2020, ഏപ്രിൽ 11, ശനിയാഴ്‌ച

ഒരു വില്ലൻ

നീ നരകത്തിലെ ക്ഷുദ്രപ്രവാചകൻ
നീചകാമത്തിൻ നിതാന്ത നക്തഞ്ചരൻ
രക്തദാഹത്തിന്റെ നിത്യപ്രഭു ; ഭ്രൂണ
ഭക്ഷകനായ ഭയത്തിൻ പുരോഹിതൻ                             
                       - ബാലചന്ദ്രൻ ചുള്ളിക്കാട് (ഡ്രാക്കുള എന്ന കവിതയിൽ)

ഒരു വില്ലൻ


മാനത്ത് സൂര്യൻ കൺചിമ്മിയിരുന്നു. ഒരിടവേളയ്ക്ക് ദാഹിച്ച് പാലൊളിചന്ദ്രിക പർദ്ദ കൊണ്ട് മുഖം മറച്ചപ്പോൾ ജ്വലിക്കുന്ന കണ്ണുകളുമായി, മാനുകൾ ഇന്നുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു ഗന്ധവും പേറി, കൂർത്ത പല്ലുകൾക്കിടയിലൂടെ ഭയത്തോടെ ഇറ്റിവീഴുന്ന ഉമിനീർത്തുള്ളികളിൽ പോലും ഭയം ഒളിപ്പിച്ച്, ദൃഢമായ പദചലനങ്ങളുമായി ആല്പീൻ മരച്ചോട്ടിലേക്ക് അവൻ നടന്നടുത്തു.

അവന്റെ പദതാളങ്ങളും മാനുകളുടെ നെഞ്ചിടിപ്പിന്റെ താളവും ലയമായി കാട്ടിലെങ്ങും തളം കെട്ടി.
ഇടിവെട്ടുപോൽ തുടികൊട്ടുന്ന നെഞ്ചിൽ താളത്തിന്റെ ഭാവം അവനോടുള്ള ഭയം ആയിരുന്നു... അല്ല അവനെ കാണാനുള്ള വ്യഗ്രത ആയിരുന്നു.... ഹേയ് അതുമല്ല അവന്റെ പല്ലിടുക്കിൽ കോർക്കപ്പെടാനുള്ള ആവേശമായിരുന്നു.

പൂർവികർ പറഞ്ഞുകേട്ടിട്ടുണ്ട് ...
അവരുടെ അപ്പനപ്പൂപ്പന്മാരിൽ നിന്നും കൈമാറി വന്ന കഥകളിൽ, അവന്റെ ഗന്ധം മരണത്തിന്റെതായിരുന്നു എന്ന്.
അവന്റെ നിശ്വാസങ്ങളിൽ മരണത്തിന്റെ കൈപ്പാടുണ്ടെന്ന്. ആ നിശ്വാസം നമ്മുടെ ശരീരത്തിൽ പതിക്കുമ്പോഴുള്ള തണുപ്പാണ് മരണത്തിന്റെ സ്പർശനമെന്ന്.
അവന്റെ കണ്ണുകളിലെ തിളക്കം മരണത്തിന്റെ നോട്ടമാണെന്ന്...
കാട്ടിലെങ്ങും എവിടെയും അവൻ പതിയിരിക്കാറുണ്ടത്രെ... വേട്ടയ്ക്ക് തയ്യാറായി... ഇരയുടെ വരവിനെ പ്രതീക്ഷിച്ചുകൊണ്ട്... ചെവിയും കൂർപ്പിച്ച്...

ഇങ്ങനെയൊക്കെയായിരുന്നെങ്കിലും അവർക്കവനോട് ബഹുമാനമായിരുന്നു... ആരാധനയായിരുന്നു... അവനെ പെരുത്തിഷ്ടമായിരുന്നു.
കാരണം വിശക്കാതെ അവൻ ഇര പിടിക്കാറില്ലത്രെ. മാന്യനായ ശത്രുവിനെ ബഹുമാനത്തോടെ കാണാൻ മക്കളെ അവർ ഉപദേശിച്ചു.

എങ്കിലും അവനിൽ നിന്നു രക്ഷപ്പെടേണ്ട വിദ്യകളൊക്കെ കുട്ടികളെ പഠിപ്പിച്ചിരുന്നു.
കാറ്റത്ത് ഇലകളാടുമ്പോൾ പോലും ജാഗരൂകരാകാൻ ശീലിപ്പിച്ചു.
അവന്റെ ഹൃദയമിടിപ്പും പേറിവരുന്ന കാറ്റിനെ തിരിച്ചറിയാൻ പാകത്തിൽ ചെവികളെ പരിശീലിപ്പിച്ചു.
അവന്റെ കാലിന്റെ വേഗതയെ വെല്ലുന്ന ശരവേഗങ്ങൾക്കായി മൂത്തവർ അനുഗ്രഹങ്ങൾ ചൊരിഞ്ഞു.
ഒരു മിന്നാമിനുങ്ങിന്റെ നുറുങുവെട്ടത്തെപ്പോലും അവന്റെ കണ്ണിളക്കമായി കാണാൻ പഠിപ്പിച്ചു.

പൂർവികർ പറഞ്ഞ് കേട്ട ഒരു കഥയുണ്ട്....
എങ്ങുനിന്നോ വന്ന വേട്ടക്കാരുടെ കഥ.
ആകാശത്തെങ്ങാണ്ടോ മുഴങ്ങിക്കേട്ട വെടിയൊച്ചകളുടെ കഥ.
കാതുപിളർക്കുമാറുച്ചത്തിൽ അവന്റെ നിലവിളിയുടെ കഥ.
ഈച്ചയിരുന്ന... ഉറുമ്പരിച്ച... മണ്ണോട് ചേർന്ന അവന്റെ ബലിഷ്ഠമായ ശരീരത്തിന്റെ കഥ.
തന്റെ പൂർവികർ ആദ്യം ആഹ്ളാദിച്ചുകാണും... തുള്ളിച്ചാടിക്കാണും....
പിന്നെ കരഞ്ഞുകാണും... കരയാതെ വയ്യല്ലൊ....
(ലോകത്തിലെ അവസാന മരം മുറിക്കുന്ന മരംവെട്ടുകാരൻ... വീണ മരത്തടിയുടെ മുകളിൽ കാല് ചവിട്ടി ആദ്യം പണികഴിഞ്ഞ സന്തോഷത്തിൽ ചിരിക്കുമെങ്കിലും പിന്നെ പണികഴിഞ്ഞ ദുഖത്തിൽ കരയുമായിരിക്കും.... കാലിനടിയിലെ മണ്ണൂർന്ന് പോകുമ്പോൾ കരയാതെ വയ്യല്ലൊ)

എത്ര സംവൽസരങ്ങൾ....
എത്ര ദശാബ്ദങ്ങൾ....
അവന്റെ നിശ്വാസങ്ങൾ കാറ്റ് പോലും മറന്ന ലക്ഷണമാണ്....


മുതിർന്ന തലമുറ ഇളം തലമുറയെ ഓടാൻ പഠിപ്പിച്ചു.
ഓടേണ്ടതെന്തിന് എന്ന ചോദ്യത്തിന് ചൂണ്ടിക്കാണിക്കാൻ അവൻ ഇല്ലായിരുന്നു.
മുതിർന്ന തലമുറ ഇളം തലമുറയെ ജാഗരൂകരാകാൻ പഠിപ്പിച്ചു.
ജാഗ്രത എന്തിനുവേണ്ടി എന്ന ചോദ്യത്തിന് ചൂണ്ടിക്കാണിക്കാൻ അവൻ ഇല്ലായിരുന്നു.
കണ്ണുവേണം ഇരുപുറം, എപ്പോഴും കണ്ണുവേണം മുകളിലും താഴെയും.. മുതിർന്നവർ പറഞ്ഞു...
ആർക്കുവേണ്ടി... എന്തിന്... ഇളമുറക്കാർ ചോദിച്ചു...
ചൂണ്ടിക്കാണിക്കാൻ അവനില്ലായിരുന്നു...
അനുഭവത്തിന്റെ മേമ്പൊടിയില്ലാത്ത പാഠങ്ങളിൽ പാഠഭേദങ്ങൾ കോറിയിട്ടു പ്രപഞ്ചം.

വേട്ടക്കരനില്ലാത്ത ഇളം തലമുറ തിന്നും രമിച്ചും കഴിഞ്ഞു...
മാനുകളുടെ എണ്ണം പെരുകി... അവരുടെ ഇഷ്ടഭക്ഷണം ആയിരുന്നു ആല്പീൻ മരത്തിന്റെ ഇലകൾ... ഒക്കെയും തിന്നു കൊഴുത്തു...

പൂർവികർ പറഞ്ഞിരുന്നു അന്നത്തെ ലോകത്തെപറ്റി...
വലിയ ആല്പീൻ മരങ്ങൾ ... ആകെ പച്ചപ്പ് ...
അങ്ങനെ എന്തൊക്കെയൊ ... വെറും കെട്ടുകഥകൾ...

ആദ്യം ചില ഗവേഷകർ വന്നു. അവർ ഞങ്ങളെ കണ്ടില്ല. അവർ പച്ചപ്പില്ലാത്തത് ശ്രദ്ധിച്ചില്ല. അവർ അവനില്ലാത്തതും ശ്രദ്ധിച്ചില്ല.
അവർ ആകെ കണ്ടത് ആല്പീൻ മരങ്ങളെ ആയിരുന്നു. ചിലർ പറയുന്നതും കേട്ടു... പണ്ടായിരുന്നു മരങ്ങൾ... എത്ര വലുതായിരുന്നു അവയൊക്കെ... കാലമാകെ മാറി... എന്നൊക്കെ

അവർ പക്ഷെ വെറുതെ ഇരുന്നില്ല. ഉന്നതങ്ങളിൽ ആ വിവരം എത്തിച്ചു... മരങ്ങളൊന്നും വലുതാകുന്നില്ല എന്നവർ അറിയിച്ചു.
പിന്നെ വെറെയും സംഘങ്ങൾ വന്നു... മരം വലുതാകാത്തതിനെക്കുറിച്ച് പഠിക്കാൻ. അവർ കുറ്റവാളികളായി ചൂണ്ടിക്കാട്ടിയത് ഞങ്ങളെ ആയിരുന്നു....
ഞങ്ങൾ തിന്ന് മുടിച്ചിട്ടാണത്രെ മരങ്ങൾ വളരാത്തത്...
ഞങ്ങൾ പെറ്റുപെരുകിയാണത്രെ മരങ്ങൾ വളരാത്തത്...
അത്കൊണ്ട് ഞങ്ങളെ വന്ധീകരിക്കണം എന്നൊരുകൂട്ടർ വാദിച്ചു. എന്നാലതിൽ ചിലർ ഞങ്ങളുടെ നേർക്കല്ല അവന്റെ നേർക്കാണ് വിരൽ ചൂണ്ടിയത്. അവൻ ഉണ്ടായിരുന്നെങ്കിൽ ഇവറ്റകൾ ഇങ്ങനെ വളരില്ലായിരുന്നു എന്നവർ സ്ഥാപിച്ചു.

അങ്ങനെ അവനെ ഞങ്ങളുടെ ഇടയിലേക്ക് വീണ്ടും കൊണ്ടുവരാൻ അവർ തീരുമാനിച്ചു.


ഫോട്ടോ കടപ്പാട്  - വിക്കിപീഡിയ - ഡൗഗ് സ്മിത്ത്
ഫോട്ടോ കടപ്പാട്  - വിക്കിപീഡിയ


Elk at Yellowstone National Park

മഞ്ഞക്കൽ ദേശീയോദ്യാനത്തിൽ (Yellowstone National Park) ആല്പീൻ മരത്തിനരികിൽ സ്വൈരവിഹാരത്തിൽ മുഴുകിയിരുന്ന മാനുകൾക്കിടയിലേക്ക് (Elk) ഒരശനിപാതം പോലെയാണവനെത്തിയത്...
ശാന്തിയുടെ ദൂതുമായിട്ടായിരുന്നില്ല അവന്റെ വരവ്....
ഇടർച്ചയുടെ പടവാളുമായിട്ടായിരുന്നു അവൻ വന്നത്...

ദേഹമനങ്ങാതെ തിന്നു കൊഴുത്ത പലരും അവന്റെ പല്ലിടുക്കിലെ ചോരയ്ക്ക് വളമായി.

വയറു നിറഞ്ഞിരിക്കുമ്പോൾ അവൻ ഞങ്ങളെ കണ്ടില്ലെന്നു നടിച്ചു.
വിശക്കുമ്പോൾ അവന്റെ കണ്ണിമകൾ മിടിച്ചു. അത് ഞങ്ങളുടെ മരണദൂതായി കാണാൻ ഞങ്ങൾ പഠിച്ചു...
ഞങ്ങളും ഭയം ആഘോഷിച്ചുതുടങ്ങി....
അവനെ ആരാധിച്ചു തുടങ്ങി....

പിന്നീടാവഴി വന്ന ഗവേഷകർ അദ്ഭുതപ്പെട്ടു. ആല്പീൻ മരങ്ങൾ വളർന്നു തുടങ്ങി എന്നവർ ആവേശത്തോടെ ലോകത്തെ അറിയിച്ചു.
അവന്റെ വരവ് ഒരു മരക്കൂട്ടത്തെ രക്ഷിച്ചു എന്ന് പറഞ്ഞ് അവർ തുള്ളിച്ചാടി...

ഞങ്ങളും തുള്ളിച്ചാടി...
പക്ഷെ ... ഞങ്ങൾ തുള്ളിച്ചാടിയത് മരങ്ങൾ വളർന്നതിനായിരുന്നില്ല...
ഞങ്ങളും മാറിത്തുടങ്ങി. ജാഗ്രത ശീലിച്ചുതുടങ്ങി. പേശികളെ ശക്തിപ്പെടുത്തി തുടങ്ങി.
പ്രധാന ലക്ഷ്യം തിന്നലും രമിക്കലും എന്നത് മാറി അവനിൽ നിന്നുള്ള രക്ഷയായി മാറി...
ഞങ്ങൾ കെണിയിലാക്കപ്പെടാൻ സാധ്യത ഉള്ള സ്ഥലങ്ങൾ ഞങ്ങൾ ഒഴിവാക്കി.
ആ സ്ഥലങ്ങളെക്കുറിച്ച് പേടിപ്പിക്കുന്ന കഥകൾ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.
ആരും അവിടെ പോകാതെയായി...

ഒരിക്കൽ ഞാനവിടെ പോയി...
അവൻ ഉണ്ടാകുമെന്നറിയാം .... എന്നാലും .... ആ പുല്മേട് കാണാൻ ഒരു മോഹം...

അവിടെ ഒരു ചെറു അരുവിയും കുറച്ച് അല്പീൻ മരങ്ങളും പ്രതീക്ഷിച്ച ഞാൻ ഞെട്ടി...

അരുവിയല്ല ഇത്... ഒരു പുഴ തന്നെയാണ്....
ആല്പീൻ ചെടികളല്ല അവിടെ മരങ്ങൾ തന്നെയാണ്...
ഇതൊന്നുമല്ല പക്ഷെ എന്നെ ഞെട്ടിച്ചത്...
ചെറുപുല്ലുകൾ... അരുവിയുടെ കുറുകെ കൊച്ച് ചിറകൾ ഉണ്ടാക്കുന്ന ബീവറുകൾ. ആ ചിറകളിൽ വന്നിരിക്കുന്ന തവളകൾ. തുമ്പികൾ പൂമ്പാറ്റകൾ...
ചിറയുടെ വക്കിൽ പുല്ലു തിന്നുന്ന കൊചു മുയലുകൾ ... പക്ഷികളും പാമ്പുകളും ....
ചെറുപഴങ്ങളുടെ ചെടികൾ... അവ തിന്നുന്ന കരടികൾ... പണ്ട് കരയിടിഞ്ഞുപോകുമായിരുന്ന അരുവിക്കരകൾക്ക് പകരം പുല്ലുകളുടെ വേരുകൾ താങ്ങിനിർത്തുന്ന ശക്തമായ കരയും നല്ല ഒഴുക്കുള്ള വെള്ളവും.

എല്ലാം മാറിയിരിക്കുന്നു.
അവൻ എല്ലാം മാറ്റിയിരിക്കുന്നു...

ഒരു വില്ലനെയും ഇകഴ്ത്തിക്കാണരുത്... Never Underestimate a villain

കൂടുതലറിയാൻ

1. ജോർജ്ജ് മോൺബിയോട്ട് - പുനർവന്യവത്കരണം
2. വിക്കിപീഡിയ പറയുന്നത്
3.  How wolves changed the ecosystem