2014 ഫെബ്രുവരി 15, ശനിയാഴ്‌ച

വരൂ നമുക്ക് പ്രണയിക്കാം... ശാസ്ത്രീയമായി

പ്രണയത്തിന് ഒരർത്ഥാന്തരന്യാസമുണ്ടോ?
എങ്കിൽ എവിടെയാണ് അതിന്റെ സാമാന്യം?
പ്രണയത്തിന് ഒരു ശാർദ്ദൂലവിക്രീഡിതമുണ്ടോ?
എങ്കിൽ എവിടെയാണ് അതിന്റെ ഗോദാവരിക്കാട്?
                                         - ഡി വിനയചന്ദ്രൻ
 

വരൂ നമുക്ക് പ്രണയിക്കാം... ശാസ്ത്രീയമായി

മാനവപ്രണയത്തിന് മാനവരാശിയോളം പഴക്കമുണ്ട്. പ്രണയം ഒരു വികാരമാണെന്നായിരുന്നു എന്റെ ധാരണ 1997 ഫെബ്രുവരി 14 വരെ. അന്നാണ് പ്രണയം ഒരുത്സവമാണെന്ന് ഞാനറിയുന്നത്. അന്നാണ് പ്രണയിക്കാനൊരു ദിനമുണ്ടെന്നു ഞാൻ മനസ്സിലാക്കുന്നത്. എനിക്കുമാത്രമായിരുന്നില്ല ഈ അറിവില്ലായ്മ. ഞാൻ പഠിച്ചിരുന്ന കാമ്പസിലെ മുഴുവൻ വിദ്യാർത്ഥികളും ഈ അറിവില്ലായ്മയുടെ രുചി നുകർന്നവരാണ്. പ്രണയദിനം ഭാരതത്തിന്റെ മണ്ണിലെത്തുന്നത് 1992 ലാണെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. പുതിയ ട്രെണ്ടുകളൊക്കെ നഗരങ്ങളാണാദ്യം പുൽകുന്നതെന്ന ന്യായത്തിൽ, ഒരു ഗ്രാമീണ കാമ്പസിൽ അഞ്ച് വർഷത്തോളം വൈകിയാണ് ഈ ദിനമെത്തിയതെന്ന് ന്യായീകരിച്ചാശ്വസിക്കാം. ഏതായാലും അന്നുതൊട്ടിന്നോളംവരെ ഭാരതം കണ്ട പ്രണയദിനാഘോഷങ്ങൾ ഓരോ വർഷവും മുൻവർഷങ്ങളുടെ റിക്കാർഡുഭേദിക്കുന്നതാണ്.

 

പ്രണയദിനത്തിന്റെ ആഗോളചരിത്രം

വാലന്റൈൻ പുണ്യാളന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ടാണ് ഇന്ന് പ്രണയദിനം ആഘോഷിക്കപ്പെടുന്നത്. ഇതാദ്യം കേൾക്കുന്ന മാത്രയിൽ പ്രണയവും പാതിരിയും തമ്മിലെന്തുബന്ധം എന്നാണ് ഏതൊരുവനും ചിന്തിച്ചുപോവുക. ഏ.ഡി. മൂന്നാം നൂറ്റാണ്ടിൽ റോമിലെ ചക്രവർത്തി ക്ലോഡിയസ് രണ്ടാമൻ ശക്തമായ ഒരു പട്ടാളത്തെ കെട്ടിപ്പെടുക്കാൻ വഴികളെന്തെന്നാലോചിച്ചു. കുടുംബവും പ്രാരാബ്ദ്ധവുമൊന്നുമില്ലാത്ത ചുണക്കുട്ടന്മാരായ പോരാളികൾ തന്റെ പട്ടാളത്തിനത്യന്താപേക്ഷിതമാണെന്ന തോന്നലിൽ ചെറുപ്പക്കാരായ പട്ടാളക്കാരെ വിവാഹത്തിൽനിന്നു വിലക്കി. സ്നേഹത്തിലധിഷ്ഠിതമായാണ് ദൈവരാജ്യം കെട്ടിപ്പടുക്കുന്നതെന്ന് വിശ്വസിച്ചിരുന്ന റോമിലെ പാതിരിയായ വാലന്റൈൻ ഈ നിയമത്തിനെതിരെ ശബ്ദമുയർത്തുകയും രഹസ്യമായി യുവപട്ടാളക്കാരെ കല്ല്യാണം കഴിപ്പിക്കുകയും ചെയ്തു. രാജാവിന്റെ കോപത്തിന് പാത്രീഭൂതനായ അദ്ദേഹത്തിന്റെ പേർ രക്തസാക്ഷിപ്പട്ടികയിൽ അങ്ങനെ ഒരിടംകണ്ടു. രണ്ടു നൂറ്റാണ്ടുകൾക്ക് ശേഷം ( അതായത് ഏ.ഡി. അഞ്ചാം നൂറ്റാണ്ടിൽ) ഗെലേഷ്യസ് മാർപ്പാപ്പ ഫെബ്രുവരി 14 വാലന്റൈൻ ദിനമായി പ്രഖ്യാപിക്കും വരെ പള്ളിയുടെ വിസ്മരിക്കപ്പെടേണ്ടവരുടെ പട്ടികയിലും അദ്ദേഹമൊരിടം കണ്ടെത്തി. രണ്ടു നൂറ്റാണ്ടുകൾക്കു ശേഷം പെട്ടെന്നെന്തേ പള്ളിക്കിങ്ങനെ തോന്നാൻ എന്നു ചിന്തിക്കുന്നവർക്കായി ഒരു ഫ്ലാഷ്ബാക്ക്.

ഫലഭൂയിഷ്ടിയുടെ പാഗൻ ഉത്സവമായ ലുപെർകാലിയ (Lupercalia) കൃഷിയുടെ റോമൻ ദേവനായ ഫാനസിനെ (Faunus) സ്തുതിക്കാനും റോമിന്റെ സ്ഥാപകരായ റോമുലസിന്റെയും റെമുസിന്റെയും (Romulus and Remus) സ്മരണ പുതുക്കുവാനും വേണ്ടി കൊണ്ടാടപ്പെടുന്നതാണ്. ഐതിഹ്യപ്രകാരം ഒരു പെൺ ചെന്നായയാണ് റോമുലസിനെയും റെമുസിനെയും എടുത്തുവളർത്തിയത്. ഈ ഉത്സവദിനത്തിൽ പവിത്രമായ ഒരു ഗുഹയിൽ ഈ പെൺചെന്നായയ്ക്ക് ഒരാടിനെയും ഒരു പട്ടിയെയും ബലി കൊടുക്കും. ബലികൊടുത്ത ആടിന്റെ തൊലിയുരിഞ്ഞ് പുരോഹിതൻ തെരുവിലൂടെ ഘോഷയാത്രയായി പോകുമ്പോൾ വഴിനീളെ കന്യകമാരും യുവതികളും നിരന്നുനിൽക്കും. പുരോഹിതൻ ആടിന്റെ തൊലികൊണ്ടവരുടെ ദേഹത്ത് ചെറുതായൊന്നു പ്രഹരിക്കും. അതോടൊപ്പം വയലുകളിലും ഈ ആട്ടിൻതൊലി കൊണ്ട് മണ്ണിനെ സ്പർശിക്കും. ആട്ടിൻ തൊലിയുടെ പ്രഹരമേൽക്കുന്ന മണ്ണും പെണ്ണും ഫലഭൂയിഷ്ടമാകുകയും സമ്പൽസമൃദ്ധിയുടെ വിളനിലങ്ങളാവുകയും ചെയ്യുമെന്നാണ് വിശ്വാസം (മാൽതൂസിന്റെ സാമ്പത്തികസിദ്ധാന്തങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടില്ലാത്ത കാലമാണിതെന്നോർക്കണം. ജനസംഖ്യ വർദ്ധിക്കുമ്പോൾ സമ്പത്ത് കുറയുമെന്നാണ് ... കൂടുതൽ മക്കളുണ്ടായാൽ ദാരിദ്ര്യം കൂടുമെന്നാണ്...മാൽതൂസ് പറഞ്ഞത്. പക്ഷെ പ്രാചീനന്റെ അഭിപ്രായത്തിൽ കൂടുതൽ മക്കളുണ്ടായാൽ സമ്പത്ത് കൂടുമെന്നാണ്). ഉത്സവത്തിന്റന്ന് വൈകീട്ട് വിവാഹപ്രായമെത്തിയ കന്യകമാർ അവരുടെ പേരെഴുതിയ ചീട്ടുകൾ ഒരു പാത്രത്തിൽ നിക്ഷേപിക്കുകയും ചെറുപ്പക്കാർ അതിൽനിന്നൊരെണ്ണം നറുക്കിട്ടെടുക്കുകയും ചെയ്യും. അങ്ങനെ നറുക്കുവീഴുന്ന പെണ്ണ് ഒരു വർഷത്തേക്ക് അവന്റെ സഖിയായി കൂടെയുണ്ടാകും.

മേൽപ്പറഞ്ഞ പാഗൻ ഉത്സവമായ ലുപെർകാലിയയാണ് നാമിന്നാഘോഷിക്കുന്ന പ്രണയദിനത്തിന്റെ പ്രാക് രൂപം. വാലന്റൈൻ പുണ്യാളന്റെ രക്തസാക്ഷിത്വത്തിന് രണ്ടു നൂറ്റാണ്ടുകൾക്ക് ശേഷം ഗെലേഷ്യസ് മാർപ്പാപ്പ മതാധിപത്യത്തിന്റെ, ഉത്സവങ്ങളുടെ മതവത്കരണത്തിന്റെ ഭാഗമായാണ് വിസ്മൃതിയിലാണ്ട പുണ്യാളന്റെ പേര് വലിച്ചിഴച്ചത്.

എന്നാൽ 1969ൽ സഭ ഇടപെട്ടുനടത്തിക്കൊണ്ടിരുന്ന ഉത്സവങ്ങളുടെ പട്ടിക ചായക്കടയിലെ മാസപറ്റുപടി പോലെ നീണ്ടുവന്നപ്പോൾ അത് വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി അപ്രധാനമെന്ന് സഭയ്ക്ക് ബോദ്ധ്യപ്പെട്ട കുറേ ഉത്സവങ്ങളെ വെട്ടിമാറ്റി. വാലന്റൈൻ ദിനത്തിനെ ഉത്സവങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കുകയും പ്രണയദിനത്തിന്റെ ഔദ്യോഗികതയെ സഭ കയ്യൊഴിയുകയും ചെയ്തു. എന്നാൽ പണ്ടോറയുടെ പെട്ടിയെപ്പോലെ ഒരിക്കൽ തുറന്നുവിട്ട, ഒരിക്കൽ ജനങ്ങളുടെ ഹൃദയത്തിൽ തിരികൊളുത്തിവിട്ട ഈ ദിനത്തിന്റെ ലഹരി ആഗോളവത്കരണ വക്താക്കളുടെയും ഗ്രീറ്റിംഗ് കാർഡ് മുതലാളിമാരുടെയുമൊക്കെ ഇടപെടലിന്റെ ഭാഗമായി ഇന്നും സമൂഹത്തിൽ നിർലോഭം ആഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

പ്രണയദിനത്തിന്റെ ഇന്ത്യൻ ചരിത്ര, സാമ്പത്തിക പശ്ചാത്തലം


1992 ലാണ് ഇന്ത്യയിലാദ്യമായി പ്രണയദിനം അവതരിപ്പിക്കപ്പെടുന്നത്. എ ഡി അഞ്ചാം നൂറ്റാണ്ടിൽ ലോക അരങ്ങിൽ ഔദ്യോഗികമായി പിറവികൊണ്ട ഈ ദിനം ഇത്രയും വൈകി ഇന്ത്യയിലെത്താൻ പല കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
1.   1992 - ലാണ് ഇന്ത്യ നവലിബറൽ നയത്തിന്റെ പിടിയിലമരുന്നത്. ആഗോളവത്കരണ വക്താക്കളുടെ സാംസ്കാരിക അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇതിവിടെ അവതരിപ്പിക്കപ്പെടുന്നതെന്നാണ് ഒരു വാദം. ഈ വാദത്തിനൊരു മറുവാദമുള്ളത് മലയാളിയുടെ ഓണം ലോകത്തിന്റെ ഓണമായിട്ടില്ലെന്നും തമിഴന്റെ പൊങ്കൽ ലോകത്തിന്റെ പൊങ്കലായിട്ടില്ലെന്നതുമാണ്. ഒരു പക്ഷെ ഗ്ലാമറില്ലാത്തതുകൊണ്ടാവാം, ഇക്കിളിയുടെ ഒരംശമില്ലാത്തതുകൊണ്ടാവാം നമ്മുടെ ഉത്സവങ്ങളൊന്നും ആഗോളവത്കരണത്തിന്റെ മത്സരവേദികളിൽ തിളങ്ങാതെ തഴയപ്പെട്ടത്.
2.      തോമസ് ഹാർഡിയുടെ "ഭ്രാന്തമായ ആൾകൂട്ടത്തിൽനിന്നുമകലെ" (Far From The Madding Crowd) എന്ന നോവൽ 1992-ലാണ് സി ബി എസ് ഇ സിലബസിന്റെ ഭാഗമാക്കുന്നത്. അതിൽ വലന്റൈൻ ദിനത്തിന്റെ വിശദമായ വിവരണമുണ്ട്. ഇന്ത്യൻ യുവഹൃദയങ്ങളെ ഇളക്കിമറിച്ചത് ഈ നോവലാണ് എന്നതാണ് മറ്റൊരു വാദം. ഇതിനൊരു മറുവാദമുന്നയിക്കാവുന്നതിതാണ്: സിലബസിന്റെ ഭാഗമായി പഠിക്കുന്ന നോവലുകളൊന്നും ഹൃദയത്തിൽ തറച്ച അനുഭവം നമുക്കില്ല. ( എം.ടി യുടെ "മഞ്ഞ്" സിലബസിന്റെ ഭാഗമായി പഠിച്ചപ്പോൾ ആകർഷണീയമായിരുന്നില്ലെങ്കിലും വർഷങ്ങൾക്കു ശേഷം വീണ്ടും വായിച്ചപ്പോൾ അതീവഹൃദ്യമായ ഒരു അനുഭവമായിരുന്നു ). വിക്കിപ്പീഡിയയിൽ ആധാരമില്ലാതെ ഉദ്ധരിച്ചതിനാൽ ഈ വാദം തള്ളിക്കളയാമെന്നു തോന്നുന്നു.
3.  നവലിബറൽ നയങ്ങൾ വാതിൽതുറന്നത് അതിവിശാലമായ ആഗോളമാർക്കറ്റിന്റെ കാൻവാസിലേക്കാണ്. "ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം" എന്ന മൂലമന്ത്രത്തിൽ അടിയുറച്ച് വിശ്വസിച്ചിരുന്ന ഗ്രീറ്റിംഗ് കാർഡ്, ചോക്കലേറ്റ് മുതലാളിമാരുടെ കുടിലതന്ത്രങ്ങൾ മെനയുന്ന ബുദ്ധിയുടെ സൃഷ്ടിയാണ് പ്രണയദിനമെന്നത് മറ്റൊരു വാദമാണ്. സ്വർണ്ണപ്രഭയാൽ കണ്ണുമഞ്ഞളിച്ചുപോയ സ്വർണ്ണക്കച്ചവട മുതലാളിമാർ സൃഷ്ടിച്ചെടുത്ത "അക്ഷയതൃതീയ" പോലെ മറ്റൊരാഭാസം. പ്രതിവർഷം 400 കോടിരൂപയുടെ കച്ചവടമാണ് (2011 ലെ കണക്ക്) ഇന്ത്യൻ മാർക്കറ്റിൽ ഗ്രീറ്റിംഗ് കാർഡുകളുടെത്. ഇതിൽ പകുതിയും "ആർച്ചീസ്" എന്ന കമ്പനിയുടെതാണ്. കാർഡുകൾ കൂടാതെ പ്രനയദിനത്തിൽ കച്ചവടമേറുന്നത് ചോക്കലേറ്റിനും റസ്റ്റോർന്റിനും റോസാപ്പൂവിനുമൊക്കെയാണ്. കോഴിപൊരിച്ചതിനോഡറു കൊടുത്താൽ കോഴിയെപ്പിടിക്കാനോടുന്ന പഞ്ചനക്ഷത്ര ഹോട്ടലുകൾ പ്രണയദിനത്തിൽ ഒന്നിനു പകരം രണ്ടു മണിക്കൂറെടുത്തു മാത്രമേ ഓർഡർ പൂർത്തിയാക്കാറുള്ളൂ (ഇത് കാമുകീകാമുകന്മാരെ ആകർഷിക്കാനുള്ള മറ്റൊരു നമ്പറാണ്) എന്ന് പരിചിതസുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു.

കാരണങ്ങളെന്തൊക്കെയായാലും പ്രണയദിനം ഇന്ത്യൻ യുവമനസ്സുകളിലിടം പിടിച്ചിരിക്കുന്നു. പ്രണയദിനത്തിന്റെ ആഗോള കച്ചവടത്തിൽ പ്രധാനപ്പെട്ട, ഒഴിച്ചുകൂടാനാവാത്ത ഒരു സ്ഥാനം ഇന്ത്യൻ വിപണി കയ്യടക്കിയിരിക്കുന്നു. ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുന്ന ഈ ചെലവ് മുതലാളിമാരുടെ പോക്കറ്റിലേക്കെത്തുന്നതിനാൽ പ്രണയദിനത്തിന്റെ മൊഞ്ചും മോടിയും കൂട്ടാൻ പുതിയ തന്ത്രങ്ങളുമായി നിത്യവും അവർ രംഗത്തിറങ്ങിക്കൊണ്ടിരിക്കുന്നു. പുതിയ തന്ത്രങ്ങളുമായി പ്രണയദിനത്തിന്റെ മത്സരവേദികളിൽ തിളങ്ങിനിൽക്കാൻ ലോകത്തെമ്പാടുമുള്ള പ്രണയദിനങ്ങളിലെ വൈവിദ്ധ്യം ഇന്ത്യൻ മണ്ണിലും ഇവർ നാളെ പരീക്ഷിച്ചെന്നിരിക്കാം. ഉദാഹരണത്തിന് ജപ്പാനിൽ ഫെബ്രുവരി 14 കാമുകിമാർ കാമുകന്മാർക്കു സമ്മാനം കൊടുക്കുന്ന ദിനമാണ്. മാർച്ച് 14ന് കാമുകിമാരുടെ കടാക്ഷത്തിന് പാത്രീഭൂതരായ കാമുകന്മാർ കാമുകിമാർക്ക് വെള്ള അടിയുടുപ്പുകൾ സമ്മാനിക്കുന്ന ദിനമാണ് ( ശുഭ്രദിനം ). കൊറിയക്കാർ ഈ ലിസ്റ്റിൽ ഒരുദിനം കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്. കാമുകിമാരുടെ കടാക്ഷമേൽക്കാത്ത നിരാശാകാമുകന്മാർ കറുത്ത നൂടിൽസ് കഴിക്കുന്ന കരിദിനം ഇവർ ഏപ്രിൽ 14ന് ആഘോഷിക്കും ("Every Dog has a day" എന്നല്ലേ പഴമൊഴി!). അമേരിക്കയിലുള്ളതുപോലെ പ്രണയവാരം (ഫെബ്രുവരി 7നു തുടങ്ങുന്ന റോസ് ദിനം മുതൽ പ്രണയാപേക്ഷാദിനം, ചോക്കലേറ്റ് ദിനം, ടെഡ്ഡി ദിനം, വാഗ്ദാനദിനം, ചുംബന ദിനം, ആശ്ലേഷാദിനം എന്നിങ്ങനെ ഫെബ്രുവരി 14ന് പ്രണയദിനത്തിൽ സമാപിക്കുന്നു) നാളെ ഇവിടെയും അവതരിപ്പിക്കപ്പെട്ടേക്കാം (എല്ലാവർക്കും പണമുണ്ടാക്കണ്ടേ മാഷേ? സോഷ്യലിസം എന്നാൽ ഇതൊക്കെയല്ലേ?). ഇപ്പറഞ്ഞതൊന്നുമല്ലാതെ പുതിയ തന്ത്രങ്ങളുമായി ഇക്കൂട്ടർ അരങ്ങത്തെത്തിയാലും അദ്ഭുതപ്പെടാനില്ല.

പ്രണയം പരിണാമത്തിന്റെ വെളിച്ചത്തിൽ


മനുഷ്യനും ചിമ്പാൻസികൾക്കും പൊതുപൂർവികരാണുള്ളതെന്നത് പരിണാമത്തിന്റെ വക്താക്കളിൽ പൊതുസമ്മതിയുള്ള വസ്തുതയാണ്.  ഈ പൊതുപൂർവികനെ നമുക്ക് ചിമ്പൻ എന്നു തത്കാലം വിളിക്കാം. ചിമ്പനിൽനിന്നും മനുഷ്യനിലേക്കുള്ള യാത്രയിൽ മർമ്മപ്രധാനമായ ചില തീരുമാനങ്ങൾ മനുഷ്യനെടുക്കേണ്ടിവന്നിട്ടുണ്ട്. അതിലൊന്ന് നിലത്തിറങ്ങാനുള്ള തീരുമാനമാണ്. മരങ്ങളുടെ കൊമ്പിൽതൂങ്ങി ചാഞ്ചാടിക്കളിച്ചിരുന്ന, മരങ്ങൾ വച്ചുനീട്ടിയ കായ്കനികൾ ഭക്ഷിച്ചിരുന്ന, നിദ്രവന്നു വിളിച്ചപ്പോൾ മരത്തിന്റെ പരുപരുത്ത കൊമ്പത്ത് തലചായ്ക്കാനൊരിടം തേടിയിരുന്ന ചിമ്പൻ നിലത്തിറങ്ങി നിവർന്ന് നടക്കാൻ തീരുമാനിച്ചപ്പോൾ അവനെ കാത്തിരുന്ന വെല്ലുവിളികൾ നിരവധിയാണ്. ഭക്ഷണമായിരുന്നു പ്രധാന വെല്ലുവിളി. ഈ വെല്ലുവിളി സ്വതവേ സസ്യാഹാരിയായിരുന്ന അവൻ നേരിട്ടത് നിലനില്പിനു വേണ്ടി മാംസാഹാരിയായിക്കൊണ്ടാണ്. മാംസാഹാരികൾക്ക് ജന്മനാ ഉണ്ടായിരുന്ന ശാരീരികമികവിന്റെ പോരായ്മ വേട്ടയാടുന്നതിന് വെല്ലുവിളിയായി. ഈ പോരായ്മ അവൻ നികത്തിയെടുത്തത് അവന്റെ തലച്ചോറിന്റെ വലിപ്പം കൂട്ടുന്നതിലൂടെയാണ്. നായാട്ടിന് പൂർണ്ണമായും ശരീരത്തെയാശ്രയിക്കാതെ ആയുധങ്ങൾ വികസിപ്പിച്ചെടുക്കുന്നതിലൂടെയാണ്. ഭക്ഷണം സ്വാർത്ഥമായ ഒരു ഏർപ്പാടാക്കതെ സഹകരണത്തിന്റെ, കൂട്ടായ്മയുടെ ഒരുത്പന്നമാക്കുന്നതിലൂടെയാണ്.

വലിപ്പമേറിയ തലച്ചോറ്, ന്യൂറോണുകളുടെ സാന്ദ്രതകൊണ്ട് മറ്റേത് ജീവിയെക്കാളും മികച്ച തലച്ചോറ്, പരിണാമത്തിലൂടെ വികസിപ്പിച്ചെടുക്കാൻ മറ്റു ജീവികളെയപേക്ഷിച്ച് ദൈർഘ്യമായ ഒരു ശൈശവഘട്ടം മനുഷ്യന്റെ വളർച്ചയ്ക്ക് ആവശ്യമായി വന്നു. തലച്ചോറ് വളർത്താനും നിലനില്പിന്റെ വിദ്യകളഭ്യസിപ്പിക്കാനും ഈ ദൈർഘ്യമേറിയ ശൈശവം അത്യന്താപേക്ഷിതമായി വന്നു. മാതാപിതാക്കൾ പ്രഥമ ഗുരുക്കന്മാരായി കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതായി വന്നു. പ്രസവവും ഇളം പൈതലുകളുടെ ശുശ്രൂഷയും നായാടുന്നതിൽ നിന്നും സ്ത്രീയെ വിലക്കിയപ്പോൾ നായാട്ടുകൂട്ടങ്ങൾ പുരുഷാധിപത്യത്തിന്റെ വിളനിലങ്ങളായി.

ഈ സാഹചര്യങ്ങൾ മനുഷ്യനു മുന്നിൽ നിരത്തിവച്ച പ്രശ്നങ്ങൾ നിരവധിയാണ്.
1. ഭക്ഷണം കൂട്ടായ്മയുടെ ഉത്പന്നമായതുകൊണ്ട്, പുരുഷന്റെ കടമയായതുകൊണ്ട്, ശാരീരികമായി കുറഞ്ഞശേഷിയുള്ള പുരുഷന്മാരെക്കൂടി  നായാട്ടിൽ ഭാഗഭാക്കാക്കേണ്ടതുണ്ട്. കൂട്ടത്തിലേറ്റവും മിടുക്കന് എല്ലാ പെണ്ണും എന്ന ചിമ്പന്റെ പ്രാകൃതമായ രീതി തുടർന്നാൽ നായാട്ടിലെ കൂട്ടായ്മയും സഹകരണവും താറുമാറാകും. ശാരീരികശേഷി കുറഞ്ഞ മനുഷ്യനും ലൈംഗികപരമായി ഒരു സ്ഥാനം സമൂഹത്തിൽ കൊടുക്കേണ്ടതായി വന്നു. ലൈംഗികചോദനകൾ പൂർത്തീകരിക്കാൻ ജനാധിപത്യപ്രക്രിയകൾ ആവശ്യമായി വന്നു.
2. നായാട്ടിനു വേണ്ടി ആയുധങ്ങൾ വികസിപ്പിച്ചെടുത്തതിനാൽ ആയുധധാരിയായ പുരുഷൻ അപകടകാരിയായി. നായാട്ടുകഴിഞ്ഞു വരുന്ന പുരുഷൻ സ്ത്രീക്കും കുട്ടിക്കും ഭീഷണിയാണ്.
3. ദീർഘമായ ശൈശവവും വിദ്യാഭ്യാസവും മാതാവിന്റ മാത്രം ധർമ്മമായി ചുരുക്കാനാവില്ല. നായാട്ടിന്റെ പ്രാവർത്തിക അറിവും പ്രായോഗികജ്ഞാനവും പുരുഷന്റെ മേൽകോയ്മയായിരുന്നതിനാൽ വിദ്യാഭ്യാസത്തിൽ പുരുഷന്റെ സഹായം അവശ്യമായി. മാതാപിതാക്കൾ അവരവരുടെ കുട്ടികളോടുള്ള കടമകൾ നിർവഹിക്കാതെ തലമുറകളെ ശാക്തീകരിക്കാനാകില്ല.

മേല്പറഞ്ഞ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം മനുഷ്യൻ കണ്ടെത്തിയത് ഇണയിലും പ്രണയത്തിലുമാണ്. ഒരു പെണ്ണിനോട് മാത്രം അടുപ്പമുണ്ടാക്കാൻ, താൻ നായാട്ടിനു പോകുന്ന തക്കത്തിന് മറ്റൊരു പുരുഷനും തന്റെ പെണ്ണിനെ സ്വന്തമാക്കാതിരിക്കാൻ, നായാട്ടുകഴിഞ്ഞ് തിരിച്ചുവരാൻ ഒരു പ്രേരണയാകാൻ, തന്റെ കുഞ്ഞിനെ തന്നെക്കാൾ കഴിവുള്ളവനാക്കാനുള്ള വിദ്യകളഭ്യസിപ്പിക്കാൻ, കുഞ്ഞുങ്ങളെ വളർത്തുന്നതിൽ പെണ്ണിന് തുണയാകാൻ പ്രണയം അത്യന്താപേക്ഷിതമായി. നിലനില്പിനുവേണ്ടി പ്രണയത്തിലേക്ക് പരിണമിച്ചവനാണ് മനുഷ്യൻ എന്നു പരിണാമശാസ്ത്രം നമ്മെ പഠിപ്പിക്കുന്നു.


പ്രണയം ജീവശാസ്ത്രത്തിന്റെ വീക്ഷണത്തിൽ


അമ്മയുടെ ഗർഭപാത്രത്തിന്റെ സംരക്ഷണത്തിന്റെ സുഖം വെടിഞ്ഞ്, കരഞ്ഞുകൊണ്ട് ലോകത്തിന്റെ തീക്ഷ്ണാനുഭവങ്ങളിലേക്കെടുത്തെറിയപ്പെടുന്ന ഒരു കുഞ്ഞ് പ്രാരംഭദിശയിൽ മാതാവിനോട് കൂടുതൽ അടുപ്പം കാണിച്ച് തുടങ്ങുന്നു. പിന്നീട് പിതാവിലേക്കും കുടുംബാംഗങ്ങളിലേക്കും ഈയടുപ്പത്തിന്റെ കണ്ണികൾ നീളുന്നു. എന്നാൽ ശൈശവത്തിന്റെ അന്വേഷണങ്ങളുടെ, പര്യടനത്തിന്റെ (Exploration) ഘട്ടത്തിൽ ഈ അടുപ്പം ഒരു തടസ്സമാകയാൽ മാതാവിന്റെ കരലാളനത്തിന് വെളിയിലെത്താൻ താല്പര്യമുണ്ടാകും. പ്രായപൂർത്തിയെത്തുമ്പോൾ തന്റെ വ്യക്തിത്വത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. ഒറ്റപ്പെടലിന്റെ, ഏകാന്തതയുടെ ചുറ്റുപാടുകളെ ആഗ്രഹിക്കുന്ന ഈ വേളയിൽ കുടുംബാംഗങ്ങളോടൊപ്പം താമസിക്കുന്നുവെങ്കിലും അവരിൽനിന്നന്യനായി, തനതായ ഒരു വ്യക്തിത്വത്തിന്റെ വളർച്ചയിലേക്ക് അവൻ വികസിക്കുന്നു.

ഒരു ശിശുവിൽനിന്നും ബാലകനിലേക്കും പിന്നീട് പുരുഷനിലേക്കുമുള്ള ഈ പകർന്നാട്ടത്തിൽ പ്രബലമായിട്ടുള്ള ഭാവങ്ങൾ ശ്രദ്ധയാകർഷിക്കുന്നതാണ്. ശൈശവത്തിന്റെ നിഷ്കളങ്കതയിൽ "എന്നെ ഉപേക്ഷിക്കരുതേ, മുറുകെപ്പിടിക്കണേ" എന്ന ഭാവമാണ് പ്രകടം. ഈ ഭാവത്തിൽ ആശ്ലേഷത്തിന്റെയും ആലിംഗനത്തിന്റെയും സുഖാനുഭവത്തിന്റെ പറുദീസ തേടുന്നു. ബാലകനിലെത്തുമ്പോൾ "എന്നെയൊന്ന് താഴെയിറക്കൂ, ഞാനീ ലോകമൊന്നു പഠിക്കട്ടെ" എന്ന ഭാവത്തിലേക്ക് കുട്ടി വികസിക്കുന്നു. പ്രായപൂർത്തിയെത്തുന്നതോടെ "എന്നെയൊന്ന് വെറുതെ വിടൂ, ഞാൻ കൊച്ചുകുട്ടിയല്ല, സമൂഹത്തിൽ ഒരു തനത് വ്യക്തിത്വമാണ് ഞാൻ" എന്ന ഭാവമാണ് മുറ്റി നിൽക്കുന്നത്.

ഈ മൂന്നാം ഘട്ടത്തിന്റെ തീക്ഷ്ണമായ ഏകാന്തതയിൽ മടുപ്പുണ്ടാകുമ്പോഴാണ് ശൈശവത്തിന്റെ നിഷ്കളങ്കതയിലേക്ക്, മാതാപിതാക്കന്മാരുടെ ലാളനത്തിന്റെ സുഖാനുഭൂതിയിലേക്ക് ഒരു മടക്കയാത്രയ്ക്ക് മനസ്സാഗ്രഹിക്കുന്നത്. കൂട്ടുകൂടാനൊരിണയെ തേടുന്നത് ഈയവസരത്തിലാണ്. തനിക്കിഷ്ടമുണ്ടായിരുന്ന അമ്മയുടെ ഗുണങ്ങളോടുകൂടിയ ഒരുത്തിയെ ആണും, തന്നിൽ മതിപ്പുളവാക്കിയ അച്ഛന്റെ സ്വഭാവവിശേഷങ്ങളോടു കൂടിയ ഒരുത്തനെ പെണ്ണും തേടുന്നതീ വേളയിലാണ്. "എന്നെ മുറുക്കെപ്പിടിക്കൂ, വിട്ടുകളയല്ലേ" എന്ന ഭാവമാണ് ഈ അന്വേഷണത്തിന്റെ കാതൽ.

അതുകൊണ്ട് ജീവശാസ്ത്രപരമായി പ്രണയം ശൈശവത്തിന്റെ പുനരവതാരമാണ്. അതുകൊണ്ടാണ് ശൈശവത്തിന്റെ ചേഷ്ടകളായ കൊഞ്ചലും, ആശ്ലേഷവും, നിഷ്കളങ്കതയും, സാമീപ്യമാഗ്രഹിക്കലും, സാമീപ്യമില്ലാതാകുമ്പോളുള്ള കരച്ചിലും, കമുകനോടോ കാമുകിയോടോ ഉള്ള സ്വാർത്ഥമായ വാശിയും ഒക്കെ പ്രണയചേഷ്ടകളാകുന്നത്.


പ്രണയം രസതന്ത്രത്തിന്റെ കാഴ്ചപ്പാടിൽ


സഞ്ചരിക്കുന്ന മൂലകപ്പട്ടികയാണ് മനുഷ്യശരീരം. 60-ഓളം മൂലകങ്ങളുണ്ടാക്കുന്ന തന്മാത്രകളുടെ ഒരു നിബിഡവനം. അനേകായിരം രാസപ്രവർത്തനങ്ങൾ പരസ്പരബന്ധിതമായി പരസ്പരപൂരകമായി അനുസ്യൂതം നടന്നുകൊണ്ടിരിക്കുന്ന ഒരദ്ഭുത ഫാക്ടറി. നമ്മുടെ ചിന്തകളും വികാരങ്ങളും വിക്ഷോഭങ്ങളുമെല്ലാം ഈ രാസപ്രക്രിയയുടെ ഭാഗഭാക്കാണ്. നാഡീസന്ധികളിൽ (Synapse) ഉത്പാദിപ്പിക്കപ്പെടുന്ന ന്യൂറോട്രാൻസ്മിറ്ററുകളാണ് (Neuro Transmitters) വികാരങ്ങൾക്ക് കാരണമായി ഇന്നെണ്ണുന്നത്. പ്രണയമെന്ന വികാരത്തിന് പിന്നിലും ധാരാളം ന്യൂറോട്രാൻസ്മിറ്ററുകളുടെ സംയുക്ത സഹകരണ പ്രവർത്തനങ്ങൾ കാണാം.



ന്യൂറോ ട്രാൻസ്മിറ്ററുകൾ
ഒരു വ്യക്തി പ്രണയത്തിലകപ്പെടുമ്പോൾ ക്രമമായി കടന്നുപോകുന്ന മൂന്നു ഘട്ടങ്ങളുണ്ട്.

1. ലൈംഗികാകർഷണ ഘട്ടം (Lust)
സ്ഥൂലമായി ഒരാണും പെണ്ണും തമ്മിലുള്ള പരസ്പരാകർഷണം സൂക്ഷ്മതലങ്ങളിൽ പുരുഷഹോർമോണായ ടെസ്റ്റോസ്റ്റീറോണും (Testosterone) സ്ത്രീഹോർമോണായ ഈസ്ട്രജനും (Estrogen) തമ്മിലാണ്. ഏതൊരു വ്യക്തിയിലും ഈ രണ്ടു ഹോർമോണുകളും ഏറിയും കുറഞ്ഞും അവയുടെ സാന്നിദ്ധ്യമറിയിക്കാറുണ്ട്. പുരുഷഹോർമോണിനെക്കാൾ സ്ത്രീഹോർമോൺ ഒരാളുടെ ശരീരത്തിലധികരിച്ചിരുന്നാൽ, വാക്കിലും നടപ്പിലും ചിന്തയിലുമൊക്കെ ഒരു സ്ത്രൈണതയുണ്ടാകും. ആന്തരികമായി അയാൾ സ്ത്രീ ആണ്. അതേസമയം വാക്കിലും നോക്കിലും ചിന്തയിലുമൊക്കെ പൗരുഷത്തിന്റെ, ടെസ്റ്റോസ്റ്റീറോണിന്റെ തനതുഭാവങ്ങൾ പ്രകടമായിരുന്നാൽ അയാൾ ആന്തരികമായി പുരുഷനാണ്. പുരുഷ ലൈംഗികാവയവങ്ങളുടെ സാന്നിദ്ധ്യമൊന്നുകൊണ്ടു മാത്രം ഒരാൾ പുരുഷനാകുന്നില്ല, മറിച്ചും. ബാഹ്യാന്തരീക ലിംഗസാന്നിദ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ പുരുഷൻ, സ്ത്രൈണപുരുഷൻ, പൗരുഷപുരുഷൻ, സ്ത്രീ, പൗരുഷസ്ത്രീ, സ്ത്രൈണസ്ത്രീ എന്നിങ്ങനെ ലിംഗഭേദം കല്പിക്കാം. (മിക്കവരിലും സ്ത്രൈണ, പൗരുഷ ചിന്തകൾ മാറിമാറി മനസ്സിന്റെ രംഗവേദികളിൽ അരങ്ങത്തുവരാറുണ്ട്. അത്തരത്തിലുള്ളവരാണ് സ്ത്രീ, പുരുഷൻ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ചില പുരുഷന്മാരിൽ സ്ത്രൈണചിന്തകൾ ഒരിക്കലും പ്രത്യക്ഷത്തിൽ വരാതെയുണ്ടെങ്കിൽ അത്തരക്കാരാണ് പൗരുഷപുരുഷന്മാർ) ഭരണഘടനയുടെ 377-ആം വകുപ്പ് സജീവമായി ചർച്ചചെയ്യപ്പെടുന്ന ഈ കാലഘട്ടത്ത് ലിംഗഭേദത്തിന്റെ പുനർനിർവചനം വളരെ പ്രസക്തമാണ്. രസതന്ത്രത്തിന്റെ വെളിച്ചത്തിൽ സ്ത്രീഹോർമോണും പുരുഷഹോർമോണും തമ്മിൽ മാത്രമേ പ്രണയമുണ്ടാകുന്നുള്ളൂ (ബാഹ്യമായി അത് ആണും പെണ്ണും തമ്മിലോ ആണും ആണും തമ്മിലോ പെണ്ണും പെണ്ണും തമ്മിലോ ആകാം. അതുകൊണ്ട് തുടർന്നങ്ങോട്ട് ആണ് എന്നതുകൊണ്ടർഥമാക്കുന്നത് ആന്തരികമായി ടെസ്റ്റോസ്റ്റീറോൺ അധികരിച്ച വ്യക്തിയെയാണ്).


ലിംഗഭേദം രസതന്ത്രത്തിന്റെ കണ്ണിൽ
പ്രണയത്തിന്റെ ആദ്യഘട്ടമായ ലൈംഗികാകർഷണഘട്ടത്തിന്റെ പ്രത്യേകത ആകർഷണം ഒരു വ്യക്തിയിൽ കേന്ദ്രീകരിച്ചതല്ലെന്നതാണ്. ഒരു പെണ്ണിനെ കാണുമ്പോൾ പ്രേമിക്കണമെന്നു തോന്നുന്ന, അടുത്ത പെണ്ണിനെ കാണുമ്പോൾ അവളെയും പ്രേമിക്കണമെന്നു തോന്നുന്ന അവസ്ഥ. മിക്കവാറും എല്ലാവരും (ആണായാലും പെണ്ണായാലും) ഈ ഒരവസ്ഥയിലൂടെ ജീവിതത്തിലൊരിക്കലെങ്കിലും കടന്നുപോകും. അതുകൊണ്ട് ഈ ഘട്ടത്തെ പ്രത്യക്ഷമായി പ്രണയമെന്നു വിളിക്കാനാകില്ല.

2. ആകർഷണം (Attraction, Infatuation)

ധാരാളം എതിർലിംഗക്കാരോട് തോന്നുന്ന വികാരം ഒരാളിലേക്ക് ചുരുങ്ങുമ്പോഴാണ് പ്രണയത്തിന്റെ രണ്ടാം ഘട്ടത്തിന്റെയാരംഭം. മോണോ അമീനുകളുടെ അനിയന്ത്രിതമായ ഒഴുക്ക് ഈ ഘട്ടത്തിലുണ്ടാകും. നമ്മെ ആവേശഭരിതരാക്കിക്കൊണ്ട് സെറോട്ടോണിൻ, നോർ എപ്പിനെഫ്രിൻ (Serotonin, Nor-Epinephrine) എന്നീ ന്യൂറോട്രാൻസ്മിറ്ററുകൾ സാന്നിദ്ധ്യമറിയിക്കുമ്പോൾ, സന്തോഷത്തിന്റെ ഭാസുരമണ്ഡലങ്ങളിലേക്ക് ഡോപ്പമിൻ (Dopamine) നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു. ഈ ന്യൂറോട്രാൻസ്മിറ്ററുകളുടെയൊക്കെ കടിഞ്ഞാൺ ഫീനൈൽ ഈഥൈൽ അമീൻ (Phenyl Ethyl Amine, PEA) എന്ന തന്മാത്ര വഹിക്കുന്നു. പ്രണയത്തിന്റെ സുന്ദരസുരഭില മുഹൂർത്തങ്ങൾ ഈ പ്രണയതന്മാത്രയുടെ നിയന്ത്രണത്തിലാണ്. ഒരിടങ്കണ്ണേറു മതി, ഒരു സ്പർശനമോ ഒരു തലോടലോ മതി, കാമുകിയുടെയോ കാമുകന്റെയോ ശബ്ദം തരംഗസന്ദേശമായി മൊബൈലിന്റെ സിരകളിലൂടൊഴുകി കർണ്ണപുടത്തിലേക്ക് ഒരു കിളിനാദമായെത്തിയാൽ മതി പി.ഇ.എ ഉത്തേജിതമാവാൻ (പ്രണയത്തിലായിരുന്ന എന്റെയൊരു സുഹൃത്തിന് തുടരെത്തുടരെ മിസ്ഡ് കോൾ വന്നുകൊണ്ടിരുന്നു. തിരിച്ചുവിളിക്കാത്തതെന്തെന്ന് ചോദിച്ചപ്പോളവൾ പറഞ്ഞത് ഒരാളെ മിസ് ചെയ്യുമ്പോഴാണ് മിസ്ഡ് കോൾ അടിക്കുന്നതെന്നും പ്രണയത്തിന്റെ തീവ്രതയളക്കുന്നത് മിസ്ഡ് കോളിന്റെ എണ്ണം കൊണ്ടാണെന്നാണ്). ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ ഒരുവനെ ഒറ്റനോട്ടം കൊണ്ട് കവിയും കാമുകനും ഭ്രാന്തനുമാക്കി മാറ്റി കാലത്തിന്റെ അനന്തമായ ഭ്രമണപഥത്തിലേക്ക് ചുഴറ്റിയെറിയുന്ന അനുഭവം പ്രണയതന്മാത്രയുടെ ലീലാവിലാസമാകാതെ വയ്യ.

ചോക്കലേറ്റ്, സ്ട്രോബെറി എന്നിവയിലൊക്കെ പി.ഇ.എ എന്ന പ്രണയതന്മാത്രയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നു. പ്രണയവും ചോക്കലേറ്റും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന് ഇത് ഒരു കാരണമായിരിക്കാം.

കണ്ണിലെ തിളക്കം, ഉള്ളംകൈ വിയർക്കൽ, സംസാരത്തിന് വിക്കൽ, ഹൃദയം പടപടാന്ന് മിടിക്കൽ, ശ്വാസോച്ഛ്വാസം ആഴത്തിലാവൽ, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, ശ്രദ്ധക്കുറവ് എന്നിവയൊക്കെ പ്രണയത്തിന്റെ ലക്ഷണങ്ങളാണ്. പ്രണയതന്മാത്രയുടെ വരവറിയിക്കലാണ്.

പ്രണയത്തിന്റെ സ്ഥൂലതലങ്ങളിൽ മാത്രമല്ല, സൂക്ഷ്മ തലങ്ങളിലും ഒരു വില്ലനുണ്ട്. തലച്ചോറാണ് വില്ലൻ പരിവേഷവുമായി പ്രണയത്തിന്റെ സുന്ദരമുഹൂർത്തങ്ങൾക്ക് തടയിടാനെത്തുന്നത്. 6 മാസം മുതൽ 3 വർഷം കൊണ്ട് പ്രണയതന്മാത്രയുമായി തലച്ചോറ് പൊരുത്തപ്പെടും. പൊരുത്തപ്പെട്ടുകഴിഞ്ഞാൽ പിന്നീട് പ്രണയതന്മാത്ര വന്നലും "പോയി പണിനോക്കടേയ്..." എന്ന ഭാവത്തിൽ തലച്ചോറിരിക്കും. പ്രണയത്തിന് അന്ത്യം കുറിക്കുന്ന മുഹൂർത്തമായെന്ന് ചുരുക്കം.

3. അടുപ്പം (Attachment)

പ്രണയതന്മാത്രയോട് തലച്ചോറ് പൊരുത്തപ്പെട്ടുകഴിഞ്ഞാൽ പ്രണയത്തിന്റെ മൂന്നാം ഘട്ടത്തിന്റെ ആരംഭമായി. ഈ ഘട്ടത്തിന്റെ അണിയറശില്പികൾ ഓക്സീടോസിൻ(Oxytosine), വാസോപ്രെസിൻ (Vassopresin) എന്നീ രാസികങ്ങളാണ്.

ഒരിളം കുഞ്ഞിനെ കാണുമ്പോൾ, അതിന്റെ നിഷ്കളങ്കമായ ചിരിയും ദൈവികമായ കണ്ണും കാണുമ്പോൾ എടുത്ത് തലോലിക്കാൻ തോന്നുന്നത്, രോമാവൃതമായ ഒരു പട്ടിക്കുട്ടിയുടെ മൃദുല രോമങ്ങളിലൂടൊന്നു വിരലോടിക്കാൻ തോന്നുന്നത് ഓക്സിടോസിൻ എന്ന ആലിംഗനരാസികത്തിന്റെ (Cuddling Chemical) സാന്നിദ്ധ്യം കൊണ്ടാണ്. കൂടുമ്പോൾ ഇമ്പമുണ്ടാക്കുന്ന കുടുംബബന്ധത്തിന്റെ കെട്ടുറപ്പിന് ഓക്സിടോസിൻ വഹിക്കുന്ന പങ്ക് ചെറുതല്ല.

ബഹുഭാര്യാത്വവും ബഹുഭർതൃത്വവും മനുഷ്യന്റെ പൊതുസ്വഭാവമാണെന്നിരിക്കെ (Man is naturally polygamus. But evolution has imposed monogamity) ഒരാണിനോടു മാത്രം ബന്ധം സ്ഥാപിക്കാൻ, ഒരു പെണ്ണ് മാത്രം ജീവിതത്തിലിണയായ് വരാൻ, പരിണാമത്തിന്റെ മണ്ഡലങ്ങളിൽ മനുഷ്യരാശി കടപുഴകാതിരിക്കാൻ, സ്വയം വരിച്ച ഏകഭാര്യാത്വവും ഏകഭർതൃത്വവും ഊട്ടിയുറപ്പിക്കാൻ സഹായിക്കുന്നത് വാസോപ്രെസിനാണ്. (ജീവിതത്തിൽ ഒരിണയെമാത്രം സ്വീകരിക്കുന്ന കങ്കാരു എലികളിൽ വാസോപ്രെസിന്റെ അളവ് കുറയ്ക്കാൻ നടത്തിയ കുത്തിവയ്പിന്റെയൊടുവിൽ അവ ഇണയെ ഉപേക്ഷിച്ച് പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്.) ഒരിണയോട് മാത്രം താല്പര്യം തോന്നിക്കുന്നത്, ആ ഇണയെ ചുറ്റിപ്പറ്റി ജീവിക്കാൻ പ്രേരിപ്പിക്കുന്നത് വാസോപ്രെസിനാണ്. സാമൂഹികമായ കാര്യങ്ങളെക്കാളുപരി ഒരാൾ കുടുംബത്തിൽ കൂടുതൽ സമയം ചിലവഴിക്കുന്നത് വാസോപ്രസിന്റെ സാന്നിദ്ധ്യം കൊണ്ടാണ്.

ഒരു കുടുംബത്തിൽ, ഒരിണയിൽ ഒരാളെ തളച്ചിടുന്നത് മൂന്നാം ഘട്ടത്തിലെ ഈ രാസികങ്ങളുടെ സംയുക്തപ്രവർത്തനം കൊണ്ടാണ്. ഈ ഘട്ടത്തിലെത്തുമ്പോഴാണ് പ്രണയസാക്ഷാത്കാരമുണ്ടാകുന്നത്. ഇവിടെയെത്താതെ ഒരു പ്രണയവും പ്രണയമാകുന്നില്ല. ഈ ഘട്ടത്തിലെത്തിയാലോ, ബാഹ്യമായി പ്രണയത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന ആഡംഭരങ്ങൾക്കും ചേഷ്ടകൾക്കും പ്രസക്തിയില്ലാതാകുന്നു.

പ്രണയം ഒരു വികാരമാണ്. ചില ഭാഗ്യവാന്മാർക്കു (അതോ ഹതഭാഗ്യർക്കോ?) മാത്രം ഉണ്ടാകുന്നതാണത്. ജൈവികമായ പ്രണയമെന്ന പ്രക്രിയയെ സ്വകാര്യമായി അനുഭവിക്കുമ്പോഴാണ് അത് മനോഹരമാകുന്നത്. അല്ലാതെ ഒരുത്സവമാക്കുന്നതിലല്ല. വികാരങ്ങളും വിചാരങ്ങളും കച്ചവടച്ചരക്കാക്കുന്ന ഈ കാലഘട്ടത്ത് നമ്മുടെ പ്രണയവും കച്ചവടച്ചരക്കാകാതെ കാക്കേണ്ടത് നമ്മളാണ്. അതല്ലെങ്കിൽ പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലെന്ന മട്ടിൽ നമുക്കും ഈ കച്ചവടക്കാരുടെ സ്തുതിപാഠകരാകാം. "പ്രണയം നീണാൾ വാഴട്ടെ" എന്ന മുദ്രാവാക്യത്തിനു പകരം "പ്രണയദിനം നീണാൾ വാഴട്ടെ" എന്ന മുദ്രാവാക്യം ചുണ്ടിൽ കരുതാം. കാർഡ്, ചോക്കലേറ്റ്, റസ്റ്റോറന്റ് മുതലാളിമാരുടെയൊക്കെ പട്ടിണി മാറ്റണ്ടായോ... വരൂ നമുക്കും പ്രണയിക്കാം ഈ പ്രണയദിനത്തിൽ....

കൂടുതലറിയാൻ

1. http://en.wikipedia.org/wiki/Valentine%27s_Day
2. Valentine Day sales soares up
3. The Naked Ape, Desmond Morris, RHUK, 1994
4. Intimate Behaviour: A Zoologists Perspective, Desmond Morris, 1997, Kodansha International
5.ഡോ.കെ.ജി.രാധാകൃഷ്ണൻ, ശരീരത്തിലെ രാസപ്രവർത്തനങ്ങൾ, അദ്ധ്യായം 15, രസതന്ത്രം ജീവിതവും ഭാവിയും, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, 2011

2014 ഫെബ്രുവരി 9, ഞായറാഴ്‌ച

ഒരു മടമുശുവിന്റെ തീർത്ഥാടനം

[ഇടമലക്കുടിയിലെ ആദ്യ ഇലക്ഷൻ ഡ്യൂട്ടി (എനിക്കും ഇടമലക്കുടിക്കും അത് ആദ്യത്തെ ഇലക്ഷനായിരുന്നു)... ഞാൻ പ്രിസൈഡിംഗ് ഓഫീസറായും മുന്നാർ ഹൈസ്കൂളിലെ റൈസണ്‍ മാഷ്‌ ഫസ്റ്റ് പോളിങ്ങ് ഓഫീസറായും നെന്മണൽക്കുടിയിലെ പോളിങ്ങ് ബൂത്തിൽ നിന്നും മുന്നാറിലേക്ക് മടങ്ങുന്ന വഴിയിലാണ് മലഞ്ഞീൽ (അഥവാ ഞങ്ങളുടെ നാട്ടിൽ മടമുശു) തീർത്ഥയാത്രയ്ക്ക് പോകുന്ന കഥ പറഞ്ഞത്. അന്ന് അതൊരു ഫാന്റസി പോലെ തോന്നിയെങ്കിലും പിന്നിടുള്ള അന്വേഷണം അതിന്റെ പൊരുളഴിച്ചു തന്നു. അവിസ്മരണീയമായ ഒരു യാത്രയിൽ അദ്ഭുതകരമായ ഈ കഥ പറഞ്ഞുതന്ന മാഷിന് പ്രത്യേകം നന്ദി.]

 കരിവെള്ളൂരിലെ മനോഹരേട്ടൻ മടമുശുവിനെ പിടിക്കാൻ വിദഗ്ദ്ധനാണ്. രാത്രി വയലിനു കുറുകെ പോകുന്ന തോടിന്റെ കരയിലേക്ക് ചൂണ്ടലുമായി, അതിൽ കോർക്കുവാനുള്ള കോപ്പുകളുമായി മനോഹരേട്ടനെപ്പോലെ ധാരാളം പേർ മടമുശുവിനെത്തേടി യാത്രയാകാറുണ്ട്. പകലന്തിയോളം സൂര്യരശ്മികളുടെ തീക്ഷ്ണത സഹിക്കവയ്യാതെ ഏതെങ്കിലും മാളത്തിൽ ഒളിച്ചിരിക്കുന്ന മടമുശു രാത്രിഞ്ചരനാണ്. കണ്ടാൽ പാമ്പാണെന്നു തോന്നിക്കുന്ന ഇവയുടെ തൊലിക്ക് വഴുവഴുപ്പുള്ളതിനാൽ ഇവയെ പിടിക്കാൻ ചൂണ്ടലല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല. ശ്വസനപ്രക്രിയയുടെ ഭുരിഭാഗവും തൊലിയിലൂടെ നിർവഹിക്കുന്നതിനാൽ, തൊലിപ്പുറത്തെ വഴുവഴുപ്പ് ഈർപ്പം നിലനിർത്തുന്നതിനാൽ ഇവയ്ക്ക് ദിവസങ്ങളോളം കരയിൽ ജീവിക്കുവാനാകും.

രാവിലെ പ്രഭാതകർമ്മത്തിനിരിക്കുമ്പോൾ വേദന കൊണ്ടു പുളയുന്ന, തലേന്നു കഴിച്ച ആഹാരത്തെയോർത്ത് കരഞ്ഞുപോകുന്ന, മനോഹരമായ എല്ലാ ദിവസങ്ങളും കരഞ്ഞുകൊണ്ടാരംഭിച്ച് പിരിമുറുക്കത്തോടെ ദിവസത്തെ തള്ളിനീക്കുന്ന ഹതഭാഗ്യരായവർ അർശസ്സിന്റെ സിദ്ധൌഷധമായ മടമുശുവിന്റെ തൊലി കീറി പണ്ട് കോണകമുടുത്തിരുന്നുപോലും.

മടമുശുവിനെ നമ്മുടെ നാട്ടുമ്പുറത്ത് കാണാറുണ്ടെങ്കിലും അവയുടെ കുഞ്ഞുങ്ങളെ ഇവിടെങ്ങും, ഇവിടാരും കണ്ടിട്ടില്ല. ഇത് എവിടെനിന്നു വന്നു, എങ്ങനെ വന്നു, ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചതോ, ഏതോ നിഗൂഢയാമത്തിൽ അതിന്റെ അമ്മ അതിനു ജന്മം നല്കിയതോ, എന്നിങ്ങനെയുള്ള ചോദ്യങ്ങളുടെ അന്വേഷണപാതയിൽ പണ്ടുതന്നെ ശാസ്ത്രജ്ഞർ പ്രയാണമാരംഭിച്ചിരുന്നു. ഈൽ വർഗ്ഗത്തിൽപ്പെട്ട ഇവയുടെ ജനനേന്ദ്രീയമെവിടെയെന്നറിയാൻ പരീക്ഷണശാലയിൽ സജ്ജീകരിച്ച ശസ്ത്രക്രീയാമേശപ്പുറത്ത് നൂറുകണക്കിന് ഈലുകളുടെ ശരീരത്തിൽ കത്തിവച്ച് നിരാശനായി മടങ്ങേണ്ടിവന്നിട്ടുണ്ട് ആധുനിക മനശ്ശസ്ത്രത്തിന്റെ കുലഗുരുവായ സിഗ്മണ്ട് ഫ്രോയിഡിന്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് അറ്റ്ലാണ്ടിക് സമുദ്രത്തിന്റെ ആഴങ്ങളിൽ യുറോപ്യൻ ഈലിന്റെ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞുങ്ങളെ ഷ്മിഡ്റ്റ് (Schmidt) എന്ന ശാസ്ത്രജ്ഞൻ കണ്ടെത്തുന്നത്. ഈൽ മത്സ്യങ്ങൾ കൂട്ടത്തോടെ പ്രസവിക്കുന്നത് (അവയുടെ ലേബർ മുറികൾ), അതിനടുത്തെവിടെയെങ്കിലുമായിരിക്കും എന്ന നിഗമനത്തിൽ നിന്നും നാം ഏറെ മുന്നോട്ട് പോയിട്ടില്ല. അറ്റ്ലാണ്ടിക് സമുദ്രത്തിന്റെ ആഴങ്ങളിൽ 100 കിലോമീറ്റർ താഴ്ചയിൽ എക്കോ മൗണ്ട് (Echo Mount) എന്ന പർവതമുണ്ടെന്നും, അവിടെയാണ് ഈൽ മത്സ്യങ്ങളുടെ ജീവിതത്തിലെ സുന്ദരസുരഭിലമുഹൂർത്തമായ പ്രസവമഹോത്സവം നടക്കുന്നത് എന്നും 1998-ൽ ഫ്രിക്, സുകാമോട്ടോ (Fricke, Tsukamoto) എന്നീ ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.

യുറോപ്പ്യൻ ഈലുകൾക്കുള്ളതുപോലെ ഇന്ത്യൻ ഈലുകളുടെ പ്രസവകേന്ദ്രം ഇന്ത്യൻ തീരപ്രദേശത്തുനിന്നും 2000 കിലോമീറ്റർ അകലെ, സുമാത്രയുടെ തെക്കുപടിഞ്ഞാറായി സമുദ്രാന്തർഗതത്തെ ഏതോ ഒരു മഹാപർവതത്തിലായിരിക്കും എന്ന് വിശ്വസിക്കപെടുന്നു. സമുദ്രത്തിന്റെ ആഴങ്ങളിൽ (ഉപരിതലത്തിൽനിന്നും 1000 മീറ്റർ താഴ്ചയിൽ) തത്തിക്കളിക്കുന്ന ലാർവകളെ, സുതാര്യമായ ഈലിന്റെ കുഞ്ഞുങ്ങളെ ഗ്ലാസ് ഈൽ (Glass Eel) എന്ന് വിളിക്കും. ഉപരിതലത്തിലുള്ള ജലത്തെയപേക്ഷിച്ച് ഒരല്പം ചൂട് കൂടുതലുള്ള സമുദ്രത്തിന്റെ അന്തർധാരകളിൽപെട്ട് ഇവ നീന്തിത്തുടിക്കുന്നു. ശൈത്യകാലത്ത് ഈ അന്തർധാരകൾ സുമാത്രയിൽനിന്നും ഇന്ത്യൻ തീരപ്രദേശത്തേക്കാണ് ഒഴുകുന്നത്. ഈ ഒഴുക്കിൽപ്പെട്ട് ഇന്ത്യയുടെ തീരദേശത്തേക്കിവ എത്തിച്ചേരും. അപ്പോഴേക്കും അവ വളർന്നിട്ടുണ്ടാകും. സുതാര്യത മാറി ഒരല്പം മഞ്ഞകലർന്ന ഇരുണ്ട നിറമായിട്ടുണ്ടാകും. ഈ അവസ്ഥയിൽ അവയെ Yellow Eel എന്ന് വിളിക്കും.  തലയോട്ടിയിൽ രൂപപ്പെടുന്ന ഒരു മറുക് - Skull Spot - ഇപ്പോഴാണുണ്ടാകുന്നത്. ഇതുണ്ടാകുമ്പോഴാണ് ഏതോ ഒരുൾവിളിയാലെന്നപോലെ, തന്റെ നിയോഗം തിരിച്ചറിഞ്ഞ്, ഉപ്പുകലർന്ന ജലത്തിൽനിന്നും ഇത് പ്രയാണമാരംഭിക്കുന്നത്. ഉപ്പില്ലാത്ത ജലത്തിലേക്ക് - പുഴയിലേക്ക് അതിന്റെ പ്രയാണമാരംഭിക്കുകയായി.

മാംസഭുക്കാണെന്നോ സസ്യഭുക്കാണെന്നോ പറയാൻ പറ്റാത്തവിധം സർവ്വതിനെയും ഭക്ഷിക്കുന്ന, സർവ്വഭുക്കുകളായ ഇവർ തീറ്റയുടെ രാജാക്കന്മാരായിത്തീരുന്നു. ഇപ്പോഴാണവ ഒഴുക്കിനെതിരെ നീന്താൻ തുടങ്ങുന്നത്. കുറച്ചുകാലം പുഴയുടെ മാസ്മരികതയിൽ മനസ്സുലഞ്ഞ്, പുഴയുടെ നിത്യമായ ഒഴുക്കിനോട് മല്ലിട്ട്, പകൽ പുഴയുടെ മടിത്തട്ടിലെവിടെയോ പതുങ്ങിയിരുന്ന്, രാത്രി എക്കാലത്തെയും ഇഷ്ടവിനോദമായ ഇരപിടിക്കലും തീറ്റയുമായി കഴിഞ്ഞുകൂടുന്നു.

അപ്പോഴാണ് ഏതോ ഒരു മുഹൂർത്തത്തിൽ പെണ്‍വർഗ്ഗങ്ങൾക്ക് മറ്റൊരു തിരിച്ചറിവുണ്ടാകുന്നത്. മലഞ്ഞീലിന്റെ പെണ്‍വർഗ്ഗങ്ങൾ അവയുടെ തീർത്ഥാടനത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്നു. പുഴയുടെ ആദി അറിയണം. ഏതരുവിയിൽനിന്നാണ് പുഴയുടെ ജനനസമവാക്യങ്ങൾ രൂപപ്പെടുന്നതെന്നറിയണം. പുഴയുടെ കളകളാരവത്തിന്റെ സ്രോതസ്സായ നടനമണ്ഢപമറിയണം. പുഴയുടെ ഗർഭപാത്രം കാണണം.

പക്ഷെ ഇനിയങ്ങോട്ടുള്ള യാത്ര പെണ്ണിന്റെതുമാത്രമാണ്. ആണുങ്ങൾക്ക് പ്രവേശനമില്ലാത്ത സൃഷ്ടിയുടെ ഈറ്റില്ലങ്ങൾ തേടി പെണ്‍വർഗ്ഗങ്ങൾ പ്രയാണമാരംഭിക്കും. വർഷങ്ങൾ നീണ്ടുനിൽക്കുന്ന തീർത്ഥാടനത്തിനൊടുവിൽ തന്റെ പെണ്ണിന്റെ വരവിനേയും കാത്ത്, ഒന്നു മിണ്ടാൻ, ഒന്നു മുട്ടിയുരുമ്മിനിൽക്കാൻ, ഒരു കിന്നാരം പറയാൻ, ഇവിടെ ഈ പുഴയുടെ ഓളങ്ങളിൽ അവൻ കാത്തിരിക്കും.

ഒഴുക്കിനെതിരെ നീന്തി, ചതുപ്പുനിലങ്ങളിൽ പാമ്പിനെപ്പോലെ ഇഴഞ്ഞ്, തന്റെ ലക്ഷ്യസ്ഥാനത്തേക്ക് പ്രതിബന്ധങ്ങളേതുവിധേനയും തരണം ചെയ്ത് പെണ്‍വർഗ്ഗങ്ങൾ പ്രയാണമാരംഭിക്കുന്നു. ( 1958-ൽ കെനിയയിലെ സാമ്പേസി പുഴയുടെ  (Zambesi River) കുറുകെ പടുത്തുയർത്തിയ 128 മീറ്റർ ഉയരമുള്ള ഡാം പോലും ഇതിനു പ്രതിബന്ധമായിരുന്നില്ല. കെനിയയിൽ ഇപ്പോഴും സമുദ്രനിരപ്പിൽനിന്നും 1000 അടി ഉയരത്തിൽ ഈലിനെ കണ്ടുകിട്ടിയിട്ടുണ്ട്.) കാടും മലയും താണ്ടി പുഴയുടെ ഗർഭഗൃഹത്തിലെത്തി 5 മുതൽ 12 വർഷം വരെ അവിടെ തങ്ങി, പവിത്രമായ ആ നീരൊഴുക്കിൽ പ്രായപൂർത്തിയെത്തുന്നു.

ഇനി മലയിറക്കത്തിന്റെ കാലമാണ്. ഒഴുക്കിനെ വെല്ലുവിളിച്ച് നടത്തിയ യാത്രകൾക്കൊക്കെ ഒടുവിൽ ഒഴുക്കിൽപെട്ട് തന്നെയും കാത്തുനില്ക്കുന്ന പ്രിയതമന്റെ സമീപത്തേക്ക് തിരികെ യാത്ര. താഴെ മലയടിവാരത്തെത്തുമ്പോഴേക്കും ഈൽ മത്സ്യങ്ങൾ നന്നായി വളർന്നിട്ടുണ്ടാകും. 40 സെന്റിമീറ്ററോളം വലിപ്പമുണ്ടാകും അവയ്ക്കിപ്പോൾ.

ഇനി ജീവിതത്തിന്റെ മറ്റൊരു തീർത്ഥാടനത്തിലേക്ക്. അമ്മയുടെയുമച്ചനുമാകാനുള്ള തയ്യാറെടുപ്പിലേക്ക്. കുഞ്ഞുലാർവകളായി തത്തിക്കളിച്ച സുമാത്രയുടെ സമീപത്തേക്ക്. പത്തുപതിനാറു വർഷം ജീവിതം തള്ളിനീക്കിയ പുഴയെ വെടിഞ്ഞ് വീണ്ടും കടലിലേക്ക്, കടലിന്റെ ഉപ്പിലേക്ക്.

കടലിൽ യാത്ര തുടങ്ങുമ്പോൾ കാഴ്ച്ചകൾക്ക് മങ്ങലേൽക്കാൻ പാടില്ല.അതിനാൽ അവ മറ്റൊരു പരിണാമത്തിന് തയ്യാറെടുക്കുന്നു. കണ്ണുകളുന്തി കടലിന്റെ കാഴ്ച്ചയ്ക്ക് പാകമാകുന്നു. നിറം വെള്ളിയായി മാറി, ആമാശയം ശോഷിച്ച് അവ പരിണമിക്കും. ഇനി ഉപവാസത്തിന്റെ നാളുകൾ. 2000-ത്തോളം കിലോമീറ്റർ താണ്ടാൻ പുഴയിലുണ്ടായിരുന്ന ജീവിതകാലത്ത് ആർത്തിയോടെ കഴിച്ച ഭക്ഷണം പര്യാപ്തം.

ഒടുവിൽ സുമാത്രയുടെ കടലിന്റെ അടിത്തട്ടിലുള്ള ആ മഹാപർവതത്തിലെത്തി അവിടുന്ന് ലാർവകൾക്ക് ജന്മമേകുന്നു. ലാർവകളുടെ ജനനത്തോടെ "ഹാ സഫലമീയാത്ര"യെന്നോതി സാർത്ഥകമായ ജീവിതത്തിന് അന്ത്യം കുറിക്കുന്നു.

ലാർവകൾ അവയുടെ പ്രയാണമാരംഭിക്കുന്നു. തന്റെ അച്ഛനമ്മമാർ സഞ്ചരിച്ച പാതകളിലൂടെ, അവർ പരിണമിച്ച അതേ വഴികളിലൂടെ, അവരുടെ നിശ്വാസങ്ങൾക്ക് കാതോർത്ത പുഴയെത്തേടി, ആ പുഴയുടെ നീരുറവിനെത്തേടി പൊന്നോമനകളും യാത്രയാകുന്നു...

എപ്പോഴാണിവ ഇണ ചേരുന്നത്? എങ്ങനെയാണ് നിശ്ചിതമായ ഒരു സഞ്ചാരപാതയെ അവർ തിരിച്ചറിയുന്നത്? ഏത് ഉൾവിളിയാലാണ് (ജനിതകത്തിന്റെ ഏതു കോടിലാണ്) ആരും പഠിപ്പിക്കാത്ത സഞ്ചാരപഥങ്ങളെ അവർ കണ്ടെത്തുന്നത്? ഇന്നും ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങൾക്ക് പിടികൊടുക്കാതെ അവർ യാത്ര തുടരുകയാണ്....

കൂടുതലറിയാൻ

1. The Eel, 3rd Edition, F.W.Tesch, Blackwell Science Ltd, 2003

2014 ജനുവരി 17, വെള്ളിയാഴ്‌ച

ഉറുമ്പിന്റെ പശുക്കൾ


ഉറുമ്പിന്റെ പശുക്കൾ




അങ്ങനെയൊരുദിനം ഈ അതിഥികള്‍ എന്‍റെ പയറുചെടികളെ സന്ദര്‍ശിക്കാനെത്തി. കാര്‍ഷികവൃത്തിയുടെ പാരമ്പര്യത്തിന്‍റെ ഉള്‍വിളിയും, കൃഷിവകുപ്പിന്‍റെ ‘മട്ടുപ്പാവിലെ കൃഷി’ പദ്ധതിയുടെ മണ്ണുനിറച്ച ചാക്കുകളും, മകന്‍റെ സ്കുളില്‍ നിന്നും കൃഷിയോടുള്ള സ്നേഹം വളര്‍ത്താന്‍ കൊടുത്തുവിട്ട വിത്തിന്‍റെ കിറ്റും ഒത്തുവന്നപ്പോള്‍ ഞങ്ങളച്ചനും മക്കളും കൃഷിയിറക്കാന്‍ കച്ചകെട്ടിയിറങ്ങിയതാണ്. നാമ്പ് കിളിര്‍ക്കുന്നതും, ഈരണ്ടുദിവസം കൂടുമ്പോള്‍ ഓരോ പുതിയ ഇലകള്‍ നടുനിവര്‍ത്തിക്കൊണ്ട് സൂര്യനെ വരവേല്‍ക്കുന്നതും ചെറുകാറ്റത്തവ സല്ലപിക്കുന്നതും ഒക്കെ ആഹ്ലാദത്തോടെ ഞങ്ങള്‍ നോക്കിനിന്നു. ചെടികള്‍ക്ക് ഏകദേശം ഒന്നരയടി പൊക്കം വന്നപ്പോഴാണ് പയറിന്‍റെ പുതിയ അവകാശികള്‍ രംഗപ്രവേശം ചെയ്തത്. ഇലകളുടെ ഇളം ഞരമ്പുകളില്‍ അവ കോളനികളുണ്ടാക്കി. മണ്ണില്‍നിന്നും ചെടിയുടെ വേരുകള്‍ ജലവും മറ്റ് പോഷകങ്ങളും ആഗിരണം ചെയ്ത് ആ ചെടിയുടെ കൊശങ്ങളിലെവിടെയോ വച്ച് പചിപ്പിച്ചെടുത്ത അമൃത്‌ ഈ അഫിഡുകള്‍ ഊറ്റിക്കുടിച്ചു. പോഷകക്കുറവുകൊണ്ട് ചെടികള്‍ ശോഷിച്ചുതുടങ്ങിയപ്പോഴാണ് പരിഹാരമെന്ത് എന്ന ചോദ്യവുമായി അക്കാദമികവൃന്ദങ്ങളില്‍ കൃഷിപാഠം ഉരുവിട്ടുപഠിക്കുന്ന അനുജന്‍ യദുവിനെ സമീപിച്ചത്. കീടനാശിനികള്‍ ചേര്‍ത്ത വിഷമഴ അഫിഡ് സമുഹത്തിന്‍റെമേല്‍ പൈശാചികമായി വര്‍ഷിക്കുന്നതൊഴിവാക്കി സോപ്പുവെള്ളം തെളിക്കാന്‍ അങ്ങനെ തീരുമാനിക്കുകയും ചെയ്തു. അവയുടെ ആക്രമണത്തില്‍ നിന്നും പയറിനെ കുറെയൊക്കെ രക്ഷിക്കാനുമായി. 

(ഉപരിപഠനത്തിനു പോകുന്ന കേരളത്തിലെ ലക്ഷോപലക്ഷം വിദ്യാര്‍ത്ഥികളില്‍ കേവലം ഒരു ശതമാനം മാത്രമാണ് കൃഷി ഐച്ഛികപഠനവിഷയമാക്കുന്നത്. ഒരു ഉഷ്ണമേഖലാപ്രദേശത്ത് ശരീരത്തിനു യോജിക്കാത്ത കൊട്ടും കണ്ഠകൗപീനവുമൊക്കെ കെട്ടി വാണിജ്യത്തിന്‍റെ മന്ത്രങ്ങള്‍ ഉരുവിട്ടു നടക്കുന്ന പരിഷ്കാരികളെ സമൂഹം മാന്യമായി കാണുകയും, പാടത്ത് ഒരു ചെളിപുരണ്ട തോര്‍ത്തുമുണ്ടുമുടുത്ത് വിയര്‍പ്പുനാറ്റത്തോടെ പണിയെടുക്കുന്ന കര്‍ഷകനെ “കണ്ട്രി ഫെല്ലോ” ആയി കാണുകയും ചെയ്യുന്ന ഒരു സമൂഹത്തിന്‍റെ ജീര്‍ണ്ണത കൊണ്ടാണ് പഠിക്കേണ്ട വിഷയം പഠിക്കാതെ പോയതും പഠിച്ച വിഷയങ്ങള്‍ ഉപകാരപ്പെടാതെയായതും, പഠിച്ച തലകളെ കയറ്റുമതിച്ചരക്കാക്കി ഒരു “നോളജ് ഇക്കണോമി” യായി നാം അധപ്പതിച്ചതും).  

ഒരു അഫിഡ് സമുഹത്തെ വിഷമഴ തെളിച്ചുകൊന്ന രാക്ഷസനാക്കാതെ എന്നെ രക്ഷിച്ച യദുവിന് പ്രത്യേക നന്ദി രേഖപ്പെടുത്തട്ടെ. ഇനി അഫിഡിന്‍റെ കഥ...





ഇനി തങ്ങളുടെ ദൗത്യം തലമുറകളുടെ നിത്യതയ്ക്ക് ഭംഗം വരുത്താതിരിക്കലാണെന്ന്‍ തിരിച്ചറിയുന്ന ഒരച്ഛനുമമ്മയും പ്രജനനത്തിന്‍റെ മണ്ഡപങ്ങളില്‍ സൃഷ്ടികര്‍മ്മത്തിലേര്‍പ്പെട്ട് ഏതെങ്കിലുമൊരു മരത്തിന്‍റെ ചെറസുഷിരത്തിലോ മറ്റോ മുട്ടയിട്ട് രംഗത്തുനിന്ന് പിന്മാറുന്നു. ഏകദേശം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഗാഢസുഷുപ്തിക്കൊടുവില്‍ ആ മുട്ടയില്‍ നിന്നുമൊരു പെണ്‍ അഫിഡ് ഈ ലോകത്തിന്‍റെ കര്‍മ്മപഥങ്ങളില്‍ കാലെടുത്തുവച്ച് പുറത്തു വരും. ഈ സ്ഥാപകമാതാവ് (Founding Mother) മാത്രമാണ് ഒരച്ഛന്‍റെയുമമ്മയുടെയും പ്രണയചേഷ്ടകലിലൂടെ ഉരുത്തിരിഞ്ഞുവരുന്നത്. ഈ മുതുമുത്തശ്ശി ജനിക്കുമ്പോള്‍ തന്നെ അവളുടെയകത്ത് ഒരു പെണ്‍ഭ്രുണവും അതിനകത്ത് മറ്റൊരു ഭ്രുണവുമുണ്ടാകും. ഒരു മുട്ട വിരിയുമ്പോള്‍ തന്നെ മുന്ന്‍ കുട്ടികള്‍ ഉണ്ടാകുന്നു. ഇണ ചേരാതെ തലമുറകളെയുണ്ടാക്കുന്ന ഈ വിദ്യക്ക് പാർഥനോജനിസിസ് (Parthenogenisis) എന്നു പറയും. അമ്മയുടെ തനി പകര്‍പ്പുകളായ ഈ പെണ്മക്കള്‍ അവയുടെ തനിപ്പകര്‍പ്പുകള്‍ക്ക് ജന്മം നല്‍കുന്നു. തുടര്‍ന്നുള്ള പ്രജനനങ്ങളില്‍ ആണും പെണ്ണും ഒക്കെയുണ്ടാകും. ചില വര്‍ഗ്ഗങ്ങള്‍ വലിയ മുന്‍കാലുകളും മുള്ളന്‍ തലകളും ഉള്ള ഷണ്ഡന്മാരായ പടയാളികള്‍ക്ക് (പടയാളികള്‍ക്ക് കുട്ടികളുണ്ടാക്കാനുള്ള കഴിവില്ല) ജന്മം നല്‍കാറുണ്ട്. അവ അഫിഡ് കോളനികളെ ശത്രുക്കളില്‍ നിന്ന്‍ രക്ഷിക്കുന്ന കാവല്‍ക്കാരായിത്തീരും. നാനാജാതി വ്യക്തികളുള്ള കോളനികള്‍ ഉറുമ്പ്, ചിതല്‍, തേനീച്ച, കടന്നല്‍ എന്നീ ജീവിവര്‍ഗ്ഗങ്ങളിലും കാണാം. ഇണചേര്‍ന്നുണ്ടാകുന്ന കുട്ടികളെല്ലാം പെണ്ണുങ്ങളാണെന്ന വസ്തുത, സൃഷ്ടികര്‍മ്മത്തില്‍ സ്ത്രീയുടെ പ്രാധാന്യം വിളിച്ചോതുന്നു. (ആദത്തിന്‍റെ വാരിയെല്ലില്‍ നിന്നും ഹവ്വയെ ഉണ്ടാക്കിയ കഥ അഫിഡ് കേട്ടാല്‍ നാം ആദത്തിന് കൊടുക്കുന്ന പ്രാധാന്യത്തെയോർത്ത് നമ്മെ പരിഹസിക്കുമായിരിക്കും...). 

സ്ട്രോ പോലുള്ള വായ്ഭാഗം സസ്യത്തിന്‍റെ ഇളംതണ്ടില്‍ തുളച്ച് അതിനകത്തുകുടോഴുകുന്ന സസ്യത്തിന്‍റെ ജീവജലം വലിച്ച് കുടിക്കുന്നു നമ്മുടെ അഫിഡ്. ഒരു സസ്യത്തിനു പോറലേറ്റാല്‍ നമുക്കുള്ളതുപോലെ മുറിവുണക്കാനുള്ള പ്രതിരോധവിദ്യകള്‍ സസ്യത്തിനുമുണ്ട്. എന്നാല്‍ അഫിഡ് തണ്ട്‌ തുളച്ച് സുഷിരമുണ്ടാക്കുമ്പോള്‍ ആ സുഷിരമടയ്ക്കാനുള്ള പശ പോലൊരു ദ്രാവകം അഫിഡ് തന്നെയുണ്ടാക്കി ദ്വാരമടയ്ക്കും. ആ ചെടിപോലുമറിയാതെ അതിന്‍റെ രക്തമൂറ്റിക്കുടിക്കാനുള്ള വിദ്യ അത് സ്വായത്തമാക്കിയിട്ടുണ്ട്. സുഷിരമുണ്ടാക്കിത്തുടങ്ങിയാല്‍ 25 മിനിറ്റ് മുതല്‍ 24 മണിക്കുറിനകം സസ്യത്തിന്‍റെ ജീവജലത്തിന്‍റെ (അഫിഡിന്‍റെ അമൃതിന്‍റെ) ആദ്യത്തെ തുള്ളി അതിന് നുകരാനാകും. ഈ അമൃതിനെ ദഹിപ്പിക്കാന്‍ അതിന്‍റെ വയറിന് പ്രാപ്തിയില്ലാത്തതുകൊണ്ട് ധാരാളം ബാക്റ്റീരിയകളെയും യീസ്റ്റിനെയുമൊക്കെ വയറിനകത്ത്‌ നിയോഗിച്ചിട്ടുണ്ട്. തനിക്കാവശ്യമായ പോഷകങ്ങള്‍ ഉത്പാദിപ്പിക്കാന്‍ ഈ സൂക്ഷ്മജീവികളെ വിദഗ്ധമായി ഉപയോഗിക്കുന്ന സൂത്രശാളികലാണ് അഫിഡുകൾ. ( ഈ പ്രക്രിയയ്ക്ക്  Symbiosis എന്നു പേര്‍ ).

സസ്യത്തിന്‍റെ ജീവജലത്തെ ആര്‍ത്തിയോടെ ഊറ്റിക്കുടിക്കുമ്പോള്‍ വയറു വീര്‍ക്കാതിരിക്കാന്‍ തേന്‍ പോലൊരു ദ്രാവകം തന്‍റെ പൃഷ്ഠഭാഗത്തിലൂടെ വിസര്‍ജ്ജിക്കുന്നു. ഇത് ഉറുമ്പുകള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. തണ്ടുകളില്‍ നിബിഡമായ ചെറുമുടികളെ വളര്‍ത്തി അഫിഡിന്‍റെ വ്യാപനം തടയാന്‍ ചില ചെടികള്‍ പരിണമിച്ചിട്ടുണ്ട്. എന്നാല്‍ ഈ ചെടികല്‍ക്കിടയിലുടെ ചലിക്കുന്നതിനുള്ള ബുദ്ധിമുട്ട് തിര്‍ക്കുന്നത് ഉറുമ്പുകളുടെ സഹായത്തോടെയാണ്. പുല്ലില്ലാത്തിടത്തുനിന്നും പുല്ലുള്ളിടത്തേക്ക് മാറ്റിക്കെട്ടി നാം പശുവിനെ മേയ്ക്കുന്നതുപോലെ അഫിഡിനെ ഒരു സസ്യത്തില്‍നിന്നു മറ്റൊന്നിലേക്കും സസ്യത്തിന്റെ ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേക്കും ചുമന്നുകൊണ്ടുപോയി മേയ്ക്കുന്നത് ഉറുമ്പാണ്. ഉറുമ്പ്, തന്‍റെ ആന്റിന കൊണ്ട് അഫിഡിന്‍റെ പൃഷ്ഠഭാഗത്തെ അകിടില്‍ മെല്ലെ തലോടുമ്പോള്‍ അത് ഉറുമ്പിനുവേണ്ടി തേന്‍ ചുരത്തുന്നു. അഫിഡിന്‍റെ ജന്മശത്രുക്കളായ ലേഡി ബെര്‍ഡില്‍ നിന്നുമൊക്കെയുള്ള സംരക്ഷണത്തിന്‍റെ ചുമതലയും ഉറുമ്പ് ഏറ്റെടുക്കും.


ഉറുമ്പിന്‍റെ സേവനം ലഭ്യമല്ലാത്തിടത്ത്, അഫിഡിന്‍റെ ജനസംഖ്യ വര്‍ദ്ധിക്കുമ്പോള്‍ ചില വ്യക്തികള്‍ക്ക് ചിറകുമുളയ്ക്കും. അങ്ങനെയവ പറന്ന് മറ്റു മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോകുന്നു. പറക്കാന്‍ കഴിവുള്ള  അഫിഡുകൾക്ക് അലെറ്റുകള്‍ (Alates) എന്നാണ് ശാസ്ത്രസമുഹം പേരു കൊടുത്തിരിക്കുന്നത്. 

ഉറുമ്പും അഫിഡും ബാക്ടീരിയയുമൊക്കെ ചേര്‍ന്നുള്ള ഈ കുട്ടായ ജീവിതത്തിനു തന്നെയല്ലേ നാം സംസ്കാരമെന്ന് (Civilisation) വിളിക്കുന്നത്? അങ്ങനെയെങ്കില്‍ Civilised Animal എന്ന വിളിപ്പേരിനു മനുഷ്യന്‍ മാത്രമാണോ യോഗ്യന്‍? സാംസ്കാരികജന്തു എന്ന് നാം നമ്മെ വിളിക്കുന്നത് സ്വാർത്ഥതയല്ലെ?

കൂടുതലറിയാൻ:

1.      1.  Aphids as Crop Pests: H.F.Van Emden and R.Harrington, CABI International, 2007
2.    2. Extraordinary Animals: An encyclopedia of curious and unusual animals, Ross Piper, Greenwood Press, 2007