2013, ഡിസംബർ 3, ചൊവ്വാഴ്ച

ഒരു വേഴാമ്പലിന്റെ വിലാപം

വേഴാമ്പലിനെ ദേശീയപക്ഷിയായി നാടുണർത്തിക്കൊണ്ടാടിയപ്പോഴും കാടുണർത്തിക്കരയുന്ന വേഴാമ്പലിന്റെ ജീവിതത്തെക്കുറിച്ചൊരുകുറി ചിന്തിക്കാൻ മറന്നുപോയ മലയാളിയുടെ മനസ്സാക്ഷിക്കു മുമ്പിൽ വേദനയോടെ ഈ ഗാഥ സമർപ്പിക്കട്ടെ.

ഒരു വേഴാമ്പലിന്റെ വിലാപം

കോഴിയെപ്പോലെ കരഞ്ഞുകൊണ്ട് കാടുണർത്തുന്ന കോഴിവേഴാമ്പൽ (Malabar Grey Hornbill) പശ്ചിമഘട്ടത്തിന്റെ മലനിരകളുടെ തനതുസ്വത്താണ്. കോഴിവേഴാമ്പലിനെക്കൂടാതെ വേഴാമ്പലും (Great Pied Hornbill) പശ്ചിമഘട്ടത്തിന്റെ അന്തേവാസികളിലൊരാളാണ്. മലമുഴക്കിക്കൊണ്ട് സാന്നിദ്ധ്യമറിയിക്കുന്ന, കാടിന്റെ രോമാഞ്ചമായ ഇവ പക്ഷികളുടെയിടയിൽ കൌതുകകരമായ ജീവിതരീതികൊണ്ട് ശ്രദ്ധേയരാണ്.

മഞ്ഞും വീഴുന്നു മാമരം കോച്ചുന്നു
നെഞ്ചത്തെങ്ങാനും ചൂടുണ്ടോ?

എന്ന വയലാറിന്റെ വരികളെ അന്വർത്ഥമാക്കുമാറ് മകരമാസത്തിന്റെ കൊടും തണുപ്പത്ത് നെഞ്ചത്ത് ചൂടുപകരാനൊരിണയെത്തേടി അലച്ചിലാരംഭിക്കുന്ന വേഴാമ്പലുകൾ "ഒരാണിനൊരു പെണ്ണ്" എന്ന സുന്ദരമായ ആശയത്തെ പുൽകുന്നവയാണ്. എല്ലാ പക്ഷിമൃഗാദികളെയും പോലെ ഇണയുടെ ചിന്ത മനസ്സിലുദിക്കുമ്പോഴാണ് അവയുടെ സൗന്ദര്യം വർദ്ധിക്കുന്നത്. സ്വന്തം സൗന്ദര്യത്തിൽ ബോധവതിയല്ലാത്ത പെണ്ണിനെ ആകർഷിക്കാൻ, അവളുടെ മനസ്സിലൊരിടം നേടാൻ സൗന്ദര്യത്തിന്റെ വാത്സ്യായനതന്ത്രങ്ങൾ തന്ത്രങ്ങൾ മെനയുന്നത് ആണാണ്.
വേഴാമ്പൽ കോഴിവേഴാമ്പൽ

തന്റെ ശരീരത്തിന്റെ ഒരു ഗ്രന്ധിയിലെ വിയർപ്പുനാളങ്ങളിലൂടെ തുള്ളിക്കുതിച്ചെത്തുന്ന എണ്ണ പോലൊരു സ്രവം കൊണ്ട് കൊക്ക് മെഴുകി മഞ്ഞയോ ഓറഞ്ചോ നിറമാക്കുന്നു. സ്വയംവരപ്പന്തലിൽ തന്നെ കഴിവുറ്റവനാക്കുന്നത് ഈ നിറമേളനമാണെന്ന് പരിണാമം അവനെ പഠിപ്പിച്ചിട്ടുണ്ട്. ഇണയെക്കിട്ടിയാൽ, ഇണയോടൊന്നിണചേർന്നാൽ പിന്നെ നിറങ്ങൾക്ക്, നിറങ്ങളുടെ മായികലോകത്തിന് പ്രസക്തി നഷ്ടപ്പെടുന്നു.

ഇനിയുള്ള യാത്ര കൂടുതേടിയുള്ള പ്രയാണമാണ്. ജീവിതത്തിന്റെ നിത്യതയിൽ, ജീവിതമെന്ന ഒഴുക്കിലൊരു കണികമാത്രമാണ് തങ്ങളെന്ന തിരിച്ചറിവിൽ വംശവർദ്ധനവിന്റെ താളലയത്തിൽ നിർവൃതിയടയാനുള്ള ഒരുക്കം തുടങ്ങുകയായി. അവയുടെ വംശവർദ്ധനവിനു തടസ്സമായേക്കാവുന്ന രാജവെമ്പാലയെപ്പോലുള്ള ശത്രുക്കളിൽ നിന്നും മുട്ടകളെയും കുഞ്ഞിനേയും രക്ഷപ്പെടുത്താൻ വളരെ വലിയ മരങ്ങളുടെ പൊത്തുകളിൽ അവ കൂടുകൂട്ടുന്നു. മരങ്ങളിൽ താനേ രൂപപ്പെട്ട പൊത്തുകളിലോ മരംകൊത്തിയെപ്പോലുള്ള ചങ്ങാതിമാർ ആശാരിപ്പണിയെടുത്തു കൊടുത്ത പൊത്തുകളിലോ ആണ് കൂടുണ്ടാക്കുന്നത് (Secondary Cavity Nesters). മനുഷ്യന്റെ നെഞ്ചളവിൽ ഒരു മീറ്റർ വ്യാസത്തിൽ 44 മീറ്ററോളം ഉയർന്ന മരങ്ങളിലാണ് പശ്ചിമഘട്ടത്തിലെ വേഴാമ്പലുകൾ കൂടുകൂട്ടുന്നത് എന്ന് ദിവ്യ മുഡപ്പയും രഘുപതി കണ്ണനും ഒരു പ്രബന്ധത്തിൽ അഭിപ്രായപ്പെടുന്നു. എന്നാൽ കോഴിവേഴാമ്പൽ താരതമ്യേന ചെറിയ മരങ്ങളിലാണ് രാപ്പാർക്കുന്നത്.

പെണ്ണിനു മാത്രം കഷ്ടി കടന്നുചെല്ലാവുന്ന കൂട്ടിൽ കയറിയാലുടനെ അത് മുട്ടയിടുന്നു. സൃഷ്ടികർമ്മത്തിലെർപ്പെടുമ്പോൾ പുറം ലോകവുമായി കേവലമായിമാത്രം ബന്ധം സ്ഥാപിച്ചാൽ മതിയെന്ന തോന്നലിൽ കൂടിന്റെ വാതിൽ പുറം ലോകത്തിനുമുന്നിൽ കൊട്ടിയടയ്ക്കുന്നു. സ്വയംപര്യാപ്തതയുടെ നഭോമണ്ഡലത്തിൽ അത്യുന്നതമായ ഒരു സ്ഥാനത്തിനർഹത നേടുമാറ് സ്വന്തം കാഷ്ടം സിമന്റായും അത്തിക്കുരുവും മറ്റു വസ്തുക്കളും ജില്ലിയായും, പരന്ന മിനുസമുള്ള സ്വന്തം കൊക്ക് തേപ്പുകത്തിയായും ഉപയോഗിച്ചാണ് അവളുടെ കൂടുവാർക്കൽ യജ്ഞം. പുറംലോകവുമായി ബന്ധപ്പെടാൻ ഇനി കൊക്കോളംവലിപ്പത്തിലൊരു ദ്വാരം മാത്രമാണുണ്ടാകുക. കൂടടച്ചുകഴിഞ്ഞാൽ പിന്നെ പുറംലോകവുമായി ബന്ധപ്പെടാത്തതുകൊണ്ട് അപ്രസക്തമായ തുവലുകൾ അവൾ പറിച്ചു ദൂരെക്കളയും. പുറമേ തണുപ്പാണെങ്കിലും മരത്തിന്റെ മടിത്തട്ട് അതിനാവശ്യമായ ചൂട് പകരുന്നുണ്ടാവണം. തന്റെ മുട്ടയോടും കുഞ്ഞിനോടും ഒരാത്മബന്ധം പുലർത്താൻ തുവലുകൾ അല്ലെങ്കിലും ഒരു തടസ്സമാണല്ലൊ...

ഈ സൃഷ്ടികർമ്മത്തിൽ താനൊറ്റയ്ക്കല്ലെന്നും തന്റെ ആണൊരുത്തൻ, തന്റെ "പിള്ളേരുടെയച്ഛൻ" തന്റെ കൂടെയുണ്ടെന്നുമുള്ള ഉറപ്പാവാം ഇത്തരത്തിലൊരു വിചിത്രമായ സ്വഭാവത്തിലേക്ക് അതിനെ നയിച്ചത്. രണ്ടു മാസത്തോളം വരുന്ന അടയിരിപ്പുകാലത്ത് ആണ്‍വേഴാമ്പൽ തന്റെ പെണ്ണിനു പ്രിയപ്പെട്ട അത്തി തുടങ്ങിയ പഴങ്ങളും ഇടയ്ക്കെപ്പോഴെങ്കിലും വേറിട്ട ഭക്ഷണത്തിനവളാഗ്രഹിച്ചാൽ പല്ലി, ഓന്ത് തുടങ്ങിയവയെയുമൊക്കെ കൊത്തിയെടുത്ത് കൊണ്ടൂക്കൊടുക്കും.

കോടികൾ ചെലവിട്ട് സമ്പൂർണ്ണ ശുചിത്വ പദ്ധതികൾ നാടെങ്ങും നടപ്പാക്കുന്ന സർക്കാരിന്റെ താപ്പാനകൾ ശുചിത്വത്തിന്റെ ബാലപാഠങ്ങൾ വേഴാമ്പലിൽ നിന്ന് സ്വായത്തമാക്കേണ്ടതാണ്. തന്റെ കൂടിന്റെ ശുചിത്വം വേഴാമ്പലിനെ സംബന്ധിച്ചിടത്തോളം പ്രഥമഗണനീയമാണ്. ഗുദത്തെ കൂടിന്റെ ദ്വാരത്തിനുനേരെ പിടിച്ച് സ്പ്രേ പോലെ തന്റെ കാഷ്ടം പുറന്തള്ളുന്നു. കുട്ടിയുണ്ടായാൽ അതിന്റെ കാഷ്ടം സ്വന്തം കൊക്കിലാക്കി കൂട്ടിൽനിന്നു പുറന്തള്ളുന്നു. കുട്ടി അമ്മയിൽനിന്നും ആദ്യം പഠിക്കുന്ന ജീവിതപാഠങ്ങളിലൊന്ന് ശുചിത്വത്തിന്റെ രമണീയരംഗങ്ങളെക്കുറിച്ചാണ്.

അമ്മയും കുഞ്ഞുമൊക്കെ തിന്നുകഴിഞ്ഞ പഴത്തിന്റെ കുരു കിലോമീറ്ററുകളോളം പറന്ന് കാടിന്റെ നാനാഭാഗത്തും നിക്ഷേപിക്കുന്നത് ആണ്‍കിളിയാണ്. തനിക്കും തന്റെ കുടുമ്പത്തിനും കൂടുകൂട്ടാനൊരിടം തന്ന, തന്റെ വംശവർദ്ധനവിനു കളമൊരുക്കിയ മരത്തോട് കാണിക്കുന്ന കൂറ് - ആ മരത്തിന്റെ വംശവർദ്ധനവിന്റെ ബാദ്ധ്യത തനിക്കണെന്ന ബോദ്ധ്യം, തനിക്കുമീക്കാടിനും പരസ്പരബന്ധിതമായല്ലതെ നിലനില്പില്ലെന്ന തിരിച്ചറിവ് - എത്ര മനോഹരമായ ഒരു പാരസ്പര്യം? ( പശ്ചിമഘട്ടത്തെ തുരന്ന് കീശയും വയറും വീർപ്പിക്കുന്ന, അതിന്റെ അസ്ക്യത മാറ്റാൻ രാഷ്ട്രീയ, സാമൂഹിക, മത, സാർക്കാരിക മണ്ഢലങ്ങളുടെ പിന്നാമ്പുറത്ത് ഉപജാപകസംഘങ്ങളുടെ സഹായത്തോടെ ഗൂഢതന്ത്രങ്ങൾ മെനയുന്ന ക്വാറി മുതലാളിമാർക്കില്ലാതെപോയതും ഈ തിരിച്ചറിവാണ് ). പാരിസ്ഥിതിക പഠനത്തിൽ ഈ സ്വഭാവത്തെ സഹോപകാരിത (Mutualism) എന്നു വിളിക്കുന്നു. ഒരു കാടിന്റെ വംശവർദ്ധനവിന് ചുക്കാൻ പിടിക്കുന്ന ഈ പക്ഷി സഹോപകാരിതയുടെ ആണിക്കല്ലാണ് (Keystone Mutualist). കാടിന്റെ വ്യത്യസ്ത ഘടകങ്ങളെ കൂട്ടിച്ചേർക്കുന്ന ചലിക്കുന്ന കണ്ണിയാണ് (Mobile link).

രണ്ട് മാസം കഴിഞ്ഞ് മുട്ടയുടെ തോടുപൊട്ടിച്ച് തന്റെ പൊന്നോമന പുറത്തുവന്നാൽ ഏകദേശം ഒരു മാസക്കാലം അമ്മയും കുഞ്ഞും ഒരുമിച്ച് കൂടിനകത്ത് കഴിയുന്നു. അതിനുശേഷം അച്ഛന്റെ പ്രവർത്തനത്തിൽ പിന്തുണ പ്രഖ്യാപിച്ച് കൂട് പൊട്ടിച്ച് അമ്മ പുറത്തുവരുന്നു. ഇപ്പോൾ വലുതായ കൂടിന്റെ ദ്വാരം സിമന്റിട്ടടയ്ക്കേണ്ട ചുമതല ഇനി കുട്ടിയുടെയാണ്. ഈ അപ്രന്റീസുപണിയിൽ അമ്മയുടെ സജീവ പിന്തുണ കുഞ്ഞിനുണ്ടാകും. ഒടുവിൽ നാലുമാസത്തിനു ശേഷം പ്രായപൂർത്തിയാകുന്ന കുട്ടി കൂടുപൊട്ടിച്ച് പുറത്തുവരുന്നു. (കോഴിവേഴാമ്പൽ 40 ദിവസം മാത്രമേ അടയിരിക്കൂ. ഒന്നിലധികം കുഞ്ഞുങ്ങളുണ്ടാകും ഇവയ്ക്ക്. 12 ആഴ്ചകൾക്കു ശേഷം അമ്മയും കുട്ടികളും കൂട് പൊട്ടിച്ച് പുറത്തുവരുന്നു.)

വേഴാമ്പലെന്നത് കേവലമൊരു പക്ഷിയല്ല, ഒരാശയമാണ്. ഞാൻ സൗഖ്യമായിരിക്കണമെങ്കിൽ എന്റെ ചുറ്റുപാടുകളും രമണീയമായിരിക്കണമെന്ന ആശയം. ഞാനുമെന്റെ കുടുംബവും നന്നാകണമെങ്കിൽ എന്റെ ചുറ്റുപാടുകളെ നന്നാക്കാൻ ഞാനും കിണഞ്ഞ് പരിശ്രമിക്കേണ്ടതുണ്ടെന്ന ആശയം. എനിക്കു വേണ്ടതെല്ലാമൊരുക്കിത്തരുന്ന പ്രകൃതിക്ക് എനിക്ക് കിട്ടുന്നതിനെക്കാളധികം ഞാൻ തിരിച്ച് കൊടുക്കേണ്ടതാണെന്ന ആശയം. ഈ പ്രകൃതിയിലെ വിഭവങ്ങളെല്ലാം എനിക്കവകാശപ്പെട്ടതല്ലെന്നും, ഭാവി തലമുറയിൽനിന്നും കടമെടുത്തതാണ് ഇന്നു ഞാനുപയോഗിക്കുന്നതെല്ലാം എന്നും ജീവിതനിത്യതയുടെ ഒരു കണ്ണി മാത്രമാണു ഞാൻ എന്നുമുള്ള ആശയം. വേഴാമ്പലിനെ ദേശീയ പക്ഷിയായി അവരോധിക്കുമ്പോൾ കേരളീയൻ പുൽകാൻ ശ്രമിക്കുന്നത് ഈ ആശയത്തെയാണ്. ആ പക്ഷിയോടുള്ള സ്നേഹവും ആദരവും നാം പ്രകടിപ്പിക്കേണ്ടത് അതിന്റെ ഫോട്ടോ പതിച്ചുള്ള ബാനറുകൾ നാടുനീളെ കെട്ടിത്തൂക്കുന്നതിലൂടല്ല, അതിന്റെ ഫോട്ടോകൾ മുഖപുസ്തകത്തിലൂടെ പലർക്കും പങ്കുവയ്ക്കുന്നതിലൂടല്ല, അതിന്റെ സുന്ദരസുരഭിലമായ ജീവിതത്തെക്കുറിച്ചൊരു ബ്ലോഗെഴുതുന്നതിലൂടെയുമല്ല, മറിച്ച് അതിന്റെ ജീവിതത്തിനൊരു സാഹചര്യമൊരുക്കുന്നതിലൂടെയാണ്. അതിന്റെ തലമുറകളുടെ നിത്യതയ്ക്ക് ഭംഗം വരുത്താതിരിക്കുന്നതിലൂടെയാണ്.

വർഷാവർഷം ഐക്യരാഷ്ട്രസഭയും പരിവാരവൃന്ദങ്ങളും പുറത്തിറക്കുന്ന മാനവവികസനസൂചികയിലല്ല മറിച്ച് പൊങ്ങച്ചത്തിന്റെ ഈറ്റില്ലങ്ങളായ  ഷോപ്പിങ്ങ് മാളുകളുടെ എണ്ണത്തിലാണ് നമ്മുടെ വികസനത്തിന്റെ സൂചകമിരിക്കുന്നതെന്ന് ധരിച്ചുവശായ ഒരു പൊങ്ങച്ചസമൂഹത്തിന്റെ ജീർണ്ണതയാണ് പശ്ചിമഘട്ടസംരക്ഷണത്തിനെതിരെ തിരിയാൻ പ്രേരിപ്പിച്ചതും ഒരു വേഴാമ്പലിന്റെ വംശത്തിനുതന്നെ ഭീഷണിയാകുമാറ് അതിന്റെ ജീവിതത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്നതും.

പ്രിയപ്പെട്ട വേഴാമ്പലേ, നീ കരയാറുണ്ടോ എന്നെനിക്കറിയില്ല. കഠിനശോകത്തിന്റെ കാർമേഘങ്ങൾ മനസ്സിലുരുണ്ടുകൂടുമ്പോൾ മനമൊന്നു തണുപ്പിക്കാൻ കണ്‍കോണിലുരുണ്ടുകൂടുന്ന കണ്ണീർക്കണങ്ങൾ നിനക്കുണ്ടാകാറുണ്ടോ എന്നെനിക്കറിയില്ല. നിനക്കുവേണ്ടിയൊരു കണ്ണുനീർക്കണമെങ്കിലും പൊഴിക്കാൻ ഈ കാഴ്ച്ചക്കാരനുമാകുന്നില്ല. ഇനിയഥവാ പൊഴിച്ചാൽതന്നെ ഇന്റർനെറ്റിന്റെ, വിശ്വവിശാലജാലകത്തിന്റെ (World Wide Web) അഴിയാക്കുരുക്കുകളിലെവിടെയെങ്കിലും വച്ചവ ബാഷ്പീകരിച്ചുപോയാലോ.... 

കുടുതലറിയാൻ:
1. The Ecology and Conservation of Asian Hornbills: Farmers of the forest - Margaret F Kinnaird, Timothy G O Brain, University of Chicago Press
 2. Nest-site characteristics and nesting success of Malabar Grey Hornbill in the Southern Western Ghats - Divya C Mudappa, Raghupathy Kannan, Wilson Bullettin, Vol 109, No.1, Mar 1997
3. Hornbills - Giants among the forest birds - T R Shankar Raman and Divya Mudappa, Resonance, August 1998

2013, നവംബർ 7, വ്യാഴാഴ്‌ച

ആരാണ് മറിയ ?


നോബൽ സമ്മാനം നേടിയ ആദ്യ വനിതയാണ് മറിയ. രണ്ടു വ്യത്യസ്ത വിഷയങ്ങളിൽ നോബൽ സമ്മാനം നേടുന്ന ആദ്യ വ്യക്തിയാണ് മറിയ - ഇത് ലോകം പരക്കെ അറിയുന്ന വിവരങ്ങൾ. മറിയയുടെ ജീവിതത്തിലെ പരക്കെ അറിയപ്പെടാത്ത ചില ഏടുകൾ കോർത്തിണക്കി ആരാണ് മറിയ എന്ന് അന്വേഷിക്കുകയാണിവിടെ.
( പോളണ്ടിൽ നവംബർ 7, 1867 -ൽ ജനിച്ച മറിയ സ്ക്ലോഡോവ്സ്ക പിന്നീട് ഫ്രാൻസിലേക്ക് ചേക്കേറിയപ്പോൾ മറിയ എന്ന പദത്തിന്റെ ഫ്രഞ്ച് പതിപ്പായ മേരി സ്ക്ലൊഡോവ്സ്ക ആയതും പിയറി ക്യുറിയെ വിവാഹം കഴിച്ചപ്പോൾ മേരി ക്യുറി ആയതും മറക്കുന്നില്ല. ആദ്യ നാമമായ മറിയ തന്നെയാണ് എനിക്കു പഥ്യം.)

സർവകലാശാലകളിൽ സ്ത്രീകൾക്ക് പ്രവേശനം നിഷിദ്ധമായിരുന്ന കാലത്ത്, വിദ്യ സ്ത്രീക്കും പുരുഷനും ഒരുപോലെ അവകാശപ്പെട്ടതാണെന്ന ചില മനുഷ്യസ്നേഹികളുടെ ചിന്തയിൽ രൂപം കൊണ്ട "അധോലോക സർവകലാശാല" എന്ന ആശയത്തെ പിൻപറ്റി രൂപം കൊടുത്ത, അധികാരികളുടെ കണ്ണുവെട്ടിക്കാൻ ആസ്ഥാനം ഇടയ്ക്കിടയ്ക്ക് മാറ്റുന്ന "ഒഴുകും സർവകലാശാല"യിൽ വിദ്യ അഭ്യസിച്ച വിദ്യാർഥിയാണ് മറിയ. 

പോളണ്ടിൽ സ്ത്രീകൾക്ക് സർവകലാശാലാവിദ്യാഭ്യാസം നിഷിദ്ധമായിരുന്നെങ്കിലും പാരീസിലെ സർവകലാശാലകളിൽ പ്രവേശനമുണ്ടായിരുന്നു. മറിയയും ചേച്ചിയായ ബ്രോണിയയും ഫ്രാൻസെന്ന പറുദീസയിലേക്ക് പഠനത്തിനുപോകാൻ ഒരുപോലെ ആഗ്രഹിച്ചപ്പോൾ, ദരിദ്രമായ അവരുടെ കുടുമ്പത്തിന് സാമ്പത്തികഭാരം താങ്ങാനാവാതെ വരുമെന്നു കണ്ട്, ചേച്ചിയെ ആദ്യം പഠിക്കാനയച്ച് അവളുടെ പഠനച്ചെലവിനായി പോളണ്ടിൽ കൂലിപ്പണിയെടുത്ത അനുജത്തിയാണ് മറിയ. 

കൂലിപ്പണിക്കാരിയാണെന്ന കാരണത്താൽ, കാലണയ്ക്ക് വകയില്ലെന്ന ന്യായം പറഞ്ഞ് പ്രണയത്തെ നിഷേധിച്ച കാമുകന്റെ കുടുംബത്തെയും, കുടുംബത്തെ നിഷേധിക്കാൻ ചങ്കുറപ്പില്ലാതിരുന്ന കാമുകനെയും ഉപേക്ഷിച്ച്, പണക്കൊതിയന്മാരായ പണക്കാരുടെ "ദാരിദ്ര്യത്തിൽ" മനംനൊന്ത സുന്ദരിയാണ് മറിയ. 


എന്നും കാണുന്ന കാഴ്ചകളിൽനിന്ന് വ്യത്യസ്തമായ കാഴ്ചകൾ കാണുന്ന യാത്രയാണ് മധുവിധു എന്ന തത്വത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് പരിക്ഷനശാലയ്ക്ക് പുറത്ത് ഗ്രാമാന്തരങ്ങളിലേക്ക് പ്രതിശ്രുത വരനെയും കൂട്ടി വിവാഹസമ്മാനമായി കിട്ടിയ സൈക്കിളിൽ സവാരി നടത്തി മധുവിധു ആഘോഷിച്ച കാമുകിയാണു മറിയ.

താൻ പിറന്ന മണ്ണിനോട്, തന്നെ താനാക്കിയ ദേശത്തോടുള്ള അകൈതവമായ കൂറ് രേഖപ്പെടുത്താൻ ആദ്യമായി കണ്ടുപിടിച്ച മൂലകത്തിന് "പൊളോണിയം" എന്ന് നാമകരണം ചെയ്ത ദേശസ്നേഹിയാണ് മറിയ. 

ഓസ്ട്രിയയുടെ ഖനികളിൽ ഉപേക്ഷിക്കപ്പെട്ട 8000 കിലോ പിച്ച്ബ്ലെന്റിന്റെ അയിര് സംഘടിപ്പിച്ച് പരിക്ഷനശാലയുടെ പിന്നാമ്പുറത്ത് തന്നോളം പോന്ന ഇരുമ്പുലക്കകൊണ്ട് നാലുവർഷമെടുത്ത് കുത്തിപ്പൊടിച്ച് ശുദ്ധീകരിച്ച് അതിൽ നിന്നും 150 മില്ലിഗ്രാം റേഡിയമുണ്ടാക്കിയ കഠിനാദ്ധ്വാനിയാണ് മറിയ.  

റേഡിയത്തിന്റെ സവിശേഷതകൾ, അത് പുറത്തുവിടുന്ന കിരണങ്ങളുടെ സ്വഭാവം എന്നിവ അവതരിപ്പിക്കുമ്പോൾ, റേഡിയത്തോടുള്ള നിരന്തര സമ്പർക്കം മൂലം കരിവാളിച്ചുപോയ പിയറിയുടെയും മറിയയുടെയും കൈകൾ കണ്ട് സ്തബ്ധനായ ഭൗതികത്തിന്റെ അപ്പോസ്തലൻ റുഥർഫോർഡിന്റെ ആദരവിന് പത്രീഭൂതയായ ഗവേഷകയാണ് മറിയ. എ സി മുറിയുടെ ശീതളിമയിൽ കമ്പ്യുട്ടറിനു മുന്നിലിരുന്ന് പ്രബന്ധങ്ങൾ പടച്ചുവിടുന്ന, നേടിയ ഡിഗ്രികളും പട്ടങ്ങളും പേരിനു മുന്നിലും പിന്നിലും നീണ്ട വാലുപോലെ ചേർക്കുന്ന ആധുനിക ഗവേഷകരുടെ ഇടയിൽ വ്യത്യസ്തയായ ഗവേഷകയാണ് മറിയ.  

മറ്റാരോ എഴുതിയ, മറ്റാരോ ചിട്ടപ്പെടുത്തിയ, മറ്റാരോ ഈണം പകർന്ന ഒരു പാട്ടിന് ശബ്ദം നൽകി എന്ന ഒറ്റക്കാരണത്താൽ ഉത്സവപ്പറമ്പുകളിലും പള്ളിപ്പെരുന്നാളിനും ഒക്കെ വയറ്റിപ്പിഴപ്പിന് ആ ഗാനമാലപിക്കുന്ന പാവം ഗാനമേളക്കാരനോട് പോലും റോയൽറ്റി ചോദിക്കണമെന്നു ശഠിക്കുന്ന ഗായകരുള്ള ഈ കാലത്ത്, റേഡിയത്തിന്റെ കണ്ടുപിടുത്തത്തിനു പേറ്റന്റെടുക്കാതെ, പേറ്റന്റുകളിൽ തുലോം വിശ്വാസമില്ലാതെ, ലോകം മുഴുവൻ റേഡിയമുണ്ടാക്കി കാശുണ്ടാക്കിയപ്പോഴും റോയൽറ്റി ചോദിക്കാതെ ദാരിദ്ര്യത്തിൽ തന്നെ സന്തുഷ്ടയായി കഴിഞ്ഞവളാണു മറിയ. 

ഒന്നാം ലോക മഹായുദ്ധക്കാലത്ത്, യുദ്ധമുഖത്ത് വെടിയേറ്റുവീഴുന്ന, വേദനകൊണ്ടു പിടയുന്ന പടയാളികൾക്ക് തുണയായി വാടകയ്ക്കെടുത്ത വണ്ടിയിൽ സജ്ജീകരിച്ച എക്സ് റേ ഉപകരണങ്ങളുമായി, മകളായ ഐറിൻ ക്യുറിയെ സഹായിയാക്കി, യുദ്ധമുഖത്തേക്ക് വൈദ്യസഹായവുമായി സ്വയം വണ്ടിയോടിച്ചു പോയ മാലാഖയാണ് മറിയ. 

സ്ത്രീയാണെന്ന ഒറ്റക്കാരണത്താൽ ഫ്രഞ്ച് ശാസ്ത്ര അക്കാഡമിയുടെ അംഗത്വം നിഷേധിച്ചെങ്കിലും, ഭർത്താവിന്റെ മരണത്തെത്തുടർന്ന് പോൾ ലംഗവിൻ എന്ന മറ്റൊരു ശാസ്ത്രജ്ഞനുമായി രഹസ്യബന്ധമുണ്ടെന്ന് ഫ്രഞ്ച് മഞ്ഞപ്പത്രങ്ങൾ പരദൂഷണം പറഞ്ഞെങ്കിലും, ഫ്രാൻസിലെവിടെയും ഗവേഷണത്തിന് റേഡിയത്തിന്റെ ഒരു തരി പോലും ബാക്കിയില്ലെന്നറിഞ്ഞ് ഫ്രാൻസിനു വേണ്ടി ഒരു ഗ്രാം റേഡിയത്തിനായി അമേരിക്കയിലേക്ക് പോയ ദേശസ്നേഹിയാണ് മറിയ.

താരങ്ങളുടെ ആരാധകവൃന്ദങ്ങൾ രൂപപ്പെടുത്തിയെടുത്ത താരസിൻഡിക്കേറ്റുകൾ മാന്യതയുടെ മൂടുപടമണിഞ്ഞ താരങ്ങളെ സമൂഹത്തിന്റെ തന്നെ "ബ്രാൻഡ് അംബാസഡർമാരായി" ചിത്രീകരിക്കുന്ന ഈ കാലഘട്ടത്ത് പ്രസക്തമാകുമാറ്, വ്യക്തികളിലല്ല താത്പര്യമുണ്ടാകേണ്ടത്, ആശയങ്ങളിലാണ് താത്പര്യമുണ്ടാകേണ്ടതെന്ന് ഉത്ഘോഷിച്ച ഒരു ധീര വനിതയാണ് മറിയ. 

ചുണ്ടത്ത് ചെഞ്ചായം പുശി, ഉപ്പൂറ്റി പൊങ്ങിയ ചെരിപ്പുമിട്ട് "സ്ത്രീശാക്തീകരണത്തിന്റെ" രംഗങ്ങളിൽ കൊടികുത്തി വാഴുന്ന കപടശാക്തീകരണ വക്താക്കളുടെ മുമ്പിൽ അഭിമാനത്തോടെ വെക്കാവുന്ന ബദലാണ് മറിയ. 

സ്ത്രീശാക്തീകരണത്തിന്റെ എക്കാലത്തെയും ഉജ്ജ്വലപ്രതീകമായ മറിയയുടെ കല്ലറയിൽ ഒരുപിടി പൂക്കളർപ്പിക്കാൻ ഈ കാഴ്ച്ചക്കരനുമുണ്ടൊരു മോഹം.

2013, ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

വടക്കുനോക്കി യന്ത്രങ്ങൾക്ക് പേയിളകും കാലം

വടക്കുനോക്കി യന്ത്രങ്ങൾക്ക് പേയിളകും കാലം


360000 വർഷത്തിലൊരിക്കൽ ഭൂമിയുടെ കാന്തികത വിപരീത ദിശയിലാകും. അന്ന് എല്ലാ വടക്കും തെക്കാകും. എല്ലാ തെക്കും വടക്കാകും. വടക്കുനോക്കി യന്ത്രങ്ങൾ തെക്കോട്ടു നോക്കുന്ന കാലഘട്ടം ... വടക്കിന്റെ തെക്കിനെ വടക്കെന്നും തെക്കിന്റെ വടക്കിനെ തെക്കെന്നും വിളിക്കുന്ന കാലഘട്ടം ... 


ഭൂമി ഒരു ഭീമൻ കാന്തമാണെന്ന് 1600-കളിൽ വില്ല്യം ഗിൽബർട്ട് കണ്ടെത്തിയതിനു ശേഷം ഭൂമിയെന്ന മഹാകാന്തത്തിന്റെ വടക്കും തെക്കും എവിടെയാണെന്ന അന്വേഷണം ആരംഭിച്ചിരുന്നിരിക്കണം. ഒരു വടക്കുനോക്കിയന്ത്രത്തിന്റെ ഉത്തരധ്രുവത്തെ ആകർഷിക്കാൻ ഒരു ദക്ഷിണധ്രുവത്തിനു മാത്രമേ കഴിയൂ എന്ന നിരീക്ഷണം നമ്മെക്കൊണ്ടെത്തിക്കുന്നത് ഭൂമിയുടെ ഉത്തരധ്രുവത്തിൽ അതിന്റെ കാന്തിക ദക്ഷിണധ്രുവം ഉണ്ടാകുമെന്ന നിഗമനത്തിലേക്കാണ്. കാന്തിക ധ്രുവത്തിലേക്കെത്തിയാൽ  കാന്തങ്ങൾ താഴെ ഭൂമിയിലേക്ക് വിരൽചൂണ്ടുമെന്നതുകൊണ്ട് കാന്തവുമായി ഉത്തരധ്രുവത്തിലേക്ക് കാന്തികദക്ഷിണത്തെ തേടി പര്യവേഷണങ്ങൾ ധാരാളം അയക്കപ്പെട്ടു.   വർഷങ്ങളുടെ ഇടവേളയുണ്ടായിരുന്ന പര്യവേഷണങ്ങൾ കണ്ടെത്തിയ സ്ഥലം നിശ്ചിതമായിരുന്നില്ല.സ്ഥലവും മാറിക്കൊണ്ടിരുന്നു. ഒരു പക്ഷെ കാന്തികധ്രുവം ഒരിടത്തുനിൽക്കാതെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു (സൂര്യന്റെ ദക്ഷിണായനവും ഉത്തരായനവും പോലെ ഒരു യാത്ര) എന്ന സിദ്ധാന്തം അവതരിപ്പിക്കപ്പെട്ടു. ഇവിടെ  ധ്രുവം പടിഞ്ഞാറോട്ടാണ് സഞ്ചരിക്കുന്നതെന്നതിനാൽ പ്രതീച്യായനം എന്ന പദം ചേരുമെന്നു തോന്നുന്നു.

ഇങ്ങനെയാണെങ്കിൽ ഒരു പക്ഷെ പണ്ടു പണ്ട് കാന്തിക ഉത്തര ധ്രുവം നമ്മുടെ ഉത്തരധ്രുവത്തിനടുത്ത് ആയിരുന്നിരിക്കണം എന്ന വാദം ശക്തിപ്പെട്ടു. കാന്തിക ധ്രുവങ്ങൾ കീഴ്മേൽ മറിഞ്ഞ ഒരു സംഭവം ഭൂമിയുടെ ചരിത്രത്തിൽ ഉണ്ടാകണം. പക്ഷെ എങ്ങനെ കണ്ടുപിടിക്കും?
കാന്തിക ധ്രുവങ്ങളുടെ കീഴ്മേൽ മറിയൽ പാറക്കഷണങ്ങളിൽ കാല്പാടുകൾ ഉണ്ടാക്കുമെന്ന കണ്ടെത്തൽ ആയിടയ്ക്കാണ് ഉണ്ടായത്. അങ്ങനെ 1920-കളിൽ ജപ്പാനീസ് ശാസ്ത്രജ്ഞനായ മോട്ടോനോരി മാട്ടുയാമ (Motonori Matuyama) സമുദ്രത്തിനടിയിലെ പാറക്കഷണങ്ങളിൽ നടത്തിയ പരിക്ഷണങ്ങൾ കാന്തികധ്രുവങ്ങളിൽ 780,000 വർഷങ്ങൾക്ക് മുമ്പ് ഒരു കീഴ്മേൽ മറിയൽ നടന്നിട്ടുണ്ടെന്ന് സ്ഥാപിച്ചു. 

അതിനു ശേഷം വന്ന ഒരു പഠനത്തിൽ 41,000 വർഷങ്ങൾക്കു മുമ്പ് ഒരു ഹ്രസ്വമായ റിവെർസൽ (കേവലം 440 വർഷം മാത്രം നീണ്ടുനിന്ന ഒരു മലക്കം മറിയൽ) ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയെങ്കിലും മാട്ടുയാമയുടെ പഠനം ആണ് ദീർഘമായ ഒരു റിവേർസൽ വെളിച്ചത്തു കൊണ്ടുവന്നത്.

കാന്തികധ്രുവങ്ങളിലെ മലക്കം മറിച്ചിൽ ഒരു സുപ്രഭാതത്തിലുണ്ടാകുന്നതല്ല. ഒരു ദിനം നാം ഉറക്കമുണരുംപോഴേക്കും സംഭവിക്കുന്നതല്ല. കാലക്രമേണ ഉണ്ടാകുന്നതാണ്.
അങ്ങു വടക്ക് വടക്കൻ കാനഡയിലും ഇങ്ങ് തെക്ക്  അന്റാർട്ടിക്കയിലെ അഡിലി ലാന്റിലും (Adilie Land) ഇന്നുള്ള കാന്തിക ദക്ഷിണോത്തര ധ്രുവങ്ങൾ കാണാം. ഉത്തര കാനഡയിൽനിന്നും വർഷത്തേക്ക് 50 കിലോമീറ്റർ എന്ന തോതിൽ സൈബീരിയയുടെ സമീപത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് കാന്തികദക്ഷിണം.

നാസയിലെ ശാസ്ത്രജ്ഞർ കമ്പ്യുട്ടറിനോടു ചോദിച്ചപ്പോൾ പറഞ്ഞത് (ഞങ്ങളുടെ ഭാഷയിൽ സിമുലേഷൻ എന്ന് പറയും) ഉത്തരത്തിൽ നിന്നും ദക്ഷിണത്തിലേക്കുള്ള പ്രയാണത്തിനിടയ്ക്ക് ധാരാളം ഉത്തരങ്ങളും ദക്ഷിണങ്ങളും ഭൂമിയുടെ അങ്ങിങ്ങായി ഉണ്ടാകുന്ന കാലമുണ്ടാകുമെന്നാണ്. അന്നാണ് വടക്കുനോക്കി യന്ത്രങ്ങൾക്ക് പേയിളകുന്നത്.

ബാധയൊഴിപ്പിക്കേണ്ട മാന്ത്രികനാരാണാവോ?...

ഇത് നമ്മുടെ ജീവിതകാലയളവിൽ സംഭവിക്കില്ലെങ്കിലും ഭാവിയിൽ തീർച്ചയായും സംഭവിക്കുമെന്നു തന്നെയാണ് വിശ്വാസം. പണ്ടുള്ളവർ ചുറ്റുപാടും നോക്കി വടക്കേതാണ്, തെക്കേതാണ് എന്നു കൃത്യമായി കണ്ടുപിടിച്ചിരുന്നു. ഇന്ന് വാസ്തുക്കാർ പോലും വടക്കുനോക്കിയന്ത്രം ഉപയോഗിച്ചാണ് വടക്കും തെക്കും തിരിച്ചറിയുന്നത്. വടക്കുനോക്കിയന്ത്രങ്ങൾക്ക് പേയിളകുന്ന കാലത്ത് വാസ്തുക്കാരന്റെ ഗതികേട് ഒന്നാലോചിചുനോക്കണേ.....