2014, ഡിസംബർ 14, ഞായറാഴ്‌ച

പട്ടുപോലെ മൃദുലമായ കാർകൂന്തലും മുയലിന്റെ കണ്ണുകളും

2014 നവംബർ മുതൽ മൃഗങ്ങളിൽ പരീക്ഷിക്കപ്പെട്ട ഉത്പന്നങ്ങൾ വിപണിയിൽ വിറ്റഴിക്കുന്നത് ഇന്ത്യൻ ഭരണകൂടം നിരോധിച്ചിരിക്കുന്നു.
എന്നാൽ...
വിപണി ഇതറിഞ്ഞ മട്ടില്ല.
ഉപഭോക്താവും ഇതറിഞ്ഞ മട്ടില്ല.
രാഷ്ട്രീയ ഉപജാപങ്ങളിലും പെണ്ണുടലിന്റെ വസ്ത്രാക്ഷേപങ്ങളുടെ വിചാരണയിലും നിർവൃതിജന്യമായ മായികാനുഭൂതി അനുഭവിക്കുന്ന മാധ്യമത്താളുകളിൽ ഇടം കിട്ടിയിട്ടില്ല ഈ വാർത്തയ്ക്ക്.
ചുംബനം ജനിപ്പിച്ച സദാചാര ചിന്തകളിൽ മുഴുകിയിരിക്കുന്ന സാമൂഹ്യമാധ്യമങ്ങൾ വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചിട്ടില്ല ഈ വാർത്തയിൽ.
ഈ പശ്ചാത്തലത്തിൽ ഒരു വിശകലനം....

പട്ടുപോലെ മൃദുലമായ കാർകൂന്തലും മുയലിന്റെ കണ്ണുകളും

ഏതൊരു സൗന്ദര്യവർദ്ധക ഉത്പന്നവും വിപണിയിലിറങ്ങുന്നത് വൈരൂപ്യത്തിന്റെ ഒരു ചരിത്രവും പേറിയായിരിക്കും. ചില ഉത്പന്നങ്ങളിൽ ഈ വൈരൂപ്യത്തിന്റെ അളവ് ഏറിയും ചിലതിൽ ഇത് കുറഞ്ഞുമിരിക്കും എന്നത് മാത്രമാണ് വ്യത്യാസം. അത്തരത്തിലുള്ള ഒരു ഉത്പന്നത്തെക്കുറിച്ച്...

തേച്ച്കുളി കേരളീയന്റെ ജീവിതത്തിലെ അത്യന്താപേക്ഷിതമായ ഒരു നിത്യവൃത്തിയാണ്. തേച്ചുകുളിയിലെ ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമാണ് താളി. തലയിലെ മെഴുക്ക് കഴുകിക്കളയാനും കാർകൂന്തലിന്റെ സൗന്ദര്യം സംരക്ഷിക്കാനും നാം നിത്യവും ഇതുപയോഗിച്ച് പോന്നു. നമ്മുടെ നാട്ടറിവുകളിൽ പലതരം താളിക്കൂട്ടുകളെ പരാമർശിച്ചിട്ടുമുണ്ട്. ഭാരതത്തിന്റെ ഈ ഉത്പന്നം വിദേശ അധിനിവേശക്കാലത്താണ് ലോകത്തിന്റെ ഉത്പന്നമായത്. 'ചപയതെ' എന്ന സംസ്കൃതവാക്യത്തിൽ നിന്നും രൂപം കൊണ്ട 'ചാമ്പൂ' എന്ന താളിയുടെ ഹിന്ദി നാമത്തിൽ നിന്നുമാണ് 'ഷാമ്പൂ' എന്ന വാക്കുണ്ടായത്.

പ്രകൃതിയുടെ മടിത്തട്ടിൽ വളർന്ന ഈ ഉത്പന്നം പക്ഷെ ലോകവിപണിയുടെ വിശാലവിഹായസ്സിലേക്ക് എടുത്തെറിയപ്പെട്ടപ്പോൾ ഉപഭോക്താക്കളുടെ എണ്ണത്തെക്കണ്ട അങ്കലാപ്പിൽ പ്രകൃതിയോടുള്ള ബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചു. ഇന്ന് പ്രകൃതിയുമായി തുച്ഛമായ ബന്ധം മാത്രമാണിതിന് അവകാശപ്പെടാനുള്ളത് (പ്രകൃതിയുടെ മടിത്തട്ടിൽ വളർന്ന ഉത്പന്നമെന്ന് പലതും അവകാശപ്പെടുന്നതേയുള്ളൂ... സത്യമല്ല).


അങ്ങനെ രാസപദാർത്ഥങ്ങളുടെ ഈറ്റില്ലത്തിൽ ഷാമ്പൂവിന് പുതിയ രൂപവും ഭാവവും ആയി. ഇന്നത്തെ ഷാമ്പൂവിലുള്ള പ്രധാന ചേരുവകൾ പട്ടികയിൽ കൊടുത്തിരിക്കുന്നു.


ഘടകം ഉപയോഗം
അമോണിയം ലോറിൽ സൾഫേറ്റ്
സോഡിയം ലോറിൽ സൾഫേറ്റ്
പതയുണ്ടാക്കുന്നു. പ്രതലബലം കുറയ്ക്കുന്നു.
അമോണിയം ക്ലോറൈഡ് കട്ടിയും വഴുവഴുപ്പും ഉണ്ടാക്കുന്നു
സോഡിയം ലോറോ ആംഫോഅസെറ്റേറ്റ് കണ്ണീർ വിമുകതമാക്കാൻ സഹായിക്കുന്നു
പോളി സോർബേറ്റ് എണ്ണയെ അലിയിപ്പിക്കാനും മുടിയിഴകളിൽ വ്യാപിക്കാനും സഹായിക്കുന്നു
സിട്രിക്ക് ആസിഡ് ആന്റി ഓക്സിഡന്റ് - ദീർഘകാലം കേടുകൂടാതിരിക്കാൻ സഹായിക്കുന്നു. കൂടാതെ മുടിക്ക് തിളക്കവും മൃദുത്വവും കൊടുക്കുന്നു.
ക്വാട്ടേർണിയം 15 ബാക്ടീരികളെ കൊല്ലാനും ഉത്പന്നത്തെ പൂപ്പലിന്റെ ആക്രമണത്തിൽ നിന്നു രക്ഷിക്കാനും സഹായിക്കുന്നു.
പോളിക്വാട്ടേർണിയം 10 മോയിസ്ചറൈസർ - മുടിയിൽ നനവ് ഉണ്ടാക്കുന്നു

ഇതുകൂടാതെ ചില പ്രത്യേക ആവശ്യങ്ങൾക്കായുള്ള ഷാമ്പൂ വിപണിയിലുണ്ട്. താരൻ കളയുവാനുള്ള ആന്റി ഡാൻറഫ് ഷാമ്പൂ - കീറ്റോകൊണാസോൾ, സിങ്ക് പൈറിത്യോൺ, സെലെനിയം സൾഫൈഡ് തുടങ്ങിയ രാസപദാർത്ഥങ്ങളടങ്ങിയതാണ്.തലയിൽ മരിച്ച കോശങ്ങളാണ് താരനായി രൂപപ്പെടുന്നത്. മരിച്ച കോശങ്ങളെ കഴുകിക്കളയാൻ മാത്രമാണ് ഇത്തരം ഷാമ്പൂകൾ ഉപകരിക്കുക.

ഒരു ഷാമ്പൂവിന്റെ പ്രവർത്തനത്തിന് കളമൊരുക്കാൻ തലയിലെ pH ന്റെ അളവ് ഏകദേശം 5.5 ആകണമെന്നാണ്. ഇതിന് സഹായിക്കുന്നത് സിട്രിക്ക് ആസിഡ് ആണ് (ചെറുനാരങ്ങയിൽ ധാരാളമുള്ളത്). pH 5.5 ആയാൽ സ്വാഭാവികമായും മുടിയിലെ ശൽക്കങ്ങൾ (scales) മുടിനാരുമായി ചേർന്ന് പറ്റിപ്പിടിച്ചിരിക്കും. ഇത് മുടിക്ക് നല്ല തിളക്കം പ്രദാനം ചെയ്യ്ം. പക്ഷെ pH 5.5 എന്നത് അമ്ലാവസ്ഥയാണ്. ഇത് കണ്ണിൽ പെട്ടാൽ കണ്ണീരുണ്ടാകും. ചെറിയ കുട്ടികളുടെ തലയിൽ ഇത്തരം പദാർത്ഥങ്ങൾ തേച്ചുപിടിപ്പിക്കാൻ രക്ഷിതാക്കൾ മടിക്കുമെന്നതിനാലാണ് വിപണിയുടെ രസതന്ത്രമറിയുന്നവർ കുഞ്ഞുങ്ങൾക്ക് പ്രത്യേക ഷമ്പൂ (Baby Shampoo) വികസിപ്പിച്ചെടുത്തത്. ഇത്തരം ഉത്പന്നങ്ങളിൽ pH 7 ന്റെ അടുത്തായിരിക്കും. അതിന് സാധാരണ ഷാമ്പൂവിന്റെ തനത് ഗുണങ്ങളുണ്ടാവില്ല. ഒരു സാധാരണ സോപ്പിന്റെ ഗുണങ്ങളാണുണ്ടാവുക. (സോപ്പെന്നു പറഞ്ഞു വിറ്റാൽ ആരെങ്കിലും വാങ്ങുമോ മാഷെ?)

ഷാമ്പൂവിന്റെ മറ്റൊരു വകഭേദമാണ് പേനിനെ കൊല്ലുന്ന ഷാമ്പൂ (Anti Lice Shampoo). ഒരു പ്രാവശ്യത്തെ ഉപയോഗം കൊണ്ടുതന്നെ പേനെല്ലാം ചത്തൊടുങ്ങുന്നത് ഇത് കടുത്ത കീടനാശിനിയായതുകൊണ്ടാണ്. കീടനാശിനിയുടെ നാറ്റം മുല്ലപ്പൂവിന്റെയോ റോസാപ്പൂവിന്റെയോ മണമാക്കുന്നു എന്നേയുള്ളു.കീടനാശിനി തെളിച്ച് പൊന്നുമോളുടെ തലയിലെ പേനെല്ലാം കളഞ്ഞ സന്തുഷ്ടയായ വീട്ടമ്മയുടെ ചിത്രം പരസ്യം ചെയ്താണ് കമ്പനികൾ ഇത്തരം ക്രൂരതകൾ ഉപഭോക്താവിനോട് കാട്ടുന്നത്.

വിപണി ഒന്ന് സന്ദർശിച്ചാൽ ധാരാളം തരം ഷാമ്പൂകളുള്ളതായി മനസ്സിലാക്കാം. എല്ലാ ഷാമ്പൂവിന്റെയും അടിസ്ഥാന ഘടകങ്ങൾ ഒന്നായിരിക്കെ ഇത്രയും വ്യത്യസ്തതകളിൽ, സെലെക്ഷനുകളിൽ വിപണിയിൽ എത്തിക്കണമെങ്കിൽ പുറത്തുവിടാത്ത ചില പദാർത്ഥങ്ങൾ ചേർന്നിരിക്കുമെന്ന് തീർച്ചയാണ്. അതുകൂടാതെ ഓരോ ബ്രാൻഡും ഉപയോഗിക്കുന്ന പദാർത്ഥങ്ങളുടെ അളവിലും വ്യത്യാസങ്ങളുണ്ടാകാം.

ഇങ്ങനെ മോടികൂട്ടി ഒരു പുതിയ ഉത്പന്നം വിപണിയിലിറക്കുമ്പോൾ  ആദ്യത്തെ അവതരണം തന്നെ ഹിറ്റാകണമെന്നത് സാർവത്രികമായി അംഗീകരിക്കപ്പെട്ട ഒരു മാനേജ്മെന്റ് തന്ത്രമാണ്. ഈ ലക്ഷ്യം കൈവരിക്കണമെങ്കിൽ ജനങ്ങൾക്ക് ഇഷ്ടപ്പെടണം, ഹാനികരമല്ലെന്ന് ബോധ്യം വരണം. അതുകൊണ്ട് വിപണിയെക്കാണാൻ ഒരുത്പന്നം പുറപ്പെടുന്നതിനു മുൻപ് അതിനെ ചമയിച്ചൊരുക്കുന്ന ചടങ്ങുണ്ട്. ഇത് പരീക്ഷണശാലകളിൽ വിവിധതരം പരീക്ഷണങ്ങൾക്ക് വിധേയമാക്കിയാണ് നിറവേറ്റുന്നത്. നിലനില്പിനല്ലാതെ സ്വാർത്ഥതാത്പര്യങ്ങൾക്കു വേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യുക എന്ന മനുഷ്യന്റെ അടിസ്ഥാന സ്വഭാവം പ്രൗഢമായി പുറത്തുവരുന്നത് ഇത്തരം പരീക്ഷണങ്ങളുടെ രംഗവേദികളിലാണ്.

നമ്മുടെ കണ്ണുകളിൽ ഷാമ്പൂ വീണാൽ എരിച്ചിലുണ്ടാകുമോ എന്ന് പരീക്ഷിക്കുന്നത് മുയലിന്റെ കണ്ണിൽ ഇത് തളിച്ചിട്ടാണ്. അതിനായി മുയലുകളെ പല ഗ്രൂപ്പുകളാക്കി തിരിക്കുന്നു. ഓരോ ഗ്രൂപ്പിലും പരീക്ഷിക്കാനുദ്ദേശിക്കുന്ന പദാർത്ഥത്തിന്റെ വ്യത്യസ്ത അളവുകൾ ചേർന്ന മിശ്രിതം ഇറ്റിക്കുന്നു. ഏത് ഗ്രൂപ്പിലാണ് കൂടുതൽ മുയലുകൾക്ക് അസ്വസ്ഥതയുണ്ടാകുന്നതെന്ന് നോക്കി ആ ഡോസിനു താഴെ ഒരു ഡോസ് നമ്മുടെ ഉത്പന്നത്തിൽ ചേർക്കുന്നു (Eye and Skin Irritancy Test - Introduced in the 1940's). നാം പോകുന്ന വഴികളിൽ സുഗന്ധം വിതറി നടക്കാൻ സഹായിക്കുന്ന പൗഡർ പോലുള്ള ഉപകരണങ്ങൾ കുരങ്ങിന്റെ ഷേവു ചെയ്ത തൊലിപ്പുറത്ത് പുരട്ടി ചൊറി വരുന്നുണ്ടോ എന്ന് നോക്കിയാണ് പരീക്ഷിക്കുന്നത്. ഇത്തരം പരീക്ഷണങ്ങൾ നടത്തിക്കഴിഞ്ഞാൽ പിന്നെ ഈ മൃഗങ്ങളെക്കൊണ്ട് പ്രത്യേകിച്ചാവശ്യമില്ലാത്തതുകൊണ്ട് അവയെ ദയാവധത്തിനു വിധേയമാക്കും. മനുഷ്യനു ദയാവധം ആകാമോ ഇല്ലയോ എന്ന് കൊണ്ട്പിടിച്ച് നമുക്ക് മാധ്യമത്താളുകളിൽ ചർച്ച നടത്താം. സമൂഹമാധ്യമങ്ങളിൽ കപടബുദ്ധിജീവിയുടെ മൂടുപടമണിയാം. എന്നാലിത്തരം നീതികേട് മിണ്ടാപ്രാണികളോടാണെങ്കിൽ അത് നമ്മെ ബാധിക്കുന്ന വിഷയമല്ലെന്ന് നടിച്ച് മിണ്ടാതിരിക്കാം. അവറ്റകൾ പ്രതികരിക്കില്ലല്ലോ.





ഈ പുതിയ പദാർത്ഥങ്ങൾ അകത്തുചെന്നാലെന്ത് സംഭവിക്കും എന്ന് പരീക്ഷിക്കുന്നതിനും നമുക്ക് പൈശാചിക രീതികളുണ്ട്. LD50 (Lethal Dose 50 - Introduced in 1920's) എന്ന പേരിലറിയപ്പെടുന്ന പരീക്ഷണം. ഇവിടെ മൃഗങ്ങളെ ഗ്രൂപ്പുകളാക്കിത്തിരിച്ച് അവയുടെ വായിലൂടെ പദാർത്ഥത്തെ തിരുകുന്നു. ഏതു ഗ്രൂപ്പിലാണോ 50% മൃഗങ്ങൾ ചത്തൊടുങ്ങുന്നത് ആ ഗ്രൂപ്പിനു കൊടുത്ത അളവിനെക്കാളും കുറവായിരിക്കും ഉത്പന്നത്തിലെ പദാർത്ഥത്തിന്റെ അളവ്. ഓരോ പദാർത്ഥവും വ്യത്യസ്ത ജീവികളിൽ വ്യത്യസ്ത തരത്തിലാണ് പ്രതിപ്രവർത്തിക്കുന്നത് എന്ന അടിസ്ഥാന തത്വം പോലും മറന്ന് മുയലുകളോ ഗിനിപ്പന്നികളോ ചത്തില്ലെങ്കിൽ എന്റെ കുഞ്ഞുങ്ങളും ചാവില്ലെന്ന് ധരിച്ചു വശായ ഒരു ജനത.... ഇതിനു ശാസ്ത്രീയമെന്ന് പേരും....






 പല സന്നദ്ധസംഘടനകളുടെയും ശക്തമായ ഇടപെടലിന്റെ ഭാഗമായി ഇന്നിതാ ഇന്ത്യയും മൃഗങ്ങളുടെ മേലുള്ള പരീക്ഷണങ്ങൾ നിരോധിച്ചിരിക്കുന്നു. ഈ ഒരു തീരുമാനം എടുത്തപ്പോൾ മൃഗപരീക്ഷണങ്ങൾ നിരോധിക്കുന്ന ദക്ഷിണേഷ്യയിലെ ആദ്യത്തെ രാജ്യമായി നാം മാറി.  ഇന്ത്യയെക്കൂടാതെ ലോകത്ത് മറ്റ് 27 രാജ്യങ്ങളും ഇത് നിരോധിച്ചിട്ടുണ്ട്. ഈ നിരോധനങ്ങൾ ആഗോളതലത്തിൽ വരാതെ നന്നാകില്ല എന്ന നിലപാടിലാണ് കമ്പനികൾ. അതുകൊണ്ട് നിരോധനമില്ലാത്ത രാജ്യങ്ങളിലേക്ക് പരീക്ഷണങ്ങളെ മാറ്റാനാണ് പലരും ശ്രമിക്കുന്നത്. ഇത്തരം സാഹചര്യത്തിൽ നമ്മുടെ മുന്നിൽ ഒരു വഴിയേയുള്ളൂ... മൃഗങ്ങളിൽ പരീക്ഷിക്കപ്പെട്ട ഉപകരണങ്ങൾ ഉപയോഗിക്കില്ലെന്ന് തീരുമാനമെടുക്കൽ. പേട്ട എന്ന സംഘടന ഏത് ഉത്പന്നങ്ങളൊക്കെ മൃഗങ്ങളിൽ പരീക്ഷിക്കപ്പെട്ടവയാണ്, ഏത് കമ്പനികളിലൊക്കെ ഈ പരീക്ഷണങ്ങൾ നടക്കുന്നുണ്ട് എന്ന് കണക്കെടുത്തിരിക്കുന്നു. അവരുടെ സൈറ്റിൽ പോയാൽ ഈ വിവരങ്ങൾ ലഭിക്കും. നാം നിത്യേന ഉപയോഗിക്കുന്ന എത്രയെത്ര ഉത്പന്നങ്ങളാണ് അതിലുള്ളതെന്ന് കാണുമ്പോൾ നിങ്ങളും അത്ഭുതപ്പെടും.

കൊലപാതകം തെറ്റല്ല... അത് ശാസ്ത്രത്തിനുവേണ്ടിയാണെങ്കിൽ.
പീഢനം തെറ്റല്ല... അത് ശാസ്ത്രത്തിനുവേണ്ടിയാണെങ്കിൽ.
എന്ന ചിന്താഗതിയാണ് നാം മാറ്റേണ്ടത്... ഉത്പന്നങ്ങളുപയോഗിക്കുന്നത് ഉപഭോക്താവല്ല, മനുഷ്യനാണ് എന്ന സമീപനമാണ് കമ്പനികൾക്കുണ്ടാകേണ്ടത്... ഹിംസാത്മകമായി ഉണ്ടാക്കപ്പെട്ട ഒരുത്പന്നവും ഞാനുപയോഗിക്കില്ലെന്ന വാശിയാണ് ഇന്നത്തെ കാലഘട്ടത്തിൽ ഉപഭോക്താവ് പുലർത്തേണ്ടത്.... മനുഷ്യത്വമുള്ള കമ്പനികളും ഉപഭോക്താക്കളും ഉണ്ടാകുന്ന ഒരു നല്ല നാളെ പ്രതീക്ഷിക്കാമോ ആവോ?


കൂടുതലറിയാൻ:

1. ഷാമ്പൂവിനെക്കുറിച്ച് വിക്കിപീഡിയ
2. Caring Consumer

അഭിപ്രായങ്ങളൊന്നുമില്ല: