2013, ഡിസംബർ 3, ചൊവ്വാഴ്ച

ഒരു വേഴാമ്പലിന്റെ വിലാപം

വേഴാമ്പലിനെ ദേശീയപക്ഷിയായി നാടുണർത്തിക്കൊണ്ടാടിയപ്പോഴും കാടുണർത്തിക്കരയുന്ന വേഴാമ്പലിന്റെ ജീവിതത്തെക്കുറിച്ചൊരുകുറി ചിന്തിക്കാൻ മറന്നുപോയ മലയാളിയുടെ മനസ്സാക്ഷിക്കു മുമ്പിൽ വേദനയോടെ ഈ ഗാഥ സമർപ്പിക്കട്ടെ.

ഒരു വേഴാമ്പലിന്റെ വിലാപം

കോഴിയെപ്പോലെ കരഞ്ഞുകൊണ്ട് കാടുണർത്തുന്ന കോഴിവേഴാമ്പൽ (Malabar Grey Hornbill) പശ്ചിമഘട്ടത്തിന്റെ മലനിരകളുടെ തനതുസ്വത്താണ്. കോഴിവേഴാമ്പലിനെക്കൂടാതെ വേഴാമ്പലും (Great Pied Hornbill) പശ്ചിമഘട്ടത്തിന്റെ അന്തേവാസികളിലൊരാളാണ്. മലമുഴക്കിക്കൊണ്ട് സാന്നിദ്ധ്യമറിയിക്കുന്ന, കാടിന്റെ രോമാഞ്ചമായ ഇവ പക്ഷികളുടെയിടയിൽ കൌതുകകരമായ ജീവിതരീതികൊണ്ട് ശ്രദ്ധേയരാണ്.

മഞ്ഞും വീഴുന്നു മാമരം കോച്ചുന്നു
നെഞ്ചത്തെങ്ങാനും ചൂടുണ്ടോ?

എന്ന വയലാറിന്റെ വരികളെ അന്വർത്ഥമാക്കുമാറ് മകരമാസത്തിന്റെ കൊടും തണുപ്പത്ത് നെഞ്ചത്ത് ചൂടുപകരാനൊരിണയെത്തേടി അലച്ചിലാരംഭിക്കുന്ന വേഴാമ്പലുകൾ "ഒരാണിനൊരു പെണ്ണ്" എന്ന സുന്ദരമായ ആശയത്തെ പുൽകുന്നവയാണ്. എല്ലാ പക്ഷിമൃഗാദികളെയും പോലെ ഇണയുടെ ചിന്ത മനസ്സിലുദിക്കുമ്പോഴാണ് അവയുടെ സൗന്ദര്യം വർദ്ധിക്കുന്നത്. സ്വന്തം സൗന്ദര്യത്തിൽ ബോധവതിയല്ലാത്ത പെണ്ണിനെ ആകർഷിക്കാൻ, അവളുടെ മനസ്സിലൊരിടം നേടാൻ സൗന്ദര്യത്തിന്റെ വാത്സ്യായനതന്ത്രങ്ങൾ തന്ത്രങ്ങൾ മെനയുന്നത് ആണാണ്.
വേഴാമ്പൽ കോഴിവേഴാമ്പൽ

തന്റെ ശരീരത്തിന്റെ ഒരു ഗ്രന്ധിയിലെ വിയർപ്പുനാളങ്ങളിലൂടെ തുള്ളിക്കുതിച്ചെത്തുന്ന എണ്ണ പോലൊരു സ്രവം കൊണ്ട് കൊക്ക് മെഴുകി മഞ്ഞയോ ഓറഞ്ചോ നിറമാക്കുന്നു. സ്വയംവരപ്പന്തലിൽ തന്നെ കഴിവുറ്റവനാക്കുന്നത് ഈ നിറമേളനമാണെന്ന് പരിണാമം അവനെ പഠിപ്പിച്ചിട്ടുണ്ട്. ഇണയെക്കിട്ടിയാൽ, ഇണയോടൊന്നിണചേർന്നാൽ പിന്നെ നിറങ്ങൾക്ക്, നിറങ്ങളുടെ മായികലോകത്തിന് പ്രസക്തി നഷ്ടപ്പെടുന്നു.

ഇനിയുള്ള യാത്ര കൂടുതേടിയുള്ള പ്രയാണമാണ്. ജീവിതത്തിന്റെ നിത്യതയിൽ, ജീവിതമെന്ന ഒഴുക്കിലൊരു കണികമാത്രമാണ് തങ്ങളെന്ന തിരിച്ചറിവിൽ വംശവർദ്ധനവിന്റെ താളലയത്തിൽ നിർവൃതിയടയാനുള്ള ഒരുക്കം തുടങ്ങുകയായി. അവയുടെ വംശവർദ്ധനവിനു തടസ്സമായേക്കാവുന്ന രാജവെമ്പാലയെപ്പോലുള്ള ശത്രുക്കളിൽ നിന്നും മുട്ടകളെയും കുഞ്ഞിനേയും രക്ഷപ്പെടുത്താൻ വളരെ വലിയ മരങ്ങളുടെ പൊത്തുകളിൽ അവ കൂടുകൂട്ടുന്നു. മരങ്ങളിൽ താനേ രൂപപ്പെട്ട പൊത്തുകളിലോ മരംകൊത്തിയെപ്പോലുള്ള ചങ്ങാതിമാർ ആശാരിപ്പണിയെടുത്തു കൊടുത്ത പൊത്തുകളിലോ ആണ് കൂടുണ്ടാക്കുന്നത് (Secondary Cavity Nesters). മനുഷ്യന്റെ നെഞ്ചളവിൽ ഒരു മീറ്റർ വ്യാസത്തിൽ 44 മീറ്ററോളം ഉയർന്ന മരങ്ങളിലാണ് പശ്ചിമഘട്ടത്തിലെ വേഴാമ്പലുകൾ കൂടുകൂട്ടുന്നത് എന്ന് ദിവ്യ മുഡപ്പയും രഘുപതി കണ്ണനും ഒരു പ്രബന്ധത്തിൽ അഭിപ്രായപ്പെടുന്നു. എന്നാൽ കോഴിവേഴാമ്പൽ താരതമ്യേന ചെറിയ മരങ്ങളിലാണ് രാപ്പാർക്കുന്നത്.

പെണ്ണിനു മാത്രം കഷ്ടി കടന്നുചെല്ലാവുന്ന കൂട്ടിൽ കയറിയാലുടനെ അത് മുട്ടയിടുന്നു. സൃഷ്ടികർമ്മത്തിലെർപ്പെടുമ്പോൾ പുറം ലോകവുമായി കേവലമായിമാത്രം ബന്ധം സ്ഥാപിച്ചാൽ മതിയെന്ന തോന്നലിൽ കൂടിന്റെ വാതിൽ പുറം ലോകത്തിനുമുന്നിൽ കൊട്ടിയടയ്ക്കുന്നു. സ്വയംപര്യാപ്തതയുടെ നഭോമണ്ഡലത്തിൽ അത്യുന്നതമായ ഒരു സ്ഥാനത്തിനർഹത നേടുമാറ് സ്വന്തം കാഷ്ടം സിമന്റായും അത്തിക്കുരുവും മറ്റു വസ്തുക്കളും ജില്ലിയായും, പരന്ന മിനുസമുള്ള സ്വന്തം കൊക്ക് തേപ്പുകത്തിയായും ഉപയോഗിച്ചാണ് അവളുടെ കൂടുവാർക്കൽ യജ്ഞം. പുറംലോകവുമായി ബന്ധപ്പെടാൻ ഇനി കൊക്കോളംവലിപ്പത്തിലൊരു ദ്വാരം മാത്രമാണുണ്ടാകുക. കൂടടച്ചുകഴിഞ്ഞാൽ പിന്നെ പുറംലോകവുമായി ബന്ധപ്പെടാത്തതുകൊണ്ട് അപ്രസക്തമായ തുവലുകൾ അവൾ പറിച്ചു ദൂരെക്കളയും. പുറമേ തണുപ്പാണെങ്കിലും മരത്തിന്റെ മടിത്തട്ട് അതിനാവശ്യമായ ചൂട് പകരുന്നുണ്ടാവണം. തന്റെ മുട്ടയോടും കുഞ്ഞിനോടും ഒരാത്മബന്ധം പുലർത്താൻ തുവലുകൾ അല്ലെങ്കിലും ഒരു തടസ്സമാണല്ലൊ...

ഈ സൃഷ്ടികർമ്മത്തിൽ താനൊറ്റയ്ക്കല്ലെന്നും തന്റെ ആണൊരുത്തൻ, തന്റെ "പിള്ളേരുടെയച്ഛൻ" തന്റെ കൂടെയുണ്ടെന്നുമുള്ള ഉറപ്പാവാം ഇത്തരത്തിലൊരു വിചിത്രമായ സ്വഭാവത്തിലേക്ക് അതിനെ നയിച്ചത്. രണ്ടു മാസത്തോളം വരുന്ന അടയിരിപ്പുകാലത്ത് ആണ്‍വേഴാമ്പൽ തന്റെ പെണ്ണിനു പ്രിയപ്പെട്ട അത്തി തുടങ്ങിയ പഴങ്ങളും ഇടയ്ക്കെപ്പോഴെങ്കിലും വേറിട്ട ഭക്ഷണത്തിനവളാഗ്രഹിച്ചാൽ പല്ലി, ഓന്ത് തുടങ്ങിയവയെയുമൊക്കെ കൊത്തിയെടുത്ത് കൊണ്ടൂക്കൊടുക്കും.

കോടികൾ ചെലവിട്ട് സമ്പൂർണ്ണ ശുചിത്വ പദ്ധതികൾ നാടെങ്ങും നടപ്പാക്കുന്ന സർക്കാരിന്റെ താപ്പാനകൾ ശുചിത്വത്തിന്റെ ബാലപാഠങ്ങൾ വേഴാമ്പലിൽ നിന്ന് സ്വായത്തമാക്കേണ്ടതാണ്. തന്റെ കൂടിന്റെ ശുചിത്വം വേഴാമ്പലിനെ സംബന്ധിച്ചിടത്തോളം പ്രഥമഗണനീയമാണ്. ഗുദത്തെ കൂടിന്റെ ദ്വാരത്തിനുനേരെ പിടിച്ച് സ്പ്രേ പോലെ തന്റെ കാഷ്ടം പുറന്തള്ളുന്നു. കുട്ടിയുണ്ടായാൽ അതിന്റെ കാഷ്ടം സ്വന്തം കൊക്കിലാക്കി കൂട്ടിൽനിന്നു പുറന്തള്ളുന്നു. കുട്ടി അമ്മയിൽനിന്നും ആദ്യം പഠിക്കുന്ന ജീവിതപാഠങ്ങളിലൊന്ന് ശുചിത്വത്തിന്റെ രമണീയരംഗങ്ങളെക്കുറിച്ചാണ്.

അമ്മയും കുഞ്ഞുമൊക്കെ തിന്നുകഴിഞ്ഞ പഴത്തിന്റെ കുരു കിലോമീറ്ററുകളോളം പറന്ന് കാടിന്റെ നാനാഭാഗത്തും നിക്ഷേപിക്കുന്നത് ആണ്‍കിളിയാണ്. തനിക്കും തന്റെ കുടുമ്പത്തിനും കൂടുകൂട്ടാനൊരിടം തന്ന, തന്റെ വംശവർദ്ധനവിനു കളമൊരുക്കിയ മരത്തോട് കാണിക്കുന്ന കൂറ് - ആ മരത്തിന്റെ വംശവർദ്ധനവിന്റെ ബാദ്ധ്യത തനിക്കണെന്ന ബോദ്ധ്യം, തനിക്കുമീക്കാടിനും പരസ്പരബന്ധിതമായല്ലതെ നിലനില്പില്ലെന്ന തിരിച്ചറിവ് - എത്ര മനോഹരമായ ഒരു പാരസ്പര്യം? ( പശ്ചിമഘട്ടത്തെ തുരന്ന് കീശയും വയറും വീർപ്പിക്കുന്ന, അതിന്റെ അസ്ക്യത മാറ്റാൻ രാഷ്ട്രീയ, സാമൂഹിക, മത, സാർക്കാരിക മണ്ഢലങ്ങളുടെ പിന്നാമ്പുറത്ത് ഉപജാപകസംഘങ്ങളുടെ സഹായത്തോടെ ഗൂഢതന്ത്രങ്ങൾ മെനയുന്ന ക്വാറി മുതലാളിമാർക്കില്ലാതെപോയതും ഈ തിരിച്ചറിവാണ് ). പാരിസ്ഥിതിക പഠനത്തിൽ ഈ സ്വഭാവത്തെ സഹോപകാരിത (Mutualism) എന്നു വിളിക്കുന്നു. ഒരു കാടിന്റെ വംശവർദ്ധനവിന് ചുക്കാൻ പിടിക്കുന്ന ഈ പക്ഷി സഹോപകാരിതയുടെ ആണിക്കല്ലാണ് (Keystone Mutualist). കാടിന്റെ വ്യത്യസ്ത ഘടകങ്ങളെ കൂട്ടിച്ചേർക്കുന്ന ചലിക്കുന്ന കണ്ണിയാണ് (Mobile link).

രണ്ട് മാസം കഴിഞ്ഞ് മുട്ടയുടെ തോടുപൊട്ടിച്ച് തന്റെ പൊന്നോമന പുറത്തുവന്നാൽ ഏകദേശം ഒരു മാസക്കാലം അമ്മയും കുഞ്ഞും ഒരുമിച്ച് കൂടിനകത്ത് കഴിയുന്നു. അതിനുശേഷം അച്ഛന്റെ പ്രവർത്തനത്തിൽ പിന്തുണ പ്രഖ്യാപിച്ച് കൂട് പൊട്ടിച്ച് അമ്മ പുറത്തുവരുന്നു. ഇപ്പോൾ വലുതായ കൂടിന്റെ ദ്വാരം സിമന്റിട്ടടയ്ക്കേണ്ട ചുമതല ഇനി കുട്ടിയുടെയാണ്. ഈ അപ്രന്റീസുപണിയിൽ അമ്മയുടെ സജീവ പിന്തുണ കുഞ്ഞിനുണ്ടാകും. ഒടുവിൽ നാലുമാസത്തിനു ശേഷം പ്രായപൂർത്തിയാകുന്ന കുട്ടി കൂടുപൊട്ടിച്ച് പുറത്തുവരുന്നു. (കോഴിവേഴാമ്പൽ 40 ദിവസം മാത്രമേ അടയിരിക്കൂ. ഒന്നിലധികം കുഞ്ഞുങ്ങളുണ്ടാകും ഇവയ്ക്ക്. 12 ആഴ്ചകൾക്കു ശേഷം അമ്മയും കുട്ടികളും കൂട് പൊട്ടിച്ച് പുറത്തുവരുന്നു.)

വേഴാമ്പലെന്നത് കേവലമൊരു പക്ഷിയല്ല, ഒരാശയമാണ്. ഞാൻ സൗഖ്യമായിരിക്കണമെങ്കിൽ എന്റെ ചുറ്റുപാടുകളും രമണീയമായിരിക്കണമെന്ന ആശയം. ഞാനുമെന്റെ കുടുംബവും നന്നാകണമെങ്കിൽ എന്റെ ചുറ്റുപാടുകളെ നന്നാക്കാൻ ഞാനും കിണഞ്ഞ് പരിശ്രമിക്കേണ്ടതുണ്ടെന്ന ആശയം. എനിക്കു വേണ്ടതെല്ലാമൊരുക്കിത്തരുന്ന പ്രകൃതിക്ക് എനിക്ക് കിട്ടുന്നതിനെക്കാളധികം ഞാൻ തിരിച്ച് കൊടുക്കേണ്ടതാണെന്ന ആശയം. ഈ പ്രകൃതിയിലെ വിഭവങ്ങളെല്ലാം എനിക്കവകാശപ്പെട്ടതല്ലെന്നും, ഭാവി തലമുറയിൽനിന്നും കടമെടുത്തതാണ് ഇന്നു ഞാനുപയോഗിക്കുന്നതെല്ലാം എന്നും ജീവിതനിത്യതയുടെ ഒരു കണ്ണി മാത്രമാണു ഞാൻ എന്നുമുള്ള ആശയം. വേഴാമ്പലിനെ ദേശീയ പക്ഷിയായി അവരോധിക്കുമ്പോൾ കേരളീയൻ പുൽകാൻ ശ്രമിക്കുന്നത് ഈ ആശയത്തെയാണ്. ആ പക്ഷിയോടുള്ള സ്നേഹവും ആദരവും നാം പ്രകടിപ്പിക്കേണ്ടത് അതിന്റെ ഫോട്ടോ പതിച്ചുള്ള ബാനറുകൾ നാടുനീളെ കെട്ടിത്തൂക്കുന്നതിലൂടല്ല, അതിന്റെ ഫോട്ടോകൾ മുഖപുസ്തകത്തിലൂടെ പലർക്കും പങ്കുവയ്ക്കുന്നതിലൂടല്ല, അതിന്റെ സുന്ദരസുരഭിലമായ ജീവിതത്തെക്കുറിച്ചൊരു ബ്ലോഗെഴുതുന്നതിലൂടെയുമല്ല, മറിച്ച് അതിന്റെ ജീവിതത്തിനൊരു സാഹചര്യമൊരുക്കുന്നതിലൂടെയാണ്. അതിന്റെ തലമുറകളുടെ നിത്യതയ്ക്ക് ഭംഗം വരുത്താതിരിക്കുന്നതിലൂടെയാണ്.

വർഷാവർഷം ഐക്യരാഷ്ട്രസഭയും പരിവാരവൃന്ദങ്ങളും പുറത്തിറക്കുന്ന മാനവവികസനസൂചികയിലല്ല മറിച്ച് പൊങ്ങച്ചത്തിന്റെ ഈറ്റില്ലങ്ങളായ  ഷോപ്പിങ്ങ് മാളുകളുടെ എണ്ണത്തിലാണ് നമ്മുടെ വികസനത്തിന്റെ സൂചകമിരിക്കുന്നതെന്ന് ധരിച്ചുവശായ ഒരു പൊങ്ങച്ചസമൂഹത്തിന്റെ ജീർണ്ണതയാണ് പശ്ചിമഘട്ടസംരക്ഷണത്തിനെതിരെ തിരിയാൻ പ്രേരിപ്പിച്ചതും ഒരു വേഴാമ്പലിന്റെ വംശത്തിനുതന്നെ ഭീഷണിയാകുമാറ് അതിന്റെ ജീവിതത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്നതും.

പ്രിയപ്പെട്ട വേഴാമ്പലേ, നീ കരയാറുണ്ടോ എന്നെനിക്കറിയില്ല. കഠിനശോകത്തിന്റെ കാർമേഘങ്ങൾ മനസ്സിലുരുണ്ടുകൂടുമ്പോൾ മനമൊന്നു തണുപ്പിക്കാൻ കണ്‍കോണിലുരുണ്ടുകൂടുന്ന കണ്ണീർക്കണങ്ങൾ നിനക്കുണ്ടാകാറുണ്ടോ എന്നെനിക്കറിയില്ല. നിനക്കുവേണ്ടിയൊരു കണ്ണുനീർക്കണമെങ്കിലും പൊഴിക്കാൻ ഈ കാഴ്ച്ചക്കാരനുമാകുന്നില്ല. ഇനിയഥവാ പൊഴിച്ചാൽതന്നെ ഇന്റർനെറ്റിന്റെ, വിശ്വവിശാലജാലകത്തിന്റെ (World Wide Web) അഴിയാക്കുരുക്കുകളിലെവിടെയെങ്കിലും വച്ചവ ബാഷ്പീകരിച്ചുപോയാലോ.... 

കുടുതലറിയാൻ:
1. The Ecology and Conservation of Asian Hornbills: Farmers of the forest - Margaret F Kinnaird, Timothy G O Brain, University of Chicago Press
 2. Nest-site characteristics and nesting success of Malabar Grey Hornbill in the Southern Western Ghats - Divya C Mudappa, Raghupathy Kannan, Wilson Bullettin, Vol 109, No.1, Mar 1997
3. Hornbills - Giants among the forest birds - T R Shankar Raman and Divya Mudappa, Resonance, August 1998