ശാസ്ത്രീയം


We live in a society exquisitely dependent on science and technology, in which hardly anyone knows anything about science and technology.           - Carl Sagan

ശാസ്ത്രത്തിന്റെ സാമൂഹികചിത്രം

ശാസ്ത്രം ഇന്ന് ഏറെ തെറ്റിദ്ധരിക്കപ്പെട്ട വാക്കാണ്. ഏതൊരു കാര്യത്തിന്റെയും കൂടെ ശാസ്ത്രം എന്നോ ശാസ്ത്രീയം എന്നോ ചേർത്താൽ മാന്യത കൈവരുന്ന ഒരു സാഹചര്യം നിലവിലിരിക്കുന്നു. ഈ വാക്കിനെ ചൂഷണം ചെയ്തുകൊണ്ട് ജീവിക്കുന്ന ഒട്ടേറെ അത്താഴപ്പഷ്ണിക്കാർ സമൂഹത്തിന്റെ വിവിധ തുറകളിൽ വിരാജിക്കുന്നു. ചൂഷണത്തിന്റെ മൂടുപടമണിഞ്ഞ് ഈ പദം നമ്മുടെ സമൂഹത്തിൽ സജീവസാന്നിദ്ധ്യമായിരിക്കുന്നു. 
ചിന്തകൻ - നരകത്തിന്റെ കവാടത്തിനു മുന്നിൽ
ശാസ്ത്രമെന്ന കാൻവാസ് സമൂഹത്തിന്റെ മുന്നിൽ നിവർത്തിവച്ചാൽ ദൃശ്യമാകുന്ന ചില ചിത്രങ്ങളും അവ ഉയർത്തുന്ന ചോദ്യങ്ങളും ചിന്തകളും ആദ്യം ഒന്നു പരിചയപ്പെടാം. ഈ പ്രബന്ധത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ വെളിപ്പെടുത്താൻ ഇത് സഹായിക്കും.

ചിത്രം : 1
ഒരു വീട്ടിനു മുന്നിലുള്ള ബോർഡ് ഇങ്ങനെ പറയുന്നു:
"പ്രൊഫ: ......, കൈരേഖാ ശാസ്ത്രജ്ഞൻ. നിങ്ങളുടെ ഭൂതം ഭാവി, വർത്തമാനം എന്നിവ ശാസ്ത്രീയമായി വിശകലനം ചെയ്ത് ഫലം പറയുന്നു."
അതുമല്ലെങ്കിൽ മറ്റൊരു ബോർഡ്
"നിങ്ങളുടെ ഭൂതം, ഭാവി, വർത്തമാനം എന്നിവ ശാസ്ത്രീയമായി പ്രവചിക്കപ്പെടും".
ജ്യോത്സ്യൻ - മരണത്തിന്റെ നൃത്തം
"പ്രൊഫ" എന്ന ചുരുക്കപ്പേര് കൊണ്ട് പ്രൊഫെറ്റ് (Prophet) അഥവാ പ്രവാചകൻ എന്നാണിവിടെ വിവക്ഷിക്കുന്നതെങ്കിലും പൊതുജനത്തിനു മുന്നിൽ പ്രൊഫെസ്സർ (Professor) അഥവാ ഒരു വിഷയത്തിൽ അഗാധ പാണ്ഡിത്യമുള്ള അദ്ധ്യാപകൻ എന്ന ഒരു ചിത്രമാണ് ഉണ്ടാകുന്നത്. ഈ തെറ്റിദ്ധാരണയാണ് മാന്യതയുടെ മൂടുപടം ഇത്തരക്കാർക്ക് സമ്മാനിക്കുന്നത്. ഈ വകുപ്പിൽ വാസ്തു, പെൻഡുലം ശാസ്ത്രം തുടങ്ങി അവാന്തരവിഭാഗങ്ങൾ ധാരാളം.

ഈ ചിത്രം ഉയർത്തുന്ന ചോദ്യങ്ങൾ:
പ്രവചനവും ശാസ്ത്രമാണോ? ശാസ്ത്രജ്ഞന്മാരിൽ പലരും കപടശാസ്ത്രമെന്നു മുദ്രകുത്തുകയും പ്രവാചകന്മാരിൽ എല്ലാവരും ഇതു ശാസ്ത്രമാണെന്ന് വാദിക്കുകയും ചെയ്യുന്ന ഈ വിഭാഗത്തിൽ ശാസ്ത്രീയമായി എന്തെങ്കിലുമുണ്ടോ? ഇവരുടെ വാദഗതികൾ നിഷ്പക്ഷമായി പരിശോധിക്കാൻ പറ്റുമോ?
പ്രവചനങ്ങളൊന്നും തന്നെ ശാസ്ത്രീയമല്ലെന്ന് വാദിക്കുന്ന ശാസ്ത്രകുതുകികൾ കാലാവസ്ഥാ പ്രവചനം, ഭൂകമ്പം, സ്റ്റോക്ക് മർക്കറ്റ്, തെരഞ്ഞെടുപ്പ് പ്രവചനം എന്നിവയിലൊന്നും ഈ വാദഗതികൾ ഉപയോഗിച്ചുകാണുന്നില്ല. അപ്പോൾ ഇത്തരക്കാർ ഒരു ഇരട്ടത്താപ്പ് നയം ഇവിടെ സ്വീകരിക്കുന്നുണ്ടോ?

ചിത്രം : 2
പുരോഗമന ശാസ്ത്ര പ്രസ്ഥാനത്തിന്റെ ഒരു ജാഥ... അതിൽ മുഴങ്ങിക്കേട്ട ഒരു മുദ്രാവാക്യം - "ശാസ്ത്രം സിന്ദാബാദ്... ശാസ്ത്രസത്യം സിന്ദാബാദ്..." ശാസ്ത്രത്തെയും ശാസ്ത്രസത്യത്തെയും ഒരു പാർട്ടിയോ നേതാവോ ആയി ജനം സങ്കല്പിക്കുന്നു എന്നതിന്റെ ഒരു മകുടോദാഹരണം. പാർട്ടി എന്നത് ഒരു ഗ്രൂപ്പിസം തന്നെയല്ലെ... ചില അടിസ്ഥാന വിശ്വാസങ്ങളോട് ആഭിമുഖ്യമുള്ള വ്യക്തികളുടെ ഒരു കൂട്ടായ്മ (ആഭിമുഖ്യം ചിലപ്പോൾ ഒരു ആദർശത്തോടോ അല്ലെങ്കിൽ ഒരു വസ്തുവിനോടോ ആകാം). അപ്പോൾ ശാസ്ത്രത്തെ ഒരു ഗ്രൂപ്പായി കാണുന്നു ഇത്തരക്കാർ.

ഈ ചിത്രം ഉയർത്തുന്ന ചോദ്യങ്ങൾ:
ലോകത്ത് നിലവിലുള്ള ധാരാളം സൈദ്ധാന്തിക സംജ്ഞകളിലൊന്നാണ് (Ideologies) ശാസ്ത്രമെങ്കിൽ ഇതിന്റെ പ്രത്യേകതകളെന്ത്? മറ്റ് സിദ്ധാന്തങ്ങളുമായി ഇതിനുള്ള ബന്ധമെന്ത്?
ഈ ഗ്രൂപ്പിൽ ഒരു വിജ്ഞാനശാഖ എത്തിപ്പെടണമെങ്കിൽ അടിസ്ഥാനപരമായി അതിനുണ്ടാകേണ്ട ഗുണങ്ങളെന്തൊക്കെ?
ഗ്രൂപ്പിസം എന്ന രീതിയിലെടുത്താൽ മതങ്ങളും ഓരോ ഗ്രൂപ്പുകളാണല്ലോ? അപ്പോൾ മതങ്ങളും ശാസ്ത്ർവും തമ്മിലുള്ള വ്യത്യാസമെന്താണ്? മതങ്ങളുടെയൊക്കെ അന്തർധാര ആത്മീയതയാണ്. അതുകൊണ്ട് ആത്മീയതയും ശാസ്ത്രവും തമ്മിലുള്ള സാമ്യവും വ്യത്യാസവുമെന്ത്?

ചിത്രം :3
"ഞങ്ങളുടെ ലാബിൽ ശാസ്ത്രീയമായി തയ്യാർ ചെയ്ത... " വിപണിയുടെ മനോഹരവാതായനങ്ങൾ നമ്മുടെ മുന്നിൽ അനാവരണം ചെയ്യുന്ന ഇത്തരം പരസ്യങ്ങൾ നാം നിത്യേന മാധ്യമങ്ങളിലൂടെ കാണുന്നു. ഇത്തരം പരസ്യങ്ങളിലൊക്കെ ഒരു വെള്ള കോട്ടും ഇട്ട് ഒരു ഡോക്ടറെപ്പോലെ, അതുമല്ലെങ്കിൽ ഒരു പരീക്ഷകനെപ്പോലെ (ഇവിടെ ലിംഗഭേദം ഉദ്ദേശിച്ചിട്ടില്ല. അതുകൊണ്ട് പരീക്ഷകയെപ്പോലെ എന്നും വായിക്കണം) ഒരാൾ രംഗപ്രവേശം ചെയ്യാറുണ്ട്.

ഈ ചിത്രം ഉയർത്തുന്ന ചോദ്യങ്ങൾ: 
എന്താണ് ഇത്തരക്കാർ ഉദ്ദേശിക്കുന്ന "ശാസ്ത്രീയം"?
ഒരുത്പന്നത്തെ "ശാസ്ത്രീയമായി തയ്യാറാക്കിയത്" എന്ന് വിളിക്കാനുള്ള യോഗ്യതയെന്ത്?
ശാസ്ത്രീയമായ ഉത്പന്നങ്ങളും അശാസ്ത്രീയമായ ഉത്പന്നങ്ങളും തിരിച്ചറിയാൻ വല്ല മാർഗ്ഗവുമുണ്ടോ?

ചിത്രം :4
പൊതുജനം ശാസ്ത്രത്തിനു പിറകെ പോകുമ്പോൾ ശാസ്ത്രജ്ഞർ പലരും കപടശാസ്ത്രമെന്നു പൊതുവെ കരുതപ്പെടുന്ന ജ്യോതിഷത്തിനും മറ്റും പിറകെ പോകുന്നത് കാണാം. ചൊവ്വയിലേക്കുള്ള ഭാരതത്തിന്റെ കുതിപ്പും തിരുപ്പതി ശ്രീവെങ്കടേശ്വരനും തമ്മിൽ അഭേദ്യ ബന്ധമുണ്ടാകുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്.

ഈ ചിത്രം ഉയർത്തുന്ന ചോദ്യങ്ങൾ: 
ഒരു ശാസ്ത്രജ്ഞൻ ഒരു ഭക്തനാകുന്നതിൽ തെറ്റുണ്ടോ?
ആത്മീയതയും ശാസ്ത്രവും ഒരു പാത്രത്തിൽ വിളമ്പാവുന്ന വിഭവങ്ങളാണോ?

ചിത്രം :5
ഭാരതത്തിന്റെ പല ഭാഗങ്ങളിലും മതാചാരങ്ങളുടെ ഭാഗമായി മൃഗബലി നടത്താറുണ്ട്. ഇതിനെ എതിർക്കുന്ന, അന്ധവിശ്വാസമെന്ന് പറഞ്ഞുതള്ളുന്ന പല ശാസ്ത്രസംഘടനകളും ശാസ്ത്രത്തിന്റെ പേരിൽ പല പരീക്ഷണശാലകളിലും മൃഗങ്ങളുടെ മുകളിലുള്ള പരീക്ഷണങ്ങളെ എതിർത്തുകാണുന്നില്ല. മൃഗങ്ങളിൽ പരീക്ഷിക്കപ്പെട്ട് മനുഷ്യന്റെ രോഗത്തിന് മരുന്നായി വിപണികളെ പുൽകുമ്പോൾ ഇത്തരം മരുന്നുകൾ ശാസ്ത്രീയമാണെന്ന് വ്യാഖ്യാനിക്കാൻ മടികാണിക്കാറുമില്ല.

ഈ ചിത്രം ഉയർത്തുന്ന ചോദ്യങ്ങൾ:
ശാസ്ത്രത്തിനുവേണ്ടി ഒരു ന്യായവും അശാസ്ത്രീയമായവയ്ക്ക് മറ്റൊരു ന്യായവും കല്പിക്കാമോ?
സാമൂഹികമായ നന്മയ്ക്കുവേണ്ടി മറ്റു ജീവജാലങ്ങളെ ഇല്ലാതാക്കാനുള്ള ലൈസൻസ് ശാസ്ത്രത്തിനുണ്ടോ?

ചിത്രം :6
പശ്ചിമഘട്ട സംരക്ഷണം എന്ന അജണ്ട മുൻനിർത്തി പശ്ചിമഘട്ടത്തെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച പരിസ്ഥിതിശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി റിപ്പോർട്ട് സമർപ്പിച്ചപ്പോൾ അതിനെ എങ്ങനെ നടപ്പാക്കണം എന്ന് പഠിക്കാൻ ആണവശാസ്ത്രജ്ഞനായ കസ്തൂരിരംഗൻ കമ്മറ്റി നിയോഗിക്കപ്പെട്ടു. ഈ രണ്ടു കമ്മറ്റികളും ശാസ്ത്രീയമായി ഇതിനെ പഠിച്ചപ്പോൾ രണ്ടു വ്യത്യസ്തമായ റിപ്പോർട്ടുകൾ (പല കാര്യങ്ങളിലും വിരുദ്ധമായ പരാമർശങ്ങൾ പോലുമുണ്ട്) പൊതുജനമദ്ധ്യത്തിൽ വന്നു.

ഈ ചിത്രം ഉയർത്തുന്ന ചോദ്യങ്ങൾ: 
ശാസ്ത്രീയമായി ഒരു പഠനം രണ്ടു വ്യക്തികൾ നടത്തിയാൽ അവ രണ്ടാകാമോ?
ശാസ്ത്രം വ്യക്ത്യധിഷ്ഠിതമാണോ?

ചിത്രം :7
മിസൈൽ ഗവേഷണത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒരു ശാസ്ത്രജ്ഞൻ ഇന്ത്യയുടെ പരമോന്നത സ്ഥാനത്ത് അവരോധിക്കപ്പെട്ടപ്പോൾ കുട്ടികളുമായുള്ള ഒരു സംവാദവേളയിൽ വെളിപാടുണ്ടാകുന്നു. ഇന്ത്യയിലെ എല്ലാ നദികളെയും ബന്ധിപ്പിച്ചാൽ ഇന്ത്യയിൽ വരൾച്ച ഇല്ലാതാക്കാമെന്നും ജനങ്ങളുടെ നീറുന്ന പ്രശ്നമായ ജലക്ഷാമത്തിന് അറുതി വരുത്താമെന്നും. തുടർന്ന് അദ്ദേഹം അതിനു വേണ്ടി കരുക്കൾ നീക്കിത്തുടങ്ങി. ഇന്നും ആ പരാമർശത്തിന്റെ യാഥാർത്ഥ്യവൽക്കരണഭീതിയിൽ കഴിയുന്നുണ്ട് ഭാരതം.

ഈ ചിത്രം ഉയർത്തുന്ന ചോദ്യങ്ങൾ:
തനിക്കവഗാഹമില്ലാത്ത ഒരു വിഷയത്തിൽ ഒരു ശാസ്ത്രജ്ഞൻ ആധികാരികമെന്നോണം അഭിപ്രായം പറയാമോ?
ഒരു ശാസ്ത്രജ്ഞന്റെ രാഷ്ട്രീയ പരാമർശങ്ങളും ശാസ്ത്രീയ പരാമർശങ്ങളും തിരിച്ചറിയാൻ എന്താണ് മാർഗ്ഗം?

ചിത്രം :8
പലതരം ചികിത്സാപദ്ധതികൾ കൊടികുത്തിവാഴുന്നിടമാണ് ഭൂമി. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി, യുനാനി, ഒറ്റമൂലി ചികിത്സ തുടങ്ങിയവ ചിലതുമാത്രമാണ്. എല്ലാ പദ്ധതികളും മറ്റു പദ്ധതികൾ തെറ്റാണെന്നും, ശരി അവരവരുടെ ഭാഗത്താണെന്നും വാദിക്കുന്നു.

ഈ ചിത്രം ഉയർത്തുന്ന ചോദ്യങ്ങൾ:
ഏതൊക്കെ ചികിത്സാപദ്ധതികളാണ് ശാസ്ത്രീയം? 
ഏതൊക്കെ ശാസ്ത്രീയമല്ല?
ഇന്നില്ലാത്ത ഒരു ചികിത്സാരീതി നാളെ വന്നാൽ അതിനെ ശാസ്ത്രീയമാണോ അല്ലയോ എന്ന് എങ്ങനെ തരംതിരിക്കാം?

ചിത്രം 9:
മന്ത്രവാദത്തിന്റെ പേരിൽ അക്രമങ്ങളും കൊലപാതകങ്ങളും വരെ നടക്കുന്ന വാർത്തകൾ പത്രത്താളുകളിൽ നിറയുന്നു.

ഈ ചിത്രം ഉയർത്തുന്ന ചില ചോദ്യങ്ങൾ
വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിർവരമ്പുകളെന്ത്?
വിശ്വാസവും അന്ധവിശ്വാസവും തമ്മിലെങ്ങനെ തിരിച്ചറിയാം (എല്ലാ വിശ്വാസങ്ങളും അന്ധമാണോ) ?

ശാസ്ത്രം അഭ്യസിക്കാൻ പോകുന്ന ഒരു വിദ്യാർത്ഥിയുടെ മുന്നിൽ, ശാസ്ത്രകല്പനകൾ ഗവേഷണത്തിൽ പ്രയോഗിക്കുന്ന ഒരു ഗവേഷകന്റെ മുന്നിൽ, ഞാൻ പുരോഗമനവാദിയായ ഒരു പൗരനാണെന്നു പറയുന്ന പൊതുജനത്തിലൊരുവനു മുന്നിൽ, ശാസ്ത്രം എന്ന ലേബലണിഞ്ഞ് ധാരാളം സങ്കല്പനങ്ങൾ മുന്നിലെത്തും. ഇതിൽ ഏതാണ് ശാസ്ത്രീയമെന്നും ഏതല്ല ശാസ്ത്രീയമെന്നും നാമറിയണമെങ്കിൽ ശാസ്ത്രം എന്താണെന്ന് സാനാന്യമായി മനസ്സിലാക്കേണ്ടതുണ്ട്.
(അവസാനിച്ചിട്ടില്ല...)

അഭിപ്രായങ്ങളൊന്നുമില്ല: