറ്റ് നിൽക്കുന്നത്?

കെട്ടിക്കിടക്കുന്ന വയലിലെ ജലത്തിൽ മുട്ടകൾ നിക്ഷേപിച്ചാൽ മൂന്ന് മാസം കൊണ്ട് തവളക്കുഞ്ഞുങ്ങൾ കരകയറും. ഈ മൂന്ന് മാസക്കാലയളവിൽ പ്രകൃതിയുടെ മാസ്മരികഭാവങ്ങൾ നടമാടുന്ന സൃഷ്ടിപ്രക്രിയയിൽ നെൽ വയലുകൾ പുളകം കൊള്ളും. ഇടതൂർന്ന പുൽതലപ്പുകളിലൂടെ ദീർഘവൃത്താകൃതിയിലുള്ള തലകളും നീണ്ട വാലുകളുമുള്ള ചാരനിറക്കാരായ വാൽമാക്രികൾ ചെറുസസ്യങ്ങളെയും പ്ലാംഗ്ടണുകളെയും മറ്റും ഭക്ഷിച്ച് തത്തിക്കളിക്കും.[1,2,3]
Photo Courtesy : Vishal Bhave

കരകയറിക്കഴിഞ്ഞാൽ പിന്നെ ഈർപ്പം തേടിയുള്ള യാത്രയാണ്. 20-30 ഡിഗ്രി സെൽഷിയസ് താപനിലയിലും 50-75% ആപേക്ഷിക ആർദ്രതയിലും നിലനിൽക്കുന്ന മേച്ചിൽപ്പുറങ്ങൾ തേടിയുള്ള യാത്ര, സ്വാഭാവികമായും അതിനെ എത്തിച്ചത് ചാണകം മെഴുകിയ ഇരുണ്ട പടിഞ്ഞാറ്റകളിലേക്കാണ്. തീർത്ഥമായി സങ്കല്പിച്ച് ദേവനു നിവേദിച്ച പിച്ചളക്കിണ്ടിയിലെ ജലത്തിന് മണവാട്ടിത്തവളയുടെ ഗന്ധമുണ്ടായത് സ്വാഭാവികം.

പരിഷ്കാരം തലയ്ക്കുപിടിച്ച മലയാളി അവന്റെ നിലങ്ങളെ സിമന്റിട്ട് കാവിപുതപ്പിച്ചപ്പോൾ, രാജസ്ഥാനിലെ മരുഭൂമിയിൽനിന്ന് ഖനനം ചെയ്തെടുത്ത വെള്ളാരംകല്ലുകൾ പാകിയപ്പോൾ, പടിയിറങ്ങിപ്പോയ മണവാട്ടിയോടൊപ്പം "നിന്നെ സൽക്കരിക്കാത്തിടത്ത് എനിക്കെന്ത് കാര്യം" എന്ന് പറഞ്ഞ് ദേവനും പടിയിറങ്ങിക്കാണണം.

പ്രകൃതിവിഭവങ്ങൾ നമുക്കുമാത്രമുപയോഗിക്കാനുള്ളതാണെന്നും പ്രകൃതി ചൂഷണം ചെയ്യപ്പെടാനുള്ളതാണെന്നുമുള്ള വ്യവസായവൽക്കരണത്തിന്റെ, സായിപ്പിന്റെ, പാഠങ്ങൾ അവനെക്കാൾ നല്ലവണ്ണം ബോധ്യപ്പെട്ടതുകൊണ്ടാവണം വെറിപിടിച്ച് നാം നെൽ വയലുകളൊക്കെ നികത്തിയത്. "ക്വിറ്റ് ഇന്ത്യ" എന്നാക്രോശിച്ച് സായിപ്പിനെ കടൽ കടത്തി നാം സ്വതന്ത്രരായി എന്നഭിമാനിക്കുമ്പോഴും മാനസികമായി നാം ഇന്നും അവന്റെ പ്രിയപ്പെട്ട അടിമകളായി സന്തുഷ്ടരാണ്. പ്രകൃതിയോട് പോരടിച്ച് കണ്ടെത്തേണ്ടിയിരുന്ന അവന്റെ ഉപജീവനമാർഗ്ഗം സമശീതോഷ്ണ മേഖലയിൽ ജീവിക്കുന്ന നമുക്ക് ഉചിതമാർഗ്ഗമല്ലെന്ന തിരിച്ചറിവ് നമുക്കില്ലാതെപോയി. സായിപ്പിനെക്കാൾ ഒരുപടി ഉയർന്ന "പഷ്ട് സായിപ്പ്" ആയി നാം തരം താഴുകയാണുണ്ടായത്.

ഈ പുത്തൻ അടിമത്തത്തിൽ അന്ധമായ നമ്മുടെ കണ്ണുകൾക്ക് പൂനെ നഗരത്തിലെ തവളകളുടെ എണ്ണത്തിലുണ്ടായ അഭൂതപൂർവ്വമായ കുറവ് ഒരു കാഴ്ച്ചയാകുന്നില്ല.[4] തവളകളുടെ ആവാസവ്യവസ്ഥിതി തകരുന്നതാണ് ഈ കുറവിന് കാരണമെന്ന കണ്ടെത്തലും നമുക്ക് പാഠമാകുന്നില്ല. സ്വാഭാവികമായുണ്ടായ കുളിർമയുള്ള മരങ്ങൾ വെട്ടിനശിപ്പിച്ച് ചൂടുള്ള റബ്ബർ മരങ്ങൾ വെച്ചുപിടിപ്പിച്ചപ്പോൾ തവളുകളുടെ എണ്ണത്തിലുണ്ടായ ഭീമമായ കുറവിന്റെ അനുഭവപാഠങ്ങൾ കീരിപ്പാറയും മരമലയും വിളിച്ചുപറഞ്ഞപ്പോൾ റബ്ബറിന്റെ കമ്പോളവിലയിലേക്ക് കണ്ണും നട്ടിരുന്ന നമ്മുടെ കാതുകൾക്ക് കേൾവിയുണ്ടായിരുന്നില്ല.[5]

തവളകളുടെ ലോലമായ ചർമ്മം കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് പാകപ്പെട്ടതല്ല. ഈർപ്പത്തിലെ, ഊഷ്മാവിലെ വ്യതിയാനങ്ങളെല്ലാം സഹിക്കാവുന്നതിനുമപ്പുറത്തായാൽ അവ ചത്തൊടുങ്ങുന്നു. തവളകളുടെ എണ്ണമാണ് ഒരു സമൂഹത്തിന്റെ പാരിസ്ഥിതിക ആരോഗ്യത്തിന്റെ അളവുകോലെന്നത് "വീട്ടിൽ തവളയുണ്ടാകുന്നത് അശ്രീകരമാണ്" എന്ന് കരുതുന്ന പുത്തൻ പണക്കാർക്ക് പഠിയാത്ത പാഠമാണ്.[5]

IUCN - ന്റെ ഉന്മൂലനഭീഷണി നേരിടുന്ന ജീവികളുടെ ചെമ്പട്ടികയിൽ (Red List) ഭീഷണി നേരിടാത്ത ഗ്രൂപ്പിലാണ് മണവാട്ടി ഇന്ന്.[7] എന്നാൽ 2012-ൽ IISER പൂനെയിലെ ശാസ്ത്രജ്ഞർ വടക്കൻ പശ്ചിമഘട്ടത്തിൽ നടത്തിയ വിപുലമായ പഠനങ്ങളുടെ[6] വെളിച്ചത്തിൽ മണവാട്ടി തവളകളിൽ തന്നെ ആറോളം വ്യത്യസ്ത വർഗ്ഗങ്ങളുണ്ടെന്ന് അഭിപ്രായപ്പെട്ടു. നാം മണവാട്ടി എന്ന് പേരിട്ടു വിളിക്കുന്നത് ഒരു വർഗ്ഗസമൂഹത്തെയാണെന്നാണ് അവരുടെ വിലയിരുത്തൽ. ഈ പഠനം വിരൽചൂണ്ടുന്നത് ഇവയുടെ ജനസംഖ്യയുടെ പുനർ നിർണ്ണയത്തിലേക്കും ചെമ്പട്ടികയിൽ മണവാട്ടിയുടെ സ്ഥാനത്തിന്റെ പുന:പരിശോധനയിലേക്കുമാണ്.

അത് സംഭവിച്ചാൽ സമശീതോഷ്ണ ഏഷ്യയിലെ ഏറ്റവും കൂടുതൽ തവളകളുള്ള പശ്ചിമഘട്ട സംരക്ഷണത്തിലേക്കും "മണവാട്ടി"യുടെ സംരക്ഷണത്തിലേക്കുമുള്ള ദിശാബോധത്തിൽ പുത്തനുണർവ്വുണ്ടാകും. പശ്ചിമഘട്ടത്തെ മണ്ണിന്റെ പടുകൂറ്റൻ കൂനയായും പാറയുടെ കൂമ്പാരമായും കാണുന്ന മാഫിയകൾക്ക് കൂച്ചുവിലങ്ങിടാൻ, സംരക്ഷണപ്പോരാളികൾക്ക് വീര്യം പകരുന്ന നയരൂപീകരണത്തിലേക്ക് സർക്കാരുകളെ പ്രേരിപ്പിക്കാൻ, ലോക പരിസ്ഥിതി സംഘടനകളുടെ ഇടപെടലുകൾക്ക് കഴിയുമാറാകട്ടെ എന്ന ശുഭപ്രതീക്ഷയോടെ....

* മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (പുസ്തകം 91, ലക്കം 33) വന്ന വീരാൻകുട്ടിയുടെ "അപരിചിതം" എന്ന കവിത ഈ പോസ്റ്റിന് പ്രചോദനമായിട്ടുണ്ട്....


കൂടുതലറിയാൻ:


1. R.J.Ranjit Daniels, Amphibians of Peninsular India,  University Press, 2005

2. Chari.V.K, A description of the hitherto undescribed tadpole of, and some field notes on the fungoid frog, Ranan Malabarica, Journal of Bombay Natural History Society, Vol.59 (71-76)

3. S.K.Saidapur, Behavioral ecology of Anuran Tadpoles: The Indian Scenario, Proc. of Indian National Science Academy, 2001

4. A.D.Padhye, Mukul Mahabaleshwarkar, Amphibian decline in Pune city, April 2002, Zoos print journal

5. R.J.Ranjit Daniels, The problem of conserving amphibians in the western ghats, Current Science, 1991, 60(11)

6. Anand Padhye, Anushree Jadhav, Manawa Diwekar, Neelesh Dahanukar, Population variations in the Fungoid Frog from northern western ghats of India, IISER Pune, 2012

7. Biju S.D, S.Dutta, R.Inger, Hylarana Malabarica, IUCN Redlist of Threatened species, 2004

1 അഭിപ്രായം:

Layman reminiscences പറഞ്ഞു...

രണ്ടു ദിവസം മുമ്പ് ഈ മണവാട്ടിയെക്കുറിച്ചു സംസാരിച്ചതേയുള്ളൂ.വയല്‍ക്കരയിലെ വീടായതിനാല്‍ തവളകളുടെ പശ്ചാത്തല സംഗീതത്തിലായിരുന്നു വായന..മഴയുടെ താളം തെറ്റിയതിനാല്‍ തവള സംഗീതവും നൃത്തവും തീരെ കുറവ്..ഒരു വന്‍ പാരിസ്ഥിതിക ദുരന്തത്തിന്‍റെ വക്കില്‍ നില്‍ക്കുമ്പോഴും ഉറക്കം നടിച്ചു കിടക്കയാണ് അധികാരികളും പ്രതിപക്ഷവും...