2014, ഓഗസ്റ്റ് 31, ഞായറാഴ്‌ച

കാള പെറ്റു... ആ കയറിങ്ങെടുത്തേടീ....

ഈ കഥ നിങ്ങൾ കേട്ടിട്ടില്ലേ?
പണ്ടൊരു മരച്ചുവട്ടിൽ നമ്മുടെ കോഴിക്കുഞ്ഞ് മയങ്ങുകയായിരുന്നു. തൊട്ടടുത്ത തെങ്ങിൽ നിന്ന് ഒരു തേങ്ങ വലിയ ശബ്ദത്തിൽ അതിന്റെയടുത്ത് വീണു. ഞെട്ടിയുണർന്ന കോഴിക്കുഞ്ഞ് ആകാശം പൊട്ടിവീണതാണെന്നു കരുതി കാട്ടിലെ രാജാവിനെ വിവരമറിയിക്കാൻ പ്രാണനും കൊണ്ടോടി.
വഴിയിൽ കണ്ട താറാവ് ചോദിച്ചു "എങ്ങോട്ടാണോടുന്നത്?"
"നീയറിഞ്ഞില്ലേ, ആകാശം പൊട്ടിവീണുകൊണ്ടിരിക്കുന്നു. വേഗം രാജാവിനെ വിവരമറിയിക്കണം"
താറാവും പരിഭ്രമിച്ച് ഒപ്പം കൂടി.
വഴിയിൽ കണ്ട അരയന്നവും മുയലും ഇവരുടെ കൂടെക്കൂടി.
നാലുപേരും നിലവിളിച്ച് വരുന്നതുകണ്ട സൂത്രക്കാരനായ കുറുക്കൻ കാര്യമന്വേഷിച്ചു.
"ആകാശം പൊട്ടിവീണുകൊണ്ടിരിക്കുന്നു. വേഗം രാജാവിനെ വിവരമറിയിക്കണം", നാലുപേരും ഒറ്റശ്വാസത്തിൽ പറഞ്ഞു.
നാല് ഇരകളെ ഒരുമിച്ചുകിട്ടിയപ്പോഴുണ്ടായ ആനന്ദം കുറുക്കന്റെ വായിൽ വെള്ളമായി ഊർന്നു വന്നു.
വായിൽ വന്ന വെള്ളം പാടുപെട്ടിറക്കി കുറുക്കൻ പറഞ്ഞു, "രാജാവിന്റെ ഗുഹയിലേക്ക് ഒരെളുപ്പവഴിയുണ്ട്. ഇതാ, ഈ ഗുഹയിലൂടെ പോയാൽ ഒരു തുരങ്കമുണ്ട്. അതുവഴി നിമിഷനേരം കൊണ്ട് രാജാവിന്റെ ഗുഹയിലെത്താം." കുറുക്കൻ നാലുപേരെയും അവന്റെ ഗുഹയിലേക്ക് നയിച്ചു.

ഈ കഥ മലയാളിയുടെ പൊതുസ്വഭാവത്തെ സൂചിപ്പിക്കുന്നു എന്ന് തോന്നിയത് യൂഫോർബിയ എന്ന ചെടിയെപ്പറ്റി വന്ന വാർത്ത കേട്ടപ്പോഴാണ്.

വിരൽതുമ്പ് കൊണ്ട് അറിവിന്റെ മഹത്തായ വലയിൽ (world wide web) സ്വൈരവിഹാരം നടത്തുന്ന ഏത് മലയാളിയാണാവോ ഇതാദ്യം കണ്ടത്? പണ്ട് 1995-ൽ തന്നെ ഈ ചോദ്യം ഇന്റർനെറ്റിന്റെ അസംഖ്യം വലയിഴകളിലൂടെ ചോദിക്കപ്പെട്ടതാണ്. എന്നാൽ മലയാളി ഇതിപ്പോഴാണ് കണ്ടത്...

യൂഫോർബിയ കാൻസറുണ്ടാക്കുമോ എന്നാണ് ചോദ്യം?
ആ ചെടിയുടെ പാൽ അകത്തുചെന്നാൽ അൾസറുകളുണ്ടാക്കുന്നതായി പഠനങ്ങളിൽ കാണുന്നു എന്നുത്തരം.

ഈ ചോദ്യവും ഉത്തരവും പുതുപ്പണക്കാരന്റെ അല്പത്തരത്തിന്റെ അകമ്പടിയോടെ നാടെങ്ങും പരത്താൻ ആ മലയാളി അവന്റെ സോഷ്യൽ മീഡിയ ബന്ധങ്ങൾ ഉപയോഗിക്കുന്നു. അവന്റെ സോഷ്യൽ മീഡിയാ പൗരത്വം ഉപയോഗപ്പെടുത്തുന്നു. ഈ വാർത്ത നാട്ടിലെങ്ങും കാട്ടുതീ പോലെ പരക്കുന്നു. കേട്ട പാടെ ആൾക്കാർ അടുക്കളയിലേക്ക് കത്തിയെടുക്കാനോടുന്നു....

നാം യൂഫോർബിയ ചെടി തിന്നാൻ ആടോ പശുവോ ഒന്നുമലെന്ന് ആലോചിക്കാറില്ല....

മലയാളിയെ കുറ്റം പറയരുത്...

ഡെറ്റോൾ എന്ന ദ്രാവകം വിഷമാണെന്നും, അത് ഉള്ളിൽ ചെന്ന് ലണ്ടനിൽ ഒരാൾ മരിച്ചിട്ടുണ്ടെന്നും അറിഞ്ഞിട്ടും അവന്റെ വെള്ളാരങ്കല്ലു പാകിയ നിലം കഴുകാൻ അവൻ അതുപയോഗിച്ചു. അവന്റെ കുട്ടികളെ ആ വിഷം പൂശിയ നിലങ്ങളിൽ യഥേഷ്ടം വിഹരിക്കാനനുവദിച്ചു. അന്നൊന്നും രോഗഭീതി അവനുണ്ടായിരുന്നില്ല... കാരണം ഡെറ്റോൾ ഒരു ഉത്പന്നമാണ്....
തലയിൽ തേക്കുന്ന ഷാമ്പൂ മാർക്കറ്റിലിറങ്ങുന്നതിനു മുൻപ് മുയലുകളുടെ കണ്ണിലുറ്റിച്ച് കാഴ്ച നഷ്ടപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കും. കാഴ്ച പോകുന്നില്ലെങ്കിൽ മാത്രമേ അത് മാർക്കറ്റിലിറക്കാവൂ. അങ്ങനെ എത്രയെത്ര കുരുടൻ മുയലുകളുടെ ഉണ്ടാക്കിയാണ് അവന്റെ ഷാമ്പൂ മാർക്കറ്റിലെത്തുന്നത് എന്ന് അവൻ വേവലാതിപ്പെടാറില്ല... ആരെയും അറിയിക്കാറില്ല... കാരണം ഷാമ്പൂ ഒരു ഉത്പന്നമാണ്....
രാവിലെ മുറ്റത്തേക്കിറങ്ങാൻ നേരത്ത് അഞ്ചിഞ്ചുകനത്തിൽ ഇടുന്ന പുത്തൻ പൗഡറിന്റെ പിന്നിലെ കഥ അവനറിഞ്ഞാലും പുറത്ത് പറയില്ല. ആ പൗഡർ പുറത്തിറക്കുന്നതിന് മുമ്പ് കുരങ്ങന്മാരുടെ ദേഹത്ത് പൂശി അതിന് ചൊറിയെങ്ങാനും വരുന്നുണ്ടോ, അതിന്റെ രോമം കൊഴിയുന്നുണ്ടോ എന്നു പരീക്ഷിക്കണം. എന്നാലേ ഒരു പുതിയ പൗഡർ പുറത്തിറക്കാനാവൂ. രോമം കൊഴിഞ്ഞ, ചൊറിവന്ന എത്ര കുരങ്ങന്മാരെ ഉണ്ടാക്കി നിങ്ങളുടെ പൗഡർ എന്ന് പുറത്ത് പറയാറില്ല... കാരണം പൗഡർ ഒരു ഉത്പന്നമാണ്.

അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ...
ഉത്പന്നമായാൽ എന്തുമാവാം... കാരണം ഉത്പന്നങ്ങളില്ലാതെ ജീവിക്കാൻ ഉപഭോക്തൃസമൂഹത്തിൽ സാദ്ധ്യമല്ല. എന്നാൽ പ്രകൃതിസ്നേഹം ഇല്ലാതെ തീർച്ചയായും ജീവിക്കാം എന്നതാണ് മലയാളിയുടെ നയം....

ഇനി യൂഫോർബിയയെക്കുറിച്ച്...

മഡഗാസ്കറിൽ വളർന്ന യൂഫോർബിയ വളരെ വേഗമാണ് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടർന്നത്. 2008 വ്യത്യസ്ത വർഗ്ഗങ്ങളുള്ള യൂഫോർബിയ എന്ന കുടുമ്പത്തിലെ ഒരംഗമാണ് നമ്മെ വലച്ചത്... യൂഫോർബിയ മിലി (Euphorbia Milii) എന്ന പുഷ്പിണി. യൂഫോർബിയ എന്ന കുടുമ്പം ലോകത്തിലെ ഏറ്റവും കൂടുതൽ പുഷ്പങ്ങളുടെ പട്ടികയിലെ നാലാം സ്ഥാനക്കാരാണ്. മിക്ക ചെടികളിലും ആൺപുഷ്പങ്ങളും പെൺപുഷ്പങ്ങളും ഒരുമിച്ചുണ്ടാകും (Monoecious). അഞ്ചടിയോളം വളരുന്ന ഇവയുടെ ഇലകൾ സ്പൈറൽ ആകൃതിയിൽ ക്രമീകരിച്ചിട്ടുണ്ടാകും എന്നതിലാണ് അവയുടെ ഗണിതസൗന്ദര്യം ഉള്ളത്. മുള്ളിന്റെ സാന്നിദ്ധ്യം അതിന്റെ വിഷാംശത്തെ വിളിച്ചോതുന്നു. മുള്ളിന്റെ സാന്നിദ്ധ്യവും മുള്ളിന്റെ രൂപവും കൊണ്ടാവാം ക്രിസ്തുവിന്റെ മുൾകിരീടം (Crown of Thorns - Crown of christ) എന്ന പേര് അതിനു വന്നത്.



ഇതിന്റെ പാലിനാണ് വിഷാംശമുള്ളത്. അത് അകത്തുചെന്നാൽ ട്യൂമറുകളുണ്ടാക്കും എന്ന് പഠനങ്ങളുണ്ട്. ബ്രസീലിൽ ഗർഭിണികളായ എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ ഒരു കിലോഗ്രാം ശരീരഭാരത്തിൽ 125 മില്ലിഗ്രാം അകത്തുചെന്നാൽ ഭ്രൂണങ്ങളുടെ വളർച്ച മുരടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒരു കിലോഗ്രാം ശരീരഭാരത്തിൽ 250 മില്ലിഗ്രാം ആണ് അകത്തുചെല്ലുന്നതെങ്കിൽ ഗർഭം അലസിപ്പോകുന്നതായും കണ്ടു. ഇതേ തോത് വച്ച് 60 കിലോ ഭാരമുള്ള ഒരു മനുഷ്യശരീരത്തിന് കുറഞ്ഞത് 7500 മില്ലിഗ്രാം (അഥവാ 7.5ഗ്രാം) അകത്തുകടന്നാൽ മാത്രമേ വിഷാംശമാകൂ. (മനുഷ്യന്റെയും എലിയുടെയും കണക്കുകൾ കൂട്ടിക്കുഴയ്ക്കുന്നത് ശാസ്ത്രീയമായി തെറ്റാണെന്നറിയാം).

ചില പ്രാരംഭ പഠനങ്ങളിൽ തൊലിപ്പുറത്ത് ചൊറിച്ചിലുണ്ടാക്കുന്നതായി പറയുന്നുണ്ടെങ്കിലും ഡെൽഗഡോവിന്റെ നേതൃത്വത്തിൽ എലികളിൽ നടന്ന പഠനത്തിൽ ഒരു നിശ്ചിത അളവിലും കൂടുതലായാലേ ഇത് പ്രശ്നമാകുന്നുള്ളൂ എന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇതിന് ഗുണങ്ങളില്ലെന്നല്ല... ഇത് ഒച്ചുകളെ അകറ്റുന്നതിനുവേണ്ടി വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട് (Molluscicide). ആഫ്രിക്കൻ ഒച്ച് കേരളത്തിന്റെ തീരത്ത് താണ്ഡവമാടിയപ്പോൾ നാം പരീക്ഷിച്ചുനോക്കിയില്ലെന്നേയുള്ളൂ....

അർബുദം ഉണ്ടാക്കുന്നു എന്ന് പറയുന്നുണ്ടെങ്കിലും ചൈനക്കാരുടെ നാട്ടുവൈദ്യത്തിലും ആഫ്രിക്കക്കാരുടെ ഗോത്രവൈദ്യത്തിലും യൂഫോർബിയ ഒരു മരുന്നാണ്. അർബുദത്തിനും അൾസറിനും ഉള്ള മരുന്നായി അവരതുപയോഗിക്കുന്നു. നമ്മുടെ ആയുർവേദത്തിലോ നാടൻ ചികിത്സയിലോ ഇതിനു മരുന്ന് കാണാതിരിക്കില്ല... കാരണം പ്രാചീനകാലത്ത് വൈദ്യം പഠിച്ചിറങ്ങുമ്പോൾ ഏർപ്പെടേണ്ട ഒരു അപ്രന്റീസു പണിയുണ്ട് ആട്ടിടയന്മാരുടെ കൂടെ കൂടി ചെടികളെക്കുറിച്ചു പഠിക്കൽ... ഉപയോഗമില്ലാത്ത ഒരു ചെടി കണ്ടുപിടിച്ച് അത് ദക്ഷിണയായി തരാൻ ആവശ്യപ്പെട്ട ഒരു ഗുരുവിന്റെ കഥയുമുണ്ട്... അതിൽ ശിഷ്യൻ ലോകം മുഴുവനലഞ്ഞും അത്തരത്തിലുള്ള ഒരു ചെടി കണ്ടെത്താനാകാതെ ഗുരുവിന്റെയടുത്തെത്തിയ കഥ... ഇതൊക്കെ കൂട്ടിവായിച്ചാൽ ഈ യൂഫോർബിയയും ഒരു മരുന്നായി ഉപയോഗിക്കുന്നുണ്ടാവണം.. തീർച്ച...




എന്നും വസന്തം പൂവിതിർത്താടണം എന്റെ വീട്ടുമുറ്റത്തും എന്ന് നിർബന്ധമുള്ള, പ്രകൃതിയോട് ബന്ധിപ്പിക്കുന്ന ഒരു കണ്ണിയെങ്കിലും ബാക്കിയുണ്ടാകണം എന്നു ശഠിക്കുന്ന ഏതൊരുവന്റെയും വീട്ടുമുറ്റത്ത് പ്രകൃതിയുടെ സർവ്വ സൗന്ദര്യവും ആവാഹിക്കുന്ന ഒരു പൂന്തോട്ടമുണ്ടാകും. ആ പൂന്തോട്ടത്തിലേക്ക് വിരുന്നു വരുന്ന പൂമ്പാറ്റയും തുമ്പിയും തേനീച്ചയുമെല്ലാം അവന്റെ കണ്ണുകളിൽ ദൈവദീപ്തമായ നൈർമല്ല്യം വിരിയിക്കും. ചെടികൾക്ക് വെള്ളമൊഴിക്കുമ്പോൾ ഒരു പിഞ്ചുകുഞ്ഞിനെ മുലയൂട്ടുന്ന അമ്മയുടെ ആനന്ദമുണ്ടാകും അവന്റെ കണ്ണിലും. അവൻ സല്ലപിക്കുന്നുണ്ടാകും പലപ്പോഴും, പുറമെ കാണുന്നവൻ ഭ്രാന്തെന്ന് സംശയിക്കവിധം... അവൻ പ്രണയിക്കുന്നുണ്ട് ആ ചെടികളെയും പൂക്കളെയും പൂമ്പാറ്റകളെയും... പ്രണയം തുടികൊട്ടിപ്പാടുന്നത് മരച്ചോട്ടിലിരുന്ന് സൊറപറയുന്ന കാമുകീകാമുകന്മാരുടെ ഹൃദയത്തിലല്ല. മറിച്ച് പൂക്കളെ സ്നേഹിക്കുന്ന പൂന്തോട്ടക്കാരന്റെയും മണ്ണിനെയും ചെടികളെയും സ്നേഹിക്കുന്ന കർഷകന്റെയും ഉള്ളിലാണ്.

ഈ പാവങ്ങളുടെ മുന്നിലേക്ക് പ്രിയപ്പെട്ട സോഷ്യൽ നെറ്റ് വർക്കുകാരാ, നീ അശനിപാതം പോലെ പാതിവെന്ത അറിവ് വിളമ്പരുത്... നീ തകർക്കുന്നത് കേവലം ഒരു ചെടിയെയല്ല, മറിച്ച് പ്രകൃതിയോട് ബന്ധപ്പെടുന്ന ഒരു പ്രധാന കണ്ണിയെയാണ്. നിന്റെ മുറിവൈദ്യം മലിനമാക്കുന്നത് കേവലമൊരു പൂന്തോട്ടത്തെയല്ല, നമ്മുടെ ആവാസവ്യവസ്ഥയെയാണ്.

PS: യൂഫോർബിയയുടെ പ്രശ്നത്തിലേക്ക് ശ്രദ്ധ ക്ഷണിച്ച വത്സൻ പിലിക്കോടിനും പോസ്റ്റിടാൻ പ്രേരണയായ ചന്ദ്രേട്ടനും മണികണ്ഠൻ മാഷിനും പ്രത്യേകം നന്ദി...

കൂടുതലറിയാൻ:-

1. Wikipedia
2. Absence of Tumor promoting activity of Euphorbia Milii latex on the mouse back skin, Delgad I F et.al,  Toxicological Letters, November 2003, Vol 30; 145(2)  - 175 - 80
3. Study of embryofeto toxicity of crown of thorns latex, a natural molluscicide - C A M Souza et.al, Brazilian Journal of Medical and Biological Research, November 1997, Vol 30 No:11

അഭിപ്രായങ്ങളൊന്നുമില്ല: