2014, സെപ്റ്റംബർ 23, ചൊവ്വാഴ്ച

മഴയുടെ ഉണർത്തുപാട്ട്... പ്രണയത്തിന്റെ കേളികൊട്ട്... മരണത്തിന്റെ മാസ്മരദൃശ്യം...

പാറ്റയും വിളക്കും
പ്രണയത്തെപ്പറ്റി
വിനിമയം ചെയ്തതത്രയും
താഴെ വച്ച പാത്രത്തിലെ വെള്ളത്തിൽ
ശേഖരിക്കാൻ നാം കാണിച്ച ശ്രമത്തെ
രാത്രി പരിഹസിച്ചുകൊണ്ടിരുന്നു.

പകരം നിലത്താകെ ചിറകുകൾകൊണ്ട്
പ്രാചീനമായ ഏതോ ലിപിയിൽ
അവരെഴുതിയിട്ടത് നമുക്ക് മനസ്സിലായതുമില്ല.

"ജീവനിൽ കുറഞ്ഞ
ഒരു വാഗ്ദാനവുമില്ല പ്രണയത്തിൽ"
എന്നത് അതിലെ ആദ്യവാക്യമായിരുന്നിട്ടും.
                                        - വീരാൻകുട്ടി


മഴയുടെ ഉണർത്തുപാട്ട്... പ്രണയത്തിന്റെ കേളികൊട്ട്... മരണത്തിന്റെ മാസ്മരദൃശ്യം...


കൊടും വെയിലിന്റെ വിയർപ്പ് കഴുകിക്കളയാനെന്നവണ്ണം, തപ്തമായ ഭൂമിയുടെ മനസ്സ് കുളിർപ്പിക്കാനെന്നവണ്ണം, കൊടും വേനലിൽ വരണ്ട് വിണ്ടുകീറിയ ഭൂമിയുടെ ചാലുകളിൽ നനവിന്റെ തലോടൽ ഏല്പിക്കാനെന്നവണ്ണം, നാവ് നനയ്ക്കാനൊരു തുള്ളിവെള്ളത്തിനായി ഇലയുടെ കൈകൾ മുകളിലേക്ക് പ്രാർത്ഥനാപൂർവ്വം പൊക്കിപ്പിടിച്ച് തപസ്സനുഷ്ടിക്കുന്ന ചെടികൾക്ക് അനുഗ്രഹവർഷം ചൊരിയാനെന്നവണ്ണം, മഴയുടെ ആദ്യസ്പർശം ഭൂമിയും സർവ്വ ചരാചരങ്ങളും ഏറ്റുവാങ്ങുമ്പോൾ അവർ ഉണരുന്നു...

പ്രഥമചുംബനം പോലെയാണ് മഴയുടെ പ്രഥമസ്പർശവും. അതിന്റെ മാസ്മരികമായ ആർദ്രതയിൽ നിന്നുണരാൻ മടിച്ച് ഭൂമി പ്രണയാലസ്യത്തിന്റെ പുതുമഴഗന്ധം വമിപ്പിക്കുമ്പോൾ അവർ ഉണരുന്നു...

മഴയുടെ ആദ്യത്തെ തുള്ളി മണ്ണിന്റെ സുഷിരങ്ങളിലൂടെ ഊർന്ന് അവരുടെ ഗൃഹത്തിന്റെ വാതിൽക്കൽ പതിയെ മുട്ടുമ്പോൾ ഒരു പാടു നാളായി പ്രതീക്ഷിക്കുന്ന അതിഥിയെ കണ്ട ആവേശത്തോടെ അവർ ഉണരുന്നു...

ദീർഘമായ കാത്തിരിപ്പിനൊരന്ത്യം കുറിക്കാൻ, ഇതുവരെ ഉപയോഗത്തിൽ വരാതിരുന്ന, ഒരു ഭാരമായി മാത്രം തോന്നിയിരുന്ന ചിറകുകൾ ഒന്നു കുടഞ്ഞു മിനുക്കി ജീവിതത്തെ അർത്ഥവത്താക്കുന്ന ഈ മുഹൂർത്തത്തിൽ ആൺ ഉറുമ്പുകൾ അരങ്ങേറ്റത്തിന് (ജീവിതത്തിന്റെ കലാശക്കൊട്ടിനും) തയ്യാറാകുന്നു.

ആദ്യത്തെ മഴ ഈറനണിയച്ച ആകാശത്തിലേക്ക് കൂട്ടുകാരോടൊപ്പം ഒരു പുതുമണവാളനായി തന്റെ കഴിവുകൾ തെളിയിക്കുന്ന ഒരു കന്നി പറക്കൽ. തന്റെ കൂട്ടിനകത്ത് ഇന്നോളം തന്നെ പോറ്റിയിരുന്ന ഉറുമ്പ് പണിക്കാർ (Worker Ants) അവരുടെ നിത്യവൃത്തികൾ തുടർന്നുകൊണ്ടിരുന്നു. ഇത്രയും നാളത്തെ ഭക്ഷണത്തിനും പരിലാളനത്തിനും അവസാനമായി അവരെ നന്ദിയോടെ ഒരുനോക്ക് നോക്കി, രാജ്ഞിക്ക് തുണയേകാൻ, അവളുടെ പ്രണയചേഷ്ടകൾക്കിരയാകാൻ, ഒരു പുത്തൻതലമുറയെ വാർത്തെടുക്കാൻ ഒരുങ്ങിയിറങ്ങിയവൾക്ക് പൈതൃകത്തിന്റെ ഒരു വിത്ത് സ്നേഹത്തോടെ സമ്മാനമായേകാൻ, ജന്മം സഫലീകരിക്കാൻ ഉതകുന്ന കന്നിപ്പറക്കലിന് അവർ തയ്യാറെടുത്തു.

ഒരു ഉറുമ്പിൻ കൂട്ടിലെ ന്യൂനപക്ഷമാണ് പെണ്ണുങ്ങൾ - വിരലിലെണ്ണാവുന്നവർ, എങ്കിലും ഏറ്റവും നന്നായി ശുശ്രൂഷിക്കപ്പെട്ടവർ. തലമുറകളുടെ നിത്യതയെ കാത്തുസൂക്ഷിക്കുന്ന ഏറ്റവും പ്രധാന കണ്ണികൾ. അവർ തങ്ങളുടെ ചിറകുകൾ കോതിമിനുക്കി ജീവിതത്തിന്റെ മറ്റൊരു അദ്ധ്യായത്തിലേക്ക് പറന്നുകയറാൻ തയ്യാറായിക്കഴിഞ്ഞു.

കുറേ നാളായിരുന്നിരിക്കണം, പുതിയ ഒരു ജീവിതത്തിന്റെ കിനാവുകൾ മനസ്സിൽ കുളിരുകോരിയിടാൻ തുടങ്ങിയിട്ട്. അകത്തെ കുളിരിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് ഇപ്പോഴിതാ പുറത്തും ഒരിളം കുളിര്, ഒരിളം കാറ്റ്. മഴപെയ്തുതോർന്ന ആകാശം ഒരു പറുദീസയായി മാടിവിളിക്കുമ്പോൾ എങ്ങനെയാണ് അനക്കമില്ലാതെ ഈ മാളത്തിലിരിക്കുന്നത്. മഴ സ്നേഹത്തോടെ സ്വർഗ്ഗങ്ങളിൽ നിന്നു കൊണ്ടുവന്ന ഈർപ്പം അവയുടെ ചിറകുകളെ ഇക്കിളിപ്പെടുത്തുമ്പോൾ, പുറത്ത് വീശുന്ന ഇളം കാറ്റ് അകത്ത് കൊടുങ്കാറ്റാകുമ്പോൾ അവൾ കൂടുവിട്ടിറങ്ങുന്നു.

അടയിരുന്ന് വിരിയിച്ച അമ്മയും പോറ്റിവളർത്തിയ പണിക്കാരും അനുഗ്രഹങ്ങൾ ചൊരിഞ്ഞിരിക്കണം. ഒരു പുതുജീവിതത്തിന് കോപ്പുകൂട്ടുന്നവൾക്ക് എല്ലാ ഭാവുകങ്ങളും നേർന്നിരിക്കണം.

പുറത്തിറങ്ങിയ കന്യകമാർക്കൊപ്പം കൂടിനെ ആളൊഴിഞ്ഞ പൂരപ്പറമ്പുപോലാക്കി ചിറകുവിരിച്ച് ആൺ ഉറുമ്പുകളും കൂട്ടത്തോടെ കൂടുവിട്ടിറങ്ങുന്നു.


ഇനി കന്നിപ്പറക്കലിന്റെ, പ്രണയപ്പറക്കലിന്റെ (Nuptial Flight) ശുഭമുഹൂർത്തമാണ്.

ആദ്യം ആണും പെണ്ണും ആകാശവിസ്മയം അനുഭവിക്കുന്നു. അവർ പറക്കുന്ന പാതകളിൽ മറ്റ് ഉറുമ്പിൻ വർഗ്ഗങ്ങൾ കടന്നുവരാതിരിക്കാൻ, അവയുടെ വരും തലമുറകൾ കലർപ്പില്ലാത്തതാക്കാൻ ഫിറമോണുകൾ കൊണ്ട് അതിർത്തിവരച്ചിടുന്നു. ആ അതിർത്തിക്കുള്ളിൽ ഒരു പെണ്ണിനു പിറകെ ബാക്കി എല്ലാ ആണുങ്ങളും അവളെ വശീകരിക്കാൻ, തന്റെ കഴിവു തെളിയിക്കാൻ പ്രണയാഭ്യർത്ഥനയുമായി കൂടും.

അവൾ എന്നാൽ എളുപ്പം വഴങ്ങുന്നവളല്ല. ഓരോ ആണ് സമീപിക്കുമ്പോഴും അവൾ കുതറി മാറുന്നു, കളിയാക്കുന്നു, എന്നാൽ അവളുടെ നോട്ടങ്ങൾ അവനെ വീണ്ടും മാടി വിളിക്കുന്നു...

അവൻ നിർബന്ധിതനാണ്... കൂടുതൽ വ്യഗ്രതയോടെ, കൂടുതലാവേശത്തോടെ, അവളെ സമീപിക്കാൻ.... അവൻ നിർബന്ധിതനാണ് നന്നായി പറക്കാൻ, നന്നായി ആരോഗ്യമുള്ളവനാകാൻ...

അവൾ നിർബന്ധിതയാണ്... ജീവിതത്തിലൊരിക്കൽ, ഒരിക്കൽ മാത്രം കിട്ടുന്ന ഈ അവസരത്തിൽ അവളുടെ ലക്ഷ്യം മറക്കാതിരിക്കാൻ... ഏറ്റവും നല്ല ആണിൽ നിന്നു തന്നെ തന്റെ അടുത്ത തലമുറയുണ്ടാകണം... പ്രകൃതി അവളിൽ അർപ്പിച്ച പ്രതീക്ഷകൾ പാഴാകരുത്...
അവൾ നിർബന്ധിതയാണ് നല്ല ഉശിരുള്ള ആണിനെ തെരെഞ്ഞെടുക്കാൻ...

കേളികൾക്കൊടുവിൽ അവളെ ചേഷ്ടകൾ കൊണ്ട്, ആരോഗ്യം കൊണ്ട് തൃപ്തിപ്പെടുത്തിയ ആണ് അവളുമായി ഇണ ചേരുന്നു. ഒരു നിമിഷം മാത്രം നീണ്ടുനിൽക്കുന്ന പ്രക്രിയ. അതിശക്തമായി അവൻ അവളുടെയടുത്തേക്ക് പറന്നടുക്കുന്നു. ഈ ജന്മം എന്തിനുവേണ്ടിയായിരുന്നോ അത് നിറവേറുന്ന ഒരു നിമിഷം. തലമുറകളുടെ നിത്യതക്ക് വേണ്ടി പ്രകൃതി അവനെയാണ് വാഹകനായി തെരഞ്ഞെടുത്തത്. പ്രകൃതി അവന് കനിഞ്ഞേകിയ ഒരു വിത്ത് ഒടുവിൽ അവളുടെ അണ്ഡാശയത്തിലേക്ക് സർവ ശക്തിയുമുപയോഗിച്ച് അവൻ നിക്ഷേപിക്കുമ്പോൾ അവന്റെ ലൈംഗികാവയവങ്ങൾ ദേഹത്തിൽനിന്നും പറിഞ്ഞു പോകും.

ഇനി അവന് അധികം ആയുസ്സില്ല...
അല്ലെങ്കിലും എന്തിനാണ് കൂടുതൽ ആയുസ്സ്? ജീവിതദശയിൽ ചെയ്തുതീർക്കേണ്ടതൊക്കെ ചെയ്തുകഴിഞ്ഞാൽ, അവതാരോദ്ദേശം സഫലമായാൽ, പിന്നെ അവതാരത്തിനെന്തു പ്രസക്തി?


നൂറുകണക്കിനോ ആയിരക്കണക്കിനോ വരുന്ന ആണുങ്ങളിൽനിന്ന് കുറച്ചെണ്ണത്തിനെ തെരഞ്ഞെടുത്ത് അവരുടെ ബീജങ്ങളെ ഏറ്റുവാങ്ങിയ പെണ്ണ് മണ്ണിൽ ഒരു പുതിയ സാമ്രാജ്യം കെട്ടിപ്പൊക്കാൻ ഒരു പുതിയ കുഴിയുണ്ടാക്കും.

ഈ ചിറകുകൾ ഇനി ഭാരമാകരുത്... അവ ഇനി ആവശ്യമില്ല... യുവത്വത്തിന്റെ ചുറുചുറുക്ക്, പാറി നടക്കാനുള്ള പൂതി, ഭ്രമാത്മകമായ ജീവിതം ഇതിനെല്ലാം അന്ത്യം കുറിക്കപ്പെട്ടു... കഴിഞ്ഞ ഏതാനും ചില മണിക്കൂറുകളിൽ. 

ഇനി വേണ്ടത് ഒരമ്മയുടെ പക്വതയാണ്... ഇനി മക്കളുടെ സ്വപ്നങ്ങൾക്കാണ് ചിറകുവിരിക്കേണ്ടത്... അതുകൊണ്ട് അവളുടെ ചിറകുകൾ പൊഴിച്ചുകളഞ്ഞ് പുത്തൻ പ്രതീക്ഷകളുമായി അവൾ പുതുതായി കുത്തിയ കുഴിയിലേക്ക് ഒരു പുതുകാൽ വയ്ക്കുന്നു.

ഇനി അവൾ ഒറ്റയ്ക്കാണ്... സഹായത്തിനുള്ളവരെ അവൾ സ്വയം ഉണ്ടാക്കിയെടുക്കണം. അവളിടുന്ന ആദ്യത്തെ മുട്ടകൾ വിരിഞ്ഞ് വരുന്ന കുഞ്ഞുമക്കളെയൊക്കെ അവൾ പണിക്കാരാക്കുന്നു. ഒന്നോ രണ്ടോ വർഷമെടുക്കും ആദ്യത്തെ പണിക്കാർ രംഗപ്രവേശം ചെയ്യാൻ. അത്രവരെ അവൾ പുറം ലോകവുമായി ബന്ധപ്പെടില്ല... ഭക്ഷണത്തിന്റെ തരിപോലും അകത്ത് ചെല്ലില്ല... അവളുടെ ദേഹത്തെ ഊർജ്ജമുപയോഗിച്ചും, പചനപ്രക്രിയയെ നിയന്ത്രിച്ചും അവൾ കാത്തിരിക്കുന്നു... ഒരു നീണ്ട കാത്തിരിപ്പ്...

പിന്നെ വരുന്ന തലമുറകളും പണിക്കാർ തന്നെയാകുന്നു. അവൾക്ക് പുറത്തിറങ്ങേണ്ടതില്ല... എല്ലാം അവർ കൊണ്ടുവരും... ഭക്ഷണത്തെയും പുഴുക്കളെയും എല്ലാം...

ഒടുവിൽ ഇനി താൻ രംഗമൊഴിയേണ്ട നേരമായെന്ന് തിരിച്ചറിയുന്ന നിമിഷത്തിൽ ആൺ മക്കളെയും പെണ്മക്കളെയുമുണ്ടാക്കി അവർ മറ്റൊരു കോളനിയുണ്ടാക്കാനുള്ള പ്രണയപ്പറക്കലിനു പുറപ്പെട്ടു എന്നുറപ്പു വരുത്തി, ഒന്നോ രണ്ടോ വർഷം കഴിഞ്ഞാൽ അവൾ വിടവാങ്ങുന്നു.

പരിണാമത്തിന്റെ രംഗവേദികളിൽ ബൾബുകളും കൃത്രിമപ്രകാശവും അവതരിക്കുന്നതിനു മുൻപ് ഈ മഴപ്പാറ്റകൾ ഇവിടെയൊക്കെ പറന്നുനടന്നിരുന്നു. അന്ന് അവയുടെ മാർഗ്ഗദർശിയായി വന്നത് സൂര്യനും ചന്ദ്രനും ഒക്കെയായിരുന്നു. സൂര്യചന്ദ്രന്മാരുടെ പ്രകാശകിരണങ്ങൾ ഉണ്ടാക്കുന്ന കോണുകൾ തിരിച്ചറിഞ്ഞാണ് പോകേണ്ട ദിശയും മറ്റും ഈ ജീവികൾക്ക് മനസ്സിലായിരുന്നത്. പരക്കം പായുന്ന വികസനത്തിന്റെ സമയമാപിനിക്കനുസരിച്ച് കുതിക്കുന്ന മനുഷ്യൻ അവന്റെ രാത്രികളെ പകലാക്കാനും, പകലാക്കി പണിയെടുക്കാനും പണിയെടുപ്പിക്കാനും കൃത്രിമപ്രകാശസ്രോതസ്സുകൾ വികസിപ്പിച്ചു.

എന്നാൽ ഇഴഞ്ഞുനീങ്ങുന്ന പരിണാമത്തിന്റെ സമയമാപിനിക്കനുസരിച്ച് മാത്രം പയ്യെപ്പയ്യെ പുതുതലമുറകളിൽ നിലനില്പിന്റെ പുത്തനാശയങ്ങൾ രൂപപ്പെടുത്തുന്ന പ്രകൃതിയുടെ സൃഷ്ടിവേദികൾ മഴപ്പാറ്റകൾക്ക് പ്രകാശസ്രോതസ്സ് കൃത്രിമമാണോ അല്ലയോ എന്ന് തിരിച്ചറിയാനുള്ള കഴിവ് കൊടുത്തില്ല. അതുകൊണ്ട് ബൾബുകളെക്കണ്ട് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന മഴപ്പാറ്റകൾ ബൾബിന്റെ പ്രകാശകിരണങ്ങളെ പിന്തുടരുന്നു. എന്നാൽ നന്നേ ചെറിയ സ്രോതസ്സുകളായതിനാൽ കിരണങ്ങളുടെ കോണുകളിൽ വളരെ വേഗം മാറ്റങ്ങളുണ്ടാകുന്നു. ഈ ത്വരിതമാറ്റം മനസ്സിലാകാതെ അവ ഭ്രാന്തമായി ആ ബൾബിനു ചുറ്റും പറക്കും.

ഇനി മാസ്മരികമായ ഒരു ഗന്ധത്തോടെ അവതരിക്കുന്ന പുതുമഴയെ വരവേൽക്കാൻ മഴപ്പാറ്റകൾ ആകാശത്ത് പാറിക്കളിക്കുമ്പോൾ നമുക്ക് ലൈറ്റണച്ച് അവയുടെ പവിത്രമായ പ്രണയത്തിന്റെ മർമ്മരങ്ങൾക്ക് നിശ്ശബ്ദമായി കാതോർക്കാം. 
ശ് ശ്.... കാതോർക്കൂ...
നിങ്ങൾ കേൾക്കുന്നില്ലേ?
അവയുടെ ചിറകടികളിൽ ദൈവത്തിന്റെ കാലൊച്ച നിങ്ങൾ കേൾക്കുന്നില്ലേ?

കൂടുതലറിയാൻ:
1. The Ants, E O Wilson, 1990
2. The Insect Societies, E O Wilson, Harvard University Press, 1972
3. Kingdom of Ants, E O Wilson,  John Hopkins University Press, Baltimore, 2010
4. Ants Superorganisms of the world, Himendar Bharti, Science Reporter, March 2012
5. Nuptial Flight, Wikipedia