2013, നവംബർ 7, വ്യാഴാഴ്‌ച

ആരാണ് മറിയ ?


നോബൽ സമ്മാനം നേടിയ ആദ്യ വനിതയാണ് മറിയ. രണ്ടു വ്യത്യസ്ത വിഷയങ്ങളിൽ നോബൽ സമ്മാനം നേടുന്ന ആദ്യ വ്യക്തിയാണ് മറിയ - ഇത് ലോകം പരക്കെ അറിയുന്ന വിവരങ്ങൾ. മറിയയുടെ ജീവിതത്തിലെ പരക്കെ അറിയപ്പെടാത്ത ചില ഏടുകൾ കോർത്തിണക്കി ആരാണ് മറിയ എന്ന് അന്വേഷിക്കുകയാണിവിടെ.
( പോളണ്ടിൽ നവംബർ 7, 1867 -ൽ ജനിച്ച മറിയ സ്ക്ലോഡോവ്സ്ക പിന്നീട് ഫ്രാൻസിലേക്ക് ചേക്കേറിയപ്പോൾ മറിയ എന്ന പദത്തിന്റെ ഫ്രഞ്ച് പതിപ്പായ മേരി സ്ക്ലൊഡോവ്സ്ക ആയതും പിയറി ക്യുറിയെ വിവാഹം കഴിച്ചപ്പോൾ മേരി ക്യുറി ആയതും മറക്കുന്നില്ല. ആദ്യ നാമമായ മറിയ തന്നെയാണ് എനിക്കു പഥ്യം.)

സർവകലാശാലകളിൽ സ്ത്രീകൾക്ക് പ്രവേശനം നിഷിദ്ധമായിരുന്ന കാലത്ത്, വിദ്യ സ്ത്രീക്കും പുരുഷനും ഒരുപോലെ അവകാശപ്പെട്ടതാണെന്ന ചില മനുഷ്യസ്നേഹികളുടെ ചിന്തയിൽ രൂപം കൊണ്ട "അധോലോക സർവകലാശാല" എന്ന ആശയത്തെ പിൻപറ്റി രൂപം കൊടുത്ത, അധികാരികളുടെ കണ്ണുവെട്ടിക്കാൻ ആസ്ഥാനം ഇടയ്ക്കിടയ്ക്ക് മാറ്റുന്ന "ഒഴുകും സർവകലാശാല"യിൽ വിദ്യ അഭ്യസിച്ച വിദ്യാർഥിയാണ് മറിയ. 

പോളണ്ടിൽ സ്ത്രീകൾക്ക് സർവകലാശാലാവിദ്യാഭ്യാസം നിഷിദ്ധമായിരുന്നെങ്കിലും പാരീസിലെ സർവകലാശാലകളിൽ പ്രവേശനമുണ്ടായിരുന്നു. മറിയയും ചേച്ചിയായ ബ്രോണിയയും ഫ്രാൻസെന്ന പറുദീസയിലേക്ക് പഠനത്തിനുപോകാൻ ഒരുപോലെ ആഗ്രഹിച്ചപ്പോൾ, ദരിദ്രമായ അവരുടെ കുടുമ്പത്തിന് സാമ്പത്തികഭാരം താങ്ങാനാവാതെ വരുമെന്നു കണ്ട്, ചേച്ചിയെ ആദ്യം പഠിക്കാനയച്ച് അവളുടെ പഠനച്ചെലവിനായി പോളണ്ടിൽ കൂലിപ്പണിയെടുത്ത അനുജത്തിയാണ് മറിയ. 

കൂലിപ്പണിക്കാരിയാണെന്ന കാരണത്താൽ, കാലണയ്ക്ക് വകയില്ലെന്ന ന്യായം പറഞ്ഞ് പ്രണയത്തെ നിഷേധിച്ച കാമുകന്റെ കുടുംബത്തെയും, കുടുംബത്തെ നിഷേധിക്കാൻ ചങ്കുറപ്പില്ലാതിരുന്ന കാമുകനെയും ഉപേക്ഷിച്ച്, പണക്കൊതിയന്മാരായ പണക്കാരുടെ "ദാരിദ്ര്യത്തിൽ" മനംനൊന്ത സുന്ദരിയാണ് മറിയ. 


എന്നും കാണുന്ന കാഴ്ചകളിൽനിന്ന് വ്യത്യസ്തമായ കാഴ്ചകൾ കാണുന്ന യാത്രയാണ് മധുവിധു എന്ന തത്വത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് പരിക്ഷനശാലയ്ക്ക് പുറത്ത് ഗ്രാമാന്തരങ്ങളിലേക്ക് പ്രതിശ്രുത വരനെയും കൂട്ടി വിവാഹസമ്മാനമായി കിട്ടിയ സൈക്കിളിൽ സവാരി നടത്തി മധുവിധു ആഘോഷിച്ച കാമുകിയാണു മറിയ.

താൻ പിറന്ന മണ്ണിനോട്, തന്നെ താനാക്കിയ ദേശത്തോടുള്ള അകൈതവമായ കൂറ് രേഖപ്പെടുത്താൻ ആദ്യമായി കണ്ടുപിടിച്ച മൂലകത്തിന് "പൊളോണിയം" എന്ന് നാമകരണം ചെയ്ത ദേശസ്നേഹിയാണ് മറിയ. 

ഓസ്ട്രിയയുടെ ഖനികളിൽ ഉപേക്ഷിക്കപ്പെട്ട 8000 കിലോ പിച്ച്ബ്ലെന്റിന്റെ അയിര് സംഘടിപ്പിച്ച് പരിക്ഷനശാലയുടെ പിന്നാമ്പുറത്ത് തന്നോളം പോന്ന ഇരുമ്പുലക്കകൊണ്ട് നാലുവർഷമെടുത്ത് കുത്തിപ്പൊടിച്ച് ശുദ്ധീകരിച്ച് അതിൽ നിന്നും 150 മില്ലിഗ്രാം റേഡിയമുണ്ടാക്കിയ കഠിനാദ്ധ്വാനിയാണ് മറിയ.  

റേഡിയത്തിന്റെ സവിശേഷതകൾ, അത് പുറത്തുവിടുന്ന കിരണങ്ങളുടെ സ്വഭാവം എന്നിവ അവതരിപ്പിക്കുമ്പോൾ, റേഡിയത്തോടുള്ള നിരന്തര സമ്പർക്കം മൂലം കരിവാളിച്ചുപോയ പിയറിയുടെയും മറിയയുടെയും കൈകൾ കണ്ട് സ്തബ്ധനായ ഭൗതികത്തിന്റെ അപ്പോസ്തലൻ റുഥർഫോർഡിന്റെ ആദരവിന് പത്രീഭൂതയായ ഗവേഷകയാണ് മറിയ. എ സി മുറിയുടെ ശീതളിമയിൽ കമ്പ്യുട്ടറിനു മുന്നിലിരുന്ന് പ്രബന്ധങ്ങൾ പടച്ചുവിടുന്ന, നേടിയ ഡിഗ്രികളും പട്ടങ്ങളും പേരിനു മുന്നിലും പിന്നിലും നീണ്ട വാലുപോലെ ചേർക്കുന്ന ആധുനിക ഗവേഷകരുടെ ഇടയിൽ വ്യത്യസ്തയായ ഗവേഷകയാണ് മറിയ.  

മറ്റാരോ എഴുതിയ, മറ്റാരോ ചിട്ടപ്പെടുത്തിയ, മറ്റാരോ ഈണം പകർന്ന ഒരു പാട്ടിന് ശബ്ദം നൽകി എന്ന ഒറ്റക്കാരണത്താൽ ഉത്സവപ്പറമ്പുകളിലും പള്ളിപ്പെരുന്നാളിനും ഒക്കെ വയറ്റിപ്പിഴപ്പിന് ആ ഗാനമാലപിക്കുന്ന പാവം ഗാനമേളക്കാരനോട് പോലും റോയൽറ്റി ചോദിക്കണമെന്നു ശഠിക്കുന്ന ഗായകരുള്ള ഈ കാലത്ത്, റേഡിയത്തിന്റെ കണ്ടുപിടുത്തത്തിനു പേറ്റന്റെടുക്കാതെ, പേറ്റന്റുകളിൽ തുലോം വിശ്വാസമില്ലാതെ, ലോകം മുഴുവൻ റേഡിയമുണ്ടാക്കി കാശുണ്ടാക്കിയപ്പോഴും റോയൽറ്റി ചോദിക്കാതെ ദാരിദ്ര്യത്തിൽ തന്നെ സന്തുഷ്ടയായി കഴിഞ്ഞവളാണു മറിയ. 

ഒന്നാം ലോക മഹായുദ്ധക്കാലത്ത്, യുദ്ധമുഖത്ത് വെടിയേറ്റുവീഴുന്ന, വേദനകൊണ്ടു പിടയുന്ന പടയാളികൾക്ക് തുണയായി വാടകയ്ക്കെടുത്ത വണ്ടിയിൽ സജ്ജീകരിച്ച എക്സ് റേ ഉപകരണങ്ങളുമായി, മകളായ ഐറിൻ ക്യുറിയെ സഹായിയാക്കി, യുദ്ധമുഖത്തേക്ക് വൈദ്യസഹായവുമായി സ്വയം വണ്ടിയോടിച്ചു പോയ മാലാഖയാണ് മറിയ. 

സ്ത്രീയാണെന്ന ഒറ്റക്കാരണത്താൽ ഫ്രഞ്ച് ശാസ്ത്ര അക്കാഡമിയുടെ അംഗത്വം നിഷേധിച്ചെങ്കിലും, ഭർത്താവിന്റെ മരണത്തെത്തുടർന്ന് പോൾ ലംഗവിൻ എന്ന മറ്റൊരു ശാസ്ത്രജ്ഞനുമായി രഹസ്യബന്ധമുണ്ടെന്ന് ഫ്രഞ്ച് മഞ്ഞപ്പത്രങ്ങൾ പരദൂഷണം പറഞ്ഞെങ്കിലും, ഫ്രാൻസിലെവിടെയും ഗവേഷണത്തിന് റേഡിയത്തിന്റെ ഒരു തരി പോലും ബാക്കിയില്ലെന്നറിഞ്ഞ് ഫ്രാൻസിനു വേണ്ടി ഒരു ഗ്രാം റേഡിയത്തിനായി അമേരിക്കയിലേക്ക് പോയ ദേശസ്നേഹിയാണ് മറിയ.

താരങ്ങളുടെ ആരാധകവൃന്ദങ്ങൾ രൂപപ്പെടുത്തിയെടുത്ത താരസിൻഡിക്കേറ്റുകൾ മാന്യതയുടെ മൂടുപടമണിഞ്ഞ താരങ്ങളെ സമൂഹത്തിന്റെ തന്നെ "ബ്രാൻഡ് അംബാസഡർമാരായി" ചിത്രീകരിക്കുന്ന ഈ കാലഘട്ടത്ത് പ്രസക്തമാകുമാറ്, വ്യക്തികളിലല്ല താത്പര്യമുണ്ടാകേണ്ടത്, ആശയങ്ങളിലാണ് താത്പര്യമുണ്ടാകേണ്ടതെന്ന് ഉത്ഘോഷിച്ച ഒരു ധീര വനിതയാണ് മറിയ. 

ചുണ്ടത്ത് ചെഞ്ചായം പുശി, ഉപ്പൂറ്റി പൊങ്ങിയ ചെരിപ്പുമിട്ട് "സ്ത്രീശാക്തീകരണത്തിന്റെ" രംഗങ്ങളിൽ കൊടികുത്തി വാഴുന്ന കപടശാക്തീകരണ വക്താക്കളുടെ മുമ്പിൽ അഭിമാനത്തോടെ വെക്കാവുന്ന ബദലാണ് മറിയ. 

സ്ത്രീശാക്തീകരണത്തിന്റെ എക്കാലത്തെയും ഉജ്ജ്വലപ്രതീകമായ മറിയയുടെ കല്ലറയിൽ ഒരുപിടി പൂക്കളർപ്പിക്കാൻ ഈ കാഴ്ച്ചക്കരനുമുണ്ടൊരു മോഹം.