2014, ഫെബ്രുവരി 9, ഞായറാഴ്‌ച

ഒരു മടമുശുവിന്റെ തീർത്ഥാടനം

[ഇടമലക്കുടിയിലെ ആദ്യ ഇലക്ഷൻ ഡ്യൂട്ടി (എനിക്കും ഇടമലക്കുടിക്കും അത് ആദ്യത്തെ ഇലക്ഷനായിരുന്നു)... ഞാൻ പ്രിസൈഡിംഗ് ഓഫീസറായും മുന്നാർ ഹൈസ്കൂളിലെ റൈസണ്‍ മാഷ്‌ ഫസ്റ്റ് പോളിങ്ങ് ഓഫീസറായും നെന്മണൽക്കുടിയിലെ പോളിങ്ങ് ബൂത്തിൽ നിന്നും മുന്നാറിലേക്ക് മടങ്ങുന്ന വഴിയിലാണ് മലഞ്ഞീൽ (അഥവാ ഞങ്ങളുടെ നാട്ടിൽ മടമുശു) തീർത്ഥയാത്രയ്ക്ക് പോകുന്ന കഥ പറഞ്ഞത്. അന്ന് അതൊരു ഫാന്റസി പോലെ തോന്നിയെങ്കിലും പിന്നിടുള്ള അന്വേഷണം അതിന്റെ പൊരുളഴിച്ചു തന്നു. അവിസ്മരണീയമായ ഒരു യാത്രയിൽ അദ്ഭുതകരമായ ഈ കഥ പറഞ്ഞുതന്ന മാഷിന് പ്രത്യേകം നന്ദി.]

 കരിവെള്ളൂരിലെ മനോഹരേട്ടൻ മടമുശുവിനെ പിടിക്കാൻ വിദഗ്ദ്ധനാണ്. രാത്രി വയലിനു കുറുകെ പോകുന്ന തോടിന്റെ കരയിലേക്ക് ചൂണ്ടലുമായി, അതിൽ കോർക്കുവാനുള്ള കോപ്പുകളുമായി മനോഹരേട്ടനെപ്പോലെ ധാരാളം പേർ മടമുശുവിനെത്തേടി യാത്രയാകാറുണ്ട്. പകലന്തിയോളം സൂര്യരശ്മികളുടെ തീക്ഷ്ണത സഹിക്കവയ്യാതെ ഏതെങ്കിലും മാളത്തിൽ ഒളിച്ചിരിക്കുന്ന മടമുശു രാത്രിഞ്ചരനാണ്. കണ്ടാൽ പാമ്പാണെന്നു തോന്നിക്കുന്ന ഇവയുടെ തൊലിക്ക് വഴുവഴുപ്പുള്ളതിനാൽ ഇവയെ പിടിക്കാൻ ചൂണ്ടലല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല. ശ്വസനപ്രക്രിയയുടെ ഭുരിഭാഗവും തൊലിയിലൂടെ നിർവഹിക്കുന്നതിനാൽ, തൊലിപ്പുറത്തെ വഴുവഴുപ്പ് ഈർപ്പം നിലനിർത്തുന്നതിനാൽ ഇവയ്ക്ക് ദിവസങ്ങളോളം കരയിൽ ജീവിക്കുവാനാകും.

രാവിലെ പ്രഭാതകർമ്മത്തിനിരിക്കുമ്പോൾ വേദന കൊണ്ടു പുളയുന്ന, തലേന്നു കഴിച്ച ആഹാരത്തെയോർത്ത് കരഞ്ഞുപോകുന്ന, മനോഹരമായ എല്ലാ ദിവസങ്ങളും കരഞ്ഞുകൊണ്ടാരംഭിച്ച് പിരിമുറുക്കത്തോടെ ദിവസത്തെ തള്ളിനീക്കുന്ന ഹതഭാഗ്യരായവർ അർശസ്സിന്റെ സിദ്ധൌഷധമായ മടമുശുവിന്റെ തൊലി കീറി പണ്ട് കോണകമുടുത്തിരുന്നുപോലും.

മടമുശുവിനെ നമ്മുടെ നാട്ടുമ്പുറത്ത് കാണാറുണ്ടെങ്കിലും അവയുടെ കുഞ്ഞുങ്ങളെ ഇവിടെങ്ങും, ഇവിടാരും കണ്ടിട്ടില്ല. ഇത് എവിടെനിന്നു വന്നു, എങ്ങനെ വന്നു, ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചതോ, ഏതോ നിഗൂഢയാമത്തിൽ അതിന്റെ അമ്മ അതിനു ജന്മം നല്കിയതോ, എന്നിങ്ങനെയുള്ള ചോദ്യങ്ങളുടെ അന്വേഷണപാതയിൽ പണ്ടുതന്നെ ശാസ്ത്രജ്ഞർ പ്രയാണമാരംഭിച്ചിരുന്നു. ഈൽ വർഗ്ഗത്തിൽപ്പെട്ട ഇവയുടെ ജനനേന്ദ്രീയമെവിടെയെന്നറിയാൻ പരീക്ഷണശാലയിൽ സജ്ജീകരിച്ച ശസ്ത്രക്രീയാമേശപ്പുറത്ത് നൂറുകണക്കിന് ഈലുകളുടെ ശരീരത്തിൽ കത്തിവച്ച് നിരാശനായി മടങ്ങേണ്ടിവന്നിട്ടുണ്ട് ആധുനിക മനശ്ശസ്ത്രത്തിന്റെ കുലഗുരുവായ സിഗ്മണ്ട് ഫ്രോയിഡിന്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് അറ്റ്ലാണ്ടിക് സമുദ്രത്തിന്റെ ആഴങ്ങളിൽ യുറോപ്യൻ ഈലിന്റെ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞുങ്ങളെ ഷ്മിഡ്റ്റ് (Schmidt) എന്ന ശാസ്ത്രജ്ഞൻ കണ്ടെത്തുന്നത്. ഈൽ മത്സ്യങ്ങൾ കൂട്ടത്തോടെ പ്രസവിക്കുന്നത് (അവയുടെ ലേബർ മുറികൾ), അതിനടുത്തെവിടെയെങ്കിലുമായിരിക്കും എന്ന നിഗമനത്തിൽ നിന്നും നാം ഏറെ മുന്നോട്ട് പോയിട്ടില്ല. അറ്റ്ലാണ്ടിക് സമുദ്രത്തിന്റെ ആഴങ്ങളിൽ 100 കിലോമീറ്റർ താഴ്ചയിൽ എക്കോ മൗണ്ട് (Echo Mount) എന്ന പർവതമുണ്ടെന്നും, അവിടെയാണ് ഈൽ മത്സ്യങ്ങളുടെ ജീവിതത്തിലെ സുന്ദരസുരഭിലമുഹൂർത്തമായ പ്രസവമഹോത്സവം നടക്കുന്നത് എന്നും 1998-ൽ ഫ്രിക്, സുകാമോട്ടോ (Fricke, Tsukamoto) എന്നീ ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.

യുറോപ്പ്യൻ ഈലുകൾക്കുള്ളതുപോലെ ഇന്ത്യൻ ഈലുകളുടെ പ്രസവകേന്ദ്രം ഇന്ത്യൻ തീരപ്രദേശത്തുനിന്നും 2000 കിലോമീറ്റർ അകലെ, സുമാത്രയുടെ തെക്കുപടിഞ്ഞാറായി സമുദ്രാന്തർഗതത്തെ ഏതോ ഒരു മഹാപർവതത്തിലായിരിക്കും എന്ന് വിശ്വസിക്കപെടുന്നു. സമുദ്രത്തിന്റെ ആഴങ്ങളിൽ (ഉപരിതലത്തിൽനിന്നും 1000 മീറ്റർ താഴ്ചയിൽ) തത്തിക്കളിക്കുന്ന ലാർവകളെ, സുതാര്യമായ ഈലിന്റെ കുഞ്ഞുങ്ങളെ ഗ്ലാസ് ഈൽ (Glass Eel) എന്ന് വിളിക്കും. ഉപരിതലത്തിലുള്ള ജലത്തെയപേക്ഷിച്ച് ഒരല്പം ചൂട് കൂടുതലുള്ള സമുദ്രത്തിന്റെ അന്തർധാരകളിൽപെട്ട് ഇവ നീന്തിത്തുടിക്കുന്നു. ശൈത്യകാലത്ത് ഈ അന്തർധാരകൾ സുമാത്രയിൽനിന്നും ഇന്ത്യൻ തീരപ്രദേശത്തേക്കാണ് ഒഴുകുന്നത്. ഈ ഒഴുക്കിൽപ്പെട്ട് ഇന്ത്യയുടെ തീരദേശത്തേക്കിവ എത്തിച്ചേരും. അപ്പോഴേക്കും അവ വളർന്നിട്ടുണ്ടാകും. സുതാര്യത മാറി ഒരല്പം മഞ്ഞകലർന്ന ഇരുണ്ട നിറമായിട്ടുണ്ടാകും. ഈ അവസ്ഥയിൽ അവയെ Yellow Eel എന്ന് വിളിക്കും.  തലയോട്ടിയിൽ രൂപപ്പെടുന്ന ഒരു മറുക് - Skull Spot - ഇപ്പോഴാണുണ്ടാകുന്നത്. ഇതുണ്ടാകുമ്പോഴാണ് ഏതോ ഒരുൾവിളിയാലെന്നപോലെ, തന്റെ നിയോഗം തിരിച്ചറിഞ്ഞ്, ഉപ്പുകലർന്ന ജലത്തിൽനിന്നും ഇത് പ്രയാണമാരംഭിക്കുന്നത്. ഉപ്പില്ലാത്ത ജലത്തിലേക്ക് - പുഴയിലേക്ക് അതിന്റെ പ്രയാണമാരംഭിക്കുകയായി.

മാംസഭുക്കാണെന്നോ സസ്യഭുക്കാണെന്നോ പറയാൻ പറ്റാത്തവിധം സർവ്വതിനെയും ഭക്ഷിക്കുന്ന, സർവ്വഭുക്കുകളായ ഇവർ തീറ്റയുടെ രാജാക്കന്മാരായിത്തീരുന്നു. ഇപ്പോഴാണവ ഒഴുക്കിനെതിരെ നീന്താൻ തുടങ്ങുന്നത്. കുറച്ചുകാലം പുഴയുടെ മാസ്മരികതയിൽ മനസ്സുലഞ്ഞ്, പുഴയുടെ നിത്യമായ ഒഴുക്കിനോട് മല്ലിട്ട്, പകൽ പുഴയുടെ മടിത്തട്ടിലെവിടെയോ പതുങ്ങിയിരുന്ന്, രാത്രി എക്കാലത്തെയും ഇഷ്ടവിനോദമായ ഇരപിടിക്കലും തീറ്റയുമായി കഴിഞ്ഞുകൂടുന്നു.

അപ്പോഴാണ് ഏതോ ഒരു മുഹൂർത്തത്തിൽ പെണ്‍വർഗ്ഗങ്ങൾക്ക് മറ്റൊരു തിരിച്ചറിവുണ്ടാകുന്നത്. മലഞ്ഞീലിന്റെ പെണ്‍വർഗ്ഗങ്ങൾ അവയുടെ തീർത്ഥാടനത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്നു. പുഴയുടെ ആദി അറിയണം. ഏതരുവിയിൽനിന്നാണ് പുഴയുടെ ജനനസമവാക്യങ്ങൾ രൂപപ്പെടുന്നതെന്നറിയണം. പുഴയുടെ കളകളാരവത്തിന്റെ സ്രോതസ്സായ നടനമണ്ഢപമറിയണം. പുഴയുടെ ഗർഭപാത്രം കാണണം.

പക്ഷെ ഇനിയങ്ങോട്ടുള്ള യാത്ര പെണ്ണിന്റെതുമാത്രമാണ്. ആണുങ്ങൾക്ക് പ്രവേശനമില്ലാത്ത സൃഷ്ടിയുടെ ഈറ്റില്ലങ്ങൾ തേടി പെണ്‍വർഗ്ഗങ്ങൾ പ്രയാണമാരംഭിക്കും. വർഷങ്ങൾ നീണ്ടുനിൽക്കുന്ന തീർത്ഥാടനത്തിനൊടുവിൽ തന്റെ പെണ്ണിന്റെ വരവിനേയും കാത്ത്, ഒന്നു മിണ്ടാൻ, ഒന്നു മുട്ടിയുരുമ്മിനിൽക്കാൻ, ഒരു കിന്നാരം പറയാൻ, ഇവിടെ ഈ പുഴയുടെ ഓളങ്ങളിൽ അവൻ കാത്തിരിക്കും.

ഒഴുക്കിനെതിരെ നീന്തി, ചതുപ്പുനിലങ്ങളിൽ പാമ്പിനെപ്പോലെ ഇഴഞ്ഞ്, തന്റെ ലക്ഷ്യസ്ഥാനത്തേക്ക് പ്രതിബന്ധങ്ങളേതുവിധേനയും തരണം ചെയ്ത് പെണ്‍വർഗ്ഗങ്ങൾ പ്രയാണമാരംഭിക്കുന്നു. ( 1958-ൽ കെനിയയിലെ സാമ്പേസി പുഴയുടെ  (Zambesi River) കുറുകെ പടുത്തുയർത്തിയ 128 മീറ്റർ ഉയരമുള്ള ഡാം പോലും ഇതിനു പ്രതിബന്ധമായിരുന്നില്ല. കെനിയയിൽ ഇപ്പോഴും സമുദ്രനിരപ്പിൽനിന്നും 1000 അടി ഉയരത്തിൽ ഈലിനെ കണ്ടുകിട്ടിയിട്ടുണ്ട്.) കാടും മലയും താണ്ടി പുഴയുടെ ഗർഭഗൃഹത്തിലെത്തി 5 മുതൽ 12 വർഷം വരെ അവിടെ തങ്ങി, പവിത്രമായ ആ നീരൊഴുക്കിൽ പ്രായപൂർത്തിയെത്തുന്നു.

ഇനി മലയിറക്കത്തിന്റെ കാലമാണ്. ഒഴുക്കിനെ വെല്ലുവിളിച്ച് നടത്തിയ യാത്രകൾക്കൊക്കെ ഒടുവിൽ ഒഴുക്കിൽപെട്ട് തന്നെയും കാത്തുനില്ക്കുന്ന പ്രിയതമന്റെ സമീപത്തേക്ക് തിരികെ യാത്ര. താഴെ മലയടിവാരത്തെത്തുമ്പോഴേക്കും ഈൽ മത്സ്യങ്ങൾ നന്നായി വളർന്നിട്ടുണ്ടാകും. 40 സെന്റിമീറ്ററോളം വലിപ്പമുണ്ടാകും അവയ്ക്കിപ്പോൾ.

ഇനി ജീവിതത്തിന്റെ മറ്റൊരു തീർത്ഥാടനത്തിലേക്ക്. അമ്മയുടെയുമച്ചനുമാകാനുള്ള തയ്യാറെടുപ്പിലേക്ക്. കുഞ്ഞുലാർവകളായി തത്തിക്കളിച്ച സുമാത്രയുടെ സമീപത്തേക്ക്. പത്തുപതിനാറു വർഷം ജീവിതം തള്ളിനീക്കിയ പുഴയെ വെടിഞ്ഞ് വീണ്ടും കടലിലേക്ക്, കടലിന്റെ ഉപ്പിലേക്ക്.

കടലിൽ യാത്ര തുടങ്ങുമ്പോൾ കാഴ്ച്ചകൾക്ക് മങ്ങലേൽക്കാൻ പാടില്ല.അതിനാൽ അവ മറ്റൊരു പരിണാമത്തിന് തയ്യാറെടുക്കുന്നു. കണ്ണുകളുന്തി കടലിന്റെ കാഴ്ച്ചയ്ക്ക് പാകമാകുന്നു. നിറം വെള്ളിയായി മാറി, ആമാശയം ശോഷിച്ച് അവ പരിണമിക്കും. ഇനി ഉപവാസത്തിന്റെ നാളുകൾ. 2000-ത്തോളം കിലോമീറ്റർ താണ്ടാൻ പുഴയിലുണ്ടായിരുന്ന ജീവിതകാലത്ത് ആർത്തിയോടെ കഴിച്ച ഭക്ഷണം പര്യാപ്തം.

ഒടുവിൽ സുമാത്രയുടെ കടലിന്റെ അടിത്തട്ടിലുള്ള ആ മഹാപർവതത്തിലെത്തി അവിടുന്ന് ലാർവകൾക്ക് ജന്മമേകുന്നു. ലാർവകളുടെ ജനനത്തോടെ "ഹാ സഫലമീയാത്ര"യെന്നോതി സാർത്ഥകമായ ജീവിതത്തിന് അന്ത്യം കുറിക്കുന്നു.

ലാർവകൾ അവയുടെ പ്രയാണമാരംഭിക്കുന്നു. തന്റെ അച്ഛനമ്മമാർ സഞ്ചരിച്ച പാതകളിലൂടെ, അവർ പരിണമിച്ച അതേ വഴികളിലൂടെ, അവരുടെ നിശ്വാസങ്ങൾക്ക് കാതോർത്ത പുഴയെത്തേടി, ആ പുഴയുടെ നീരുറവിനെത്തേടി പൊന്നോമനകളും യാത്രയാകുന്നു...

എപ്പോഴാണിവ ഇണ ചേരുന്നത്? എങ്ങനെയാണ് നിശ്ചിതമായ ഒരു സഞ്ചാരപാതയെ അവർ തിരിച്ചറിയുന്നത്? ഏത് ഉൾവിളിയാലാണ് (ജനിതകത്തിന്റെ ഏതു കോടിലാണ്) ആരും പഠിപ്പിക്കാത്ത സഞ്ചാരപഥങ്ങളെ അവർ കണ്ടെത്തുന്നത്? ഇന്നും ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങൾക്ക് പിടികൊടുക്കാതെ അവർ യാത്ര തുടരുകയാണ്....

കൂടുതലറിയാൻ

1. The Eel, 3rd Edition, F.W.Tesch, Blackwell Science Ltd, 2003

4 അഭിപ്രായങ്ങൾ:

Pad's Blog പറഞ്ഞു...

Great write up. Loved it

ഡോ.രാജീവ് പുലിയൂർ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഡോ.രാജീവ് പുലിയൂർ പറഞ്ഞു...

പ്രിയ റൈസൺ സാറിൽ നിന്ന് ഞാനും ഈ കഥ കേട്ടിട്ടുണ്ട്. വേറിട്ട ഒരു വായനാനുഭവം ഈ കുറിപ്പിനുണ്ട്. മികച്ച ആഖ്യാനത്തിന് ആശംസ അറിയിക്കുന്നു. നമ്മളുടെ പ്രാദേശിക വിസ്മയങ്ങൾ ലോകോത്തരമായിരുന്നു എന്ന നഗ്നസത്യത്തിലേക്ക് മടമുശുവിൻ്റെ തീർത്ഥാടനം നടന്നെത്തുന്നു.

Unknown പറഞ്ഞു...

നന്നായിരിക്കുന്നു. മിത്തും യാഥാർത്ഥ്യവും നല്ലതുപോലെ ഇഴചേർത്ത് എഴുതിയിരിക്കുന്നു. നല്ലത് തുടരുക