2014, മേയ് 9, വെള്ളിയാഴ്‌ച

മണ്ടപ്രേക്കന്റെ തിരോധാനം

പ്രീഡിഗ്രി രണ്ടാം വർഷം...
പയ്യന്നൂർ കോളേജിന്റെ സുവോളജി ലാബ്...
ക്ലോറോഫോമിന്റെ മനം മടുപ്പിക്കുന്ന മണത്തിന്റെ ആലസ്യത്തിൽ മേശയുടെ മുന്നിൽ വിശ്രമിക്കുന്ന കഥാപാത്രം. അവനെ ഇന്ന് ജീവനോടെ കശാപ്പുചെയ്യും.
ഞാനാണ് ആരാച്ചാർ.
ആയുധങ്ങൾ എന്റെ ഡിസക്ഷൻ ബോക്സിൽ സുരക്ഷിതം.
ജയരാജൻ മാഷ് നിർദ്ദേശങ്ങൾ ഒന്നൊന്നായി പറയുന്നു. "തവളയെ മെല്ലെ പിടിക്കുക. നിങ്ങൾ ശരീരം മുറിച്ചുതീരും വരെ അവൻ ഉണരില്ല... പിന്നെ ഉണർന്നിട്ടും കാര്യമില്ല..." തുടങ്ങിയ നിർദ്ദേശങ്ങൾ കഥാപാത്രം കേട്ടോ എന്നു സംശയം... അവന്റെ (അതോ അവളുടെയോ?) നെഞ്ചിടിപ്പ് കൂടിയപോലൊരു തോന്നൽ (അതോ എന്റെ നെഞ്ചിടിപ്പാണോ കൂടിയത്?).
ഏതായാലും കർമ്മം തുടങ്ങി. ആദ്യമുണ്ടായിരുന്ന ഞെട്ടലും പരിഭവവും ഒക്കെ മാറി വിദഗ്ദ്ധനായ ഒരു കശാപ്പുകാരനായി ഞാനും മാറി. അപ്പോഴാണ് ആ അദ്ഭുതം കണ്ടത്. എന്റെ തവള ഗർഭിണിയാണ്. അതെ... അവളുടെ അടിവയറ്റിൽ വളരുന്നുണ്ട്... സാമാന്യം നല്ല വളർച്ചയെത്തിയിരിക്കുന്നു... എന്റെ ബോധം മറയുന്നുണ്ടോ?... ഏയ്... ഇല്ല...
ടി.പി.എസ് എന്നു വിളിക്കപ്പെടുന്ന ശ്രീധരൻ മാഷ് കശാപ്പുമേശകൾക്കിടയിലൂടെ ഉലാത്തുന്നു. സഹായത്തിനായി കൈ പൊക്കി... കാര്യം പറഞ്ഞപ്പോൾ മാഷ് ചിരിച്ചു. "നിന്നെയേല്പിച്ചപ്പോൾ ഒരു കുഴപ്പവുമില്ലായിരുന്നല്ലോ... ഇത്ര പെട്ടെന്ന് പണി പറ്റിച്ചോ?"
ലാബിലെങ്ങുമുയരുന്ന കൂട്ടച്ചിരികൾ...
ഞാനെന്ന കുറ്റവാളി...
ഒരു തവളയുടെ ഗർഭത്തിന്റെ ഉത്തരവാദി...
എന്തു ചെയ്യും...
ടി.പി.എസ് വിശദീകരണമാരംഭിച്ചപ്പോഴാണ് എനിക്കു ശ്വാസം നേരെ വീണത്. തവളകൾ മുട്ടകളിട്ടാണ് വംശവർദ്ധനവ് നടത്തുന്നത്. അവ ഗർഭം ധരിക്കാറില്ല. എന്നാൽ ചില തവളകൾ മറ്റു തവളകളെ തിന്നാറുണ്ട്... ഇവിടെ അതാണ് സംഭവിച്ചത്...
ഹാവൂ....
എന്റെ നെടുവീർപ്പിന്റെ ശബ്ദം ഒരല്പം കൂടിപ്പോയതുകൊണ്ടാവണം വീണ്ടും കൂട്ടച്ചിരി ഉയർന്നത്... ആശ്വാസത്തോടൊപ്പം ആ തവളയോട് എനിക്ക് പകയുമുണ്ടായി... തവളഭോജിയായ തവള... നരഭോജികളെപ്പോലെത്തന്നെ വെറുക്കപ്പെടേണ്ടവൾ... ഞാനാണതിന്റെ ആരാച്ചാർ... എനിക്ക് അഭിമാനം തോന്നി...

കാലമേറെ കഴിഞ്ഞപ്പോളാണ്, അറിവിന്റെ നഭോമണ്ഡലങ്ങളിലൂടെ സഞ്ചരിക്കവെ, എല്ലാ ജീവജാലങ്ങൾക്കും ഈ ഭൂമിയിൽ അതിന്റെതായ ധർമ്മം നിറവേറ്റാനുണ്ടെന്നും മനുഷ്യന്റെ നിലനില്പിന് എല്ലാ ജീവിവർഗ്ഗങ്ങളും അത്യന്താപേക്ഷിതമാണെന്നുമുള്ള തിരിച്ചറിവുണ്ടാകുന്നത്.

കാലമേറെക്കഴിഞ്ഞപ്പോഴാണ് മാധവ് ഗാഡ്ഗിലിന്റെ ഈ കവിതയുടെ അർത്ഥം മനസ്സിലായത്.
"വനാന്തരങ്ങളിലെ അരുവികളിൽ
തത്തിക്കളിക്കുന്ന മീനുകളിലും
ചാടിക്കളിക്കുന്ന തവളകളിലും
നമ്മുടെ വേരുകൾ ആഴ്ന്നിറങ്ങിയിരിക്കുന്നു.
ആകാശനീലിമയിൽ
പാറിക്കളിക്കുന്ന പറവകളിലും
മൂളിപ്പറക്കുന്ന തുമ്പികളിലുമാണ്
നമ്മുടെ ശാഖകൾ പടർന്നിരിക്കുന്നത്."

ഒരു കാലത്ത് കേരളത്തിലെ കോളേജുകളിലെ ലാബുകളിൽ പ്രിയപ്പെട്ട പഠനവസ്തുവായി, കേരളത്തിന്റെ വയലുകളിൽ എങ്ങുമുള്ള അന്തേവാസിയായി, വിദേശ തീന്മേശകളിൽ കടിച്ചുവലിക്കാൻ കാലുകൾ കയറ്റിയയക്കപ്പെടുന്നതിൽ മുമ്പനായി രംഗം വാണിരുന്ന മണ്ടപ്രേക്കനെക്കുറിച്ചാണിക്കുറി (Indian Bullfrog - Hoplobatrachus Tigerinus) പൊതക്കൻ തവള എന്നു ചിലയിടങ്ങളിൽ വിളിക്കുന്നു.

മണ്ടപ്രേക്കന്റെ തിരോധാനം

 


മലയാളിയുടെ മഴയോർമ്മകൾ ചിറകുവിരിക്കുന്നത് മണ്ടപ്രേക്കന്റെ സംഗീതക്കച്ചേരിയിലാണ്. മഴയുടെ സ്പന്ദനമറിയാവുന്ന മണ്ടപ്രേക്കന്റെ മഴവിളി ഇണയെ ആകർഷിക്കാനുള്ള പ്രണയവിളിയുമാണ്. മണ്ടപ്രേക്കനെ സംബന്ധിച്ചിടത്തോളം മഴയും പ്രണയവും പരസ്പരബന്ധിതമാണ്, പരസ്പരപൂരകവുമാണ്.

ആകാശത്ത് മേഘങ്ങളുരുണ്ടുകൂടുമ്പോൾ, മഴയുടെ വരവറിയിക്കാൻ അന്തരീക്ഷത്തിൽ വിങ്ങുന്ന ചൂട് നിറയുമ്പോൾ, ആ ചൂടിനെ തണുപ്പിക്കാനെന്നവണ്ണം ഒരു നേർത്ത തെന്നൽ മരങ്ങളുടെ ചില്ലകളിൽ കളകളാരവം മുഴക്കുമ്പോൾ, മേഘക്കീറുകൾക്കിടയിലൂടെ സൂര്യന്റെ അന്ത്യകിരണവും കൺചിമ്മിവിടവാങ്ങുമ്പോൾ... 
എങ്ങനെയാണ്.... 
എങ്ങനെയാണ് പ്രണയം പൂത്തുലയാതിരിക്കുന്നത്?... 
എങ്ങനെയാണ് പ്രിയതമയ്ക്കായി ഒരു വരിയെങ്കിലും പാടാതിരിക്കുന്നത്?...
"പ്രേകോം, പ്രേകോം.... ക്രോം, ക്രോം..."

പ്രണയം പെയ്തിറങ്ങുമ്പോൾ ഒരു സമൂഹമാകെ പ്രണയാതുരമാകും. പ്രണയത്തിന്റെ ഒരേകാന്ത ഗാനത്തിനു പകരം ഒരു സമൂഹ ഗാനമേള തന്നെ അരങ്ങേറും. സാധാരണയുള്ള കാക്കിയും പച്ചയും കലർന്ന നിറം മാറി പ്രണയത്തിന്റെ മഞ്ഞ നിറമണിയുന്ന മണ്ടപ്രേക്കന്റെ ശബ്ദാവയവത്തിന്  നീലനിറമാകും. പ്രണയത്തിന്റെ നിറം ചുവപ്പാണെന്നു പറഞ്ഞവനാരാണാവോ?

ഒരു കാമുകന്റെ ആർദ്രമായ വിളിയിൽ ആകൃഷ്ടയാകുന്ന പെൺ തവള അവന്റെ സാമീപ്യത്തിനായി, അവന്റെ മണത്തിനായി, അവന്റെ ഒരാലിംഗനത്തിനായി മുട്ടിയുരുമ്മി നിൽക്കാനായി അരികിലെത്തും. പ്രണയചേഷ്ടകൾക്കൊടുവിൽ അവൾ മുട്ടകളിടും. കൊച്ചു മഴച്ചാലുകളിലോ താത്കാലികമായി വെള്ളം കെട്ടിക്കിടക്കുന്നിടത്തോ നിക്ഷേപിക്കുന്ന മുട്ടകൾ ആദ്യം വെള്ളത്തിൽ പൊങ്ങിക്കിടക്കുമെങ്കിലും ക്രമേണ താഴ്ന്നു തുടങ്ങും.
Mounting Bullfrog - Photo Credit: Yuvaraj Patil

6-21 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ മീൻ പോലെ നീന്തിക്കളിക്കുന്ന കൊച്ചു വാൽ മാക്രികൾ വെള്ളത്തെ കോരിത്തരിപ്പിച്ചുകൊണ്ട് പുറത്തുവരും. ആ മുട്ടകൾ വിരിഞ്ഞ് പുറത്തുവരുന്ന പൊന്നോമനകൾ - വാൽമാക്രികൾ- ആൽഗകളെയും മറ്റും തിന്ന് ജീവിക്കും. മണ്ടപ്രേക്കന്റെ വാൽമാക്രികൾ കൊതുകിന്റെ കൂത്താടികളെയും തിന്നും (മറ്റു തവളകളുടെ വാൽമാക്രികളിൽ ഇത് നിരീക്ഷിക്കപ്പെട്ടിട്ടില്ല). ഒരു പെൺ തവള ഒരു സമയം ശരാശരി 20000 മുട്ടകൾ ഇടും. അവയിൽ എല്ലാ മുട്ടകളും തവളകളാകാറില്ലെങ്കിലും അവ കൊതുകുനിർമ്മാർജ്ജനത്തിൽ നമ്മെ എത്രമാത്രം സഹായിച്ചിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

മണ്ടപ്രേക്കന്റെ ശത്രുക്കളിൽ പ്രധാനി മനുഷ്യനാണ്. (നമ്മൾ പണ്ടു പഠിച്ച ജീവശാസ്ത്രത്തിൽ മനുഷ്യനെ ഒരു ജീവിയുടെയും ശത്രുവായി പഠിച്ചിട്ടില്ല. സത്യത്തിൽ നാം എല്ലാ ജീവികളുടെയും ശത്രുവല്ലെ?). അവയുടെ വംശത്തിനു ഭീഷണിയാകുന്ന മനുഷ്യന്റെ ചെയ്തികൾ പലതാണ്. കേരളത്തെക്കുറിച്ച്, കേരളത്തിന്റെ പ്രകൃതിയെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന മലയാളിയുടെ പ്രകൃതിസ്നേഹം പ്രകൃതിരമണീയമായ ഫോട്ടോകൾ എടുക്കുന്നതിലും ദൈവത്തിന്റെ സ്വന്തം നാടെന്ന് ബെഡായി പറഞ്ഞു നടക്കുന്നതിലും ഒതുങ്ങുന്നു. വയലുകൾ നികത്തപ്പെടുന്നതും കുന്നുകൾ ഇല്ലാതാവുന്നതുമൊന്നും അവന്റെ കണ്ണിൽ കാഴ്ചകളാകാത്തത് പ്രകൃതിയോട് ഉള്ളിന്റെയുള്ളിൽ സ്നേഹം തീരെയില്ലാത്തതുകൊണ്ടാണ്. വയൽ നികത്തി വീടു പണിഞ്ഞവർ തുരത്തിയോടിച്ചത് മണ്ടപ്രേക്കന്റെ വംശത്തെയാണ്. അത്തരക്കാർക്ക് കൊതുകിന്റെ എണ്ണം പെരുകുമ്പോൾ പരാതിപറയാൻ ധാർമ്മികമായി അവകാശമില്ല.

ഓരോ മഴക്കാലത്തും കൊതുകുനിർമ്മാർജ്ജനം എന്ന പേരിൽ ഫണ്ടുകൾ ചെലവിടാൻ ഗ്രമങ്ങളിലെല്ലാം "കെട്ടിക്കിടക്കുന്ന ജലം കൊതുകിന്റെ വാസസ്ഥലം" എന്നൊക്കെ ബോർഡിൽ എഴുതിപ്പിടിപ്പിച്ച് പാവം ജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന ആരോഗ്യവകുപ്പാണ് മണ്ടപ്രേക്കന്റെ മറ്റൊരു ശത്രു.

കൊതുക് നിർമ്മാർജ്ജനത്തിന്റെ പേരിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മണ്ണെണ്ണയൊഴിച്ചും മരുന്നു തെളിച്ചും, കൊതുകിന്റെ കൂത്താടികളെ ശ്വാസം മുട്ടിച്ചും വിഷം തെളിച്ചും കൊന്നൊടുക്കുമ്പോൾ അക്കൂട്ടത്തിൽ ചത്തൊടുങ്ങിയത് മണ്ടപ്രേക്കന്റെ പൊന്നോമനകൾ കൂടിയാണ്. മനുഷ്യന്റെ ഈ ക്രൂരതയെ അതിജീവിക്കാൻ തിന്മയുടെ പ്രതീകമായ കൊതുകും മക്കളും അതിജീവനമാർഗ്ഗങ്ങൾ പെട്ടെന്ന് സ്വായത്തമാക്കിയപ്പോൾ നന്മയുടെ പ്രതീകമായ മണ്ടപ്രേക്കന്റെ തലമുറകൾക്ക് അത് കഴിയാതെപോയി.

പ്രകൃതിയുമായി ബന്ധപ്പെട്ട ഏതു പ്രശ്നവും സമഗ്രമായി കാണുന്നതിനു പകരം, വ്യാവസായിക രംഗത്തെ മാനേജ്മെന്റ് തന്ത്രങ്ങൾപോലെ "ഇതാണ് പ്രശ്നം, ഇതാണ് പരിഹാരം" എന്ന സമീപനം കൈക്കൊള്ളാൻ പഠിച്ച, പഠിപ്പിക്കപ്പെട്ട മാനേജ്മെന്റ് ഗുരുക്കന്മാർ ആരോഗ്യവകുപ്പിന്റെ മേലാളന്മാരായി അവരോധിക്കപ്പെടുമ്പോൾ ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിക്കേണ്ടതാണ്. പ്രകൃതിയെ വിഭവമായി കാണാൻ പഠിച്ചവർക്ക് പ്രകൃതി ഒരു വിഭവമല്ല, ഒരു ആവാസവ്യവസ്ഥയാണെന്ന് പഠിപ്പിച്ചാൽ തലയിൽ കേറാത്തത്, ആ അറിവ് പഠിയാത്തത് അവരാർജ്ജിച്ചെടുത്ത വിദ്യാഭ്യാസത്തിന്റെ തകരാറാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഉറുമ്പിനെ കൊല്ലാൻ (ഉറുമ്പ് ശല്യമാകുന്നതെങ്ങനെ എന്ന് എത്ര ആലോചിച്ചിട്ടും എനിക്കു മനസ്സിലാകാത്ത ഒരു കാര്യമാണ്!) നാം പണ്ട് വ്യാപകമായി ഉപയോഗിച്ചിരുന്ന ഡി ഡി ടി വെള്ളത്തിലൂടെ തവളമുട്ടകൾ കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്കെത്തി അവയെ നശിപ്പിക്കാറുണ്ട്.

പരസ്യങ്ങളിൽ കാണുന്നതെന്തും വിശ്വസിക്കുന്ന ഒരു മാതൃകാ ഉപഭോക്താവാണ് മലയാളി. അതിന്റെ ശാസ്ത്രീയ വശങ്ങളോ, ഒരു ഉത്പന്നത്തിന്റെ ആവശ്യകതയോ, അതിന്റെ ഗുണദോഷങ്ങളോ ഒന്നും ചിന്തിക്കാതെ എന്തും വാങ്ങിക്കൂട്ടുക എന്ന ഒറ്റ ലക്ഷ്യം മനസ്സിലും ഡിസ്പോസിബിൾ മണി (Disposable Money) പോക്കറ്റിലും ഇട്ടുകൊണ്ട് നടക്കുന്നവനാണവൻ. നമ്മുടെ വീട്ടിൽ, വീട്ടിലെ തറയിൽ കീടാണുക്കൾ ഓടിക്കളിക്കുന്നത് പരസ്യത്തിൽ കണ്ട് (കീടാണുവിനു കണ്ണും മീശയുമൊക്കെ എങ്ങനെ വന്നു എന്ന് ... ആൺ വേഷങ്ങൾ മാത്രം കീടാണുക്കളാകുന്നത് എന്തുകൊണ്ടെന്ന് ചിന്തിക്കേണ്ടതാണ്... സ്ത്രീകളെ പാട്ടിലാക്കാനോ അതോ ഫെമിനിസ്റ്റുകളുടെ (ഫെമിനിച്ചികളെന്ന് വായ്മൊഴി - ഒരു വി.കെ.എൻ ശൈലി) വായടപ്പിക്കാനോ? ), അവിടെ ഇഴഞ്ഞുനടക്കുന്ന അവ കുഞ്ഞിനു ദോഷമാണെന്നു പറയുന്ന പരസ്യം കേട്ട് വിശ്വസിച്ച് നിലമെല്ലാം കീടനാശിനികൊണ്ട് കഴുകുന്ന പരിഷ്കാരികളായ, വിദ്യാഭ്യാസമുള്ള, വിവരമില്ലാത്ത അമ്മമാർ എത്രമാത്രം തവളക്കുഞ്ഞുങ്ങളെ കൊന്നൊടുക്കിയിട്ടുണ്ടെന്നതിന് നമ്മുടെ കൈയിൽ കണക്കുകളില്ല, പഠനങ്ങളുമില്ല.

1970-കളിൽ വിദേശ തീന്മേശകളിലെ വിശിഷ്ട വിഭവമായിരുന്നു മണ്ടപ്രേക്കന്റെ തുട. അമേരിക്കയിലെയും ജപ്പാനിലെയും ബ്രസീലിലെയും തീന്മേശകളിലെ വിശിഷ്ടവിഭവമായിരുന്നു നമ്മുടെ മണ്ടപ്രേക്കന്റെ തുടകൾ. 1983-ൽ മാത്രം 4 കോടിയായിരുന്നു ലോകത്തെങ്ങും തിന്നാനായി മാത്രം കൊല്ലപ്പെട്ട തവളകളുടെ എണ്ണം.അതിന്റെ രുചികൊണ്ടാണോ അതോ മനസ്സിന്റെ പ്രാകൃതികമായ ഒരു ആനന്ദം കൊണ്ടാണോ എന്നറിഞ്ഞുകൂട, ഇന്ന് അഭൂതപൂർവമായി ഈ കണക്കുകൾ വർദ്ധിച്ചിട്ടുണ്ട്. അമേരിക്കയിൽ മാത്രം ഒരു വർഷം 45 കോടി തവളക്കാലുകൾ തിന്നുതീർക്കപ്പെടുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു കാലത്ത് ഇന്ത്യയും ബംഗ്ലാദേശും കൊടികുത്തിവാണിരുന്ന ഈ മാർക്കറ്റ് ഇന്ന് ഇന്തോനേഷ്യയും വിയറ്റ്നാമും കയ്യടക്കിയിട്ടുണ്ട്. ഇന്ത്യൻ സർക്കാർ തവളക്കാലുകളുടെ കയറ്റുമതിയും കച്ചവടവും 1987-ൽ നിരോധിച്ചിട്ടുണ്ടെങ്കിലും, വിദേശയാത്രികരെ പിഴിഞ്ഞു വയറ്റിപ്പിഴപ്പു നടത്തുന്ന ഗോവയിലെയും മറ്റു സമാനസ്ഥലങ്ങളിലെയും ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഇന്നും തവളക്കാൽ താരപരിവേഷമുള്ള വിഭവമാണ്.

പണ്ടു പ്രീഡിഗ്രി തലം മുതൽ ഡിസെക്ഷൻ എന്ന കൊടുംക്രൂരത ഇന്ത്യയിലെ കാമ്പസ്സുകളിൽ നടമാടിയിരുന്നു. പ്രീഡിഗ്രിക്ക് ശാസ്ത്രം ഐച്ഛികവിഷയമായെടുത്ത് പഠിച്ചവരിൽ ഭൂരിഭാഗവും ശാസ്ത്രം തുടർ പഠനവിഷയമാക്കാറില്ല. ഉണ്ടെങ്കിൽ തന്നെ ജീവശാസ്ത്രം ജീവനോപാധിയാക്കാറില്ല. ഡിസെക്ഷൻ വേണ്ടിവന്നാൽ ഗവേഷണരംഗത്ത് പയറ്റിത്തെളിയാൻ മാത്രമേ ആവശ്യമായി വരികയുള്ളൂ. എന്നിരുന്നാലും കശാപ്പു മനശ്ശാസ്ത്രം നെഞ്ചിലേറ്റിനടക്കുന്നവരായതുകൊണ്ട് നാം അതിലും ഒരു ആനന്ദം കണ്ടെത്തി. ഡിസെക്ഷൻ കൊലപാതകമാണെന്നും പ്രകൃതിയോടുള്ള വെല്ലുവിളിയാണെന്നും പ്രകൃതിസംരക്ഷണപാഠങ്ങൾ പഠിപ്പിക്കുന്ന അദ്ധ്യാപകർ തന്നെ കീറിമുറിക്കാൻ പഠിപ്പിക്കുന്നത് ധാർമ്മികമല്ലെന്നുമുള്ള തിരിച്ചറിവിൽ, പ്രകൃതിയുടെ പഠനം ക്രൂരതയുടേതല്ലെന്നും എല്ലാ ജീവികളോടുമുള്ള പാരസ്പര്യത്തിന്റെതാണെന്നും ഉള്ള തിരിച്ചറിവിൽ സർവകലാശാലകളിലും മറ്റും ഇന്ന് ഡിസെക്ഷൻ പരിപാടികൾ നിരോധിച്ചിരിക്കുന്നു എന്നത് ആശ്വാസകരമാണ്. അങ്ങനെ എത്രയോ തവളകളുടെ ജീവൻ ഈ തീരുമാനത്തിലൂടെ രക്ഷിക്കാനായി.




തവള ചൂഷണം ചെയ്യപ്പെടുന്ന മറ്റൊരു രംഗം ആഡംബരവസ്തുക്കൾ ആണ്. മണ്ടപ്രേക്കന്റെ തൊലി കൊണ്ടുണ്ടാക്കിയ പൊങ്ങച്ചസഞ്ചികൾക്ക് (Vanity Bag) തായ് ലാന്റിലെ പെണ്ണുങ്ങളുടെയിടയിൽ വൻ ഡിമാന്റാണുള്ളത്. പണത്തിന്റെ ഹുങ്ക് അവർ കാണിക്കുന്നത് പ്രകൃതിയെ വെല്ലുവിളിച്ചുകൊണ്ടാണ്.

മണ്ടപ്രേക്കനില്ലാത്ത വർഷകാലവും അതിന്റെ സംഗീതമില്ലാത്ത മഴകളും കേരളത്തിന്റെ മഴഭംഗി ഇല്ലാതാക്കുന്നതാണ്. നമ്മുടെ (കൊതുകില്ലാത്ത) സ്വൈരജീവിതത്തിന് മണ്ടപ്രേക്കൻ നൽകിയ സംഭാവനകൾ വളരെ വലുതാണ്. നാം ജീവിക്കുന്ന ഈ പ്രകൃതിയിൽ എല്ലാ ജീവികളും ഉണ്ടാകണമെന്ന ബോധമാണ്, തിരിച്ചറിവാണ് മനുഷ്യത്വത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്. ആ ചുവട് സധൈര്യം മുന്നോട്ടുവയ്ക്കാൻ മലയാളിക്കു കഴിയട്ടെ എന്ന് പ്രത്യാശിക്കാം. വരും തലമുറകളുടെ മഴയോർമ്മകളിൽ മണ്ടപ്രേക്കനുമുണ്ടാകും എന്ന ശുഭപ്രതീക്ഷയോടെ ...


കൂടുതലറിയാൻ:

1. Amphibians of Peninsular India, R.J. Ranjit Daniels, University Press, 2005
2. മണ്ടപ്രേക്കന്റെ കരച്ചിൽ കേൾക്കാൻ കൊതിയുള്ള പ്രവാസികൾക്ക് ഈ ലിങ്ക് സന്ദർശിക്കാം
3. A proposed management program for the Indian Bullfrog, Charles M Fugler,
    April 1985 http://www.fao.org/docrep/field/003/ac353e/ac353e00.htm
4. Ban on exports help Indian Bullfrog, R.J.Ranjit Daniels, Down to Earth, Nov 15, 1992
5. Frog Hunters of the Western Ghats, December 17, 2011, The Economist has a good account of the frog hunters and endangered frog species. http://www.economist.com/node/21541722
6. Croak Croak No More... Times of India
7. The International Trade in frog legs and its ecological impact, Animal Welfare Institute report, 2011 (pdf)
8. Protected Animals of India, Sanjay Gandhi, TERI
9. India to cut out animal dissection, Nature news, 20 Dec 2011
10. When-should-scientists-kill

4 അഭിപ്രായങ്ങൾ:

Sreee പറഞ്ഞു...

നല്ല ലേഖനം!

Sreee പറഞ്ഞു...

നല്ല ലേഖനം

Unknown പറഞ്ഞു...

എന്തൊക്കെ പറഞ്ഞാലും ഷാപ്പിലെ തവള കറിക്കു നല്ല രുചിയാണ്

haseeb പറഞ്ഞു...

really miss them.
It is Prohibitted in my religion to kill them even for medicine.