2014, മാർച്ച് 8, ശനിയാഴ്‌ച

സിൻഡ്രെല്ല - ഒരു സ്ത്രീപക്ഷ, ശാസ്ത്രപക്ഷ വായന

നിങ്ങളോർക്കുന്നുവോ അവളെ?

രണ്ടാനമ്മയുടെയും രണ്ടു പെണ്മക്കളുടെയും പീഡനത്തിനിരയായവളെ; മകളുടെ സ്ഥാനമുണ്ടായിരുന്നെങ്കിലും കർമ്മപഥത്തിൽ വേലക്കാരിയായി കണക്കാക്കപ്പെട്ടവളെ; രാജകൊട്ടാരത്തിലെ വിരുന്നിൽ പങ്കെടുക്കാൻ സ്വപ്നം കണ്ടവളെ; കാരുണ്യവതിയായ ഒരു മാലാഖയുടെ മായികവലയത്തിൽ രാജകുമാരിയെപ്പോലായ, വിരുന്നിൽ രാജകുമാരന്റെ കൂടെ നൃത്തം ചെയ്യവെ അവന്റെ ഹൃദയം കവർന്ന മാസ്മരിക സുന്ദരിയെ; മാന്ത്രികപ്രഭയുടെ വലയം മായും മുമ്പോടി രക്ഷപ്പെടവെ ഒരു ചെരിപ്പ് കാലിൽനിന്നൂർന്ന് പോയവളെ; ഒടുവിൽ രാജ്യത്തെയൊരു പെണ്ണിനും പാകമാകാത്തത്ര ചെറിയ ചെരിപ്പ് തന്റെ പാദങ്ങളെ മാത്രം കൃത്യമായി പുൽകിയപ്പോൾ രാജകുമാരിയായി അവരോധിക്കപ്പെട്ടവളെ;

നിങ്ങളോർക്കുന്നില്ലേ സിൻഡ്രെല്ലയെ?
സിൻഡ്രെല്ലയുടെ കഥയിലെ ഗതിവിഗതികൾ നിയന്ത്രിക്കുന്ന ആ കൊച്ചു ചെരിപ്പാണ് ഇന്ന് നമ്മുടെ വിഷയം. അമേരിക്കൻ ജാസ് പിയാനിസ്റ്റായ ഫാറ്റ്സ് വാല്ലർ (Fats Waller) ചിട്ടപ്പെടുത്തിയ ഒരു ഗാനത്തെ ഒന്നെത്തിനോക്കി സിൻഡ്രെല്ലയിലേക്ക് തിരിച്ച് വരാം.

"ഈ തീന്മേശയിൽ നാലുപേരിരിക്കുന്നു
ഞാനും, നീയും, നിന്റെ രണ്ടു പാദങ്ങളും
പാദങ്ങൾക്കു മുകളിൽ
നീ സുന്ദരിയാണെങ്കിലും
നിന്റെ വലിയ പാദങ്ങൾ
ഫോസിലുകളെ ഓർമ്മപ്പെടുത്തുന്നു."

വളരെ പഴയ സിൻഡ്രെല്ലയുടെ കഥയുമായി താരതമ്യേന പുതിയ ഫാറ്റ്സ് വാല്ലറെ ചേർത്തു വായിച്ചാൽ ചെറിയ പാദങ്ങളുടെ സൗന്ദര്യസങ്കല്പം വളരെ പണ്ടുമുതൽക്കുതന്നെ സമൂഹത്തിൽ വേരൂന്നിയതായി കാണാം.

സിൻഡ്രെല്ലയുടെ ചെരിപ്പ് നമുക്ക് തരുന്ന സൂചകങ്ങൾ രണ്ടാണ്.
ഒന്ന് - പൊതുവെ യുവതികൾക്ക് പാകമാകാത്ത ചെറിയ ചെരിപ്പാണ് സൗന്ദര്യത്തിന്റെ ലക്ഷണം ( മറ്റൊരു വിധത്തിൽ പറഞ്ഞാൽ ചെറിയ പാദങ്ങളുള്ളവളാണ് സുന്ദരി ).
രണ്ട് - വളരുന്തോറും ശരീരഭാരം കൂടുന്നതിനനുസരിച്ച് വളരാത്ത പാദങ്ങളുള്ളവൾ - ഇപ്പോഴും പിച്ചവച്ചു നടക്കുന്നവൾ ആണ് സുന്ദരി. ( പിച്ചവച്ചു നടക്കുന്ന സുന്ദരി നിഷ്കളങ്കമായ ബാല്യത്തിന്റെ ഓർമ്മപ്പെടുത്തലാണെങ്കിലും പ്രായം വച്ച് വ്യാഖ്യാനിച്ചാൽ നേരെ ചൊവ്വെ നടക്കാൻ മേലാത്ത അബലയാണെന്ന ഓർമ്മപ്പെടുത്തലാണ് കുറച്ചുകൂടി ഉചിതം. ) മറ്റൊരർത്ഥത്തിൽ അബലയായവളാണ് സുന്ദരി.

പുരുഷന്റെ പാദങ്ങളെയപേക്ഷിച്ച് സ്ത്രീയുടെ പാദങ്ങൾക്കുള്ള വലിപ്പക്കുറവ് (പുരുഷന്റെ പാദങ്ങൾക്ക് ശരാശരി 10.5 ഇഞ്ച്‌ നീളമുണ്ടെങ്കിൽ സ്ത്രീയുടെതിന് 9.5 ഇഞ്ച് മാത്രമാണ്. കൂടാതെ സ്ത്രീയുടെ മടമ്പ് പുരുഷന്റേതിനെയപേക്ഷിച്ച് കൂർത്തതാണ് ) പരിണാമത്തിന്റെ കാഴ്ചപ്പാടിൽ വിലയിരുത്തുന്നത് രസാവഹമാണ്. കയ്യിൽ തൂങ്ങി, മരക്കൊമ്പത്തൂഞ്ഞാലാടി, മരങ്ങൾ വച്ചുനീട്ടിയ കായ്കനികൾ ഭക്ഷിച്ച നമ്മുടെ പൂർവികൻ നിലത്തിറങ്ങിയപ്പോൾനിലനില്പിനുവേണ്ടി നായാടാനാരംഭിച്ചു. പ്രസവം, കുഞ്ഞിന്റെ നീണ്ട ശൈശവകാലം എന്നിവയൊക്കെ സ്ത്രീയെ നായാട്ടിൽനിന്നകറ്റിയപ്പോൾ നായാട്ടിന്റെ രംഗവേദികൾ പുരുഷന്റെതു മാത്രമായി. ഇരയുടെ പുറകെ ഓടാൻ വലിയ പാദങ്ങൾ അത്യന്താപേക്ഷിതമായതുകൊണ്ട് പുരുഷൻ വലിയ പാദങ്ങളിലേക്കും സ്ത്രീ താരതമ്യേന ചെറിയ പാദങ്ങളിലേക്കും പരിണമിച്ചു. ശാരീരികമായ ഈ വ്യത്യാസം കാലാകാലങ്ങളിൽ പ്രത്ര്യക്ഷമായി പ്രാധാന്യത്തോടെ പ്രകടിപ്പിക്കാൻ ഫാഷൻ രംഗത്തെ പ്രമാണികൾ മുന്നിലുണ്ടായിരുന്നു.

പ്രാചീന ജപ്പാനിലാണ് ഈ ട്രെന്റ് പൈശാചികമായി രൂപാന്തരപ്പെട്ടത്. ചുറ്റുമുള്ള പ്രകൃതിയെ സസൂക്ഷ്മം നിരീക്ഷിക്കേണ്ട, ഓടിക്കളിക്കേണ്ട ചെറുപ്രായത്തിൽ തന്നെ പെൺകുട്ടികളുടെ പാദങ്ങളെ തുണികൊണ്ട് മുറുക്കിക്കെട്ടി, ഇളം എല്ലുകളെ ചതച്ച് ശരീരം വളരുന്നതോടൊപ്പം പാദങ്ങളെ വളരാനനുവദിക്കാതെ പീഡിപ്പിക്കുന്ന തന്ത്രമാണ് പുരുഷമേധാവിത്വത്തിന്റെ അപ്പോസ്തലന്മാർ ജപ്പാനിൽ പ്രാവർത്തികമാക്കിയത്. ചെറിയ പാദങ്ങൾ സൗന്ദര്യത്തിന്റെ മാത്രമല്ല, തറവാടിത്തത്തിന്റെ ലക്ഷണം കൂടിയാണെന്ന വാദവുമായി സ്ത്രീകളും ഫുട്ട് ബൈന്റിംഗ് (Foot Binding) എന്ന ഈ ഏർപ്പാടിന് പിന്തുണ നൽകിപ്പോന്നു.
 

യൂറോപ്പ്യൻ രാജ്യങ്ങളിൽ ചെറിയ പാദങ്ങളോടുള്ള ആഭിമുഖ്യം ഹൈഹീൽ എന്ന സമ്പ്രദായത്തിലൂടാണ് പ്രാബല്യത്തിൽ വന്നത്. യൂറോപ്പിലേക്ക് നയതന്ത്ര ബന്ധങ്ങൾ സ്ഥാപിക്കാൻ പ്രതിനിധികളെ 1599-ൽ പേർഷ്യ (ഇന്നത്തെ ഇറാൻ) അയക്കുമ്പോഴാണ് ഹൈ ഹീലിന്റെ കഥ ആരംഭിക്കുന്നത്. യുദ്ധതന്ത്രങ്ങൾ മെനഞ്ഞെടുക്കുന്നതിലുള്ള  പേർഷ്യക്കാരുടെ ബുദ്ധിവൈഭവവും അവരുടെ ശാരീരികമികവും യൂറോപ്പിനെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്. പേർഷ്യയെന്ന വാക്ക് പോലും രോമാഞ്ചത്തോടെ മാത്രമേ യൂറോപ്പ് ഉച്ചരിച്ചിരുന്നുള്ളൂ. അന്ന് പേർഷ്യൻ പടയാളികൾ ധരിച്ചിരുന്ന ഉപ്പൂറ്റി പൊങ്ങിയ ചെരിപ്പ് (യുദ്ധസമയത്ത് കുതിരപ്പുറത്തുനിന്ന് വീണുപോകാതിരിക്കാൻ സഹായിച്ചിരുന്നു ഇത്തരം ചെരിപ്പുകൾ. അതുകൊണ്ട് പൗരുഷത്തിന്റെ പ്രകടലക്ഷണമായി അവരിതിനെ കണ്ടു.) വളരെ വേഗം തന്നെ യൂറോപ്പിന്റെ ഫാഷൻ തരംഗമായി മാറി. സമ്പന്നൻ ചെയ്യുന്നതെല്ലാം തറവാടിത്തത്തിന്റെയും അന്തസ്സിന്റെയും അടയാളങ്ങളായി കണക്കാക്കുന്ന സാധാരണക്കാരുടെയിടയിലും ക്രമേണ ഈ ഫാഷൻ പ്രചരിപ്പിക്കപ്പെട്ടു.

സമ്പന്നന്റെ ഫാഷൻ സാധാരണക്കാരൻ അനുകരിച്ചപ്പോൾ സമ്പന്നൻ മറ്റു വഴികൾ തേടുന്നതിന്റെ ഭാഗമായി ഹീലിന്റെ വലിപ്പം കൂട്ടിക്കൊണ്ടിരുന്നു. പക്ഷെ വലിപ്പം കൂട്ടുന്നതിനനുസരിച്ച് അവന്റെ അസ്വസ്തതകളും വർദ്ധിച്ചതിനാൽ ചെരിപ്പിന് ചെഞ്ചായം പൂശുന്നതിലൂടെ അവൻ സമൂഹത്തിലെ ഉന്നതി നിലനിർത്തി (ചുവന്ന ചായത്തിന് അന്ന് വിലക്കൂടുതലായിരുന്നു). 1670-ൽ ലൂയി പതിനാലാമൻ രാജസദസ്സിലുള്ളവർ മാത്രമേ ചുവന്ന ഹീൽ ചെരിപ്പുകൾ ധരിക്കാൻ പാടുള്ളൂ എന്ന നിയമം പോലും അവതരിപ്പിക്കുന്നിടത്തേക്ക് സമ്പന്നന്റെ അല്പത്തരം വളരുകയുണ്ടായി. പുരുഷമേധാവിത്വത്തിന്റെ പിടിയിൽ നിന്നു മോചിതമാകാനായി സ്ത്രീ കിണഞ്ഞു പരിശ്രമിച്ചിരുന്ന 1600-കളിൽ ഹൈ ഹീൽ ചെരിപ്പുകൾ സ്ത്രീകളും ധരിച്ചുതുടങ്ങി. മുടി വെട്ടി, പുക വലിച്ച്, തൊപ്പി ധരിച്ച് ആണിനെപ്പോലാവാൻ ശ്രമിച്ച പെണ്ണിന്റെ ആണത്തത്തിലേക്കുള്ള ഒരു പകർന്നാട്ടത്തിന്റെ ഭാഗമായിരുന്നു ഈ ചെരിപ്പുമാറ്റം. പുരുഷന് വീതികൂടിയ ഹീലും സ്ത്രീക്ക് വീതികുറഞ്ഞ ഹീലും എന്ന നയത്തിലൂടെയാണ്  പുരുഷമേധാവിത്തത്തിന്റെ അപ്പോസ്തലന്മാർ ഇത്തരം പ്രവണതകളെ നേരിട്ടത്.

ക്രമേണ പുരുഷന്റെ ഫാഷൻ സങ്കല്പത്തിൽനിന്ന് ഹൈഹീലുകൾ പ്രാവർത്തികമല്ലെന്ന കാരണത്താൽ അപ്രത്യക്ഷമായി. എങ്കിലും സ്ത്രീ അതു പാടെ ഉപേക്ഷിക്കാൻ തയ്യാറായില്ല. 1791-ൽ ഫ്രെഞ്ച് വിപ്ലവത്തിന്റെ ഭാഗമായി സ്ത്രീ-പുരുഷ സമത്വത്തിന്റെ ഭാസുരലോകം സ്വപ്നം കണ്ട നെപ്പോളിയൻ ഹൈഹീലുകൾ നിരോധിച്ചതോടു കൂടി സ്ത്രീയും ഹീൽ ചെരിപ്പുകൾ ഉപേക്ഷിച്ചു.

ചരിത്രപരമായ ഈ സംഘർഷങ്ങളിലെല്ലാം ഉള്ള പാറ്റേൺ ശ്രദ്ധേയമാണ്. പൗരുഷമുള്ള പുരുഷനെ സമ്പന്നനായ പുരുഷൻ അനുകരിക്കാൻ ശ്രമിക്കുന്നു. സമ്പന്നനായ പുരുഷനെ സാധാരണക്കാരനായ പുരുഷൻ അനുകരിക്കാൻ ശ്രമിക്കുന്നു. പുരുഷനെ അനുകരിക്കാൻ സമ്പന്നയായ സ്ത്രീ (The so called society lady) ശ്രമിക്കുന്നു. സമ്പന്നയായ സ്ത്രീയെ അനുകരിക്കാൻ സാധാരണക്കാരിയായ സ്ത്രീ ശ്രമിക്കുന്നു... എല്ലാം അനുകരണങ്ങൾ തന്നെ... തനതു നിലയിൽ വ്യക്തിത്വത്തിന്റെ ഉന്നമനത്തിലൂടൊന്നും സമത്വത്തിലേക്കുള്ള പാത തെളിക്കപ്പെടുന്നില്ല.

ഫോട്ടോഗ്രാഫിയുടെ വ്യാപനമാണ് ഈ ഫാഷൻ വീണ്ടും സമൂഹത്തിൽ വേരോടാൻ സഹായിച്ച ഘടകം. ഹൈഹീലിന്റെ പുത്തൻ അവതാരം പക്ഷെ സ്ത്രീസമത്വത്തിന്റെ ചുവടുപിടിച്ചായിരുന്നില്ല. ലൈംഗികതൊഴിലാളികളാണ് ആധുനിക കാലത്ത് ആദ്യമായി ഹൈ ഹീൽ ധരിച്ചിരുന്നത്. സ്ത്രീ ഒരു ഉപഭോഗവസ്തുവാണെന്ന് കണക്കാക്കുന്ന പോർണോഗ്രാഫി വ്യവസായത്തിന്റെ വ്യാപനം സ്ത്രീപുരുഷ സമത്വത്തിലേക്കല്ല വിരൽ ചൂണ്ടിയത്, മറിച്ച് സ്ത്രീയും പുരുഷനും തമ്മിലുള്ള ശാരീരിക വ്യത്യാസങ്ങൾ പ്രാധാന്യത്തോടെ ഉയർത്തിക്കാട്ടി കച്ചവടം പൊടിപൊടിപ്പിക്കാനാണ് ശ്രമിച്ചത്. ക്രമേണ പുരുഷനിഷ്ടപ്പെടുന്ന ഒരു ഫാഷനായി അത് രൂപാന്തരപ്പെട്ടു. സെക്സ് അപ്പീൽ ഈ ചെരിപ്പിട്ടാൽ കൂടുന്നു എന്നതാണ് പുരുഷനെ ആകർഷിച്ച വസ്തുത. ഇതു ധരിക്കുമ്പോൾ നേരെ ചൊവ്വെ നടക്കാൻ പറ്റാത്തതുകൊണ്ട് നിതംബത്തിന് സ്വാഭാവികമായുള്ള ചലനങ്ങൾ കുറച്ചുകൂടി പ്രകടമാവുകയും തദ്വാരാ സ്ത്രൈണതയുടെ ഭാവങ്ങൾ ശരീരത്തിൽ മുറ്റി നിൽക്കുകയും ചെയ്യും എന്നാണ് ഫാഷൻ രംഗത്തെ വമ്പന്മാരുടെ കണ്ടെത്തൽ. ഹൈഹീലുകൾ ധരിക്കുമ്പോൾ പാദങ്ങൾ യഥാർത്ഥ വലിപ്പത്തെക്കാൾ ചെറുതായി തോന്നുകയും ചെയ്യും (കാലിന്റെ നീളം കൂടിയതായി തോന്നിക്കും. അതിന് സഹായിക്കുന്നത് മിനി സ്കർട്ട് എന്ന ഏർപ്പാടും. തണുപ്പുള്ള രാജ്യത്ത് പുരുഷൻ ശരീരത്തെ മൂടുന്ന വസ്ത്രങ്ങൾ ധരിക്കുമ്പോൾ സ്ത്രീ മാത്രം മിനി സ്കർട്ടിടുന്നതിന്റെ രഹസ്യം ഇതാണ്). അങ്ങനെ ചെറുപ്പത്തിൽതന്നെ വായിച്ച് പുളകം കൊണ്ട സിൻഡ്രെല്ലയെ പുനരുജ്ജീവിപ്പികുകയുമാവാം എന്നതും ഇവരുടെ അജണ്ടയാണ്. വിദേശ നീലച്ചിത്രങ്ങളുടെയൊക്കെ ചൂടൻ രംഗങ്ങളിൽ എല്ലാ വസ്ത്രവും സ്ത്രീ ഉപേക്ഷിക്കുമ്പോഴും അവലുടെ ഹൈഹീൽ ചെരിപ്പ് മാത്രം ഊരാൻ കൂട്ടാക്കാത്തത് ഈ അജണ്ടയുടെ ഭാഗമാണെന്നുവേണം കരുതാൻ. അതേസമയം പുരുഷൻ ഷൂ ഊരിയിടുന്നതിൽ വൈമുഖ്യം കാണിക്കാറുമില്ല.

ശാസ്ത്രീയമായി ഹൈ ഹീലിനെ വിലയിരുത്തുമ്പോൾ...
ലിയൊണാർഡോ ഡാ വിഞ്ചിയാൽ "An Engineering Marvel" എന്നു വിശേഷിപ്പിക്കപ്പെട്ടതാണ് നമ്മുടെ പാദങ്ങൾ. മൂന്ന് ധർമ്മങ്ങൾ നിർവഹിക്കാനുണ്ടവയ്ക്ക്.
1. നടത്തം (Locomotion) - നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിന് മടമ്പ് ഒരു തിരശ്ചീനമായ ബലം കൊടുക്കുന്നു.
2. ഷോക്ക് അബ്സോർബർ - നിലത്ത് ചവിട്ടുമ്പോൾ ചവിട്ടുന്നതിന്റെ ആഘാതത്തിൽ നിന്ന് ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ രക്ഷിക്കുന്നു.
3. ശരീരത്തിന്റെ ഭാരം താങ്ങാനുള്ള ഉപാധി.
ഈ മൂന്നു ധർമ്മങ്ങൾക്കും സ്വാഭാവികമായി ഹൈഹീലുകൾ തടയിടുന്നു എന്ന് കാണാം.

ഹൈഹീൽ ധരിക്കുമ്പോൾ ശരീരഭാരം താങ്ങാൻ രൂപകല്പനചെയ്യപ്പെട്ട ഉപ്പൂറ്റിക്ക് പകരം മുന്നോട്ട് ചലിക്കാൻ സഹായിക്കുന്ന മുൻപാദങ്ങൾ ഭാരം താങ്ങേണ്ടിവരുന്നു എന്നതിനാൽ അവയുടെ തേയ്മാനം വളരെ പെട്ടന്ന് സംഭവിക്കുന്നു. ഇത് ഭാവിയിൽ വാതസംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കും. [4,5]

ഇല്ല... സിൻഡ്രെല്ല മരിച്ചിട്ടില്ല... സ്ത്രീയുടെ അടിമത്തന്റെ നിശ്വാസങ്ങളുമായി സ്ത്രീസ്വാതന്ത്ര്യത്തിന്റെ പ്രേതത്തെയും പേറി അവളിന്നും ജീവിക്കുന്നു... ഹൈഹീലിലൂടെ...

സ്ത്രീചൂഷണത്തിന് പുരുഷൻ കണ്ടെത്തിയ ഉപാധിയാണ് ഹൈഹീൽ ചെരിപ്പുകൾ. അത് സ്ത്രീയുടെ ആരോഗ്യത്തെ മാത്രമല്ല, അവളുടെ വ്യക്തിത്വത്തെപ്പോലും ഹനിക്കുന്നതാണ്. അതിന്റെ പ്രചാരത്തിൽ സ്ത്രീ മുന്നിൽ നിൽക്കുന്നു എന്ന വസ്തുതയാണ് സങ്കടകരം. സ്ത്രീ എന്ന് ഹൈ ഹീൽ ഉപേക്ഷിക്കുന്നുവോ അന്നാണ്  സ്ത്രീശാക്തീകരണത്തിന്റെ ആരംഭം എന്ന് പറയാതെവയ്യ.

കൂടുതലറിയാൻ:

1. http://www.randomhistory.com/1-50/036heels.html
2. The Naked Woman: A study of the female body - Desmond Morris, Random House, 2005
3. The Naked Ape - Desmond Morris
4. The higher the heel, the higher the forefoot pressure, Caroline et.al, The Foot, Volume 15, Issue 1, March 2006
5. The influence of high heel on lower extremity kinematics and leg muscle activity during gait in young and middle aged women, Anna Mika et.al, Gait and Posture, Volume 35, Issue 4, April 2012