2014, ഫെബ്രുവരി 15, ശനിയാഴ്‌ച

വരൂ നമുക്ക് പ്രണയിക്കാം... ശാസ്ത്രീയമായി

പ്രണയത്തിന് ഒരർത്ഥാന്തരന്യാസമുണ്ടോ?
എങ്കിൽ എവിടെയാണ് അതിന്റെ സാമാന്യം?
പ്രണയത്തിന് ഒരു ശാർദ്ദൂലവിക്രീഡിതമുണ്ടോ?
എങ്കിൽ എവിടെയാണ് അതിന്റെ ഗോദാവരിക്കാട്?
                                         - ഡി വിനയചന്ദ്രൻ
 

വരൂ നമുക്ക് പ്രണയിക്കാം... ശാസ്ത്രീയമായി

മാനവപ്രണയത്തിന് മാനവരാശിയോളം പഴക്കമുണ്ട്. പ്രണയം ഒരു വികാരമാണെന്നായിരുന്നു എന്റെ ധാരണ 1997 ഫെബ്രുവരി 14 വരെ. അന്നാണ് പ്രണയം ഒരുത്സവമാണെന്ന് ഞാനറിയുന്നത്. അന്നാണ് പ്രണയിക്കാനൊരു ദിനമുണ്ടെന്നു ഞാൻ മനസ്സിലാക്കുന്നത്. എനിക്കുമാത്രമായിരുന്നില്ല ഈ അറിവില്ലായ്മ. ഞാൻ പഠിച്ചിരുന്ന കാമ്പസിലെ മുഴുവൻ വിദ്യാർത്ഥികളും ഈ അറിവില്ലായ്മയുടെ രുചി നുകർന്നവരാണ്. പ്രണയദിനം ഭാരതത്തിന്റെ മണ്ണിലെത്തുന്നത് 1992 ലാണെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. പുതിയ ട്രെണ്ടുകളൊക്കെ നഗരങ്ങളാണാദ്യം പുൽകുന്നതെന്ന ന്യായത്തിൽ, ഒരു ഗ്രാമീണ കാമ്പസിൽ അഞ്ച് വർഷത്തോളം വൈകിയാണ് ഈ ദിനമെത്തിയതെന്ന് ന്യായീകരിച്ചാശ്വസിക്കാം. ഏതായാലും അന്നുതൊട്ടിന്നോളംവരെ ഭാരതം കണ്ട പ്രണയദിനാഘോഷങ്ങൾ ഓരോ വർഷവും മുൻവർഷങ്ങളുടെ റിക്കാർഡുഭേദിക്കുന്നതാണ്.

 

പ്രണയദിനത്തിന്റെ ആഗോളചരിത്രം

വാലന്റൈൻ പുണ്യാളന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ടാണ് ഇന്ന് പ്രണയദിനം ആഘോഷിക്കപ്പെടുന്നത്. ഇതാദ്യം കേൾക്കുന്ന മാത്രയിൽ പ്രണയവും പാതിരിയും തമ്മിലെന്തുബന്ധം എന്നാണ് ഏതൊരുവനും ചിന്തിച്ചുപോവുക. ഏ.ഡി. മൂന്നാം നൂറ്റാണ്ടിൽ റോമിലെ ചക്രവർത്തി ക്ലോഡിയസ് രണ്ടാമൻ ശക്തമായ ഒരു പട്ടാളത്തെ കെട്ടിപ്പെടുക്കാൻ വഴികളെന്തെന്നാലോചിച്ചു. കുടുംബവും പ്രാരാബ്ദ്ധവുമൊന്നുമില്ലാത്ത ചുണക്കുട്ടന്മാരായ പോരാളികൾ തന്റെ പട്ടാളത്തിനത്യന്താപേക്ഷിതമാണെന്ന തോന്നലിൽ ചെറുപ്പക്കാരായ പട്ടാളക്കാരെ വിവാഹത്തിൽനിന്നു വിലക്കി. സ്നേഹത്തിലധിഷ്ഠിതമായാണ് ദൈവരാജ്യം കെട്ടിപ്പടുക്കുന്നതെന്ന് വിശ്വസിച്ചിരുന്ന റോമിലെ പാതിരിയായ വാലന്റൈൻ ഈ നിയമത്തിനെതിരെ ശബ്ദമുയർത്തുകയും രഹസ്യമായി യുവപട്ടാളക്കാരെ കല്ല്യാണം കഴിപ്പിക്കുകയും ചെയ്തു. രാജാവിന്റെ കോപത്തിന് പാത്രീഭൂതനായ അദ്ദേഹത്തിന്റെ പേർ രക്തസാക്ഷിപ്പട്ടികയിൽ അങ്ങനെ ഒരിടംകണ്ടു. രണ്ടു നൂറ്റാണ്ടുകൾക്ക് ശേഷം ( അതായത് ഏ.ഡി. അഞ്ചാം നൂറ്റാണ്ടിൽ) ഗെലേഷ്യസ് മാർപ്പാപ്പ ഫെബ്രുവരി 14 വാലന്റൈൻ ദിനമായി പ്രഖ്യാപിക്കും വരെ പള്ളിയുടെ വിസ്മരിക്കപ്പെടേണ്ടവരുടെ പട്ടികയിലും അദ്ദേഹമൊരിടം കണ്ടെത്തി. രണ്ടു നൂറ്റാണ്ടുകൾക്കു ശേഷം പെട്ടെന്നെന്തേ പള്ളിക്കിങ്ങനെ തോന്നാൻ എന്നു ചിന്തിക്കുന്നവർക്കായി ഒരു ഫ്ലാഷ്ബാക്ക്.

ഫലഭൂയിഷ്ടിയുടെ പാഗൻ ഉത്സവമായ ലുപെർകാലിയ (Lupercalia) കൃഷിയുടെ റോമൻ ദേവനായ ഫാനസിനെ (Faunus) സ്തുതിക്കാനും റോമിന്റെ സ്ഥാപകരായ റോമുലസിന്റെയും റെമുസിന്റെയും (Romulus and Remus) സ്മരണ പുതുക്കുവാനും വേണ്ടി കൊണ്ടാടപ്പെടുന്നതാണ്. ഐതിഹ്യപ്രകാരം ഒരു പെൺ ചെന്നായയാണ് റോമുലസിനെയും റെമുസിനെയും എടുത്തുവളർത്തിയത്. ഈ ഉത്സവദിനത്തിൽ പവിത്രമായ ഒരു ഗുഹയിൽ ഈ പെൺചെന്നായയ്ക്ക് ഒരാടിനെയും ഒരു പട്ടിയെയും ബലി കൊടുക്കും. ബലികൊടുത്ത ആടിന്റെ തൊലിയുരിഞ്ഞ് പുരോഹിതൻ തെരുവിലൂടെ ഘോഷയാത്രയായി പോകുമ്പോൾ വഴിനീളെ കന്യകമാരും യുവതികളും നിരന്നുനിൽക്കും. പുരോഹിതൻ ആടിന്റെ തൊലികൊണ്ടവരുടെ ദേഹത്ത് ചെറുതായൊന്നു പ്രഹരിക്കും. അതോടൊപ്പം വയലുകളിലും ഈ ആട്ടിൻതൊലി കൊണ്ട് മണ്ണിനെ സ്പർശിക്കും. ആട്ടിൻ തൊലിയുടെ പ്രഹരമേൽക്കുന്ന മണ്ണും പെണ്ണും ഫലഭൂയിഷ്ടമാകുകയും സമ്പൽസമൃദ്ധിയുടെ വിളനിലങ്ങളാവുകയും ചെയ്യുമെന്നാണ് വിശ്വാസം (മാൽതൂസിന്റെ സാമ്പത്തികസിദ്ധാന്തങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടില്ലാത്ത കാലമാണിതെന്നോർക്കണം. ജനസംഖ്യ വർദ്ധിക്കുമ്പോൾ സമ്പത്ത് കുറയുമെന്നാണ് ... കൂടുതൽ മക്കളുണ്ടായാൽ ദാരിദ്ര്യം കൂടുമെന്നാണ്...മാൽതൂസ് പറഞ്ഞത്. പക്ഷെ പ്രാചീനന്റെ അഭിപ്രായത്തിൽ കൂടുതൽ മക്കളുണ്ടായാൽ സമ്പത്ത് കൂടുമെന്നാണ്). ഉത്സവത്തിന്റന്ന് വൈകീട്ട് വിവാഹപ്രായമെത്തിയ കന്യകമാർ അവരുടെ പേരെഴുതിയ ചീട്ടുകൾ ഒരു പാത്രത്തിൽ നിക്ഷേപിക്കുകയും ചെറുപ്പക്കാർ അതിൽനിന്നൊരെണ്ണം നറുക്കിട്ടെടുക്കുകയും ചെയ്യും. അങ്ങനെ നറുക്കുവീഴുന്ന പെണ്ണ് ഒരു വർഷത്തേക്ക് അവന്റെ സഖിയായി കൂടെയുണ്ടാകും.

മേൽപ്പറഞ്ഞ പാഗൻ ഉത്സവമായ ലുപെർകാലിയയാണ് നാമിന്നാഘോഷിക്കുന്ന പ്രണയദിനത്തിന്റെ പ്രാക് രൂപം. വാലന്റൈൻ പുണ്യാളന്റെ രക്തസാക്ഷിത്വത്തിന് രണ്ടു നൂറ്റാണ്ടുകൾക്ക് ശേഷം ഗെലേഷ്യസ് മാർപ്പാപ്പ മതാധിപത്യത്തിന്റെ, ഉത്സവങ്ങളുടെ മതവത്കരണത്തിന്റെ ഭാഗമായാണ് വിസ്മൃതിയിലാണ്ട പുണ്യാളന്റെ പേര് വലിച്ചിഴച്ചത്.

എന്നാൽ 1969ൽ സഭ ഇടപെട്ടുനടത്തിക്കൊണ്ടിരുന്ന ഉത്സവങ്ങളുടെ പട്ടിക ചായക്കടയിലെ മാസപറ്റുപടി പോലെ നീണ്ടുവന്നപ്പോൾ അത് വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി അപ്രധാനമെന്ന് സഭയ്ക്ക് ബോദ്ധ്യപ്പെട്ട കുറേ ഉത്സവങ്ങളെ വെട്ടിമാറ്റി. വാലന്റൈൻ ദിനത്തിനെ ഉത്സവങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കുകയും പ്രണയദിനത്തിന്റെ ഔദ്യോഗികതയെ സഭ കയ്യൊഴിയുകയും ചെയ്തു. എന്നാൽ പണ്ടോറയുടെ പെട്ടിയെപ്പോലെ ഒരിക്കൽ തുറന്നുവിട്ട, ഒരിക്കൽ ജനങ്ങളുടെ ഹൃദയത്തിൽ തിരികൊളുത്തിവിട്ട ഈ ദിനത്തിന്റെ ലഹരി ആഗോളവത്കരണ വക്താക്കളുടെയും ഗ്രീറ്റിംഗ് കാർഡ് മുതലാളിമാരുടെയുമൊക്കെ ഇടപെടലിന്റെ ഭാഗമായി ഇന്നും സമൂഹത്തിൽ നിർലോഭം ആഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

പ്രണയദിനത്തിന്റെ ഇന്ത്യൻ ചരിത്ര, സാമ്പത്തിക പശ്ചാത്തലം


1992 ലാണ് ഇന്ത്യയിലാദ്യമായി പ്രണയദിനം അവതരിപ്പിക്കപ്പെടുന്നത്. എ ഡി അഞ്ചാം നൂറ്റാണ്ടിൽ ലോക അരങ്ങിൽ ഔദ്യോഗികമായി പിറവികൊണ്ട ഈ ദിനം ഇത്രയും വൈകി ഇന്ത്യയിലെത്താൻ പല കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
1.   1992 - ലാണ് ഇന്ത്യ നവലിബറൽ നയത്തിന്റെ പിടിയിലമരുന്നത്. ആഗോളവത്കരണ വക്താക്കളുടെ സാംസ്കാരിക അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇതിവിടെ അവതരിപ്പിക്കപ്പെടുന്നതെന്നാണ് ഒരു വാദം. ഈ വാദത്തിനൊരു മറുവാദമുള്ളത് മലയാളിയുടെ ഓണം ലോകത്തിന്റെ ഓണമായിട്ടില്ലെന്നും തമിഴന്റെ പൊങ്കൽ ലോകത്തിന്റെ പൊങ്കലായിട്ടില്ലെന്നതുമാണ്. ഒരു പക്ഷെ ഗ്ലാമറില്ലാത്തതുകൊണ്ടാവാം, ഇക്കിളിയുടെ ഒരംശമില്ലാത്തതുകൊണ്ടാവാം നമ്മുടെ ഉത്സവങ്ങളൊന്നും ആഗോളവത്കരണത്തിന്റെ മത്സരവേദികളിൽ തിളങ്ങാതെ തഴയപ്പെട്ടത്.
2.      തോമസ് ഹാർഡിയുടെ "ഭ്രാന്തമായ ആൾകൂട്ടത്തിൽനിന്നുമകലെ" (Far From The Madding Crowd) എന്ന നോവൽ 1992-ലാണ് സി ബി എസ് ഇ സിലബസിന്റെ ഭാഗമാക്കുന്നത്. അതിൽ വലന്റൈൻ ദിനത്തിന്റെ വിശദമായ വിവരണമുണ്ട്. ഇന്ത്യൻ യുവഹൃദയങ്ങളെ ഇളക്കിമറിച്ചത് ഈ നോവലാണ് എന്നതാണ് മറ്റൊരു വാദം. ഇതിനൊരു മറുവാദമുന്നയിക്കാവുന്നതിതാണ്: സിലബസിന്റെ ഭാഗമായി പഠിക്കുന്ന നോവലുകളൊന്നും ഹൃദയത്തിൽ തറച്ച അനുഭവം നമുക്കില്ല. ( എം.ടി യുടെ "മഞ്ഞ്" സിലബസിന്റെ ഭാഗമായി പഠിച്ചപ്പോൾ ആകർഷണീയമായിരുന്നില്ലെങ്കിലും വർഷങ്ങൾക്കു ശേഷം വീണ്ടും വായിച്ചപ്പോൾ അതീവഹൃദ്യമായ ഒരു അനുഭവമായിരുന്നു ). വിക്കിപ്പീഡിയയിൽ ആധാരമില്ലാതെ ഉദ്ധരിച്ചതിനാൽ ഈ വാദം തള്ളിക്കളയാമെന്നു തോന്നുന്നു.
3.  നവലിബറൽ നയങ്ങൾ വാതിൽതുറന്നത് അതിവിശാലമായ ആഗോളമാർക്കറ്റിന്റെ കാൻവാസിലേക്കാണ്. "ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം" എന്ന മൂലമന്ത്രത്തിൽ അടിയുറച്ച് വിശ്വസിച്ചിരുന്ന ഗ്രീറ്റിംഗ് കാർഡ്, ചോക്കലേറ്റ് മുതലാളിമാരുടെ കുടിലതന്ത്രങ്ങൾ മെനയുന്ന ബുദ്ധിയുടെ സൃഷ്ടിയാണ് പ്രണയദിനമെന്നത് മറ്റൊരു വാദമാണ്. സ്വർണ്ണപ്രഭയാൽ കണ്ണുമഞ്ഞളിച്ചുപോയ സ്വർണ്ണക്കച്ചവട മുതലാളിമാർ സൃഷ്ടിച്ചെടുത്ത "അക്ഷയതൃതീയ" പോലെ മറ്റൊരാഭാസം. പ്രതിവർഷം 400 കോടിരൂപയുടെ കച്ചവടമാണ് (2011 ലെ കണക്ക്) ഇന്ത്യൻ മാർക്കറ്റിൽ ഗ്രീറ്റിംഗ് കാർഡുകളുടെത്. ഇതിൽ പകുതിയും "ആർച്ചീസ്" എന്ന കമ്പനിയുടെതാണ്. കാർഡുകൾ കൂടാതെ പ്രനയദിനത്തിൽ കച്ചവടമേറുന്നത് ചോക്കലേറ്റിനും റസ്റ്റോർന്റിനും റോസാപ്പൂവിനുമൊക്കെയാണ്. കോഴിപൊരിച്ചതിനോഡറു കൊടുത്താൽ കോഴിയെപ്പിടിക്കാനോടുന്ന പഞ്ചനക്ഷത്ര ഹോട്ടലുകൾ പ്രണയദിനത്തിൽ ഒന്നിനു പകരം രണ്ടു മണിക്കൂറെടുത്തു മാത്രമേ ഓർഡർ പൂർത്തിയാക്കാറുള്ളൂ (ഇത് കാമുകീകാമുകന്മാരെ ആകർഷിക്കാനുള്ള മറ്റൊരു നമ്പറാണ്) എന്ന് പരിചിതസുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു.

കാരണങ്ങളെന്തൊക്കെയായാലും പ്രണയദിനം ഇന്ത്യൻ യുവമനസ്സുകളിലിടം പിടിച്ചിരിക്കുന്നു. പ്രണയദിനത്തിന്റെ ആഗോള കച്ചവടത്തിൽ പ്രധാനപ്പെട്ട, ഒഴിച്ചുകൂടാനാവാത്ത ഒരു സ്ഥാനം ഇന്ത്യൻ വിപണി കയ്യടക്കിയിരിക്കുന്നു. ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുന്ന ഈ ചെലവ് മുതലാളിമാരുടെ പോക്കറ്റിലേക്കെത്തുന്നതിനാൽ പ്രണയദിനത്തിന്റെ മൊഞ്ചും മോടിയും കൂട്ടാൻ പുതിയ തന്ത്രങ്ങളുമായി നിത്യവും അവർ രംഗത്തിറങ്ങിക്കൊണ്ടിരിക്കുന്നു. പുതിയ തന്ത്രങ്ങളുമായി പ്രണയദിനത്തിന്റെ മത്സരവേദികളിൽ തിളങ്ങിനിൽക്കാൻ ലോകത്തെമ്പാടുമുള്ള പ്രണയദിനങ്ങളിലെ വൈവിദ്ധ്യം ഇന്ത്യൻ മണ്ണിലും ഇവർ നാളെ പരീക്ഷിച്ചെന്നിരിക്കാം. ഉദാഹരണത്തിന് ജപ്പാനിൽ ഫെബ്രുവരി 14 കാമുകിമാർ കാമുകന്മാർക്കു സമ്മാനം കൊടുക്കുന്ന ദിനമാണ്. മാർച്ച് 14ന് കാമുകിമാരുടെ കടാക്ഷത്തിന് പാത്രീഭൂതരായ കാമുകന്മാർ കാമുകിമാർക്ക് വെള്ള അടിയുടുപ്പുകൾ സമ്മാനിക്കുന്ന ദിനമാണ് ( ശുഭ്രദിനം ). കൊറിയക്കാർ ഈ ലിസ്റ്റിൽ ഒരുദിനം കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്. കാമുകിമാരുടെ കടാക്ഷമേൽക്കാത്ത നിരാശാകാമുകന്മാർ കറുത്ത നൂടിൽസ് കഴിക്കുന്ന കരിദിനം ഇവർ ഏപ്രിൽ 14ന് ആഘോഷിക്കും ("Every Dog has a day" എന്നല്ലേ പഴമൊഴി!). അമേരിക്കയിലുള്ളതുപോലെ പ്രണയവാരം (ഫെബ്രുവരി 7നു തുടങ്ങുന്ന റോസ് ദിനം മുതൽ പ്രണയാപേക്ഷാദിനം, ചോക്കലേറ്റ് ദിനം, ടെഡ്ഡി ദിനം, വാഗ്ദാനദിനം, ചുംബന ദിനം, ആശ്ലേഷാദിനം എന്നിങ്ങനെ ഫെബ്രുവരി 14ന് പ്രണയദിനത്തിൽ സമാപിക്കുന്നു) നാളെ ഇവിടെയും അവതരിപ്പിക്കപ്പെട്ടേക്കാം (എല്ലാവർക്കും പണമുണ്ടാക്കണ്ടേ മാഷേ? സോഷ്യലിസം എന്നാൽ ഇതൊക്കെയല്ലേ?). ഇപ്പറഞ്ഞതൊന്നുമല്ലാതെ പുതിയ തന്ത്രങ്ങളുമായി ഇക്കൂട്ടർ അരങ്ങത്തെത്തിയാലും അദ്ഭുതപ്പെടാനില്ല.

പ്രണയം പരിണാമത്തിന്റെ വെളിച്ചത്തിൽ


മനുഷ്യനും ചിമ്പാൻസികൾക്കും പൊതുപൂർവികരാണുള്ളതെന്നത് പരിണാമത്തിന്റെ വക്താക്കളിൽ പൊതുസമ്മതിയുള്ള വസ്തുതയാണ്.  ഈ പൊതുപൂർവികനെ നമുക്ക് ചിമ്പൻ എന്നു തത്കാലം വിളിക്കാം. ചിമ്പനിൽനിന്നും മനുഷ്യനിലേക്കുള്ള യാത്രയിൽ മർമ്മപ്രധാനമായ ചില തീരുമാനങ്ങൾ മനുഷ്യനെടുക്കേണ്ടിവന്നിട്ടുണ്ട്. അതിലൊന്ന് നിലത്തിറങ്ങാനുള്ള തീരുമാനമാണ്. മരങ്ങളുടെ കൊമ്പിൽതൂങ്ങി ചാഞ്ചാടിക്കളിച്ചിരുന്ന, മരങ്ങൾ വച്ചുനീട്ടിയ കായ്കനികൾ ഭക്ഷിച്ചിരുന്ന, നിദ്രവന്നു വിളിച്ചപ്പോൾ മരത്തിന്റെ പരുപരുത്ത കൊമ്പത്ത് തലചായ്ക്കാനൊരിടം തേടിയിരുന്ന ചിമ്പൻ നിലത്തിറങ്ങി നിവർന്ന് നടക്കാൻ തീരുമാനിച്ചപ്പോൾ അവനെ കാത്തിരുന്ന വെല്ലുവിളികൾ നിരവധിയാണ്. ഭക്ഷണമായിരുന്നു പ്രധാന വെല്ലുവിളി. ഈ വെല്ലുവിളി സ്വതവേ സസ്യാഹാരിയായിരുന്ന അവൻ നേരിട്ടത് നിലനില്പിനു വേണ്ടി മാംസാഹാരിയായിക്കൊണ്ടാണ്. മാംസാഹാരികൾക്ക് ജന്മനാ ഉണ്ടായിരുന്ന ശാരീരികമികവിന്റെ പോരായ്മ വേട്ടയാടുന്നതിന് വെല്ലുവിളിയായി. ഈ പോരായ്മ അവൻ നികത്തിയെടുത്തത് അവന്റെ തലച്ചോറിന്റെ വലിപ്പം കൂട്ടുന്നതിലൂടെയാണ്. നായാട്ടിന് പൂർണ്ണമായും ശരീരത്തെയാശ്രയിക്കാതെ ആയുധങ്ങൾ വികസിപ്പിച്ചെടുക്കുന്നതിലൂടെയാണ്. ഭക്ഷണം സ്വാർത്ഥമായ ഒരു ഏർപ്പാടാക്കതെ സഹകരണത്തിന്റെ, കൂട്ടായ്മയുടെ ഒരുത്പന്നമാക്കുന്നതിലൂടെയാണ്.

വലിപ്പമേറിയ തലച്ചോറ്, ന്യൂറോണുകളുടെ സാന്ദ്രതകൊണ്ട് മറ്റേത് ജീവിയെക്കാളും മികച്ച തലച്ചോറ്, പരിണാമത്തിലൂടെ വികസിപ്പിച്ചെടുക്കാൻ മറ്റു ജീവികളെയപേക്ഷിച്ച് ദൈർഘ്യമായ ഒരു ശൈശവഘട്ടം മനുഷ്യന്റെ വളർച്ചയ്ക്ക് ആവശ്യമായി വന്നു. തലച്ചോറ് വളർത്താനും നിലനില്പിന്റെ വിദ്യകളഭ്യസിപ്പിക്കാനും ഈ ദൈർഘ്യമേറിയ ശൈശവം അത്യന്താപേക്ഷിതമായി വന്നു. മാതാപിതാക്കൾ പ്രഥമ ഗുരുക്കന്മാരായി കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതായി വന്നു. പ്രസവവും ഇളം പൈതലുകളുടെ ശുശ്രൂഷയും നായാടുന്നതിൽ നിന്നും സ്ത്രീയെ വിലക്കിയപ്പോൾ നായാട്ടുകൂട്ടങ്ങൾ പുരുഷാധിപത്യത്തിന്റെ വിളനിലങ്ങളായി.

ഈ സാഹചര്യങ്ങൾ മനുഷ്യനു മുന്നിൽ നിരത്തിവച്ച പ്രശ്നങ്ങൾ നിരവധിയാണ്.
1. ഭക്ഷണം കൂട്ടായ്മയുടെ ഉത്പന്നമായതുകൊണ്ട്, പുരുഷന്റെ കടമയായതുകൊണ്ട്, ശാരീരികമായി കുറഞ്ഞശേഷിയുള്ള പുരുഷന്മാരെക്കൂടി  നായാട്ടിൽ ഭാഗഭാക്കാക്കേണ്ടതുണ്ട്. കൂട്ടത്തിലേറ്റവും മിടുക്കന് എല്ലാ പെണ്ണും എന്ന ചിമ്പന്റെ പ്രാകൃതമായ രീതി തുടർന്നാൽ നായാട്ടിലെ കൂട്ടായ്മയും സഹകരണവും താറുമാറാകും. ശാരീരികശേഷി കുറഞ്ഞ മനുഷ്യനും ലൈംഗികപരമായി ഒരു സ്ഥാനം സമൂഹത്തിൽ കൊടുക്കേണ്ടതായി വന്നു. ലൈംഗികചോദനകൾ പൂർത്തീകരിക്കാൻ ജനാധിപത്യപ്രക്രിയകൾ ആവശ്യമായി വന്നു.
2. നായാട്ടിനു വേണ്ടി ആയുധങ്ങൾ വികസിപ്പിച്ചെടുത്തതിനാൽ ആയുധധാരിയായ പുരുഷൻ അപകടകാരിയായി. നായാട്ടുകഴിഞ്ഞു വരുന്ന പുരുഷൻ സ്ത്രീക്കും കുട്ടിക്കും ഭീഷണിയാണ്.
3. ദീർഘമായ ശൈശവവും വിദ്യാഭ്യാസവും മാതാവിന്റ മാത്രം ധർമ്മമായി ചുരുക്കാനാവില്ല. നായാട്ടിന്റെ പ്രാവർത്തിക അറിവും പ്രായോഗികജ്ഞാനവും പുരുഷന്റെ മേൽകോയ്മയായിരുന്നതിനാൽ വിദ്യാഭ്യാസത്തിൽ പുരുഷന്റെ സഹായം അവശ്യമായി. മാതാപിതാക്കൾ അവരവരുടെ കുട്ടികളോടുള്ള കടമകൾ നിർവഹിക്കാതെ തലമുറകളെ ശാക്തീകരിക്കാനാകില്ല.

മേല്പറഞ്ഞ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം മനുഷ്യൻ കണ്ടെത്തിയത് ഇണയിലും പ്രണയത്തിലുമാണ്. ഒരു പെണ്ണിനോട് മാത്രം അടുപ്പമുണ്ടാക്കാൻ, താൻ നായാട്ടിനു പോകുന്ന തക്കത്തിന് മറ്റൊരു പുരുഷനും തന്റെ പെണ്ണിനെ സ്വന്തമാക്കാതിരിക്കാൻ, നായാട്ടുകഴിഞ്ഞ് തിരിച്ചുവരാൻ ഒരു പ്രേരണയാകാൻ, തന്റെ കുഞ്ഞിനെ തന്നെക്കാൾ കഴിവുള്ളവനാക്കാനുള്ള വിദ്യകളഭ്യസിപ്പിക്കാൻ, കുഞ്ഞുങ്ങളെ വളർത്തുന്നതിൽ പെണ്ണിന് തുണയാകാൻ പ്രണയം അത്യന്താപേക്ഷിതമായി. നിലനില്പിനുവേണ്ടി പ്രണയത്തിലേക്ക് പരിണമിച്ചവനാണ് മനുഷ്യൻ എന്നു പരിണാമശാസ്ത്രം നമ്മെ പഠിപ്പിക്കുന്നു.


പ്രണയം ജീവശാസ്ത്രത്തിന്റെ വീക്ഷണത്തിൽ


അമ്മയുടെ ഗർഭപാത്രത്തിന്റെ സംരക്ഷണത്തിന്റെ സുഖം വെടിഞ്ഞ്, കരഞ്ഞുകൊണ്ട് ലോകത്തിന്റെ തീക്ഷ്ണാനുഭവങ്ങളിലേക്കെടുത്തെറിയപ്പെടുന്ന ഒരു കുഞ്ഞ് പ്രാരംഭദിശയിൽ മാതാവിനോട് കൂടുതൽ അടുപ്പം കാണിച്ച് തുടങ്ങുന്നു. പിന്നീട് പിതാവിലേക്കും കുടുംബാംഗങ്ങളിലേക്കും ഈയടുപ്പത്തിന്റെ കണ്ണികൾ നീളുന്നു. എന്നാൽ ശൈശവത്തിന്റെ അന്വേഷണങ്ങളുടെ, പര്യടനത്തിന്റെ (Exploration) ഘട്ടത്തിൽ ഈ അടുപ്പം ഒരു തടസ്സമാകയാൽ മാതാവിന്റെ കരലാളനത്തിന് വെളിയിലെത്താൻ താല്പര്യമുണ്ടാകും. പ്രായപൂർത്തിയെത്തുമ്പോൾ തന്റെ വ്യക്തിത്വത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. ഒറ്റപ്പെടലിന്റെ, ഏകാന്തതയുടെ ചുറ്റുപാടുകളെ ആഗ്രഹിക്കുന്ന ഈ വേളയിൽ കുടുംബാംഗങ്ങളോടൊപ്പം താമസിക്കുന്നുവെങ്കിലും അവരിൽനിന്നന്യനായി, തനതായ ഒരു വ്യക്തിത്വത്തിന്റെ വളർച്ചയിലേക്ക് അവൻ വികസിക്കുന്നു.

ഒരു ശിശുവിൽനിന്നും ബാലകനിലേക്കും പിന്നീട് പുരുഷനിലേക്കുമുള്ള ഈ പകർന്നാട്ടത്തിൽ പ്രബലമായിട്ടുള്ള ഭാവങ്ങൾ ശ്രദ്ധയാകർഷിക്കുന്നതാണ്. ശൈശവത്തിന്റെ നിഷ്കളങ്കതയിൽ "എന്നെ ഉപേക്ഷിക്കരുതേ, മുറുകെപ്പിടിക്കണേ" എന്ന ഭാവമാണ് പ്രകടം. ഈ ഭാവത്തിൽ ആശ്ലേഷത്തിന്റെയും ആലിംഗനത്തിന്റെയും സുഖാനുഭവത്തിന്റെ പറുദീസ തേടുന്നു. ബാലകനിലെത്തുമ്പോൾ "എന്നെയൊന്ന് താഴെയിറക്കൂ, ഞാനീ ലോകമൊന്നു പഠിക്കട്ടെ" എന്ന ഭാവത്തിലേക്ക് കുട്ടി വികസിക്കുന്നു. പ്രായപൂർത്തിയെത്തുന്നതോടെ "എന്നെയൊന്ന് വെറുതെ വിടൂ, ഞാൻ കൊച്ചുകുട്ടിയല്ല, സമൂഹത്തിൽ ഒരു തനത് വ്യക്തിത്വമാണ് ഞാൻ" എന്ന ഭാവമാണ് മുറ്റി നിൽക്കുന്നത്.

ഈ മൂന്നാം ഘട്ടത്തിന്റെ തീക്ഷ്ണമായ ഏകാന്തതയിൽ മടുപ്പുണ്ടാകുമ്പോഴാണ് ശൈശവത്തിന്റെ നിഷ്കളങ്കതയിലേക്ക്, മാതാപിതാക്കന്മാരുടെ ലാളനത്തിന്റെ സുഖാനുഭൂതിയിലേക്ക് ഒരു മടക്കയാത്രയ്ക്ക് മനസ്സാഗ്രഹിക്കുന്നത്. കൂട്ടുകൂടാനൊരിണയെ തേടുന്നത് ഈയവസരത്തിലാണ്. തനിക്കിഷ്ടമുണ്ടായിരുന്ന അമ്മയുടെ ഗുണങ്ങളോടുകൂടിയ ഒരുത്തിയെ ആണും, തന്നിൽ മതിപ്പുളവാക്കിയ അച്ഛന്റെ സ്വഭാവവിശേഷങ്ങളോടു കൂടിയ ഒരുത്തനെ പെണ്ണും തേടുന്നതീ വേളയിലാണ്. "എന്നെ മുറുക്കെപ്പിടിക്കൂ, വിട്ടുകളയല്ലേ" എന്ന ഭാവമാണ് ഈ അന്വേഷണത്തിന്റെ കാതൽ.

അതുകൊണ്ട് ജീവശാസ്ത്രപരമായി പ്രണയം ശൈശവത്തിന്റെ പുനരവതാരമാണ്. അതുകൊണ്ടാണ് ശൈശവത്തിന്റെ ചേഷ്ടകളായ കൊഞ്ചലും, ആശ്ലേഷവും, നിഷ്കളങ്കതയും, സാമീപ്യമാഗ്രഹിക്കലും, സാമീപ്യമില്ലാതാകുമ്പോളുള്ള കരച്ചിലും, കമുകനോടോ കാമുകിയോടോ ഉള്ള സ്വാർത്ഥമായ വാശിയും ഒക്കെ പ്രണയചേഷ്ടകളാകുന്നത്.


പ്രണയം രസതന്ത്രത്തിന്റെ കാഴ്ചപ്പാടിൽ


സഞ്ചരിക്കുന്ന മൂലകപ്പട്ടികയാണ് മനുഷ്യശരീരം. 60-ഓളം മൂലകങ്ങളുണ്ടാക്കുന്ന തന്മാത്രകളുടെ ഒരു നിബിഡവനം. അനേകായിരം രാസപ്രവർത്തനങ്ങൾ പരസ്പരബന്ധിതമായി പരസ്പരപൂരകമായി അനുസ്യൂതം നടന്നുകൊണ്ടിരിക്കുന്ന ഒരദ്ഭുത ഫാക്ടറി. നമ്മുടെ ചിന്തകളും വികാരങ്ങളും വിക്ഷോഭങ്ങളുമെല്ലാം ഈ രാസപ്രക്രിയയുടെ ഭാഗഭാക്കാണ്. നാഡീസന്ധികളിൽ (Synapse) ഉത്പാദിപ്പിക്കപ്പെടുന്ന ന്യൂറോട്രാൻസ്മിറ്ററുകളാണ് (Neuro Transmitters) വികാരങ്ങൾക്ക് കാരണമായി ഇന്നെണ്ണുന്നത്. പ്രണയമെന്ന വികാരത്തിന് പിന്നിലും ധാരാളം ന്യൂറോട്രാൻസ്മിറ്ററുകളുടെ സംയുക്ത സഹകരണ പ്രവർത്തനങ്ങൾ കാണാം.



ന്യൂറോ ട്രാൻസ്മിറ്ററുകൾ
ഒരു വ്യക്തി പ്രണയത്തിലകപ്പെടുമ്പോൾ ക്രമമായി കടന്നുപോകുന്ന മൂന്നു ഘട്ടങ്ങളുണ്ട്.

1. ലൈംഗികാകർഷണ ഘട്ടം (Lust)
സ്ഥൂലമായി ഒരാണും പെണ്ണും തമ്മിലുള്ള പരസ്പരാകർഷണം സൂക്ഷ്മതലങ്ങളിൽ പുരുഷഹോർമോണായ ടെസ്റ്റോസ്റ്റീറോണും (Testosterone) സ്ത്രീഹോർമോണായ ഈസ്ട്രജനും (Estrogen) തമ്മിലാണ്. ഏതൊരു വ്യക്തിയിലും ഈ രണ്ടു ഹോർമോണുകളും ഏറിയും കുറഞ്ഞും അവയുടെ സാന്നിദ്ധ്യമറിയിക്കാറുണ്ട്. പുരുഷഹോർമോണിനെക്കാൾ സ്ത്രീഹോർമോൺ ഒരാളുടെ ശരീരത്തിലധികരിച്ചിരുന്നാൽ, വാക്കിലും നടപ്പിലും ചിന്തയിലുമൊക്കെ ഒരു സ്ത്രൈണതയുണ്ടാകും. ആന്തരികമായി അയാൾ സ്ത്രീ ആണ്. അതേസമയം വാക്കിലും നോക്കിലും ചിന്തയിലുമൊക്കെ പൗരുഷത്തിന്റെ, ടെസ്റ്റോസ്റ്റീറോണിന്റെ തനതുഭാവങ്ങൾ പ്രകടമായിരുന്നാൽ അയാൾ ആന്തരികമായി പുരുഷനാണ്. പുരുഷ ലൈംഗികാവയവങ്ങളുടെ സാന്നിദ്ധ്യമൊന്നുകൊണ്ടു മാത്രം ഒരാൾ പുരുഷനാകുന്നില്ല, മറിച്ചും. ബാഹ്യാന്തരീക ലിംഗസാന്നിദ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ പുരുഷൻ, സ്ത്രൈണപുരുഷൻ, പൗരുഷപുരുഷൻ, സ്ത്രീ, പൗരുഷസ്ത്രീ, സ്ത്രൈണസ്ത്രീ എന്നിങ്ങനെ ലിംഗഭേദം കല്പിക്കാം. (മിക്കവരിലും സ്ത്രൈണ, പൗരുഷ ചിന്തകൾ മാറിമാറി മനസ്സിന്റെ രംഗവേദികളിൽ അരങ്ങത്തുവരാറുണ്ട്. അത്തരത്തിലുള്ളവരാണ് സ്ത്രീ, പുരുഷൻ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ചില പുരുഷന്മാരിൽ സ്ത്രൈണചിന്തകൾ ഒരിക്കലും പ്രത്യക്ഷത്തിൽ വരാതെയുണ്ടെങ്കിൽ അത്തരക്കാരാണ് പൗരുഷപുരുഷന്മാർ) ഭരണഘടനയുടെ 377-ആം വകുപ്പ് സജീവമായി ചർച്ചചെയ്യപ്പെടുന്ന ഈ കാലഘട്ടത്ത് ലിംഗഭേദത്തിന്റെ പുനർനിർവചനം വളരെ പ്രസക്തമാണ്. രസതന്ത്രത്തിന്റെ വെളിച്ചത്തിൽ സ്ത്രീഹോർമോണും പുരുഷഹോർമോണും തമ്മിൽ മാത്രമേ പ്രണയമുണ്ടാകുന്നുള്ളൂ (ബാഹ്യമായി അത് ആണും പെണ്ണും തമ്മിലോ ആണും ആണും തമ്മിലോ പെണ്ണും പെണ്ണും തമ്മിലോ ആകാം. അതുകൊണ്ട് തുടർന്നങ്ങോട്ട് ആണ് എന്നതുകൊണ്ടർഥമാക്കുന്നത് ആന്തരികമായി ടെസ്റ്റോസ്റ്റീറോൺ അധികരിച്ച വ്യക്തിയെയാണ്).


ലിംഗഭേദം രസതന്ത്രത്തിന്റെ കണ്ണിൽ
പ്രണയത്തിന്റെ ആദ്യഘട്ടമായ ലൈംഗികാകർഷണഘട്ടത്തിന്റെ പ്രത്യേകത ആകർഷണം ഒരു വ്യക്തിയിൽ കേന്ദ്രീകരിച്ചതല്ലെന്നതാണ്. ഒരു പെണ്ണിനെ കാണുമ്പോൾ പ്രേമിക്കണമെന്നു തോന്നുന്ന, അടുത്ത പെണ്ണിനെ കാണുമ്പോൾ അവളെയും പ്രേമിക്കണമെന്നു തോന്നുന്ന അവസ്ഥ. മിക്കവാറും എല്ലാവരും (ആണായാലും പെണ്ണായാലും) ഈ ഒരവസ്ഥയിലൂടെ ജീവിതത്തിലൊരിക്കലെങ്കിലും കടന്നുപോകും. അതുകൊണ്ട് ഈ ഘട്ടത്തെ പ്രത്യക്ഷമായി പ്രണയമെന്നു വിളിക്കാനാകില്ല.

2. ആകർഷണം (Attraction, Infatuation)

ധാരാളം എതിർലിംഗക്കാരോട് തോന്നുന്ന വികാരം ഒരാളിലേക്ക് ചുരുങ്ങുമ്പോഴാണ് പ്രണയത്തിന്റെ രണ്ടാം ഘട്ടത്തിന്റെയാരംഭം. മോണോ അമീനുകളുടെ അനിയന്ത്രിതമായ ഒഴുക്ക് ഈ ഘട്ടത്തിലുണ്ടാകും. നമ്മെ ആവേശഭരിതരാക്കിക്കൊണ്ട് സെറോട്ടോണിൻ, നോർ എപ്പിനെഫ്രിൻ (Serotonin, Nor-Epinephrine) എന്നീ ന്യൂറോട്രാൻസ്മിറ്ററുകൾ സാന്നിദ്ധ്യമറിയിക്കുമ്പോൾ, സന്തോഷത്തിന്റെ ഭാസുരമണ്ഡലങ്ങളിലേക്ക് ഡോപ്പമിൻ (Dopamine) നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു. ഈ ന്യൂറോട്രാൻസ്മിറ്ററുകളുടെയൊക്കെ കടിഞ്ഞാൺ ഫീനൈൽ ഈഥൈൽ അമീൻ (Phenyl Ethyl Amine, PEA) എന്ന തന്മാത്ര വഹിക്കുന്നു. പ്രണയത്തിന്റെ സുന്ദരസുരഭില മുഹൂർത്തങ്ങൾ ഈ പ്രണയതന്മാത്രയുടെ നിയന്ത്രണത്തിലാണ്. ഒരിടങ്കണ്ണേറു മതി, ഒരു സ്പർശനമോ ഒരു തലോടലോ മതി, കാമുകിയുടെയോ കാമുകന്റെയോ ശബ്ദം തരംഗസന്ദേശമായി മൊബൈലിന്റെ സിരകളിലൂടൊഴുകി കർണ്ണപുടത്തിലേക്ക് ഒരു കിളിനാദമായെത്തിയാൽ മതി പി.ഇ.എ ഉത്തേജിതമാവാൻ (പ്രണയത്തിലായിരുന്ന എന്റെയൊരു സുഹൃത്തിന് തുടരെത്തുടരെ മിസ്ഡ് കോൾ വന്നുകൊണ്ടിരുന്നു. തിരിച്ചുവിളിക്കാത്തതെന്തെന്ന് ചോദിച്ചപ്പോളവൾ പറഞ്ഞത് ഒരാളെ മിസ് ചെയ്യുമ്പോഴാണ് മിസ്ഡ് കോൾ അടിക്കുന്നതെന്നും പ്രണയത്തിന്റെ തീവ്രതയളക്കുന്നത് മിസ്ഡ് കോളിന്റെ എണ്ണം കൊണ്ടാണെന്നാണ്). ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ ഒരുവനെ ഒറ്റനോട്ടം കൊണ്ട് കവിയും കാമുകനും ഭ്രാന്തനുമാക്കി മാറ്റി കാലത്തിന്റെ അനന്തമായ ഭ്രമണപഥത്തിലേക്ക് ചുഴറ്റിയെറിയുന്ന അനുഭവം പ്രണയതന്മാത്രയുടെ ലീലാവിലാസമാകാതെ വയ്യ.

ചോക്കലേറ്റ്, സ്ട്രോബെറി എന്നിവയിലൊക്കെ പി.ഇ.എ എന്ന പ്രണയതന്മാത്രയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നു. പ്രണയവും ചോക്കലേറ്റും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന് ഇത് ഒരു കാരണമായിരിക്കാം.

കണ്ണിലെ തിളക്കം, ഉള്ളംകൈ വിയർക്കൽ, സംസാരത്തിന് വിക്കൽ, ഹൃദയം പടപടാന്ന് മിടിക്കൽ, ശ്വാസോച്ഛ്വാസം ആഴത്തിലാവൽ, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, ശ്രദ്ധക്കുറവ് എന്നിവയൊക്കെ പ്രണയത്തിന്റെ ലക്ഷണങ്ങളാണ്. പ്രണയതന്മാത്രയുടെ വരവറിയിക്കലാണ്.

പ്രണയത്തിന്റെ സ്ഥൂലതലങ്ങളിൽ മാത്രമല്ല, സൂക്ഷ്മ തലങ്ങളിലും ഒരു വില്ലനുണ്ട്. തലച്ചോറാണ് വില്ലൻ പരിവേഷവുമായി പ്രണയത്തിന്റെ സുന്ദരമുഹൂർത്തങ്ങൾക്ക് തടയിടാനെത്തുന്നത്. 6 മാസം മുതൽ 3 വർഷം കൊണ്ട് പ്രണയതന്മാത്രയുമായി തലച്ചോറ് പൊരുത്തപ്പെടും. പൊരുത്തപ്പെട്ടുകഴിഞ്ഞാൽ പിന്നീട് പ്രണയതന്മാത്ര വന്നലും "പോയി പണിനോക്കടേയ്..." എന്ന ഭാവത്തിൽ തലച്ചോറിരിക്കും. പ്രണയത്തിന് അന്ത്യം കുറിക്കുന്ന മുഹൂർത്തമായെന്ന് ചുരുക്കം.

3. അടുപ്പം (Attachment)

പ്രണയതന്മാത്രയോട് തലച്ചോറ് പൊരുത്തപ്പെട്ടുകഴിഞ്ഞാൽ പ്രണയത്തിന്റെ മൂന്നാം ഘട്ടത്തിന്റെ ആരംഭമായി. ഈ ഘട്ടത്തിന്റെ അണിയറശില്പികൾ ഓക്സീടോസിൻ(Oxytosine), വാസോപ്രെസിൻ (Vassopresin) എന്നീ രാസികങ്ങളാണ്.

ഒരിളം കുഞ്ഞിനെ കാണുമ്പോൾ, അതിന്റെ നിഷ്കളങ്കമായ ചിരിയും ദൈവികമായ കണ്ണും കാണുമ്പോൾ എടുത്ത് തലോലിക്കാൻ തോന്നുന്നത്, രോമാവൃതമായ ഒരു പട്ടിക്കുട്ടിയുടെ മൃദുല രോമങ്ങളിലൂടൊന്നു വിരലോടിക്കാൻ തോന്നുന്നത് ഓക്സിടോസിൻ എന്ന ആലിംഗനരാസികത്തിന്റെ (Cuddling Chemical) സാന്നിദ്ധ്യം കൊണ്ടാണ്. കൂടുമ്പോൾ ഇമ്പമുണ്ടാക്കുന്ന കുടുംബബന്ധത്തിന്റെ കെട്ടുറപ്പിന് ഓക്സിടോസിൻ വഹിക്കുന്ന പങ്ക് ചെറുതല്ല.

ബഹുഭാര്യാത്വവും ബഹുഭർതൃത്വവും മനുഷ്യന്റെ പൊതുസ്വഭാവമാണെന്നിരിക്കെ (Man is naturally polygamus. But evolution has imposed monogamity) ഒരാണിനോടു മാത്രം ബന്ധം സ്ഥാപിക്കാൻ, ഒരു പെണ്ണ് മാത്രം ജീവിതത്തിലിണയായ് വരാൻ, പരിണാമത്തിന്റെ മണ്ഡലങ്ങളിൽ മനുഷ്യരാശി കടപുഴകാതിരിക്കാൻ, സ്വയം വരിച്ച ഏകഭാര്യാത്വവും ഏകഭർതൃത്വവും ഊട്ടിയുറപ്പിക്കാൻ സഹായിക്കുന്നത് വാസോപ്രെസിനാണ്. (ജീവിതത്തിൽ ഒരിണയെമാത്രം സ്വീകരിക്കുന്ന കങ്കാരു എലികളിൽ വാസോപ്രെസിന്റെ അളവ് കുറയ്ക്കാൻ നടത്തിയ കുത്തിവയ്പിന്റെയൊടുവിൽ അവ ഇണയെ ഉപേക്ഷിച്ച് പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്.) ഒരിണയോട് മാത്രം താല്പര്യം തോന്നിക്കുന്നത്, ആ ഇണയെ ചുറ്റിപ്പറ്റി ജീവിക്കാൻ പ്രേരിപ്പിക്കുന്നത് വാസോപ്രെസിനാണ്. സാമൂഹികമായ കാര്യങ്ങളെക്കാളുപരി ഒരാൾ കുടുംബത്തിൽ കൂടുതൽ സമയം ചിലവഴിക്കുന്നത് വാസോപ്രസിന്റെ സാന്നിദ്ധ്യം കൊണ്ടാണ്.

ഒരു കുടുംബത്തിൽ, ഒരിണയിൽ ഒരാളെ തളച്ചിടുന്നത് മൂന്നാം ഘട്ടത്തിലെ ഈ രാസികങ്ങളുടെ സംയുക്തപ്രവർത്തനം കൊണ്ടാണ്. ഈ ഘട്ടത്തിലെത്തുമ്പോഴാണ് പ്രണയസാക്ഷാത്കാരമുണ്ടാകുന്നത്. ഇവിടെയെത്താതെ ഒരു പ്രണയവും പ്രണയമാകുന്നില്ല. ഈ ഘട്ടത്തിലെത്തിയാലോ, ബാഹ്യമായി പ്രണയത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന ആഡംഭരങ്ങൾക്കും ചേഷ്ടകൾക്കും പ്രസക്തിയില്ലാതാകുന്നു.

പ്രണയം ഒരു വികാരമാണ്. ചില ഭാഗ്യവാന്മാർക്കു (അതോ ഹതഭാഗ്യർക്കോ?) മാത്രം ഉണ്ടാകുന്നതാണത്. ജൈവികമായ പ്രണയമെന്ന പ്രക്രിയയെ സ്വകാര്യമായി അനുഭവിക്കുമ്പോഴാണ് അത് മനോഹരമാകുന്നത്. അല്ലാതെ ഒരുത്സവമാക്കുന്നതിലല്ല. വികാരങ്ങളും വിചാരങ്ങളും കച്ചവടച്ചരക്കാക്കുന്ന ഈ കാലഘട്ടത്ത് നമ്മുടെ പ്രണയവും കച്ചവടച്ചരക്കാകാതെ കാക്കേണ്ടത് നമ്മളാണ്. അതല്ലെങ്കിൽ പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലെന്ന മട്ടിൽ നമുക്കും ഈ കച്ചവടക്കാരുടെ സ്തുതിപാഠകരാകാം. "പ്രണയം നീണാൾ വാഴട്ടെ" എന്ന മുദ്രാവാക്യത്തിനു പകരം "പ്രണയദിനം നീണാൾ വാഴട്ടെ" എന്ന മുദ്രാവാക്യം ചുണ്ടിൽ കരുതാം. കാർഡ്, ചോക്കലേറ്റ്, റസ്റ്റോറന്റ് മുതലാളിമാരുടെയൊക്കെ പട്ടിണി മാറ്റണ്ടായോ... വരൂ നമുക്കും പ്രണയിക്കാം ഈ പ്രണയദിനത്തിൽ....

കൂടുതലറിയാൻ

1. http://en.wikipedia.org/wiki/Valentine%27s_Day
2. Valentine Day sales soares up
3. The Naked Ape, Desmond Morris, RHUK, 1994
4. Intimate Behaviour: A Zoologists Perspective, Desmond Morris, 1997, Kodansha International
5.ഡോ.കെ.ജി.രാധാകൃഷ്ണൻ, ശരീരത്തിലെ രാസപ്രവർത്തനങ്ങൾ, അദ്ധ്യായം 15, രസതന്ത്രം ജീവിതവും ഭാവിയും, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, 2011

1 അഭിപ്രായം:

പുലിക്കോടന്‍ പറഞ്ഞു...

ഒരല്പം നീണ്ടുപോയി...
ചുരുക്കാൻ തോന്നിയില്ല....
പൊറുക്കുമല്ലൊ.....